അഴിയൂർ ഈസ്റ്റ് യു പി എസ്/നാടോടി വിജ്ഞാനകോശം

കലാ സാഹിത്യ രംഗങ്ങളിലൂടെയാണ് ഒരു പ്രദേശത്തിന്റെ സംസ്കാരം ഉരു ത്തിരിയുന്നത്. അഴിയൂരിന്റെ ചരിത്രത്തിലും ഈ പ്രദേശത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് വഴി തെളിക്കുമാറുള്ള നാടൻ പാട്ടുകളും നാടൻ കലകളും പ്രചാരത്തിലുണ്ടായിരുന്നു. സോപാന സംഗീതങ്ങൾ എന്ന് വിളിക്കപ്പെടാവുന്ന തോറ്റംപാട്ട് , കളമെഴുത്ത് പാട്ട് , കളം പാട്ട്, നാഗപ്പാട്ട് തുടങ്ങിയ പാട്ടുകൾ ഇവിടെ പാടി വരുന്നു. തലമുറകളുടെ ആത്മനൊമ്പരങ്ങളും അധ്വാനത്തിന്റെ മഹിമയും താളലയങ്ങളോടെ പുതതലമുറ ഏറ്റുവാങ്ങിയപ്പോൾ വിവിധ മതക്കാരുടെയും ജാതിക്കാരുടെയും ഇടയിൽ പുത്തൻ കലാരൂപങ്ങൾ രൂപം കൊണ്ടു. പൂരക്കളി, തച്ചോളിക്കളി, കോൽക്കളി എന്നിവ ഇതിൽ ചിലതാണ്.

തച്ചോളികളി

അഴിയൂർ ഉൾപ്പെടുന്ന കടത്തനാട് ഭാഗങ്ങളിൽ വ്യാപകമായി ഉള്ള ഒരു നാടൻ കലാരൂപമാണ് തച്ചോളികളി .കടത്തനാട്ട് ജീവിച്ചുമരിച്ച തച്ചോളിഒതേനന്റെ വീരസാഹസിക കഥകൾ വാഴ്ത്തിപ്പDട്ടുന്ന നാടൻപാട്ടുകൾ താളബോധത്തോടെ അരങ്ങത്ത് അവതരിപ്പിക്കപ്പെടുന്നതിനാലായിരിക്കാം ഈ കലാരൂപത്തിന് പ്രസ്തുതപേര് ലഭിച്ചത്.നടുവിൽ നിറപറയും ദീപവും വെച്ച് അതിനു ചുറ്റും തോർത്ത്മുണ്ട് ഉടുത്ത് അരയിൽ ചുവന്ന പട്ട് മുറുക്കി കെട്ടി കളിക്കാർ അണിനിരക്കുന്നു. ഗുരുക്കൾ ചൊല്ലുന്ന മുൻപാട്ട് കളിക്കാർ രണ്ടുപ്രാവശ്യം പിൻപാട്ടായി ഏറ്റുപാടുന്നു.പാട്ടിനൊപ്പം  കൈകൊട്ടലും താളത്തിനൊത്ത് ചുവടുവെപ്പും ഇതിന്റെ പ്രത്യേകതയാണ്.പാട്ടു മുറുകുമ്പോൾ ചുവട്മാറ്റവും ധ്യതഗതിയും രൂപംകൊള്ളുന്നു. കളിക്കാർക്കും കാണികൾക്കും ഒരു പോലെ ആവേശം പകരുന്ന കലാരൂപമാണിത്.പണ്ട് കാലത്തെ കല്യാണപന്തലിലും കലാരൂപം അവതരിപ്പിക്കാറുണ്ട്.അഴിയൂർ ഭാഗത്തെ പ്രൈമറി സ്കൂളിൽ  തച്ചോളികളി വ്യാപകമായി പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു ഇളം പാളി മണപ്പാട്ട് നാണു മാസ്റ്റർ,  കൊല്ലാച്ചേരി കോരൻ മാസ്റ്റർ,ചെറുവത്ത്കണ്ടി കുമാരൻ മാസ്റ്റർ,കോറോത്ത്കണ്ടികുമാരൻ മാസ്റ്റർ തുടങ്ങിയവർ.