മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/മഹാമാരികളുടെ കാലഘട്ടം

13:12, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരികളുടെ കാലഘട്ടം.....      

മഹാമാരികളുടെ കാലഘട്ടം.....

    ലോകം മുഴുവൻ ഭീതിയിൽ ഇരിക്കുന്ന ഒരു ലോക്ക്  ഡൗൺ കാലം. ഇത് ആദ്യമായി അല്ല ഒരു മഹാമാരിയെ നാം അഭിമുഖീകരിക്കുന്നത്. നൂറ്റാണ്ടുകളായി മഹാമാരി നമ്മെ പിന്തുടർന്ന് കൊണ്ടിരിക്കുകയാണ്. അപ്പോഴെല്ലാം അതിനെ ചവിട്ടി മെതിച്ചു കൊണ്ട് മനുഷ്യൻ അവരുടെ ജീവിത പാത മുന്നോട്ടുകൊണ്ടുപോയി. അങ്ങനെ ആരാലും കീഴ്പ്പെടാതെ ഇരുന്ന ഒരു മാനവരാശി ഇന്ന് വലിയൊരു പ്രതിസന്ധിയെ ആണ് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്. ഇത് എത്ര കാലം നീണ്ടു നിൽക്കും എന്ന് യാതൊരു നിശ്ചയവുമില്ല. ഈ കാലഘട്ടത്തെ അതിജീവിക്കുക എന്നതാണ് ഇപ്പോൾ മനുഷ്യരുടെ പ്രഥമലക്ഷ്യം. ലക്ഷക്കണക്കിന് പേർക്ക് കോവിഡ് ബാധിക്കുകയും, അനേകം പേർ മരിക്കുകയും ചെയ്തു. അനേകം പേരുടെ ജീവൻ ബലി കഴിച്ചിട്ടും തീരാ ദാഹത്തോടെ കോവിഡ് ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നില നിൽക്കുകയാണ്. അതിനെ അതിജീവിക്കാൻ വളരെ പ്രയാസകരമാണ് എങ്കിലും, അതിനെ അതിജീവിച്ചവർ നമ്മുടെ സമൂഹത്തിലുണ്ട്. സമ്പന്ന രാജ്യങ്ങൾ പോലും ഈ മഹാമാരിയുടെ കറുത്ത ശക്തിയുടെ മുൻപിൽ  പതറി പോവുകയാണ്. അപ്പോഴും പതറാത്ത മനസ്സുമായി നിസ്വാർത്ഥ സേവനം സമൂഹത്തിന് നൽകുവാൻ ഒരു വിഭാഗം ആളുകൾ രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്നു. തങ്ങളുടെ ജീവൻ പോലും വിലകൽപ്പിക്കാതെ ആരോഗ്യപ്രവർത്തകരും പോലീസുകാരും ഭരണകൂടവും ഐക്യ പൂർവ്വം പ്രവർത്തിക്കുകയാണ്. പറഞ്ഞുകേട്ടു മാത്രം അറിവുള്ള മഹാമാരിയുടെ തീവ്രത ഇന്ന് നമ്മൾ നേരിട്ട് അനുഭവിക്കുകയാണ്. കോവിഡ് 19 എന്ന രോഗം വന്നിട്ട് ഇപ്പോൾ ആറ് മാസം ആവുകയാണ്. മറ്റ് മഹാമാരികളെക്കാൾ ഏറ്റവും ശക്തിയേറിയ രോഗമാണ് ഇത്. ഇതിനെ അതിജീവിക്കണമെങ്കിൽ കഠിനപ്രയത്നം അത്യാവശ്യമാണ്. എന്നാൽ ഇതിന്റെ തീവ്രത ഇപ്പോഴും മനസിലാകാത്ത പലരുമുണ്ട് നമ്മുടെ സമൂഹത്തിൽ. ഇതിനെ വെറും ഒരു സാധാരണ രോഗമായി കണ്ട് സർക്കാരിനെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങളെ തൃണവൽക്കരികുന്ന  ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. കുട്ടി കളുടെ  അവധിക്കാല മോഹങ്ങൾ തച്ചുടച്ച് കളയുകയാണ് കോവിഡ് എന്ന മഹാമാരി. വീട്ടിൽ നിന്ന് വെളിയിലേക്ക് ഒന്ന് ഇറങ്ങാൻ കഴിയാതെ ഇരിക്കുകയാണ് ഇപ്പോൾ മാനവരാശി. സാമൂഹിക അകലത്തിൽ കൂടെ മാത്രമേ അതിനെ തടുക്കുവാൻ കഴിയൂ. ലോകം മുഴുവൻ വ്യാപിച്ചു കൊണ്ട് മനുഷ്യർക്ക് ഭീഷണിയായി അത് വളർന്നു കൊണ്ടിരിക്കുകയാണ്. മഹാപ്രളയത്തെ പോലും മനുഷ്യരുടെ ശക്തി കാരണം തോൽപ്പിക്കുവാൻ കഴിഞ്ഞു. ഈ മഹാ ദുരന്തത്തെ നമ്മൾ ഒന്നാകെ കൈകോർത്ത് ഈ ലോകത്തിൽ നിന്ന് തന്നെ തുടച്ചു നീക്കും എന്ന വിശ്വാസത്തിലാണ് നമ്മൾ പൊരുതുന്നത്. അത് സംഭവിക്കുമെന്നും തളരാതെ പൊരുതി, വീണ്ടും നമ്മൾ ഒരു മഹാ ദുരന്തത്തെ കൂടി തോൽപ്പിക്കും  എന്ന ശുഭാപ്തി വിശ്വാസത്തിൽ ആണ് ജനങ്ങൾ ഇന്ന് കഴിയുന്നത്. അനേകായിരങ്ങളെ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കിയ കോവിഡ് എന്ന മഹാമാരിയെ നമുക്കൊന്നിച്ച് നേരിടാം. 
                      
            
  
അലീന മേരി
8A മൗണ്ട് ബഥനി, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം