ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/അക്ഷരവൃക്ഷം/ഒരു ഉച്ചനേരത്ത്

'

ഒരു ഉച്ചനേരത്ത്

'ഇതെത്ര നേരായി ഞാനീ കാത്തിരിക്കുന്നു സതീഷേട്ടനെന്താ വരാത്തെ'. സീത ബസ്റ്റോപ്പിലിരുന്ന് കൊണ്ട് പിറുപിറുത്തു. 'ഇനീം കാത്തിരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല. ഒരു നൂറു വട്ടം ഫോൺ ചെയ്തു കഴിഞ്ഞു’.

അവൾ മെല്ലെ എഴുന്നേറ്റു മുന്നോട്ട് നടന്നു. റോഡിനിരുവശവും നോക്കി. തീപോലുള്ള വെയിലേറ്റു അവൾ ആകെ വിയർത്തു കുളിച്ചിരുന്നു. ഷാളിന്റെ തുമ്പ് കൊണ്ട് വീശി അവൾ റോഡിലേക്ക് നോക്കി. വെയിൽ കൊണ്ട് പുറത്തേക്ക് നോക്കാൻ കൂടി പറ്റുന്നില്ല .

റോഡിൽ ഒരു മനുഷ്യ ജീവിയും ഇല്ല. അല്ല ,ഒരു ചെമ്പൻ തലമുടിക്കാരൻ പയ്യൻ ഉണ്ട്, സീതയുടെ കുറച്ചു ദൂരത്തായി ഫോൺ നോക്കികൊണ്ട് നിൽക്കുന്നു. സീത നോക്കിയത് കൊണ്ടാവാം ആ പയ്യനും സീതയെ നോക്കി. ആ നോട്ടത്തിന് ഒരു ദഹിപ്പിക്കുന്ന സ്വഭാവമുണ്ടോ ? ഏതായാലും സീത ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ തിരിച്ചു നടന്ന് അവിടെ ഇരുന്നു. പയ്യൻ അത്ര ശരിയല്ലല്ലോ. നീളം കുറഞ്ഞു മെലിഞ്ഞ ഒരു പയ്യൻ. ഫോൺ താഴെ വയ്ക്കാറില്ല എന്ന് കണ്ടാലറിയാം. കൂടാതെ എണ്ണമയമില്ലാത്ത ചെമ്പൻ മുടിയും. കണ്ടാൽ ഒരു മലയാളി ലക്ഷണമില്ല .ആകെക്കൂടി സീതക്കത്ര പിടിച്ചില്ല.

പെട്ടെന്ന് ,ഇന്നലെ പത്രത്തിൽ കണ്ട വർത്തയിലേക്കു അവളുടെ ചിന്ത പോയി .ആ പത്രത്തിൽ കണ്ടയാൾക്കും ഇവനും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ? സീത ആലോചിച്ചു. ഈശ്വരാ, ആപത്തൊന്നും വരുത്തല്ലേ. എന്നെ കാത്തോളണേ .സീത അറിയാവുന്ന ദൈവത്തിനെല്ലാം നേര്ച്ച നേർന്നു. ഇപ്പൊ അവൻ ഫോണിൽ നോക്കി ചിരിക്കുകയാണ് .ആ ചിരിയിൽ പുതിയ ഇരയെ കിട്ടിയ സന്തോഷമാണോ. ഭഗവനേ ,അവൻ ഇടയ്ക്കിടെ ഇങ്ങോട്ടു നോക്കുന്നുമുണ്ട് .സീതയ്ക്ക് പരിഭ്രമവും സതീഷേട്ടനോടുള്ള ദേഷ്യവും കൊണ്ട് വല്ലാതായി. 'എന്റെ കയ്യിലാണെങ്കിൽ ജീനയുടെ അടുത്ത്‌ നിന്ന് വാങ്ങിയ പൈസയുമുണ്ട്..ശോ..’

അവൾ വീണ്ടും ഫോൺ എടുക്കാൻ തുനിഞ്ഞപ്പോഴാണ് ആ പയ്യൻ തന്റെ നേരെ വരുന്നത് അവൾ കാണുന്നത് . ഹൃദയം പെരുമ്പറ പോലെ മുഴങ്ങുന്നുണ്ടെങ്കിലും മുഖത്തു അതൊന്നും കാണാതിരിക്കാൻ അവൾ ശ്രദ്ധിച്ചു .ഈശ്വരാ അവൻ അടുത്തെത്തി .അനങ്ങാൻ പോലുമാകാതെ അവൾ നിന്നു .


"ചേച്ചീ, ഒന്ന് മാറുവോ ? ഞാനാ ബാഗൊന്നെടുത്തോട്ടെ?”

അവൻ ചോദിച്ചു. "ഏ.. എന്ത് "?

"എന്റെ ബാഗ് ചേച്ചീടെ പിറകിലാ "

സീത മാറികൊടുത്തു .ആദ്യം അവൾക്കൊന്നും മനസിലായില്ല. ആ പയ്യന്റെ മൃദുലമായ ശബ്ദവും വിനയവും കണ്ടിട്ട് അവൾക്ക് ചിരിക്കണോ കരയണോ എന്നറിയാതെയായി . ഇത്രയും നേരം ആ പാവം പയ്യനെ വെറുതെ തെറ്റിദ്ധരിച്ചല്ലോ എന്നോർത്തിരിക്കുമ്പോൾ അവൾ കണ്ടു , ബൈക്കിൽ സതീഷേട്ടൻ വരുന്നുണ്ട് ...

ഗായത്രി വി ആർ
9 A ജി എച്ച് എസ് എസ് കുഞ്ഞിമംഗലം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ