ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/നരകമാകുന്ന നഗരജീവിതം
അയാൾ എഴുതി തുടങ്ങി: ഇതൊരു ഹിന്ദുവിന്റെ കഥയല്ല, ക്രിസ്ത്യന്റെയോ മുസൽമാന്റെയോ അല്ല. മാനവരാശിയുടെ തന്നെ അടിസ്ഥാനമായ പ്രകൃതി മാതാവിന്റെ രോദനമാണ്..... നഗരത്തിലെ ചൂടുകാറ്റ് അയാളുടെ മുടിയിഴകളെ തഴുകി. ഉറക്കം കണ്ണുകളിൽ കൂട് കെട്ടുമ്പോഴുംമനസ്സു നിറയെ പിറന്നനാടും അവിടുത്തെ ഓർമ്മകളും ആയിരുന്നു. ഇന്നുവരെ തന്റെ സ്വന്തം ഇഷ്ടങ്ങൾക്ക് അയാൾ വില കൊടുത്തിട്ടില്ല. അച്ഛന്റെ തീരുമാനങ്ങളായിരുന്നു എല്ലാം.. ഒരു ജേണലിസ്റ്റ് ആവുന്നതും ഈ നഗരത്തിൽ എത്തുന്നതും എല്ലാം അങ്ങനെ തന്നെയാണ്. ഒന്നും എതിർക്കാതിരുന്നത് അവരുടെ സന്തോഷത്തെ ഓർത്തിട്ടാണ്. തുറന്നിട്ട ജനാലയിലൂടെ കാറ്റ് പടർന്നിട്ടും മുറിയുടെ ഒരു മൂലയിൽ ഇരിക്കുന്ന മയിൽപ്പീലികൾ വീർപ്പുമുട്ടുന്നു ണ്ടായിരുന്നു. രാവിലെ ഓഫീസിൽ എത്തിയപ്പോൾ തൊട്ടടുത്ത ക്യാബയിലെ അർജുൻ ആണ് പറഞ്ഞത് മാനേജർ വിളിക്കുന്നുണ്ടെന്ന്. കാരണം അറിയാമായിരുന്നതുകൊണ്ട് തന്നെ അയാൾ പോകാൻ മടിച്ചു. ഉറക്കച്ചായയിൽ മുങ്ങിയതുപോലുള്ള അയാളുടെ നടത്തത്തെ അർജുൻ ആശ്ചര്യത്തോടെ നോക്കി നിന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ ഒരു എഡിറ്റോറിയൽ എഴുതാനാണ് അദ്ദേഹം വിളിപ്പിച്ചത്. ഇതിപ്പോ മൂന്നാംതവണയാണ് ഇങ്ങനെ ഒരു ദൗത്യം തന്നെ ഏൽപ്പിക്കുന്നത്. ഇത്തവണ വിഷയം പരിസ്ഥിതി പ്രശ്നങ്ങളാണ്. ഫ്ലാറ്റ് ജീവിതത്തിലെ സുഖലോലുപതയിൽ കഴിയുന്ന താൻ അതിനെ എന്ത് ദിവസത്തെക്കുറിച്ച് എഴുതാനാണ്!! അല്ലെങ്കിലേ എഴുത്ത് തന്റെ മാർഗ്ഗമല്ല. ചിന്തകളുടെ മൂടുപടം തീർത്ത മനസ്സുമായി അയാൾ ആ ദിവസം കഴിച്ചുകൂട്ടി. രാത്രിയുടെ ഏകാന്തതയെ കീറിമുറിച്ചു കൊണ്ട് വന്ന തിരക്കിട്ട് ഓടുന്ന വാഹനങ്ങളുടെ ഇരമ്പൽ അയാളെ അസ്വസ്ഥനാക്കി. കുറേ നേരമായി കയ്യിലിരുന്ന് പേനയും കടലാസും മുഷിയുന്നു. അല്പം ശ്വാസം പോലും കിട്ടാതെ മയിൽപീലിതണ്ടുകൾ വീർപ്പുമുട്ടുന്നു. എന്തെഴുതണമെന്നോ എങ്ങനെയെഴുതണമെ ന്നോ അറിയില്ല.. ഇത്തവണ കൂടി എഴുതിയില്ലെങ്കിൽ ഇനി ഈ ജോലി ഉണ്ടാവുമോ എന്ന് തന്നെ അറിയില്ല. സ്വയം ആശ്വസിപ്പിക്കാൻ എന്ന വിധത്തിൽ ഒരു നിമിഷം അയാൾ മിഴികൾ അടച്ചു. പിന്നെ ജനാലകൾ തുറന്ന്, തിരിഞ്ഞുനോക്കാൻ പോലുമാകാതെ മുന്നോട്ടുകുതിക്കുന്ന നഗരത്തെ നോക്കി നിന്നു. പിന്നെ മുറിയിലേക്ക് അതിക്രമിച്ചുകയറിയ പൊടികാറ്റിലുലയുന്ന മയിൽപ്പീലികളെ നോക്കി. അവയുടെ ഇമകൾ എന്തോ പറയാൻ വെമ്പുന്നതായി അയാൾക്ക് തോന്നി. ഉറക്കത്തിന്റെ മായാലോകത്തേക്ക് തെന്നിവീണു കൊണ്ടിരിക്കുന്ന പേനയും കടലാസും എടുത്തു ഒന്ന് കുടഞ്ഞ് അയാൾ എഴുതി തുടങ്ങി: ഇതൊരു ഹിന്ദുവിന്റെ കഥയല്ല, ക്രിസ്ത്യാനിയുടെ യോ മുസൽമാന്റെയോ അല്ല. മാനവരാശിയുടെ തന്നെ അടിസ്ഥാനമായ പ്രകൃതിമാതാവിന്റെ രോദനമാണ്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |