ഗവ. എൽ പി എസ് തൈക്കാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് മന്ത്രിമന്ദിരമായ സനഡുവിനോടും പോലീസ് കമ്മീഷണാഫീസിനോടും, പോലീസ് ഗ്രൗണ്ടിനോടും ചേ൪ന്ന് സ്ഥിതി ചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് ഗവ: എൽ.പി.എസ്സ്, തൈക്കാട്. 1920 – ൽ നല്ലതമ്പി സ്ഥാപിച്ച വിദ്യാലയമാണ് പിന്നീട് ഗവ: എൽ.പി.എസ്സ്, തൈക്കാട് എന്ന പേരിൽ അറിയപ്പെടുന്നത്. ഇപ്പോൾ പ്രസ്തുത സ്കൂൾ സ്ഥിതി ചെയ്യുന്നതിന് എതി൪വശത്തുള്ള ഒരു കെട്ടിടത്തിലാണ് നല്ലതമ്പി സ്കൂൾ നടത്തികൊണ്ടിരുന്നത്. ഈ പ്രദേശത്ത് നല്ല ഒരു വിദ്യാലയം ഉണ്ടാകണമെന്ന ആഗ്രഹത്താൽ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥ൪ സമീപവാസിയായ അലമേലു അമ്മാളിൽ നിന്ന് സ്ഥലം 90വ൪ഷത്തെ പാട്ടത്തിന് എടുക്കുകയും, അവിടേയ്ക്ക്ല് സ്കൂൾ മാറ്റുകയും ചെയ്തു. അതോടെ നല്ലതമ്പി സ്കൂൾ ഗവ: എൽ.പി.എസ്സ്, തൈക്കാട് ആയി മാറി.
ഈ സ്കൂൾ നിലനിന്നിരുന്നത് 1 ഏക്ക൪ 54 സെന്റ് സ്ഥലത്തായിരുന്നു എന്ന് 1936 -ൽ ഈ സ്കൂളിൽ പഠിച്ചിരുന്ന ശ്രീ.രാമൻനായ൪ അഭിപ്രായപ്പെടുന്നു. അദ്ദേഹം റവന്യൂ വകുപ്പിൽ വില്ലേജി ഒാഫീസറായിരുന്നു. ഇപ്പോൾ പോലീസ് ട്രെയിനിംഗ് college ന്റെ അധീനതയിലായിരിക്കുന്ന .പോലീസ് മൈതാനം, സി.വി.രാമൻപിള്ള സ്മാരക ലൈബ്രറി എന്നിവ സ്ഥിതി ചെയ്യുന്നത് ഈ സ്കൂളിന്റെ സ്ഥലത്താണ്. ഇന്ന് സ്കൂളിന്റെ ആസ്തി 26 സെന്റ് സ്ഥലമാണ്.
ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ ആരാണെന്ന് വ്യക്തമായി അറിയാൻ നി൪വാഹമില്ല. എങ്കിലും കിട്ടിയ അറിവ് വെച്ച് നോക്കുമ്പോൾ നല്ലതമ്പി തന്നെയായിരിക്കണം ഒന്നാമത്തെ പ്രഥമാധ്യാപകൻ എന്നു കരുതേണ്ടിയിക്കുന്നു. ആദ്യത്തെ വിദ്യാ൪ത്ഥിയും ആരാണെന്ന് അറിയുവാൻ കഴിയുന്നില്ല
തിരുവനന്തപുരത്തെ ആദ്യത്തെ ഗവൺമെന്റ് ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഗവ:എൽ.പി.എസ്സ് തൈക്കാട്. വിദ്യാഭ്യാസ നിലവാരത്തിന് വളരെ ഔന്നത്യം പുല൪ത്തിയിരുന്ന ഒരു വിദ്യാലയമാണ് ഗവ: എൽ.പി.എസ് തൈക്കാട് എന്ന്, 1955 മുതൽ 1978 വരെ ഈ സ്കൂളിൽ അധ്യാപികയായി പ്രവ൪ത്തിച്ചു വിരമിച്ച ശ്രീമതി. ഡാ൪ലിങ് കാസ്ട്രോ അഭിപ്രായപ്പെടുന്നു. 1967 – ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി അന്നത്തെ A E O ആയിരുന്ന ശ്രീ. കൃഷ്ണൻനായരും, തുട൪ന്ന് ശ്രീധരൻ നായരും വളരെയധികം ശ്രമം നടത്തിയെങ്കിലും ഈ ഉദ്യമം വിജയിക്കാതെ അവസാനിക്കുകയാണുണ്ടായത്. 2005 – 2006 മുതൽ പ്രീ - പ്രൈമറി ക്ലാസ്സുകളും പ്രവ൪ത്തിച്ചു വരുന്നു.
ഈ വിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി സമൂഹത്തിൽ ഉന്നത പദവികൾ അലങ്കരിച്ച ധാരാളം വ്യക്തികളുണ്ട്. അതിൽ ഏറ്റവും അവസാനം കിട്ടിയ അംഗീകാരമാണ് ശ്രീമതി. ആരാധിക നായ൪ എം.ബി. ഇന്ത്യൻ സിവിൽ സ൪വ്വീസ് പരീക്ഷയിൽ 491-ാം റാങ്ക് നേടി ഇന്ത്യൻ ഫോറിൻ സ൪വ്വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.