സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/എന്റെ ഗ്രാമം
ചരിത്രങ്ങളുറങ്ങുന്ന നാട്
എറണാകുളം ജില്ലയുടെ ഹൃദയഭാഗത്ത് ഹൈക്കോടതിക്കു സമീപം എറണാകുളം മാർക്കറ്റിനടുത്തായാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏറെ ചരിത്രപ്രാധാന്യമുള്ള, ഒരുപാട് ചരിത്രങ്ങളുറങ്ങുന്ന നാടാണ് എറണാകുളം. സംഘകാല കൃതികളിലെ പരാമർശങ്ങളിൽ നിന്നും പ്രാചീന തമിഴകത്തിന്റെ ഭാഗമായിരുന്നു ,ഇന്ന് കേരളത്തിലെ ഏറ്റവും വലിയ വ്യവസായ നഗരമായ എറണാകുളം. 1405 - പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം കൊച്ചിയിലേയ്ക്ക് മാറ്റുന്നു. പിന്നീട് അവിടെയുണ്ടായ ചില ആഭ്യന്തരകലാപങ്ങളുടെ സമയത്താണ് പോർച്ചുഗീസുകാരുടെ വരവ്. ആദ്യം കച്ചവടത്തിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന അവർ പിന്നീട് ഭരണകാര്യങ്ങളിലും കൈകടത്തുവാൻ തുടങ്ങി. പോർചുഗീസുകാരുടെ പിൻബലത്തിൽ സാമൂതിരിയുമായുള്ള ഏറ്റുമുട്ടലുകളായിരുന്നു പിന്നീടുള്ള ചരിത്ര താളുകളിൽ. ഇതിന്റെ ഫലമായി ഉയർന്നു വന്ന മാനുവൽ കോട്ട ഇന്നത്തെ ഫോർട്ട് കൊച്ചി, യൂറോപ്യൻ ശക്തി ഭാരതത്തിൽ നിർമിച്ച ആദ്യ കോട്ടയായിരുന്നു. 1662-ൽ ഡച്ചുകാർ കൊച്ചി പിടിച്ചെടുക്കുന്നു. പിന്നീട് പോർച്ചുഗീസുകാരുടെ ചില മതനയങ്ങൾ പ്രാദേശിക സുറിയാനി ക്രിസ്ത്യാനികൾക്ക് തൃപ്തികരമല്ലാതെ വന്നതിന്റെ പ്രതിഫലനമായിരുന്നു ഉദയം പേരൂർ സൂനഹദോസും കൂനൻ കുരിശു സത്യവുമൊക്കെ. 1795- ൽ ഡച്ചുകാർ ഇംഗ്ലീഷുകാർക്ക് ഭരണം കൈമാറുന്നു. അതിനിടയിൽ ശക്തൻ തമ്പുരാൻ കൊച്ചിയിലെ രാജാവായി. ഇംഗ്ലീഷുകാരുടെ കാലം മുതൽ കൊച്ചിയിൽ ആധുനിക ഭരണം ആരംഭിക്കുന്നു. 1947-ൽ വരെ ഭാരതം സ്വതന്ത്രമാകുന്നതു വരെ ബ്രിട്ടീ,ഷ് ഭരണം തുടർന്നു. അങ്ങനെ പോർച്ചുഗീസുകാരും, ഡച്ചുകാരും ബ്രിട്ടീ,ഷുകാരും തങ്ങളുടെ കോളനികളായി കൊച്ചി ഭരിച്ചു.1ഇതിന്റെ അവശേഷിപ്പുകൾ ഇന്നും ഇവിടെ നിലനിൽക്കുന്നു. 1949-ൽ തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരുക്കൊച്ചി സംസ്ഥാനം രൂപംകൊണ്ടു. പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ പല കായലോരങ്ങളും, കേരളത്തിലെ പ്രധാനകണ്ടൽ വനവും, ഏറ്റവും കുടുതൽ ദേശാടന പക്ഷികൾ വന്നുപോകുന്ന മംഗളവനവും കേരളത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ ആസ്ഥാനവും പഴമയുടെ പ്രൗഡി പേറുന്ന നിരവധി കൊട്ടാരങ്ങളും, പ്രതിഭാധനരായ വ്യക്തിത്വങ്ങളെ ശതാബ്ഗങ്ങളായി നാടിനു സമർപ്പിക്കുന്ന കാലമുറങ്ങുന്ന കലാലയങ്ങളും വിദ്യാലയങ്ങളും , നാടിന്റെ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി സംരംഭങ്ങളും , മതമൈത്രിയുടെ അടയാളമായി വിളങ്ങുന്ന ആരാധനാലയങ്ങളും കൊണ്ട് സമ്പന്നമാണ് എന്റെ നാട്.