ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

        ഏറനാട് താലൂക്ക്, അരീക്കോട് [1][2]അംശത്തിലെ ഒരു ചെറിയ ദേശമാണ് ചെമ്രക്കാട്ടൂർ[3]. ചെമ്പാപറമ്പിന് മുകളിൽ നിന്ന് നോക്കുമ്പോൾ ഹരിതലതാനികുജ്ജം കണക്കെ വ്യാപിച്ചു കിടക്കുന്ന താഴ്‌വാരവും, കൂർമാവതാര ഐതീഹ്യത്തിൽ സമൃദ്ധമായ കുറുവത്തൂർ പ്രദേശം പ്രാന്തവുമായി വരുന്ന ഊര് ചെമ്രകാട്ടൂര് എന്ന് ഐതീഹ്യം.

     ചെമ്രക്കാട്ടൂർ അങ്ങാടി ഉണ്ണിത്തെയ്യന്റെ സ്ഥലത്ത് വേരുകൾ മണ്ണിൽ നിന്ന് പുറത്തേക്ക് പായിച്ച് വിശാലമായി പടർന്നു പന്തലിച്ചു നിൽക്കുന്ന വൻ മാവ് വേരുകൾ ചവിട്ടി കടന്നാൽ നെച്ചിപറമ്പിലേക്കും മുഞ്ചക്കോട്ടു പറമ്പിലേക്കും തടത്തിലെ കാര്യാത്തൻ കോട്ടയിലേക്കും  നയിക്കുന്ന നടവഴി. നടവഴിയുടെ സമീപത്ത് ദേശകാർക്ക് വിശ്രമിക്കാനും 'സൊറ' പറയാനും കുട പിടിച്ചിരുന്ന കൂറ്റനരയാൽ, അങ്ങാടിയിൽ നാണു നായരുടേയും രാമൻ നായരുടേയും ഓലമേഞ്ഞ ചായക്കടകൾ  പ്രധാന നിരത്തിനിരു വശവുമായി സ്ഥിതി ചെയ്യുന്ന ഒന്നുരണ്ടു മരങ്ങൾ. വിജനമായ പറമ്പുകൾ ഇത്രയും ആയാൽ ദേശത്തിന്റെ ഒരു ഏകദേശ ചിത്രമായി. പുലർച്ചെ കൊണ്ടോട്ടിയിൽ നിന്നും അരീക്കോട് ചന്തയിലേക്ക് സാധനങ്ങളുമായി നീങ്ങുന്ന കാള വണ്ടിയുടെ ചക്രത്തിൽ ഘടിപ്പിച്ച മണികളുടെ  ശബ്ദം കേട്ടാണ് ഗ്രാമീണർ ഉണർന്നിരുന്നത്.

ചെത്തി മിനുസപ്പെടുത്തിയ ഇളനീർ ചിരട്ടയിൽ ഒരു നാഴിയിൽ കുറയാത്ത മധുരമില്ലാത്ത ചായ ,ചീന്തിലയിൽ വിളമ്പുന്ന ഇടിയവിലും പപ്പടവും പപ്പടമില്ലാത്ത അവരസങ്ങളിൽ ഒരു തേങ്ങാപ്പൂള് ഇതായിരുന്നു നാണു നായരുടെ കടയിലെ പ്രധാന വിഭവം. പഴുത്ത ചക്ക 'എത്ത'ലാക്കി നിലക്കടല തൊലിയോടെ മണൽ ചേർത്ത് വറുത്ത് നാലും അഞ്ചും വരുന്ന ഓഹരി വച്ച് വഴിപോക്കരെ കാത്തിരിക്കുന്ന ഉലാ മൊയ്തീൻ, പുകയിലയ്ക്കും വെറ്റിലയ്ക്കും അടക്കയ്ക്കും വേണ്ടി കടത്തിണ്ണയിൽ ഇരിക്കുന്ന ചെറുമികൾ ചില്ലുഭരണിയിലെ''' 'ബുളു ബുളു ' മിഠായിക്കായി കാത്ത് നിൽക്കുന്ന, വള്ളി പൊട്ടി അഴിയാൻ ഒരുങ്ങുന്ന ട്രൗസർ ഒരു കൈയ്യിലും, മറു കയ്യിൽ പൈസയുമായി നിൽക്കുന്ന കുട്ടികൾ, വളച്ചിട്ട കുടക്കമ്പികൊണ്ട് 'നൂറ്റുംകുറ്റി'യിൽ നിന്നും ചുണ്ണാമ്പ് തോണ്ടി എടുക്കുന്ന വെറ്റില മുറുക്കുകാർ.ചെമ്പാപറമ്പിലെ മേച്ചിൽ പുറങ്ങളിൽ നിന്നും വയറുനിറച്ച് ദേശത്തേക്ക് തിരിച്ചെത്തുന്ന കന്നുകാലികളുടെ ദാഹമകറ്റിയിരുന്ന 'തണ്ണീർത്തൊടി'.... എല്ലാം ദേശത്തുകാർ ഓർമയിൽ സൂക്ഷിക്കുന്ന കാഴ്ചകളാണ്‌... വർഷം മുഴുവൻ കവിഞ്ഞ് ഒഴുകുന്ന മങ്ങാട്ട് കുളം.കുളത്തെ ആശ്രയിച്ച് കൃഷിയിറക്കുന്ന ഇരിപ്പൂ മുപ്പൂ നിലങ്ങൾ ഇവിടേക്ക് ആവശ്യമായ ഞാറ് പാകിയിരുന്ന 'ഞാറ്റടി'യായ നമ്പൂത്തെ പള്ള്യാളിയും തോട്ടോളി പാടവും, പാടത്തോട് ചേർന്ന് കിടക്കുന്ന ജലാശയം. 'കാവു തീണ്ടല്ലേ കുളം വറ്റും' എന്ന പഴമൊഴി ആകാം പ്രകൃതിയുടെ ആലവട്ടങ്ങളായ നെച്ചിപ്പറമ്പിൽ കാവിനെയും, ചെങ്ങണപ്പെറ്റ കാവിനെയുമെല്ലാം ദേശത്ത് നിലനിർത്തുന്നത്.

      കാന്തക്കര പുല്ലൂർമണ്ണ മനക്കാർ ചെമ്രക്കാട്ടൂർ ദേശത്തിന്റെ കയ്യാളന്മാരായിരുന്നു. മലബാർ ലഹള മുതലെടുത്ത് സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടിയപ്പോൾ പുല്ലൂർമണ്ണയിലെ നമ്പൂതിരിയേയും, അന്തർജനത്തെയും കാളവണ്ടിയിൽ കയറ്റി മുമ്പിലും പിമ്പിലും വൈക്കോൽ കെട്ടുകൾ കൊണ്ട് മറച്ച് വണ്ടി പടിഞ്ഞാറോട്ട് ഫറോക്ക് വരെ തെളിച്ച് നമ്പൂതിരിക്കും കുടുംബത്തിനും സംരക്ഷണം നൽകിയ അവറാൻ കുട്ടി (ഇന്നത്തെ പോസ്റ്റുമാൻ പൂന്തല ഉമ്മർക്കായുടെ മൂത്താപ്പ). നന്ദിയായി മരണം വരെ 'ഇക്ഷ'യായി കഴിയുന്നതിനു ഒരു ഇടങ്ങഴി അരിക്കുള്ള വകയിരുത്തി തൊണ്ണൂറു പറ പാടത്തിന്റെ നിലം പതിച്ചു നൽകിയ നമ്പൂതിരി എന്റെ ദേശക്കാരനായിരുന്നു.

    കിഴക്കേയിൽ ഇടവഴിയിലൂടെ ഒലിച്ചിറങ്ങി മാങ്ങോട്ടിൽ പുറായ വഴി നാണു നായരുടെ കടയുടെ പുറകിലൂടെ ഒഴുകി തോട്ടോളി പള്ള്യാറക്കൽ ഭാഗത്ത് നിന്നെത്തുന്ന കൈവഴികളെ ആവാഹിച്ച് 'ഇലഞ്ഞിക്കൽ' വഴി കടന്നു പോകുന്ന ദേശത്തിന്റെ അരഞ്ഞാണമാകുന്ന കിന്നരിത്തോട് അങ്ങ് വല്ലയിൽ തൊട്ടിലെത്തി' മുണ്ടൂഴിയിൽ' എത്തുമ്പോഴേക്കും ഗ്രാമീണരുടെ കൃഷിയിടങ്ങളെയും മനസ്സുകളേയും കുളിർപ്പിക്കുമെങ്കിലും കാലവർഷത്തിന്റെ കാഠിന്യത്തിൽ ഇടിഞ്ഞു പൊളിഞ്ഞു അതിരുകൾ കരകവിഞ്ഞൊഴുകുമ്പോൾ പലരുടേയും മനസ്സിൽ തീയാണ്,അടുപ്പിൽ തീയില്ലെങ്കിലും..

   ദൈവങ്ങളുടെ നാടായി അറിയപ്പെടുന്ന ദേശത്ത് കുംഭ-മീന മാസങ്ങൾ കുലദൈവങ്ങളുടെ പ്രീതിക്കായുള്ള ഉത്സവഘോഷങ്ങളുടെ തിരക്കായിരിക്കും. ജാതിമതഭേദമന്യേ ചെമ്രക്കാട്ടൂകാർ കൊണ്ടാടുന്ന ആഘോഷമാണ് 'പൂക്കാട്ട് തിറ' ഇത് ദേശത്തിന്റെ സാംസ്കാരിക ഉത്സവവും, കോലാർ വീട് തറവാട്ടുകാർ ഇതിന്റെ അമരക്കാരാകുമ്പോൾ ചാത്തമംഗലം തിറയാട്ടു കലാ സമിതിയുടെ നേതൃത്വത്തിൽ അരങ്ങേറുന്ന വെള്ളാട്ട്, തെയ്യം,ചാന്താട്ടം ,ചക്കുപുലി തുടങ്ങിയ കലാരൂപങ്ങൾ ദേശവാസികൾക്ക് സുപരിചിതമാകുന്നു. തട്ടകത്തിന്റെ ആരോഗ്യരക്ഷക്കായി അരിയെറിയാനെത്തുന്ന 'കാക്കുട' ചൂടിയ ചോപ്പനും വാല്യേക്കാരനും കുന്നത്തുകാവിൽ നിന്നെത്തുന്ന വാല്യേക്കാരൻ, കളിയാട്ടം കാവിലേക്ക് പുറപ്പെടുന്നതിന് മുമ്പായി വീടുകൾ കയറി ഇറങ്ങുന്ന കുതിരകളിക്കാരനും വാദ്യ സംഘവും തുടർന്നുള്ള പൂത പ്പുറപ്പാടുമെല്ലാം ദേശത്തിന്റെ മിടിപ്പുകളായി ശേഷിക്കുന്നുണ്ട്.ക്ഷേത്ര പരിസരത്തു നിന്നു വരുന്ന ശരണ മന്ത്രങ്ങളും ,സുപ്രഭാതഗീതങ്ങളും ,സുന്നി,മുജാഹിദ് പള്ളികളിൽ നിന്നുയരുന്ന ബാങ്കു വിളികളും ഈ ഹരിതലതാ നികുഞ്ജതത്തിന്റെ ഭിത്തികളിൽ തട്ടി പ്രതിഫലിക്കുന്നു.

പൂക്കാട്ട്  തിറയിൽ നിന്നും


       'കാളവണ്ടി'യിൽ നിന്ന് 'ഹ്യൂണ്ടായ്' വരെ എത്തി നിൽക്കുന്ന യാത്രക്കിടയിൽ പല മാറ്റങ്ങളും ഉണ്ടായി.ജീവിതം ലളിതമാക്കുന്ന ആധുനിക യന്ത്രങ്ങൾ ഉൾക്കൊള്ളുന്ന മില്ലുകൾ, ഇടതടവില്ലാതെ ഓടുന്ന വാഹനങ്ങൾ, കുടിലുകളിൽ വെള്ളമെത്തിക്കാനായി സ്ഥാപിച്ച പൈപ്പ് ലൈനുകൾ, കായികരംഗത്തിന്റെ വികസനം മുന്നിൽ കണ്ട് പഞ്ചായത്ത് സ്റ്റേഡിയം, അംഗൻവാടികൾ, പ്രൈമറി വിദ്യാലയം ,ആയുർവേദ ആശുപത്രി, ഹെൽത്ത്‌സെന്റർ, ലൈവ് ആയി കാര്യങ്ങൾ എത്തിക്കുന്ന കേബിൾ ശൃംഖല, കോൺക്രീറ്റ് കെട്ടിടങ്ങൾ, ഗ്രാമീണരുടെ വായന വർദ്ധിപ്പിക്കാൻ 'യങ് മെൻസ്' റീഡിങ് റൂം, കേബിൾ ശൃംഖലയിൽ നിന്നും വൈഫൈ ശൃംഖലയിലേക്ക് മാറിയ ഇന്റർനെറ്റ് കണക്ഷൻ, എല്ലാം ഒരു കടയിൽ നിന്ന് ലഭിക്കുന്ന സൂപ്പർ മാർക്കറ്റുകൾ...... അങ്ങനെ നീളുന്നു ചെമ്രക്കാട്ടൂരിന്റെ ജൈത്രയാത്ര. വൈകാതെ തന്നെ 60 മീറ്റർ വീതിയിൽ ഭാരത്മാല റോഡ് കൂടി ചെമ്രക്കാട്ടൂരിലൂടെ കടന്നു പോവുമ്പോൾ ചെമ്രക്കാട്ടൂരിന്റെ മുഖച്ഛായ മുഴുവനായും മാറിപ്പോവുമെന്നു ഉറപ്പാണ്.