സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1816 ആലപ്പുഴയിൽ CMS (Church Mission Society) ന്റെ ആദ്യ മിഷണറി കാലുകുത്തിയപ്പോൾ മുതൽ കേരളത്തിൽ ദീർഘമായ ഒരു മിഷണറി ചരിത്രത്തിന്റെ ആരംഭം കുറിച്ചു. 19- ആം നൂറ്റാണ്ടു മുതൽ കേരളത്തിൽ സമസ്ത മേഖലയിലും സംഭവിച്ചിട്ടുള്ള മുന്നേറ്റങ്ങളും വികസനങ്ങളും മിഷണറി പ്രവർത്തനങ്ങളുമായി ഇഴചേർന്ന് കിടക്കുന്നവയാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ആതുര ശുശ്രുഷാ രംഗങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മനുഷ്യനെ മനുഷ്യനാക്കുന്ന ശെരിയായ പ്രേഷിത ദൗത്യമാണ് മിഷണറിമാർ നിർവഹിച്ചത്. കേരളത്തിലെ ആദ്യത്തെ അടിമ സ്കൂളും പെൺ പള്ളിക്കൂടവും കോളേജും അച്ചടിശാലയുമെല്ലാം സ്ഥാപിക്കുക വഴി മിഷണറിമാർ അർഥപൂർണ്ണമായ ദൈവിക പ്രവർത്തനത്തിന്റെ പുതിയ സരണികൾ കണ്ടെത്തി.
1814 ൽ ഇന്ത്യയിൽ ആദ്യമെത്തിയ CMS മിഷണറിമാരിൽ ഒരാളായ റവ. ഷ്നാർ താരംഗംപാടിയിൽ താമസിച്ച് ഡാനിഷ് മിഷണറിയായ പരേതനായ ഡോ. ജോണിന്റെ സ്കൂൾ ഏറ്റെടുത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 1815 മെയ് 1 ന് ചർച്ച് മിഷണറി സോസൈറ്റിയുടെ ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ മദ്രാസിൽ അതിന്റെ ആസ്ഥാനത്ത് സ്ഥാപിച്ചു. സ്കൂളിൽ ജാതി-മത ഭേദ പരിഗണന ഇല്ലാതെ എല്ലാവരെയും പഠിപ്പിക്കുന്ന പാശ്ചാത്യ സമ്പ്രദായം നാട്ടുകാരിൽ അത്ഭുതം ഉളവാക്കി. 1818ൽ തരംഗംപാടിയിൽ CMS ന് 24 സ്കൂളുകളും മദ്രാസിൽ 13 സ്കൂളുകളും ഉണ്ടായി.
ഇതിൽ നിന്ന് പ്രചോദനം നേടിയാണ് കേണൽ ജോൺ മൺറോ തിരുവിതാംകൂറിലും കൊച്ചിയിലും സൗജന്യ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിച്ചത്. 1816 ൽ റവ. തോമസ് നോർട്ടൻ കേരളത്തിൽ CMS ന്റെ ആദ്യത്തെ പള്ളിക്കൂടം ആലപ്പുഴയിൽ ആരംഭിച്ചു. 1819 ആഗസ്റ്റ് 14 ന് ആലപ്പുഴ വലിയ ചന്തയ്ക്കടുത്ത് റവ. നോർട്ടൻ രണ്ടാമത്തെ പള്ളിക്കൂടം ആരംഭിച്ചു. 1827 ൽ ആലപ്പുഴ മിഷനിൽ 7 സ്കൂളുകൾ ഉണ്ടായിരുന്നു. കത്തോലിക്കാ, മുസ്ലിം ശൂദ്രർ, ചോഗർ, വെള്ളുവർ തുടങ്ങി എല്ലാ ജാതിക്കാരും പഠിക്കാൻ എത്തിയിരുന്നു.
1819 ൽ ഹെൻട്രി ബേക്കർ കോട്ടയത്ത് എത്തുന്നതിന് മുൻപ് തന്നെ കോട്ടയം കേന്ദ്രമാക്കി 10 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റവ ബെയ്‌ലി, റവ. ഫെൻ, റവ. നോർട്ടൻ എന്നീ മിഷണറിമാർ ചേർന്ന് ആരംഭിച്ചു. തുടർന്ന് ഹെൻട്രി ബേക്കറുടെ നേതൃത്വത്തിൽ സ്കൂളുകളുടെ എണ്ണം 1822 ൽ 50 ആയി ഉയർന്നു.
തിരുവിതാംകൂർ മഹാരാജാവ് ആയില്യം തിരുനാൾ വിദ്യാഭ്യാസരംഗത്ത് മിഷണറിമാർ ചെയ്‌ത പ്രവർത്തനങ്ങളുടെ അംഗീകാരം എന്നവണ്ണം വിദ്യാഭ്യാസത്തിന് കൂടുതൽ പ്രചാരം നൽകാൻ തീരുമാനിച്ച പ്രകാരം 1870 ൽ സർക്കാർ സ്കൂളുകൾ ആരംഭിച്ചു.ആ സമയത്ത് ഉയർന്ന ജാതിയിൽപ്പെട്ട കുട്ടികളെ മാത്രമേ സർക്കാർ സ്കൂളിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂ . CMS ന് അപ്പോൾ 177 സ്കൂളുകൾ ഉണ്ടായിരുന്നു.
ഓതറ കരിങ്കുറ്റിക്കൽ പരേതനായ ശ്രീ.എബ്രഹാം, ക്രിസ്തീയ ദേവാലയത്തിനു വേണ്ടി ദാനം കൊടുത്ത സ്ഥലത്തു സി.എം.എസ്.മിഷനറിമാരുടെ ശ്രമഫലമായി 1894- ൽ ഓതറ സി.എം.എസ്.സ്‌കൂൾ സ്ഥാപിതമായി.പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യഭാഗത്തു വിദേശ മിഷനറിമാർ കേരളത്തിൽ എത്തിയ അവസരത്തിൽ ,മനുഷ്യനെ മനുഷ്യനായി അംഗീകരിക്കാത്ത ജാതി വ്യവസ്ഥയും തീണ്ടലും തൊടീലും ഒക്കെ നിലനിന്നിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
ഓതറയുടെ പ്രദേശത്ത് "അവർണ്ണർ" എന്ന പേരാൽ മുദ്ര കുത്തപ്പെട്ട വലിയൊരു ഭാഗം ആളുകൾ തിങ്ങിപ്പർക്കുന്ന ' മയിലാടുംപാറയിൽ ഒരു സി.എം.എസ്. വിദ്യാലയം ഓല കെട്ടിയ നിലയിൽ ആദ്യം നിർമ്മിച്ചു.1894- ൽ കരിങ്കുറ്റിക്കൽ എബ്രഹാം ദാനം ചെയ്ത പുരയിടത്തിലാണ് ഇന്നും സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
എ. എഫ്.പെയനർ സായിപ്പിന്റെയും നാട്ടുകാരനായ ശ്രീ.എബ്രഹാം ,റവ.റ്റി. കെ.നൈനാൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയം സ്ഥാപിച്ചു.
1910- ൽ രണ്ടാം ക്ലാസ്സ് വരെയും 1935 ൽ മൂന്നാം ക്ലാസ് വരെയും പിന്നീട് 4,5 എന്നീ ക്ലാസ്സുകളും ആരംഭിച്ചു. ലോവർ പ്രൈമറി നാലാം ക്ലാസ്സ് വരെ ആക്കിയപ്പോൾ അഞ്ചാം ക്ലാസ്സ് നിർത്തലാക്കി.1935- ൽ 100 അടി നീളത്തിൽ സ്‌കൂൾ കെട്ടിടം വിപുലമാക്കി.പരേതനായ ശ്രീ.പി.സി.ചാണ്ടി ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .പി.പി.ഉമ്മൻ ,എം.പി.ബെഞ്ചമിൻ ,പി.സി.ജോണ് തുടങ്ങിയവർ ആദ്യകാല അധ്യാപകരാണ്.
കിഴക്കൻ ഓതറ ,മമ്മൂട്,വടികുളം,മയിലാടുംപാറ തുടങ്ങിയ പ്രദേശത്തു നിന്നുള്ള ആയിരക്കണക്കിന് ആളുകൾ വിദ്യാഭ്യാസം സിദ്ധിച്ചു നല്ല നിലയിൽ ഉയർന്നു വരുന്നതിന് ഈ വിദ്യാലയം കാരണമായി.
കാലഘട്ടം പിന്നിട്ടപ്പോൾ പിന്നോക്കം പോയെങ്കിലും നൂറ്റിയിരുപത്തിയെട്ടാം വയസ്സിലെത്തി നിൽക്കുന്ന നമ്മുടെ വിദ്യാലയം ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്...
ഇന്ന് ,
പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ മയിലാടുംപാറയിൽ സ്ഥാപിക്കപ്പെട്ട ഓതറ സി.എം.സ്.എൽ.പി.സ്‌കൂൾ നൂറ്റിയിരുപത്തിയെട്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ അധ്യയനം നടക്കുന്നു.സി.എസ്.ഐ. മധ്യ കേരള മഹായിടവക ,സി.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ചുമതലയിലുള്ള ഈ വിദ്യാലയം പുല്ലാട് ഉപജില്ലാ വിദ്യാഭ്യസ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുന്നു .
എൽ.കെ.ജി- യു. കെ.ജി.ക്ലാസ്സുകളിൽ 14 കുട്ടികളും ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ 26 കുട്ടികളും ഇപ്പോൾ പഠനം നടത്തുന്നു.