ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/ തണൽ

06:11, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തണൽ

അരുണും ഗീതുവും സ്കൂളിൽ പോവാനുള്ള തിരക്കിലായിരുന്നു രാവിലെ തന്നെ. "കണ്ണാ, ചിന്നൂ വന്ന് ചായ കുടിക്കൂ," അമ്മ അടുക്കളയിൽ നിന്നും അവരെ വിളിച്ചു. "അമ്മേ എന്റെ ബെൽറ്റ് കണ്ടോ?" മുറിയിൽ നിന്നും അരുൺ ചോദിച്ചു. "ഇൗ ഏട്ടൻ എപ്പോഴും ഇങ്ങനെ തന്നെയാ കൃത്യമായി ഒരിടത്ത് വച്ചാൽ എന്താ?" ഗീതുവിന്റെ മറുപടി. "അതിന് നിന്നോട് ആരാ ചോദിച്ചേ"? അരുണും വിട്ട് കൊടുത്തില്ല. "ആ... ഇനി രണ്ടുപേരും കൂടി തുടങ്ങിക്കോ, ഞാൻ നോക്കി എടുത്തു തരാം ....വന്ന് ചായ കുടി." അമ്മ വീണ്ടും പറഞ്ഞു. രണ്ടാളും ചായ കുടിക്കാൻ ഇരുന്നു. "ഇന്നും പുട്ടും കടലക്കറിയും തന്നെ." അരുണിന്റെ പതിവ് പരിഭവം. "അതിന് പുട്ട് ആക്കിയിട്ട്‌ കുറേ ദിവസമായല്ലോ" ചിന്നൂന്റ മറുപടി. അരുൺ ചിന്നൂനെ രൂക്ഷമായി നോക്കി. "അമ്മേ ഇൗ കടലക്കറിക്ക്‌ ഇത്തിരി ചിക്കൻ മാസാലയെങ്കിലും ഇട്ടുകൂടായിരുന്നോ." അരുൺ അമ്മയോട് ചോദിച്ചു. "അതിന് നിന്റെ അച്ഛൻ കൊണ്ടുവരണ്ടേ...?" അമ്മയുടെ മറുപടി. "നല്ല രസമുണ്ട് അമ്മേ..." ചിന്നു അമ്മയോട്. അരുൺ മേശയുടെ അടിയിലൂടെ അവളുടെ കാലിന് ചവിട്ടാൻ നോക്കി, കൊണ്ടത് കസേരയുടെ കാലുകളിലും. വേദനകൊണ്ട് അമ്മേ എന്ന് വിളിച്ചുപോയ്. "രണ്ടും ഗുസ്തി കളിച്ചിരുന്നാൽ സ്കൂളിൽ പോകലുണ്ടാവില്ല. ഇതാ നിന്റെ ബെൽറ്റ്. ചിന്നൂ... വേഗം നോക്ക് മുടി കെട്ടണ്ടെ..." "പോത്ത് പോലെ ആയി നിനക്ക് തന്നെ ചെയ്തൂടെ" അരുൺ കളിയാക്കിക്കൊണ്ട് അവളോട്. അവളും വിട്ടുകൊടുത്തില്ല, "സ്വന്തം ബെൽറ്റ് പോലും സൂക്ഷിക്കാൻ പറ്റാത്ത ഒരേട്ടൻ." അമ്മ ചിന്നൂൻറെ മുടി കെട്ടലായിരുന്നു. "അമ്മേ വേഗം നോക്ക് വൈകിയാൽ എന്നെ ക്ലാസ്സിൽ കയറ്റില്ല . മോണിംഗ് ക്ലാസ്സ് ഉള്ളതാ." രണ്ടുപേരും സ്കൂളിലേക്ക് പോകാൻ തയ്യാറായി. "അച്ഛനെവിടെ അമ്മേ.." അരുൺ അമ്മയോട്. പറമ്പത്താ ഉള്ളത് ഇന്ന് സഹായത്തിന് കണ്ണേട്ടനും ഉണ്ട്. "എന്റെ പേരും കണ്ണൻ, പറമ്പത്ത് പണിയെടുക്കാൻ വരുന്നതും കണ്ണൻ." അവൻ അമ്മയെ നോക്കി പറഞ്ഞു. അവന്റെ മറുപടി കേട്ട് അമ്മയും ചിന്നുവും ചിരിച്ചുപോയി. "അത് നിന്നെ സ്നേഹത്തോടെ വിളിക്കുന്ന പേരല്ലേ..." അമ്മ അവനോട് പറഞ്ഞു. "ഉം...." അവൻ മൂളി. "നമ്മൾ എന്നാ പോട്ടെ" രണ്ടാളും അമ്മയോട് പറഞ്ഞു."സൂക്ഷിച്ച് പോണേ..." അമ്മയുടെ മറുപടി. അവർ വയൽ വരമ്പത്തൂടെ പോകുന്നത് അമ്മ നോക്കി നിന്നു. കണ്ണിൽ നിന്നും മാഞ്ഞപ്പോൾ അടുക്കളയിലേക്ക് പോയി. അരുൺ, ഗീതു,അച്ഛൻ, അമ്മ ഉൾപ്പെട്ട ഒരു കുടുംബം. അച്ഛന് കൃഷിപ്പണിയാ. അരുൺ 10ലും ഗീതു 6ലും പഠിക്കുന്നു. അരുൺ എന്നും പരാതിക്കാരനായിരുന്നു. സ്വന്തം പേരിനു പോലും. അവന്റെ ചങ്ങാതിമാർ ഒക്കെ വലിയ വീട്ടിലെ കുട്ടികളായിരുന്നു. ഡോക്ടർ വക്കീൽ ബിസിനസ് ഒക്കെയായിരുന്നു അവരുടെ രക്ഷിതാക്കൾ. അത് കൊണ്ടാണ് അരുൺ ഇങ്ങനെ ആയത് എന്നാണ് ഗീതുവിന്റെ കണ്ടെത്തൽ. രണ്ടാളും പഠിക്കാൻ മിടുക്കരായിരുന്നു. രണ്ടുപേരും സ്കൂളിലെത്തി അവരവരുടെ ക്ലാസ്സിലേക്ക് പോയി. അരുണിന് ആദ്യത്തെ പിരീഡ് ഇംഗ്ലീഷ് ആയിരുന്നു. റുബീന ടീച്ചർ ആയിരുന്നു ക്ലാസ്സ് ടീച്ചർ. അറ്റൻഡൻസ് എടുക്കുന്നതിനിടയിൽ അരുണും കൂട്ടുകാരും നാളെ മുതൽ പരീക്ഷ തുടങ്ങുന്നതിനെ കുറിച്ചായിരുന്നു സംസാരം. അതിനാൽ ഇന്ന് ഉച്ചയ്ക്ക് വിടുന്നതിന്റെ സന്തോഷം എല്ലാവർക്കും ഉണ്ടായിരുന്നു. റയാനും, നിരഞ്ജനും ആയിരുന്നു അവന്റെ ഉറ്റ ചങ്ങാതിമാർ. "ഇന്ന് ഉച്ച വരെ അല്ലേ ക്ലാസ്സ് ഉള്ളൂ.. അതുകൊണ്ട് ഞങ്ങൾ ഇന്ന് നിന്റെ വീട്ടിൽ വരുന്നുണ്ട്." ചങ്ങാതിമാർ അരുണിനോട്. അവന്റെ ഉള്ളൊന്ന് കാളി. അവന് ഇഷ്ട്ടപ്പെട്ട വിഷയമായിരുന്നു ഇംഗ്ലീഷ്. ടീച്ചർ പറഞ്ഞതൊന്നും അവൻ ശ്രദ്ധിച്ചില്ല. അവന്റെ മനസ്സ് മുഴുവൻ വീട്ടിലായിരുന്നു. ചങ്ങാതിമാരുടെ വീട്ടിൽ അവൻ പോയതാണ്. കൊട്ടാരം പോലെയുള്ള വീട്. എല്ലാ സൗകര്യങ്ങളും ഉണ്ട്. ഇതിന് മുന്നേയും അവർ വീട്ടിൽ വരാൻ ഒരുങ്ങിയപ്പോൾ ഓരോന്നും പറഞ്ഞ് അവൻ ഒഴിഞ്ഞതാ. എപ്പോഴും അങ്ങനെ ആയാൽ മോശമല്ലേ. ആലോചനയിൽ മുഴുകി രണ്ടാമത്തെ പിരീഡ് കഴിഞ്ഞതും അവൻ അറിഞ്ഞില്ല. ഇന്റർവെൽ ബെല്ലടിച്ചപ്പോൾ അവൻ ഞെട്ടി. "ഞാനൊന്ന് റുബീന ടീച്ചറുടെ അടുത്ത് പോയിട്ട് വരാം. ചെറിയൊരു സംശയം." അവൻ ചങ്ങാതിയോട് പറഞ്ഞ് ടീച്ചറുടെ അടുത്തേക്ക് ഓടി. "ടീച്ചറേ തന്നെ ഒന്ന് ഫോൺ തരുമോ വീട്ടിൽ വിളിക്കാനാ..." ടീച്ചർ കൊടുത്തു. സ്റ്റാഫ് റൂമിന്റെ പുറത്തേക്ക് വന്ന് അവൻ അമ്മയെ വിളിച്ചു. കാര്യം പറഞ്ഞു. "അവര് വന്നോട്ടെ എന്റെ ചോറും കറിയും ആയി മാമ്പഴപുളിശ്ശേരി ആക്കാം, ചിന്നു രാവിലെ പറഞ്ഞതാ... അവർക്കും കൊടുക്കാം." "എന്റമ്മേ അവർക്ക് നമ്മുടെ നാടൻ ഭക്ഷണമൊന്നും പിടിക്കൂലാ.. അച്ഛനോട് അസീസ്ക്കാന്റെ കടയിൽ പോയി ബിരിയാണി വാങ്ങാൻ പറ. ബേക്കറീന്ന് എന്തേലും വാങ്ങാനും പറ. അച്ഛന് തിരക്കാണേൽ കണ്ണെട്ടനോടെങ്കിലും പോവാൻ പറ. പിന്നെ പശുവിനെ വഴിക്കൊന്നും കെട്ടരുത്... ചാണകം ഇട്ട് നാശമാക്കും. എന്റെ റൂമും ഒന്ന് വൃത്തിയാക്കണം." അമ്മ എല്ലാം സമ്മതിച്ചു. അങ്ങനെ അവന്റെ ഒരു കെട്ട് നിർദ്ദേശങ്ങൾ ആയപ്പോഴേക്കും ക്ലാസ്സിൽ കയറാനുള്ള ബെല്ലടിച്ചു. ടീച്ചർക്ക് ഫോൺ കൊടുത്ത് ക്ലാസ്സിലേക്ക് ഓടി. അങ്ങനെ ഉച്ചയായി. സ്കൂൾ വിട്ടു. ചങ്ങാതിമാരെയും അനിയത്തിയെയും കൂട്ടി അരുൺ വീട്ടിലേക്കും. വഴിയിൽ അച്ഛൻ പശുവിനെ കെട്ടിയിട്ടില്ല. അവന് കുറച്ച് സമാധാനമായി. മുറ്റത്ത് എത്തിയ അവൻ അമ്മയെ വിളിച്ചു.അമ്മ ഉമ്മറത്തേക്ക് വന്നു. കയറി ഇരിക്കാൻ പറഞ്ഞു. അടുക്കളയിലേക്ക് പോയി. ഇപ്പം വരാന്നു പറഞ്ഞ് അവനും. ഗീതു ജിലേബി തിന്നുന്നതാണ് അവൻ കണ്ടത്. ആക്രാന്തം കാണിക്കല്ലെന്ന് പറഞ്ഞ് കളിയാക്കി. അമ്മയോട് അച്ഛനെല്ലാം വാങ്ങിയോ എന്ന് ചോദിച്ചു. "ഉവ്വ്, മേശപ്പുറത്ത് എടുത്തു വച്ചിട്ടുണ്ട്." അവൻ തുറന്നു നോക്കി. ബിരിയാണിയുടെ മണം. അമ്മ അവരോട് ഭക്ഷണം കഴിക്കാൻ പറഞ്ഞു. എല്ലാരും കൈ കഴുകി ഇരുന്നു. ഗീതുവും അവരുടെ കൂടെ ഇരുന്നു. അമ്മ അവളെ വിളിച്ചു. "അവർ കഴിക്കട്ടെ എന്നിട്ട് നമുക്ക് കഴിക്കാം. അച്ഛൻ അത്രയേ വാങ്ങിയുള്ളു..നിനക്ക് വിശക്കുന്നുണ്ടേൽ ഞാൻ നിനക്ക് കുറച്ച് വാരി തരാം. മാമ്പഴ പുളിശ്ശേരി ഉണ്ട്." "എങ്കിൽ എനിക്ക് ചോറു മാത്രം മതി." അവൾ സന്തോഷത്തോടെ പറഞ്ഞു. അമ്മ അരുണിനും കൂട്ടുകാർക്കും ഭക്ഷണം വിളമ്പി കൊടുത്ത് അടുക്കളയിലേക്ക് ഗീതുവിന്‌ ചോറ് കൊടുക്കാൻ പോയി. പെട്ടന്ന് മാങ്ങ അച്ചാറിൻെറ ഓർമ വന്ന് അരുണിനെ വിളിച്ചു. "കണ്ണാ ഒന്നിങ്ങ് വരുമോ..?" കണ്ണാ എന്നർത്ഥത്തിൽ അവർ അവനെ നോക്കി. "ഈശ്വരാ വിളിച്ചപ്പോൾ അത് മാത്രം പറയാൻ വിട്ടുപോയി. കണ്ണാ എന്ന് വിളിക്കരുത് എന്ന്." 'എന്താ അമ്മേ' ചോദിച്ച് അടുക്കളയിൽ പോയി. "മാങ്ങ അച്ചാർ വേണോ?" "എന്റമ്മേ നല്ല ബീറ്റ്‌റൂട്ട് അച്ചറുണ്ട് അത് മതി." അവൻ തിരിച്ചു വന്നു. ചങ്ങാതിമാർ കാര്യം ചോദിച്ചപ്പോൾ അവൻ പറഞ്ഞു. മാങ്ങ അച്ചാർ വേണമെന്ന് പറഞ്ഞ് നിരഞ്ജൻ അടുക്കളയിലേക്ക് പോയി. അമ്മ ഗീതുവിനു ചോറ് കൊടുക്കുന്നത് കണ്ട് അവൻ ചോദിച്ചു. "ഇത് എന്നാ സ്പെഷ്യൽ..?" "മാമ്പഴ പുളിശ്ശേരി,ഇവൾക്ക് ഇഷ്‌ട്ടാ... അതുകൊണ്ട് ചോറ് കൊടുക്കലാ ഞാൻ." "എനിക്കും ഇഷ്ട്ടാ താ....." എന്ന് പറഞ്ഞ് അവനും വായ തുറന്നു. അമ്മ ഒരു ഉരുള കൊടുത്തു. അപ്പോഴേക്കും റയാനും അരുണും വന്നു. പാത്രങ്ങളെല്ലാം തുറന്നു നോക്കി. "ഇൗ ചോറും കറിയും ഉണ്ടായിട്ടാണോ ബിരിയാണി തന്നത് അമ്മേ..." "അത്..." ഒന്നും പറയാനാവാതെ അരുണിനെ നോക്കി. നിരഞ്ജന് കാര്യം മനസിലായി. "ഒാ..... ഇതിന് ആയിരുന്നോ നീ ടീച്ചറോട് സംശയം ചോദിക്കാൻ പോയത് അല്ലേ." അരുൺ ഒന്നും മിണ്ടിയില്ല. "അമ്മേ കഴിഞ്ഞ ദിവസം നമ്മുടെ ക്ലാസിലെ ദീപു ഇവിടുന്നല്ലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചത്. അവൻ അമ്മയുടെ കൈപ്പുണ്യം വന്ന് പറഞ്ഞു. അന്നേ വിചാരിച്ചതാ ഒരു ദിവസം വരണമെന്ന്. " നിരഞ്ജൻ പറഞ്ഞു. "അതെപ്പൊഴാ" അരുൺ അമ്മയോട് ചോദിച്ചു. "കഴിഞ്ഞ ദിവസം അവന്റെ അമ്മ ഹോസ്പിറ്റലിൽ പോയിട്ട് വരാൻ വൈകി. എന്നെ വിളിച്ചിരുന്നു." അമ്മ പറഞ്ഞു. അപ്പോഴേക്കും അച്ഛൻ വന്നു. നിരഞ്ജനും റയാനും ഇല മുറിച്ചു വന്നു. എല്ലാവരും കൂടി അമ്മയുടെ സദ്യ കഴിച്ചു. അരുൺ ബിരിയാണിയും. എല്ലാവരും പറമ്പത്തെക്കിറങ്ങി. നിരഞ്ജനും റയാനും അത്ഭുതത്തോടെയാണ് ചുറ്റും നോക്കി കണ്ടത്. മാമ്പഴം, പേരയ്ക്ക, ചാമ്പയ്ക്ക അങ്ങനെ എല്ലാം അവർ രുചിച്ചു നടന്നു. പശു, ആട്, കോഴി,പച്ചക്കറികൾ അങ്ങനെ എത്രയൊക്കെ കാഴ്ചകൾ. സമയം പോയതറിഞ്ഞില്ല. "നീ ഭാഗ്യവാൻ ആണേടാ... നിന്റെ ആരോഗ്യത്തിന്റെ രഹസ്യം ഇപ്പൊഴല്ലേ മനസ്സിലായത്. ഞങ്ങൾക്കാണെൽ ഹോസ്പിറ്റലിൽ പോവാനേ സമയമുള്ളൂ... അധികവും ലീവും." "നിനക്കു വേണ്ടി ഇത്രയും വലിയ ഒരു തണലൊരുക്കിയ അച്ഛനും...അമ്മയും... നിന്റെ ഭാഗ്യമാടാ..." അവർ തിരിച്ചു പോവാൻ റെഡിയായി. അവർക്ക് ഇഷ്ട്പ്പെട്ട സാധനങ്ങളെല്ലാം വീട്ടിലേക്ക് കൊടുത്തുവിട്ടിരുന്നു അരുണിന്റെ വീട്ടുകാർ. പിന്നീട് ഒരിക്കൽ വരാം എന്ന് പറഞ്ഞ് യാത്രയായി. അവരെ തിരിച്ച് ബസ്സ് കയറ്റാൻ അരുണും അച്ഛനും കൂടെപ്പൊയി. വയൽ വരമ്പിലൂടെ നടക്കുമ്പോൾ നിരഞ്ജന്റെ മനസ്സുനിറയെ അവന്റെ മുത്തശ്ശൻ അവരുടെ നാടിനെ കുറിച്ചും വീടിനെ കുറിച്ചും പറഞ്ഞു കൊടുത്ത കഥകളായിരുന്നു. വലുതായാൽ മുത്തശ്ശനേയും കൂട്ടി അവിടേക്ക് തിരിച്ച് പോകും എന്ന് അവൻ മനസ്സിലുറപ്പിച്ചു. തിരിച്ചു വരുമ്പോൾ അവന്റെ മനസ്സ് നിറയെ കുറ്റബോധമായിരുന്നു. ഇനിയെന്നും അച്ഛന്റെ കൂടെ തന്നെ ഉണ്ടാവും എന്ന അർത്ഥത്തിൽ അവൻ അച്ഛന്റെ കൈ പിടിച്ചു. അതു മനസിലായി എന്ന അർത്ഥത്തിൽ അച്ഛൻ 'കണ്ണാ' എന്നു വിളിച്ച് അവന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു, "നമുക്കുള്ളതിന്റെ മൂല്യം മനസ്സിലാവാതെ മറ്റ് പലതിനും വേണ്ടി നമ്മുടെ മനസ്സ് ആഗ്രഹിക്കും. അത് തിരിച്ചറിഞ്ഞാൽ അതാണ് ഏറ്റവും വലിയ നന്മ."

*************
ശ്രീനന്ദ സി
8 B ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ