നാണയം


ഒരിടത്ത് ഒരിടത്ത്... ശേ... ഇപ്പോൾ ആർക്കാ ഈ കഥയൊക്കെ കേൾക്കേ ണ്ടത്? ഞാൻ പറയാം... കഥ തുടങ്ങുന്നത് ഒരു യു. പി. സ്കൂളിൽ ആണ്. ഉച്ച സമയം. കുട്ടികൾ എല്ലാം പാറി നടന്നു കളിക്കുകയാണ്. പെട്ടന്നാണ് കുട്ടികളുടെ സന്തോഷത്തിന്റെ തിരി കെടുത്താൻ എത്തിയ മഴതുള്ളി പോലെ അത് കേട്ടത്. ണിം.. ണിം.. ണിം.. കുട്ടികൾ വാടിയ പൂക്കൾ പോലുള്ള മുഖവുമായി ക്ലാസുകളിലേക്ക് കയറി. ഇനിയാണ് ശ്രദ്ധിക്കേണ്ടത്. ഏഴാം ക്‌ളാസിൽ ഇപ്പോൾ മലയാളം പീരിയഡ് ആണ്. രാഹുൽ സാർ ക്ലാസിലേക്ക് വന്നു. സാർ പാഠം വായിച്ചു തുടങ്ങി. 'ശാസ്ത്രപാതയിൽ '. ഇന്ന് ലോകത്തിൽ ശാസ്ത്രം ആണ് വലുത്. പണ്ടേ നാം ആചരിച്ചു പോന്ന അന്ധവിശ്വാസങ്ങൾക്കൊ ന്നും ഇനി സ്ഥാനം ഇല്ല ഏതൊരു രോഗം വന്നാലും പ്രതിസന്ധി വന്നാലും ശാസ്ത്രത്തിനെ നേരിടാൻ കഴിയു. അവിടെ ദൈവത്തിനും ഹോമത്തിനും അന്ധവിശ്വാസങ്ങൾക്കും ഒന്നും ചെയ്യാൻ കഴിയില്ല. ഈ തലമുറയിൽ ഇവയൊക്കെ കുറവാണ്. എന്നാൽ പോലും അന്ധവിശ്വാസങ്ങളുടെ പുറകെ നടക്കുന്നവരെ എന്തു ചെയ്യും?. സാർ വായിച്ചു നിർത്തി. അതിനു മുൻപ് തന്നെ ഒന്നിനു പുറകെ ഒന്നായി കുട്ടികളുടെ ചോദ്യങ്ങൾ ഒഴുകി എത്തി 'അപ്പോൾ ദൈവം ഇല്ലാ? ' 'പണ്ട് ശാസ്ത്രം ഇല്ലാതെ അല്ലെ ജീവിച്ചത്? ' 'ഇപ്പോൾ എന്ത് അന്ധവിശ്വാസം? ' അങ്ങനെ അങ്ങനെ ചോദ്യങ്ങൾ കാരണം ഒരക്ഷരം പോലും മിണ്ടാൻ കഴിയാതെ ആയി. പെട്ടന്ന് കുട്ടികൾ ഓഫീസിൽ നിന്നുള്ള അറിയിപ്പ് കേട്ട് നിശബ്ദത പാലിച്ചു. "കൊറോണ എന്ന വൈറസ് കാരണം നാളെ മുതൽ സ്കൂൾ അവധി ആയിരിക്കും ". എന്നിട്ടും കുട്ടികളുടെ ചോദ്യങ്ങളുടെ ഒഴുക്ക് തീർന്നിട്ടില്ല. എന്നാൽ ഒഴുക്കിന്റെ വഴി മാറിയിരിക്കുന്നു. അപ്പോൾ പരീക്ഷ? വാർഷികം? സെൻറ് -ഓഫ്? സാർ 'അറിയിക്കാം'എന്ന മറുപടി പറഞ്ഞു ഓഫീസിലേക്ക് പോയി. കുട്ടികൾ പരീക്ഷ ഒഴിവായതിന്റെ സന്തോഷത്തിൽ ആണ്. അവർ പരസ്പരം കെട്ടിപ്പിടിക്കലും 'റ്റാറ്റാ' പറയലും ഒക്കെയായി. വീട്ടിൽ എത്തിയപ്പോൾ ആണ് ടീവിയിലും പത്രത്തിലും ഒക്കെയായി പുതിയ വാക്കുകൾ കണ്ടത്. രാജ്യത്ത് 'ലോക്ക് ഡൌൺ '. വിദേശത്തു നിന്നു വന്നവർ 'ക്വാറൻടൈനിൽ' കഴിയുക. 'സാനിടൈസർ' ഉപയോഗിച്ച് കൈ വൃത്തി ആക്കുക. അവസാനം 'സ്റ്റേ ഹോം' എന്നുകൂടി കേട്ടപ്പോൾ കുട്ടികൾ ചിറകൊടിഞ്ഞ കിളികളെ പോലെ ആയി. ലോക്ക് ഡൌൺ ദിവസങ്ങൾ ഒരു തിരിഞ്ഞ നാണയം പോലെ ആയിരുന്നു. ഏതാപത്തു വന്നാലും ഒറ്റക്കെട്ടായി കൈ കോർത്തിരുന്നവരൊക്കെ ഇപ്പോൾ കൈ കൊടുക്കില്ല, കെട്ടിപിടിക്കില്ല, അടുത്ത് അടുത്ത് പോലും നിൽക്കില്ല അന്ധവിശ്വാസങ്ങൾ പിന്തുടരുത് എന്ന് പറഞ്ഞവരൊക്കെ കിണ്ടിയും വെള്ളവും പണ്ടത്തെ രീതികളും തിരിച്ചു കൊണ്ടു വരണം എന്ന് ആണ് പറയുന്നത്. പട്ടിയെയും പൂച്ചയെയും ചേർത്തു നിർത്താൻ പറഞ്ഞവരൊക്കെ കാക്കയെപ്പോലും അടുപ്പിക്കുന്നില്ല. 5 സ്റ്റാർ ഹോട്ടലിൽ നിന്ന് മാത്രം കഴിക്കുന്നവർ ഒക്കെ ചക്കയുടെയും മാങ്ങയുടെയും രുചി അറിഞ്ഞു തുടങ്ങി. ഓരോ ദിവസവും ടൈം ടേബിൾ വച്ച് നടന്നവർക്കൊക്കെ ദിവസം ഏതാണ് എന്ന് പോലും അറിയില്ല. വെക്കേഷൻ ഇപ്പോൾ തീരുമെന്ന് പറഞ്ഞു കരഞ്ഞ കുട്ടികൾ ഒക്കെ വെക്കേഷൻ എന്താ തീരത്തെ എന്നു പറഞ്ഞു കരയുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉള്ള ടാസ്ക് മാത്രമാ ഒരാശ്വാസം. പക്ഷേ പ്രശ്നം ഇതൊന്നും അല്ല. ഈ കുട്ടികൾ ശാസ്ത്രത്തെ പിന്തുടരുമോ? അതോ പണ്ടത്തെ കാലം പിന്തുടരുമോ? ഓ... ഞാൻ മറന്നു. ഈ നാണയം ഒന്ന് ടോസ് ഇട്ടു നോക്കിയാൽ മതിയല്ലോ

ചൈത്ര ആർ കൃഷ്ണ
7 എ ഗവ. യു. പി. എസ്. ആലംതറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ