എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി

പരിസ്ഥിതിയെന്നാൽ പ്രകൃതി എന്നർത്ഥം. പ്രകൃതി നമ്മുടെ അമ്മക്ക് തുല്യമാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്.

                 എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതികസുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം.
                 ഭൂമിയെ സംരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരുകയും ചെയ്യുന്നു.
                   മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോളും പരിസ്ഥിതിയെ

ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.

                   മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായേക്കാം. ഭൂമിയിലെ ചൂടിന്റെ വർദ്ധന കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന, ശുദ്ധജലക്ഷാമം, ജൈവവൈവിധ്യശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. പരിസ്ഥിതി എത്രമാത്രം മലിനമാക്കുന്നുവോ അത്രമാത്രം ആഗോളതാപനവും വർദ്ധിക്കുന്നു. ആഗോളതാപനം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം മുതലായവ കാരണം പരിസ്ഥിതി തകർന്നുകൊണ്ടിരിക്കുകയാണ്. നാം ജീവിക്കുന്ന നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ഭൂമിയിലെ ജീവനെ നിലനിർത്തുന്നതും നമ്മുടെ മാത്രം ഉത്തരവാദിത്തം ആണ്.
                    മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. എന്തെന്നാൽ ഭൂമി മനുഷ്യന്റെ ഏക ഭവനമാണ്.
വൈഗ. എ. എം
V B എച്ച്.ഡി.പി.എസ്സ്.എച്ച്.എസ്സ്.എസ്സ്.എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം