മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ദേശീയപാതക്ക് സമീപം സ്ഥിതിചെയ്യുന്ന സർക്കാർ എയ്ഡഡ് വിദ്യാലയമാണ് മർകസ് ഹയർ സെക്കണ്ടറി സ്കൂൾ. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പ്രവർത്തനവും പിന്തുണയാണ് വിദ്യാലയത്തിന്റെ മുതൽക്കൂട്ട്. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിൽ 1676 വിദ്യാർഥികളാണ് പഠനം നടത്തുന്നു. ഇതിൽ യുപി വിഭാഗത്തിൽ മാത്രമായി 536 വിദ്യാർഥികളാണ് പഠിക്കുന്നുണ്ട്. ഹൈസ്കൂളിൽ വിവിധ വിഷയങ്ങളിലായി 40 അധ്യാപകരും യുപി വിഭാഗത്തിൽ 15 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഓഫീസ് ജീവനക്കാരായി 8 പേരും സേവനമനുഷ്ഠിക്കുന്നു. വിദ്യാർത്ഥികളുടെ നാനോന്മുഖമായ വളർച്ച ലക്ഷ്യമാക്കി വിപുലമായ പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. ഡിജിറ്റൽ ക്ലാസ്സ്മുറികൾ , ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം, ഹാൻ്റി ക്രാഫ്റ്റ്, കളി സ്ഥലം തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എൻ.സി.സി ആർമി & സ്‌കൗട്ട്, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി, ഭാഷാ ക്ലബ്ബുകൾ, സബ്ജക്ട് ക്ലബുകൾ, ടാലൻ്റ് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിന് ആയിട്ടുണ്ട് .
ഹൈസ്കൂൾ ബ്ലോക്ക്
32 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ഓഫീസും ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. പ്രൊജക്ടർ ലാപ്ടോപ് ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ ഉയർന്ന നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതാണ് വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും ഹൈസ്കൂൾ . ഹൈസ്കൂൾ ലൈബ്രറി , കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, IED റിസോഴ്സ് എന്നിവയെല്ലാം തന്നെ നിലനിൽക്കുന്നത് ഹൈസ്കൂൾ കെട്ടിടത്തിൽ തന്നെയാണ്. ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രൈമറി സ്കൂൾ ബ്ലോക്ക്
17 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ലൈബ്രറി , കംപ്യൂട്ടർ ലാബ്, സയൻസ് ലാബ് ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
കളിസ്ഥലം
ഹൈസ്കൂൾ, ഹയർസെക്കൻണ്ടറി വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. മധ്യഭാഗത്തായി സെവൻസ് ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടും ചുറ്റും 200 മീറ്റർ ട്രാക്ക് ഒരുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഹൈസ്കൂൾ കെട്ടിടത്തിന് മുന്നിലായി ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ബാഡ്മിൻറൺ, തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
കുടിവെള്ള സൗകര്യം
വിപുലമായ കുടിവെള്ള സൗകര്യമാണ് സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്. യഥേഷ്ടം വെള്ളം ലഭിക്കുന്നത് മർകസ് മാനേജ്‌മന്റ് നിർമിച്ച കുടിവെള്ള സംഭരണിയിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. അതോടൊപ്പം തന്നെ മഴ വെള്ള സംഭരണി സ്കൂൾ ഗ്രൗണ്ടിൽ സംവിധാനിച്ചിട്ടുണ്ട്.. കൃത്യമായ ഇടവേളകളിൽ ടാങ്ക് ശുചീകരിക്കുകയും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. പെരിങ്ങൊളം ജല വിഭവ ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ജല പരിശോധന നടത്തുന്നത്. സ്കൂൾ കാമ്പസിൽ വിവധ ഇടങ്ങളിലായി കൂളർ കം വാട്ടർ പ്യൂരിഫൈർ സജ്ജീകരിച്ചിരിക്കുന്നു.
കിച്ചൺ കോംപ്ലക്സ്
സ്കൂൾ ഉച്ചഭക്ഷപദ്ധതി ഫലപ്രദമായി പാചകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി വിശാലമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്. ഗ്യാസ്, സ്റ്റൗ, ഗ്രൈൻഡർ, മിക്സർ ഗ്രൈൻഡർ, സ്റ്റീൽ അലൂമിനിയം പാത്രങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഭക്ഷണം പാകം ചെ്യ്യുന്നത്. വിദ്യാർഥികൾക്ക് ഇരുന്ന് കഴിക്കാനുള്ള ഊട്ടുപുര പാചകപ്പുരയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. പാൽ, മുട്ട എന്നിവ സർക്കാർ നിർദ്ദേശപ്രകാരം വിതരണം ചെയ്യുന്നതും പാചകപ്പുര ഉപയോഗപ്പെടുത്തിയാണ്. വിദ്യാർഥികൾക്ക് ഭക്ഷണം കഴിക്കാനാവശ്യമായ പ്ലേറ്റ്, സ്റ്റീൽ ഗ്ലാസ് എന്നിവ ഊട്ടുപുരയിലുണ്ട്. ക്യാമ്പുകൾ, മീറ്റിംഗുകൾ, ശിൽപശാലകൾ, അധ്യാപക ശാക്തീകരണ പരിപാടികൾക്കാവശ്യമായ ലഘുഭക്ഷണം പാചകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഇവിടെ സൗകര്യമുണ്ട്. ശുചീകരണ സംവിധാനങ്ങളും പാചകപ്പുരയോട് ചേർന്ന് സംവിധാനിക്കപ്പെട്ടിട്ടുണ്ട്.
ഓഡിറ്റോറിയം
സ്കൂളിലെ പൊതു പരിപാടികൾ ഭംഗിയായി നടത്തുന്നതിന് വേണ്ടി ഹൈസ്കൂൾ കെട്ടിടത്തിലെ മൂന്നാംനിലയിൽ വിശാലമായ ഓഡിറ്റോറിയം സജ്ജീകരിച്ചിട്ടുണ്ട്. ചെറിയ കൂട്ടായ്മകൾക്കായി ഹയർസെക്കണ്ടറി വിഭാഗത്തിന്റെ ഒന്നാം നിലയിൽ മിനി ഓഡിറ്റോറിയവും സ്കൂളിനായി ഉണ്ട് . എൺപതിനായിരം രൂപ ചെലവിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വന്തമായി ശബ്ദ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ എട്ട് ഹൈസ്പീഡ് ഫാനുകളും , വീഡിയോ പ്രദർശനത്തിനും മറ്റുമായി പ്രൊജക്ടർ സംവിധാനവും ഒരുക്കിയിട്ടുണ്ട്, സ്ഥിരം സ്റ്റേജ് ഒരുക്കിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടുകൂടി 150 ഇരിപ്പിടങ്ങളും ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുണ്ട്.
ഗ്രന്ഥ ശാല
ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ആയി രണ്ട് വ്യത്യസ്ത ലൈബ്രറികൾ സ്കൂളിൽ ഉണ്ട്. ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നാലായിരത്തിലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഉണ്ട്. വിവിധ ഭാഷകളിലുള്ള പ്രസിദ്ധീകണങ്ങൾ ലൈബ്രറിയിൽ കാണാം. ചുമർ ചിത്രങ്ങളാൽ ലൈബ്രറി കൂടുതൽ ആകർഷമാക്കി അലങ്കരിച്ചു. അതോടൊപ്പം തന്നെ കുട്ടികളുടെ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസുകളിലും ദിനപത്രങ്ങൾ നല്കിവരുന്നു. ക്ലാസ്സ് റൂം ലൈബ്രറി വിപുലപ്പെടുത്തി. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ ലൈബ്രറിക്കൊരു പുസ്തകം പദ്ധതി നടപ്പിൽ വരുത്തി. ലൈബ്രറി ഡിജിറ്റലൈസ് ചെയ്ത് പുസ്തകവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും പൂർത്തീകരിക്കുന്നു. ഹൈസ്കൂൾ അധ്യാപകരായ അബ്ദുൽ ജലീൽ മാസ്റ്റർ, അബ്ദുൽ കലാം മാസ്റ്റർ എന്നിവർ ലൈബ്രറിയുടെ ചുമതല ഏറ്റെടുത്ത് നടത്തി വരുന്നു.
കമ്പ്യൂട്ടർ ലാബ്
നൂതന വിവര സാങ്കേതിക വിദ്യ വിദ്യാർത്ഥികളിലെത്തിക്കുന്നതിൻറെ ഭാഗമായി പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി മൂന്ന് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 5 ഡെസ്ക് ടോപ്പുകളും 12 ലാപ്ടോപ്പുകളും ആണുള്ളത്. പ്രൈമറി കമ്പ്യൂട്ടർ ലാബിൽ പത്ത് ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ കൈറ്റിൽ നിന്നും ലഭ്യമായ എ ഫോർ മൾട്ടിപർപ്പസ് പ്രിന്ററും, അധ്യാപകർ സ്പോൺസർ ചെയ്ത മൾട്ടിപർപ്പസ് പ്രിന്ററും ഉപയോഗത്തിലുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ 40 കമ്പ്യൂട്ടണ്ടറുകളാണ് ഐടി പഠനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എച്ച് എസ് എസ് വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകനായ ശിഹാബും ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് അധ്യാപകനായ മുഹമ്മദ് സാലിം എൻ കെ യുമാണ് കമ്പ്യൂട്ടർ ലാബിന്റെ ചുമതല വഹിക്കുന്നത്. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് കൂടുതൽ കമ്പ്യൂട്ടറുകൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള അപേക്ഷാ സൗകര്യം ലാബ് ഉപയോഗപ്പെടുത്തി ചെയ്യാറുണ്ട്.
സയൻസ് ലാബുകൾ
പരിശീലനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ശാസ്ത്ര പഠനം മികവുറ്റതാക്കുന്നതിനായി യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ സയൻസ് ലാബ് സംവിധാനിച്ചിട്ടുണ്ട്. കുട്ടികളിൽ ശാസ്ത്ര പഠനം കാര്യക്ഷമമാക്കാൻ പരീക്ഷണ നിരീക്ഷണ പഠനപ്രവർത്തനങ്ങൾ നടന്നുവരുന്നു. ഹയർസെക്കണ്ടറി വിഭാഗത്തിന് വിശാലമായ സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത് സ് ലാബുകൾ സജ്ജമാണ്. സർക്കാറിൻറെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് ലാബുകൾ പ്രവർത്തിക്കുന്നത്. ലാബുകളുടെ സുഗമമായ നടത്തിപ്പിനായി 2 ലാബ് അസിസ്റ്റന്റ് തസ്തികയും വിദ്യാലയത്തിൽ സൃഷ്ടിച്ചിട്ടുണ്ട്, മികവുറ്റ അധ്യാപകരോടൊപ്പം ലാബ് അസിസ്റ്റൻറ്മാരും കൈകോർത്തപ്പോൾ മികച്ച പഠനാന്തരീക്ഷം സാധ്യമാകുന്നു.
ഹാൻഡിക്രാഫ്റ്റ് പഠന കേന്ദ്രം
വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വിവിധ മേഖലകളിൽ തൊഴിൽ പരീശീലനം സാധ്യമാക്കുന്നതിനായി ഹാൻറിക്രാഫ്റ്റ് പരീശീലന കേന്ദ്രം സ്കൂളിന് കീഴിൽ പ്രവർത്തിക്കുന്നു. കുട, മെഴുകുതിരി, പേപ്പർ ബാഗ്, ചോക്ക്, ഫിനോയിൽ എന്നിവയുടെ നിർമ്മാണം കുട്ടികളെ പരിശീലിപ്പിക്കുന്നു. പത്താം തരം പൂർത്തിയാകുമ്പോൾ പത്ത് തൊഴിലുകൾ അവരെ പരിശീലിപ്പിക്കുന്നു. പരിശീലനത്തിനായി പ്രത്യേക ക്ലാസ് മുറി സ്കൂളിനോട് ചേർന്നു സജ്ജമാക്കിയിട്ടുണ്ട്. സ്കൂൾ ശാസ്ത്ര മേളകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എറെ സഹായകരമാണ് ഈ സംരംഭം.
ആർട്ട് ഗാലറി
സാംസ്കാരിക തനിമയാർന്ന നമ്മുടെ പൈതൃകങ്ങൾ സംരക്ഷിക്കുകയും അതിന്റെ മൂല്യം വിദ്യാർത്ഥികളിലേക്കും മറ്റുള്ളവരിലേക്കും പകർന്നു നൽകുന്നതിന് വേണ്ടി സ്കൂൾ തലത്തിൽ ഒരു ഗാലറി രൂപപ്പെടുത്തേണ്ടതുണ്ട്. ഈ ഉദ്യമത്തെ മുൻ നിർത്തി കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളെയും കൈമോശം വന്നു കൊണ്ടിരിക്കുന്ന നാടിന്റെ ചരിത്ര വസ്തുക്കളെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ഞങ്ങളുടെ ചിത്രകലാഅധ്യാപകനായ പി.പി.അബ്ദുറഹിമാൻ മാസ്റ്റർ ആർട്ട് ഗാലറിയിൽ ചെയ്യുന്നത്. പ്രത്യേകമായി ഡിസൈൻ വർക്കുകൾ കൊണ്ട് അലങ്കരിച്ച ഹാളിൽ വിവിധ വസ്തുക്കളുടെ ശേഖരണവും പ്രദർശനവുമാണ് ഉള്ളത്. വിദ്യാർത്ഥികൾക്ക് പഠിക്കാനും മനസ്സിലാക്കാനും ഒട്ടേറെ കാര്യങ്ങൾ ശേഖരണം നടത്തുന്നു. സ്കൂൾ ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ, പ്രവൃത്തിപരിചയ ക്ലബ്ബ്, ആർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. നമ്മുടെ പൂർവ്വകാല ജീവിതത്തിൻറെ ഭാഗമായിരുന്ന വസ്തുക്കളുടെ വിപുലമായ ശേഖരമാണ് ഇവിടെ സജ്ജമാക്കുന്നത്.
സ്കൂൾ ബസ് സൗകര്യം
യുപി, ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും സ്കൂളിലേക്ക് വരാനും തിരിച്ച് പോകാനും സുരക്ഷിതമായ യാത്ര സൗകര്യമൊരുക്കുന്നതിനായി സ്വന്തമായി 4 സ്കൂൾ ബസ് ഉണ്ട്. വ്യത്യസ്ത റൂട്ടുകളിലായി ബസ് സൗകര്യം ആവശ്യമുളള കൊടുവള്ളി , ഓമശ്ശേരി,പാലാഴി , പെരുമണ്ണ, കുറ്റിക്കാട്ടൂർ, മാവൂർ, പറമ്പിൽ ബസാർ എന്നീ റൂട്ടുകളിൽ രാവിലെയും വൈകുന്നേരവും സ്കൂൾ ബസ് ഓടി കൊണ്ടിരിക്കുന്നു. ഇതിനു പുറമേ കൂടുതൽ വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി അധ്യാപകർ സ്കൂളിനു സ്പോൺസർ ചെയ്ത വാനും വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. നാല് സ്ഥിരം ഡ്രൈവർമാരാണ് വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത്. ഹൈസ്കൂൾ അറബി അധ്യാപകൻ മുഹമ്മദ് ഷഫീക് ഒ ടി കൺവീനറും, യു പി വിഭാഗം ഉറുദു അധ്യാപകൻ മുഹമ്മദ് സലിം സഹ കൺവീനറും ആയ സിമിതിയാണ് ഗതാഗത സൗകര്യങ്ങൾക്ക് നേത്യത്വം നൽകുന്നത്. കുട്ടികളിൽ നിന്നും ചെറിയ ഫീസ് മാത്രമാണ് ബസ് സൗകര്യത്തിന് ഈടാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സ്പോൺസർമാരെ കണ്ടെത്തി സൗജന്യ യാത്രാ സൗകര്യവും സാധ്യമാക്കുന്നുണ്ട്.
എൻ സി സി ഓഫീസ്
സ്കൂളിൽ പ്രവർത്തിക്കുന്ന എൻ സി സി ബാച്ചിൻറെ സുഗമമായ നടത്തിപ്പിനായി ഓഫീസ് പ്രവർത്തിക്കുന്നു.
ടോയ്‌ലറ്റ് കോംപ്ലക്സ്
പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിദ്യാർഥികൾക്കായി ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് സംവിധാനങ്ങൾ സ്കൂൾ ഒരുക്കിയിരിക്കുന്നു. ഭിന്നശേഷി വിദ്യാർഥികൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി അനുയോജ്യമായ സൗകര്യവും സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. ഹൈസ്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്കായി 16 വാഷ് റൂമുകളും, ഹയർസെക്കണ്ടറി വിഭാഗത്തിലെ ആൺകുട്ടികൾക്കായി 14 വാഷ് റൂമുകളും സജ്ജീകരിച്ചിരിക്കുന്നു. അധ്യാപകർക്കായി സ്റ്റാഫ് മുറിയോടു ചേർന്ന് വാഷ് റൂമുകൾ പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു.