ഞങ്ങൾക്കറിയില്ല നിന്റെ നാമം
ഞങ്ങളറിയുന്നതൊന്നുമാത്രം
ദാരുണമാം മൃതിക്കടിമയായ
ദില്ലിതൻ പെൺകിടാവെന്നസത്യം
ഇരുളിൻ മറവിൽ പിശാചിൻ കൂട്ടം
ഇരതേടിയെത്തും കറുത്തരാവിൽ
കരുണതൻ കണികയും കാട്ടിടാതെ
വൃകസമം നിന്നെ കടിച്ചുകീറി
ഇരുകാലി മൃഗങ്ങളാലർത്താനേരം
പ്രാണൻ പിടഞ്ഞ നിൻ ആർത്തനാദം
കാണാതെ കേൾക്കാതെ പോയതെന്തേ
കാരുണ്യ രൂപിയാം ഇശ്വരന്മാർ?
മരണത്തിൻ ദൂദൻ നിൻ പടിവാതിൽ എത്തി
ജീവനുവേണ്ടി നീ മല്ലിടിക്കെ,
പ്രാർത്ഥനാ നിരതരായമ്മമാർ നിന്നുടെ
പ്രാണരക്ഷക്കായ് നേർച്ചനേർന്നു
ഒടുവിൽ മൃതിക്കു നീ കീഴടങ്ങവേ
ഒടുങ്ങാത്ത വേദന വിങ്ങും ഹൃത്തിൽ
അടങ്ങാത്ത രോഷത്തിൻ കൊടിയേന്തി
ഞങ്ങളിന്നണയാത്ത ജ്യോതി കൊളുത്തിടുന്നു
ഭാരത നാടിന്നു പൊന്മകളാണ് നീ
ഓരോ മാതാവിനും കണ്മണി നീ
മറക്കുവാനാകില്ല നിൻ ദുരന്തം
മരിക്കും വരേയ്ക്കും മകളെ മാപ്പ്