ഗവ. വി എച്ച് എസ് എസ് കൈതാരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
                      '''''ഒരു പ്രവർത്തി പള്ളിക്കൂടം എന്ന നിലയിലാണ് ആരംഭം. അന്ന് കൈതാരത്ത് നിലവിലുണ്ടായിരുന്ന കീഴ്ശേരി ഇല്ലം വക സ്ഥലത്താണ് പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ ഇല്ലത്ത് സ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പഴയതലമുറക്കാർ ഇന്നും അങ്ങിനെ തന്നെയാണ് ഈ വിദ്യലയത്തെ വിളിക്കുന്നത്. മേൽ പറഞ്ഞ കീഴ്ശേരി ഇല്ലം ഇന്ന് നിലവിലില്ലെങ്കിലും ഇല്ലത്തെ നാലാം തലമുറയുൽ പെട്ട ചിലർ ഈ മേൽവിലാസത്തോടെ ഇവിടെ താമസിക്കുന്നുണ്ട്. ഈ ഇല്ലത്തെ സംസ്കൃത പണ്ഡിതനായ നാരായമൻ ഇളയത്, ചാവറ കുരിയാക്കോസ്  അച്ചൻ നടത്തിപോന്ന കൂനമ്മാവിലെ പളളിക്കൂടത്തിൽ സംസ്കൃതം അധ്യാപകനായി ജോലി ചെയ്തിരുന്നു. ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സ് വരെയാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.  

'

                      ''പറവുർക്കാരൻ കമ്മത്ത്, തോട്ടത്തിൽ രാമൻപിള്ള, തയ്യിൽ രാമൻ പിള്ള എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. കാലക്രമത്തിൽ നാലാം ക്ലാസ്സ് കൂടി ആരംഭിച്ചു. കെട്ടിടം പണിയാനുള്ള ഒരേക്കർ സ്ഥലം നാട്ടുക്കാർ ചേർന്ന് വിലക്കു വാങ്ങി. ഈ സമയം പ്രശസ്തമായ നെല്ലിപ്പിള്ളി കുടുംബത്തിലെ മൂത്ത കാരണവരായ ശ്രീ കൊച്ചുണ്ണി പിള്ള ഒരു കെട്ടിടം നിർമ്മിച്ച് സർക്കാരിനു സമ്മാനിച്ചു. ഈ സന്മനസ്സിനുള്ള ആദരവായി അദ്ദേഹത്തിന്റെ മകൻ ശ്രീ കൊച്ചുകുട്ടൻപിള്ളക്ക് സർക്കാർ ഈ വിദ്യാലയത്തിൽ അധ്യാപകനായി ജോലി നല്കി.  ഈ കെട്ടിടം കാലപഴക്കം കൊണ്ട് 2018 ആഗസ്റ്റിൽ പൊളിച്ചുനീക്കി.

''''

                      ''ജാതിവ്യവസ്ഥയുടെ  തീഷ്‌ണതായാൽ പിന്നോക്ക ജാതിക്കാർക്ക് പട്ടികജാതിക്കാർക്കും ഇല്ലത്ത് സ്കൂളിൽ പ്രവേശനമുണ്ടായിരുന്നില്ല. 1914 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സർവ്വജാതി മതസ്ഥർക്കും വിദ്യാലയങ്ങളി്ൽ പ്രവേശനം അനുവദിച്ചതോടെയാണ് മേൽ പറഞ്ഞ ജാതി വിഭാഗങ്ങൾക്ക് ഇവിടെ പഠിക്കാൻ അനുവാദം ലഭിച്ചത്. എന്നാൽ വിവേചനത്തിൽ മാറ്റം വന്നില്ല. സവർണ്ണർക്ക് ബഞ്ചും അവർണ്ണർക്ക് കീറചാക്കുമായിരുന്നു ഇരിപ്പടം. 1950 ൽ പറവൂർ ടി കെ നാരായണപിള്ള തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്തി. ഒരു ഏക്കർ സ്ഥലവും പതിനായിരം രൂപയും സർക്കാരിലേക്ക് നല്കണമെന്ന വ്യവസ്ഥയോടെയാണ് യു പി സ്കൂളായി ഉയർത്തിയത്. ഈ വ്യവസ്ഥയിൽ ഇളവനുവദിക്കുകയും മൂവായിരം രൂപമാത്രം അടക്കേണ്ടിവരുകയും ചെയ്തു. സ്ഥലപരിമിതിയാൽ ഇന്നു കാണുന്ന എൻ എസ്സ് എസ്സ് കരയോഗം വക കെട്ടിടത്തിലാണ് യു പി വിഭാഗം പ്രവർത്തിച്ചിരുന്നത്. തുടർന്ന് 1959 ജൂൺ രണ്ടിനാണ് ഇന്നത്തെ സ്ഥലത്തേക്ക് മാറി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 

''

                       ''ഓലയും പനമ്പും ഉപയോഗിച്ച് കെട്ടി ഉണ്ടാക്കിയതായിരുന്നു അന്നത്തെ ക്ലാസ്സ് മുറികൾ. കോട്ടുവള്ളി, ഏഴിക്കര പഞ്ചായത്തുകളിലേയും, വരാപ്പുഴ, ആലങ്ങാട് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലെയും ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. 1964 ജൂണിൽ‌ ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപെട്ടു. ഒരു നോൺ ഗസറ്റഡ് ഹെഡ് മാസ്റ്ററുടെ കീഴിൽ എട്ടാം ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് 1968 ൽ ഒരു ഗസറ്റഡ് ഹെഡ് മാസ്റ്റർ പദവിയോടെ പൂർണ്ണ ഹൈസ്കൂളായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1984 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിക്കുകയും ചെയ്തു. 

''''

                        ''1997 ൽ പി ടി എ മുൻ കൈയെടുത്ത് സർക്കാർ അംഗീകാരത്തോടെ പ്രീപ്രൈമറി ആരംഭിച്ചു. 147 വർഷത്തെ വിദ്യാലയത്തിന്റെ പ്രവർത്തനത്തിലും പുരോഗതിയിലും അവിസ്മരണീയമായ സംഭാവനകൾ നല്കിയ വ്യക്തികളും കുടുംബങ്ങളമുണ്ട്. കീഴ്ശേരി ഇല്ലം, നെല്ലിപ്പിള്ളി, പാലിയം, മുള്ളായപിള്ളി, കാളിപറമ്പ് എന്നി കുടുംബങ്ങളുടെ പേരുകൾ പ്രത്യേകം സ്മരിക്കപെടുന്നവയാണ്. മൂന്നര ഏക്കറിലധികം സ്ഥലവും കെട്ടിടങ്ങളും വിശാലമായ കളിസ്ഥലവുമുള്ള ഈ വിദ്യാലയം എല്ലാ മേഖലകളിലും ഏറെ മുന്നിലാണ്. ദീർഘനാളുകളായി നടത്തിപോരുന്ന കൂട്ടായ പ്രവർത്തനത്തിന്റെയും ഇടപെടലിന്റെയും ഫലമായി തുടർച്ചയായി നാലുതവണ എസ്സ് എസ്സ് എൽ സി ഫലം നൂറു ശതമാനമായി ഉയർത്താനായത് അഭിമാനകരമാണ്. പൊതുവിദ്യാഭ്യാസത്തിന്റെ ശിരസ്സിലൂടെ ലാഭകണ്ണോടും വ്യവസായമനോഭാവത്തോടും കൂടി സ്വകാര്യവിദ്യാഭ്യാസ മേഖല പടയോട്ടം നടത്തുബോൾ അഭിമാനത്തോടെ പൊരുതിനേടിയ  ഈ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. പ്രയത്നശീലരും അർപ്പണതല്പരരും ആയ ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയുടെയും ശക്തമായ പി ടി എ ഇടപെടലിന്റെയും ഫലമാണിത്. കൂലി വേലക്കാരും തൊഴിലാളികളും ദരിദ്രജനവിഭാഗവും പിന്നോക്കാവസ്ഥയിൽ ജീവിക്കുന്ന ചുറ്റുപാടിൽ നിന്ന് അവരുടെ കുട്ടികൾ നേടിയത് ചെറുതല്ലാത്ത വിജയം തന്നെയാണ്. ജാതി മത സമുദായ ശക്തികൾ അവരവരുടെ താല്പര്യം പറഞ്ഞ് വിദ്യാർത്ഥികളെ സ്വാധീനിച്ച് കൊണ്ടു പോകുന്നതാണ് അനുഭവം. ഇതിനെയെല്ലാം അതിജീവിച്ച് ആയിരത്തിനുമുകളിൽ വിദ്യാർത്ഥികളും അറുപതിലധികം അധ്യാപകരും ഈ സർക്കാർ വിദ്യാലയത്തെ സംരക്ഷിച്ചു നിർത്തുന്നു. ഹയർസെക്കന്ററി വിഭാഗം കൂടി നേടിയെടുക്കുകയാണ് തുടർന്നുള്ള പ്രധാനലക്ഷ്യം.

'