തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/എന്റെ ഗ്രാമം
മലപ്പുറം ജില്ലയുടെ പിറവിക്ക് മുമ്പ് പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു അണ്ടത്തോട്. പിന്നീട് ഇവിടം തൃശ്ശൂര്‍ ജില്ലയിലേക്ക് ചേര്‍ക്കപ്പെടുകയായിരുന്നു. കേരളത്തിന്റെ പ്രഥമ നിയമസഭയില്‍ ഒരു അസംബ്ലി മണ്ഡലമായിരുന്നു അണ്ടത്തോട്. ഇപ്പോഴുള്ള പെരുമ്പടപ്പ് പൊലീസ് സ്റ്റേഷന്‍ ആദ്യകാലത്ത് അണ്ടത്തോട് പൊലീസ് സ്റ്റേഷനായിരുന്നു.കേരളത്തിന്റെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ നടപ്പാടകലെയുള്ള പ്രദേശമെന്ന നിലക്കും പൗരാണിക വൈജ്‍ഞാനിക പ്രഭ ചൊരിഞ്ഞുനിന്ന മേഖല എന്ന നിലക്കും അണ്ടത്തോടിന് പണ്ടേ പെരുമയുണ്ടായിരുന്നു. ഫതഹുല്‍ മുബീന്റെ രചയിതാവ് ശുജാഇ മൊയ്തുമുസ്‌ല്യാരുടെ ഈ നാട് ഇസ്‌ലാമിക കേരളത്തിന് പ്രിയപ്പെട്ടതായിരുന്നു. അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് അണ്ടത്തോട് ജുമുഅത്ത് പള്ളി. പള്ളിക്ക് എതിര്‍വശത്ത് ഒരു ഇടവഴിയുണ്ടായിരുന്നു. അവിടെ തെളിവെള്ളമുള്ള ഒരു പൊയ്കയും അതില്‍ നിറയെ കടും പച്ച കുളച്ചണ്ടികളുമുണ്ടായിരുന്നു. ആ കുളച്ചണ്ടികളുടെ വേരുകള്‍ അഴുക്ക് മുഴുവന്‍ വലിച്ചെടുത്ത് ജലാശയത്തെ നിര്‍മ്മലമാക്കി നിര്‍ത്തിയിരുന്നു. പുന്നയൂര്‍ക്കുളം ,ഉപ്പുങ്ങല്‍ തുടങ്ങിയ വിദൂര ദേശങ്ങളില്‍ നിന്നു പോലും മയ്യിത്ത് മറമാടാന്‍ കൊണ്ട് വന്നിരുന്ന ഖബറിത്താനായിരുന്നു ഇത്. പള്ളിക്ക് വടക്കുഭാഗത്ത് പ്രസിദ്ധമായ ഒരു ചന്തയുണ്ടായിരുന്നു. ഇന്ന് ഇരുപത്തിനാല് മണിക്കൂറും ചീറിപ്പായുന്ന നാഷണല്‍ ഹൈവേയുടെ ഭാഗമായ റോഡ് സംവിധാനം ഇവിടുണ്ടായിരുന്നില്ല . പകരം ചരല്‍ വിരിച്ച നടവഴികളായിരുന്നു.അകലാട് പള്ളി മുതല്‍ ചാവക്കാട് വരെ പൂഴിമണ്ണായിരുന്നു. നടക്കുന്ന വഴി എന്ന അര്‍ത്ഥത്തില്‍ നടക്കായി എന്നാണ് റോഡിനെ വിളിച്ചിരുന്നത്. കനോലി കനാലാണ് ഗതാഗതത്തിനായി ഉപയോഗിച്ചിരുന്നത് .ചരക്കുവള്ളങ്ങള്‍ ഇവിടങ്ങളിലെ നിത്യ കാഴ്ചയായിരുന്നു. പനന്തറ ,അണ്ടത്തോട് എന്നിവയായിരുന്നു പ്രധാന കയറ്റിറക്കു കേന്ദ്രങ്ങള്‍. പാലം ഇല്ലാത്തതുമൂലം പുതുപൊന്നാനി വരെ മാത്രമേ റോഡ് സൗകര്യം ഉണ്ടായിരുന്നുള്ളൂ. 1968 ലാണ് ആദ്യമായി ബസ്സ് ഗതാഗതം തുടങ്ങിയത്. എഴുപതുകളില്‍ എണ്ണ സമ്പന്നമായ അറബ്‌നാടുകളിലുണ്ടായ സാമ്പത്തിക പുരോഗതിയുടെ സ്വാധീനം അണ്ടത്തോടിനേയും ബാധിച്ചു. ഗള്‍ഫിലേക്കുള്ള കുടിയേറ്റമാണ് ഇന്ന് നാട്ടിലുള്ള പുരോഗതിയുടെ യഥാര്‍ത്ഥ ഹേതു. മതസൗഹാര്‍ദ്ധത്തിനും മതേതരത്വത്തിനും വളക്കൂറുള്ള മണ്ണാണ് അണ്ടത്തോട് .പഴക്കമുള്ള ജുമുഅത്ത് പള്ളി പോലെ തന്നെ പെരിയമ്പലം എന്നറിയപ്പെടുന്ന വേട്ടക്കൊരുമകന്‍ ക്ഷേത്രം പ്രദേശത്തെ ഭക്തജനങ്ങളുടെ ആശാകേന്ദ്രമാണ്.