"കൊറോണ- ലോകം തകർക്കുന്ന മഹാമാരി "

കൊറോണ- ലോകം തകർക്കുന്ന മഹാമാരി

ഏഴ് ഭൂഖണ്ഡങ്ങളെയും നാശത്തിലാഴ്ത്തുന്ന മഹാമാരിയായ നോവൽ കൊറോണ വൈറസ് / കൊവിഡ് 19 മനുഷ്യ വംശത്തെ അതിന്റെ സമാപ്തിയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു. ചൈന, ജപ്പാൻ, ഇറ്റലി, യു എസ് തുടങ്ങി ലോകരാജ്യങ്ങളെയെല്ലാം സാമ്പത്തികപരമായും സാമൂഹികപരമായും ആരോഗ്യപരമായും തകർക്കാൻ കെൽപ്പുളള മഹാമാരിയാണിത് . ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളെ കൊന്നൊടുക്കാൻ ശേഷിയുള്ള ഈ വൈറസിന് മിനിറ്റുകൾ മാത്രം മതി പടർന്നു പിടിക്കാൻ. ലോകാരോഗ്യ സംഘടനയായ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കൊവിഡ് 19 ന്റെ ആഘാതത്തെ ഭയത്തോടെയാണ് ലോക ജനതക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് . ഒരു ആണവ സ്ഫോടനത്തിന്റെ അത്രത്തോളം ജീവനുകളെ നഷ്ടപ്പെടുത്താൻ ശേഷിയുള്ള മഹാമാരിയാണ് കൊവിഡ് 19. 2019 ഡിസംബർ 31 ന് ചൈനയിലെ വുഹാൻ മൽസ്യ ചന്തയിൽ ഈ രോഗം കണ്ടെത്തുന്നു. രോഗബാധിതനായി ആദ്യ മരണം റിപ്പോട്ട് ചെയ്യുന്നതും ചൈനയിൽ തന്നെയാണ് . പിന്നീട് വൈറസ് യൂറോപ്പിലേക്കും ഫിലിപ്പീൻസിലേക്കും പടർന്നു പിടിച്ചു. ഇങ്ങനെ ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണെന്ന് കണ്ടെത്തി. കൊവിഡ് 19 ലോകരാജ്യങ്ങളിലെ വാണിജ്യ-വ്യവസായ സംരംഭങ്ങളുടെ പ്രവർത്തനത്തെ തകർക്കുകയും സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു 130 കോടി ജനങ്ങൾ ഉൾപ്പെടുന്ന നമ്മുടെ ഭാരതത്തേയും ഈ മഹാമാരി ആക്രമിച്ചു. ഇന്ത്യയിൽ ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത് ജനുവരി 30 ന് കേരളത്തിലെ തൃശ്ശൂരിലാണ് . രാജ്യത്ത് പകുതിയോളം സംസ്ഥാനങ്ങൾ കൊവിഡ് 19 ന്റെ പിടിയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. 732 ജില്ലകളിൽ 354 ലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് .സമൂഹ വ്യാപനം തടയാനായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . ദിനംപ്രതി കൊവിഡ് ബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനെ തുടർന്ന് മരണനിരക്ക് വർദ്ധിച്ചു വരികയാണ് . ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് , ലോകരാജ്യങ്ങളിലെ മരണനിരക്ക് ഒരു ലക്ഷത്തിൽ കൂടുതലാണ് എന്നാണ് . രോഗികൾ 16 ലക്ഷം കടക്കുകയും ചെയ്തു. എന്നാൽ രാജ്യത്തെ മരണനിരക്ക് 200 ൽ അധികമാണ് . രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലന്ന് കേന്ദ്ര സർക്കാർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ സമൂഹ വ്യാപനം തടയാനായി രാജ്യത്ത് ലോക്ക് ഡൗണും അണുനശീകരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട് . കൊറോണ വൈറസ് മനുഷ്യനിൽ ശ്വാസകോശത്തെയാണ് ബാധിക്കുന്നത് . മനുഷ്യ ശരീരത്തിൽ ഈ വൈറസ് പ്രവർത്തിച്ച് ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ നശിപ്പിക്കുന്നു. ഈ വൈറസ് ശരീരത്തിൽ എത്തിയാൽ ചുമ, തൊണ്ടവേദന, പനി, ശ്വാസതടസ്സം, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നു. PCR (Polymerase Chain Reaction), NAAT (Nucleic Acid Amplification Test) തുടങ്ങിയ രോഗ നിർണ്ണയ ടെസ്റ്റുകൾ കൊറോണയെ സ്ഥിരീകരിക്കാൻ സഹായിക്കുന്നു. mRNA-1273 എന്ന വാക്സിൻആണ് പരീക്ഷണ ഘട്ടത്തിൽ ഈ വൈറസ് ബാധക്കെതിരെ ഉപയോഗിക്കുന്നത് . കൊറോണ വൈറസ് ഡിസീസ് എന്നതാണ് കൊവിഡ് 19 ന്റെ പൂർണ്ണരൂപം. സമ്പർക്കത്തിലൂടെയാണ് പ്രധാനമായും ഈ രോഗം പടർന്നു പിടിക്കുന്നത് . കൈകൾ സോപ്പ് / ഹാൻഡ് വാഷ് / എന്നിവ കൊണ്ട് വൃത്തിയായി 20 സെക്കന്റ് കഴുകുക. മാസ്ക് / തൂവാല കൊണ്ട് മൂക്കും വായും മറയ്ക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. ഈ ആശയങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ വൈറസ് വ്യാപന വിരുദ്ധ ക്യാംപെയ്ൻ ആണ് "ബ്രേക്ക് ദ ചെയിൻ". ഇതിലൂടെ "അകലം പാലിക്കൂ വൈറസ് വ്യാപനം തടയൂ" എന്ന മുദ്രാവാക്യമാണ് നൽകുന്നത് . കൊറോണ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് 'ദിശ' കേരളത്തിൽ ഈ രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് കാസർഗോഡ് ജില്ലയിലാണ് . വിവിധ ആരോഗ്യ സംഘടനകളും ആരോഗ്യ പ്രവർത്തകരും സൈനിക ആശുപത്രികളും റിസർച്ച് സെന്ററുകളും കൊവിഡ് 19 ന്റെ നശീകരണത്തിനുള്ള ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിൽ ആണ് . "ആൾക്കൂട്ടം ഒഴിവാക്കുക, അകലം പാലിക്കുക" തുടങ്ങിയ സമ്പൂർണ്ണ സമ്പർക്ക വിലക്കുകൾ ഈ വൈറസ് ബാധയുടെ വ്യാപനത്തെ തടയാൻ സഹായിക്കുന്നു. ഈ വൈറസിനെ പൂർണ്ണമായി തടയാൻ കഴിവുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്ലാസ്മ വേർതിരിച്ചിട്ടുള്ള ചികിൽസാ രീതിയും ഹൈഡ്രോക്സി ക്ലോറോ ക്വീൻ സൾഫേറ്റ് (HCQS) എന്ന അണുനശീകരണ രീതിയും വികസിപ്പിച്ചെടുത്തിട്ടുണ്ട് . കൊവിഡ് 19 ന്റെ പ്രാഥമിക പരിശോധന ഉൾപ്പടെ ശരീര ഊഷ്മാവ് അളക്കുന്ന ഇൻഫ്രാറെഡ് തെർമ്മോമീറ്റർ ഗൺ എന്നിവ ലഭ്യമാണ് . ലോകജനതയെ ദു:ഖത്തിൽ ആഴ്ത്തുകയും അനേകായിരം ജീവനുകൾ പൊലിഞ്ഞു പോകാൻ കാരണമാകുകയും ചെയ്ത ഈ മഹാമാരിയെ മനസ്സുകൊണ്ട് ഒരുമയോടെയും ജാഗ്രതയോടെ അകലം പാലിച്ചും ശുചിത്വ ശീലങ്ങളിലൂടെയും നമുക്ക് ചെറുക്കാൻ സാധിക്കും. സന്തോഷവും സമാധാനവും ആരോഗ്യ പൂർണ്ണവുമായ നല്ലൊരു നാളേക്കു വേണ്ടിയുള്ള അതിജീവനത്തിനായി നമുക്ക് പോരാടാം. "ജാഗ്രതയോടെ അകലം പാലിക്കൂ.. വിവേകത്തോടെ അതിജീവിക്കൂ.."

ഗൗരി എ ജി
8 എ ഗവൺമെൻറ് എച്ച് എസ് എസ് നെയ്യാർഡാം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം