ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ പരിസ്ഥിതി രോഗപ്രതിരോധം ശുചിത്വം
പരിസ്ഥിതി രോഗപ്രതിരോധം ശുചിത്വം
കണ്ടുപിടിത്തങ്ങളിലേറെയും മനുഷ്യന്റെ ജീവിത സൗകര്യത്തെ പുഷ്ടിപ്പെടുത്താനും മെച്ചപ്പെടുത്താനുമുള്ളതാണ്. അൻപത് പൈസക്ക് ലഭിക്കുന്ന പ്ലാസ്റ്റിക്ക് ബാഗ് മുതൽ കോടിക്കണക്കിന് രൂപ വിലവരുന്ന യാത്രാ യാനങ്ങൾ വരെയെന്തും നമുക്ക് സുലഭമായി ലഭിക്കുന്നു. ആർഭാട പരമായ ജീവിതത്തിൽ കോടിക്കണക്കിന് മനുഷ്യർ വലിച്ചെറിയുന്ന ദുരുപയോഗ സാധനങ്ങൾ ടൺ കണക്കിനാണ്. അമ്പതു വർഷത്തിനപ്പുറം മനുഷ്യൻ ഉപയോഗിച്ച് വലിച്ചെറിഞ്ഞിരുന്ന വസ്തുക്കൾ ഏതെങ്കിലും തരത്തിൽ ദൂഷ്യമില്ലാതെ ആയിത്തീരുമായിരുന്നു. ചിലത് പുനരുപയോഗിക്കുകയും ചിലത് നശിച്ച് മണ്ണിൽ പോകുകയും ചെയ്തിരുന്നു. ദൈവത്തിന്റെ സ്വന്തം നാടിനെ മാലിന്യങ്ങളുടെ സ്വന്തം നാട് എന്ന് പറയേണ്ട ദുരവസ്ഥയാണ്. അത് കണക്കിലെടുത്താണ് പ്ലാസ്റ്റിക്ക് ഉപയോഗം ഗവൺമെന്റ് നിയന്ത്രിച്ചത്. വീടുകൾ, ഫ്ലാറ്റുകൾ, അപ്പാർട്ട്മെന്റുകൾ, കടകൾ, വാണിജ്യ സ്ഥാപനങ്ങൾ മുതലായവ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ഓരോ യൂണിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ, ബൾബുകൾ, പ്ലാസ്റ്റിക്ക് ബാഗുകൾ, ബാറ്ററികൾ, പെയിന്റു പാട്ടകൾ എന്നു വേണ്ട ചെരുപ്പുകൾ വരെ അതിന്റെ പട്ടികയിൽ നീളുന്നു. പുഴകൾ ദ്രവമാലിന്യങ്ങൾക്കൊണ്ട് നിറയുമ്പോൾ അന്തരീക്ഷം വാതകമാലിന്യങ്ങൾക്കൊണ്ട് നിറയുന്നു. നഗരത്തിൽ അന്തരീക്ഷം വാതകങ്ങളുടെ മിശ്രണം കൊണ്ട് ശ്വസിക്കാനാവാത്തവിധം മലിനമായിക്കൊണ്ടിരിക്കുന്നു. പ്രകൃതി സുന്ദരമായ കേരളം ഖര ദ്രാവക വാതക മാലിന്യങ്ങൾക്കൊണ് നാശത്തിലേക്ക് നീങ്ങുകയാണ്. ഇതുപോലെ ഇന്ന് നാം അനുഭവിക്കുന്ന പകർച്ചവ്യാധിക്കും കാരണക്കാർ നമ്മൾ മാത്രമാണ്. ആർഭാട ജീവിതത്തിനായി പലതും ചെയ്യുമ്പോൾ ഇത്തരത്തിലുള്ള പകർച്ചവ്യാധികൾ തടയാൻ നാം ഒന്നും ചെയ്യുന്നില്ല. വ്യക്തിശുചിത്വവും പരിസരശുചിത്വവും നാം കാത്തുസൂക്ഷിക്കേണ്ടതാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും നാം നന്നായി ചെയ്യുന്നുണ്ടെങ്കിൽ അവിടെ ഒരു രോഗവും ഉണ്ടാവുകയില്ല. ഓരോ മനുഷ്യന്റെ ജീവിതത്തിലും എപ്പോഴും എവിടെയും നിലനിൽക്കേണ്ടതാണ് വ്യക്തിശുചിത്വവും പരിസര ശുചിത്വവും. ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗം ആക്കി നാം മാറ്റണം. ഇന്ന് ഈ കൊറോണക്കാലത്ത് നാം വീട്ടിലിരിക്കുന്നെങ്കിൽ അതിന് കാരണവും നാം തന്നെയാണ്. വീടും പരിസരവും എല്ലാം വൃത്തിയായി സൂക്ഷിക്കുന്നതിനോടൊപ്പം വ്യക്തിശുചിത്വവും നന്നായി പാലിച്ചാൽ നമുക്ക് ഏത് പകർച്ചവ്യാധിയേയും തടുത്ത് നിർത്താം. വൃത്തിയില്ലാത്ത ജീവിതാന്തരീക്ഷത്തിൽ ജീവിക്കുന്നവർക്കാണ് പെട്ടെന്ന് രോഗം പകരുന്നത് എന്ന് നാം മനസ്സിലാക്കണം. ഇത്തരം പകർച്ചവ്യാധികളിൽ നിന്ന് ഒഴിവാകാൻ പണമല്ല വ്യക്തിശുചിത്വവും പരിസരശുചിത്വവുമാണ് ആവശ്യം. പകർച്ചവ്യാധികളിൽ നിന്നും മറ്റു രോഗങ്ങളിൽ നിന്നും രക്ഷനേടാൻ ശുചിത്വം എന്ന മരുന്നാണ് നാം ആദ്യം സ്വീകരിക്കേണ്ടത്. ശുചിത്വത്തിലൂടെ നമുക്ക് കൊറോണയെ പോലുള്ള പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാം. ശുചിത്വമുള്ള ഒരു കേരളം പടുത്തുയർത്താം. അതിന് നമുക്ക് ഒന്നിച്ച് കൈകോർക്കാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |