എങ്ങും അവന്റെ അട്ടഹാസച്ചിരികൾ ഉയർന്നു കേൾക്കുന്നു.
അവന്റെ അലർച്ച ആയിരം മന്ദസ്മിതങ്ങൾക്കു പകരം
സമ്മാനിച്ചത് ഹൃദയം നുറുക്കുന്ന വേദനകൾ മാത്രം.
അവനെതിരെ പൊരുതാൻ കണ്ണികളിറുത്ത് കാവലായ് നിൽക്കുന്ന ഒരു വലിയ സാഗരം,
അവന്റെയും ജീവിതത്തിന്റെയുമിടയിൽ തീർത്ത നൂൽപ്പാലത്തിലൂടെ ആ സാഗരം ഒഴുകുന്നു,
അവർക്കിടയിൽ തെന്നി തെറിച്ച തുള്ളികൾ സ്വന്തം ജീവൻ മറന്ന് കൂടെ കൂട്ടുന്നു.
സ്വയം തീർത്ത ലക്ഷ്മണരേഖയ്ക്കപ്പുറം അവർ കൊക്കുകൾ പൂട്ടിയിരിക്കുന്നു.
അവന്റെ പിടിയിൽ നിന്നും ജീവിതത്തിന്റെ കരയിൽ പച്ചക്കൊടി പാറിച്ച ചിലർ ,
അവർക്കുറപ്പുണ്ട് അവനെതിരെ ഒഴുകി ജീവിതത്തിന്റെ കരയിൽ പച്ചക്കൊടി പാറിച്ചിടും..
വീണ്ടുമാ മന്ദസ്മിതങ്ങൾ വിരിഞ്ഞിടും.