പിണറായി ജി.വി ബേസിക് യു.പി.എസ്/എന്റെ ഗ്രാമം
ഭൂപ്രകൃതി
മൂന്നു ഭാഗവും ജലസമൃദ്ധമായ പുഴകളാൽ ചുറ്റപ്പെട്ട അതിമനോഹരമായ ഒരു ഭൂഭാഗമാണ് കണ്ണൂർ. കണ്ണൂർ ജില്ലയിലെതലശ്ശേരി താലൂക്കിൽപെട്ട പിണറായി ഗ്രാമം. പുഴയോട് ചേർന്ന് ചതുപ്പുനിലങ്ങളും എക്കൽ മണ്ണുള്ള വയൽ പ്രദേശങ്ങളും സമതലങ്ങളും ചേർന്ന ഈ ഭാഗം ഫലഭൂയിഷ്ഠവും സസ്യ ശ്യാംമളവും ആണ്. വടക്കുപടിഞ്ഞാറ് തെക്ക് ഭാഗങ്ങളിലൂടെ അഞ്ചരക്കണ്ടി പുഴ യും മേലൂർ അണ്ടലൂർ പുഴയും ഉമ്മൻചിറ പുഴയും മൂന്നു ഭാഗത്തുകൂടി ഗ്രാമത്തെ തഴുകിക്കൊണ്ട് ഒഴുകുന്നു. ഏകദേശം 16 കിലോമീറ്റർ പുഴയോരം ഉണ്ട്. നൂറ്റാണ്ടിന്റെ ആരംഭകാലത്ത് നിലവിലുണ്ടായിരുന്ന കാഞ്ഞിരോട് കുന്ന്, ലക്ഷംവീട് കുന്ന്, കണ്ടോത്ത് കുന്ന്, പാറപ്രം തെക്കു കുന്ന്, കോറോത്ത് കുന്ന്, കാറാടി കുന്ന്, പിലാക്കണ്ടി മടപ്പുര കുന്ന്, കിഴക്കുംഭാഗം മടപ്പുര കുന്ന്, എന്നീ കുന്നിൻ പ്രദേശങ്ങൾ മനുഷ്യന്റെ അമിതമായ പ്രകൃതി ചൂഷണത്തിന്റെ ഫലമായി മിക്കവാറും നിലവിൽ ഇല്ലാതായി. ഇവയെല്ലാം ആവാസകേന്ദ്രങ്ങൾ ആയ കുന്നിൻ ചെരിവുകൾ ആയി മാറി.
1950 കാലഘട്ടം വരെ വളരെ വിസ്തൃതമായ നെൽവയലുകൾ ഗ്രാമത്തിന്റെ സൗഭാഗ്യമായി പരിലസിച്ചിരുന്നു. നോക്കെത്താത്ത വിസ്തൃതിയിൽ പരന്നുകിടക്കുന്ന പിണറായി വയൽ ഗ്രാമത്തിന്റെ നെല്ലറ യായിരുന്നു. ഇതിനുപുറമേ ചേരിക്കൽ വയൽ, കിഴക്കുംഭാഗം വയൽ, മരുതന വയൽ, വളയിൽ വയൽ, എന്നിവയും വിസ്തൃതമായ നെൽപ്പാടങ്ങൾ ആയിരുന്നു. ഇവയിൽ പിണറായി വയൽ വിസ്തൃതി കൊണ്ട് ഒന്നാം സ്ഥാനത്തായിരുന്നു.
1960 കൾക്ക് മുമ്പുവരെ ഈ പാടത്തിന്റെ ഒരറ്റത്തു നിന്ന് നോക്കിയാൽ ഏറെ അകലെയുള്ള മറുകര വരെ വ്യക്തമായി കാണുമായിരുന്നു. ഈ പാടശേഖര
ത്തിന്റെ മധ്യത്തിൽ ഒരൊറ്റ തെങ്ങിൻതൈ പോലും ഇല്ലായിരുന്നു. ഈ വയൽ പ്രദേശം ഇന്ന് തെങ്ങിൻതോപ്പുകൾ നിറഞ്ഞ കിടപ്പാടങ്ങളാലും വ്യവസായ സ്ഥാപനങ്ങളായും വിഴുങ്ങപ്പെട്ടു കഴിഞ്ഞു. ഇതുതന്നെയാണ് മറ്റു വ യലുകളുടെയും സ്ഥിതി. മിക്കവാറും കൃഷിയിടങ്ങൾ തെങ്ങും കവുങ്ങും മറ്റു ഫല വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് പറമ്പുകൾ ആയി മാറിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ അവസാനപാദത്തിൽ ഗ്രാമത്തിലൂടെ വെട്ടിക്കീറിയ പഴശ്ശി ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കനാലുകൾ ഈ ഭൂഭാഗത്തെ പല തുണ്ടായി വിഭജിച്ചിട്ടുണ്ട്.
വയൽ പ്രദേശത്ത് കൂടി ഒഴുകുന്ന നിരവധി തോടുകൾക്ക് പുറമേ ചെറിയ ചെറിയ നിരവധി കുളങ്ങളും വർഷാവർഷം കൃത്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത കാലവർഷവും ഈ ഗ്രാമത്തെ എന്നും സസ്യശ്യാമളമാക്കി നിലനിർത്തി. എന്നാൽ നെൽവയലുകൾ നികത്തി പറമ്പുകൾ ആക്കിയതോടെ ധാരാളം കൊച്ചു ജലാശയങ്ങളും തോടുകളും അപ്രത്യക്ഷമായി. അവശേഷിച്ച അപൂർവം കുളങ്ങൾ പിൽക്കാലത്ത് ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കി തുടങ്ങിയപ്പോൾ പുതുക്കി പണിഞ്ഞു ഉപയോഗ്യമാക്കി തീർത്തു.
ഭൂപ്രകൃതിയിൽ മറ്റു ചില മാറ്റങ്ങളും ഇരുപതാം നൂറ്റാണ്ടിൽ സംഭവിച്ചതായി കാണാം. പല കുന്നിൻ പ്രദേശങ്ങളും പാറ കിളച്ചും മണ്ണെടുത്തും നീക്കിയതോടെ പ്രകൃതിദൃശ്യങ്ങൾ തന്നെ മാറിമറിഞ്ഞു. ഗ്രാമത്തിൽ പലഭാഗങ്ങളിലും ഉയർന്നു കിടന്നിരുന്ന ചെങ്കൽ പാറകൾ പൊട്ടിച്ച് കല്ലുകൊത്തി എടുത്തു നീക്കം ചെയ്തു. ലക്ഷക്കണക്കിന് ചെങ്കല്ലുകളാണ് കെട്ടിട നിർമാണത്തിനും മറ്റുമായി വിപണനത്തിനു വേണ്ടി വെട്ടിമാറ്റിയത്. കാടും പാറക്കൂട്ടങ്ങളും നിറഞ്ഞു നിന്നിടത്ത് വീടുകൾ വന്നു. കുന്നിൻപ്രദേശം ഫലവൃക്ഷങ്ങൾ നിറഞ്ഞ പറമ്പുകൾ ആയി മാറി. 1970കളിൽ പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായി ഗ്രാമത്തിലൂടെ തലങ്ങുംവിലങ്ങും തോടുകൾ കീറി തുടങ്ങിയപ്പോൾ ഗ്രാമത്തിന്റെ മുഖച്ഛായതന്നെ തീർത്തും മാറിപ്പോയി. 50 വർഷം മുൻപേ ഈ പ്രദേശത്തുനിന്ന് നാടുവിട്ടു പോയ ഒരാൾ തിരിച്ചുവന്നപ്പോൾ സ്വന്തം കിടപ്പാടം പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്.
വിദ്യാഭ്യാസം
നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിദ്യാസമ്പന്നർ വളരെ കുറവായിരുന്നു. സാമാന്യവിദ്യാഭ്യാസം ലഭിച്ചവർ തന്നെ വിരലിൽ എണ്ണാവുന്നവർ മാത്രം. സാമാന്യവിദ്യാഭ്യാസം എന്നു പറയുന്നത് സ്കൂളിൽ അഞ്ചാം തരം വരെയുള്ള വിദ്യാഭ്യാസമാണ്. അഞ്ചാം തരം വരെ പഠിക്കാൻ കഴിഞ്ഞ ഭാഗ്യവാൻമാർക്ക് സ്കൂളിൽ കുട്ടികളെ പഠിപ്പിക്കാനുള്ള യോഗ്യത ആകുമായിരുന്നു. സവർണ സമുദായത്തിൽപ്പെട്ട ആൺകുട്ടികൾക്കും കുറേ അധികം പെൺകുട്ടികൾക്കും ഈ സാമാന്യ വിദ്യാഭ്യാസം ലഭിച്ചിരുന്നു. എന്നാൽ പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പ്രാഥമികവിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. കേരളപ്പിറവിക്ക് മുൻപ് ഗ്രാമത്തിൽ ഒരേയൊരു ഹയർ എലിമെന്ററി സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിണറായി ഓലയമ്പലത്തുള്ള ആർ.സി അമല ഹയർ എലിമെന്ററി സ്കൂൾ . റോമൻ കത്തോലിക്ക സമുദായക്കാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ഇതിനു പുറമേ പാറപ്രം, കോളാട്, ചേരിക്കൽ , കിഴക്കുംഭാഗം, പിണറായി തെരു, പടന്നക്കര, വെണ്ടുട്ടായി എന്നിവിടങ്ങളിൽ അഞ്ചാം തരം വരെയുള്ള ലോവർ എലിമെന്ററി സ്കൂളുകളും പ്രവർത്തിച്ചിരുന്നു.
ഗ്രാമത്തിലെ ഏറ്റവും പൗരാണികമായ സ്കൂൾ തേർളയിൽ കുളത്തും കര ഗ്രാമ സ്കൂളായിരുന്നു പിൽക്കാലത്ത് ഈ സ്കൂൾ തേർളയിൽ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. ഇവിടെ ബോയ്സ് സ്കൂളും ഗേൾസ് സ്കൂളും വെവ്വേരെ ഉണ്ടായിരുന്നു. പിണറായി കിഴക്കുംഭാഗത്തെ ഏറഞ്ചേരി കിട്ടൻ ഗുരുക്കളും കോരു ഗുരുക്കളുമണ് ഈ ബോയ്സ് സ്കൂൾ സ്ഥാപിച്ചത്. പിന്നീട് ഫാദർ ഫർണാണ്ടസ് സ്ഥാപിച്ച 6, 7, 8 ക്ലാസുകളുള്ള ആർ സി . അമല ഹയർ എലിമെന്ററി സ്കൂളിനോട് ഈ ബോയ്സ് സ്കൂൾ കൂട്ടിച്ചേർക്കുകയായിരുന്നു. അങ്ങനെയാണ് ആർ.സി സ്കൂൾ 1 മുതൽ 8 വരെ ക്ലാസുകളുള്ള പൂർണ ഹയർ എലിമെന്ററി സ്കൂളായി മാറിയത് കുളത്തും കര ബോയ്സ് സ്കൂൾ ആർ.സി.സ്കൂളിനോട് ചേർക്കപ്പെട്ട ശേഷം അതേ സ്ഥലത്ത് കുളത്തും കര ഗേൾസ് സ്കൂൾ സ്ഥാപിക്കപ്പെട്ടു.
കേരളപ്പിറവിക്ക് ശേഷം ആദ്യത്തെ കേരള ഗവൺമെന്റ് നിലവിൽ വന്നതോടെ ഈ എലിമെന്ററി വിദ്യാലയങ്ങളെല്ലാം പ്രൈമറി വിദ്യാലയങ്ങളായി തീർന്നു. ഗാന്ധിജിയുടെ അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി നടപ്പിലായപ്പോൾ ഈ പ്രൈമറി വിദ്യാലയങ്ങൾ ജൂനിയർ ബേസിക് സ്കൂളെന്നും സീനിയർ ബേസിക് സ്കൂളെന്നും അറിയപ്പെട്ടു 1960 വരെ സീനിയർ ബേസിക് സ്കൂളിൽ എട്ടാം തരം വരെ ഉണ്ടായിരുന്നു. പിന്നീട് അപ്പർ പ്രൈമറയിൽ ഏഴാം തരം വരെയും ലോവർ പ്രൈമറിയിൽ നാലാം തരം വരെയും മതിയെന്ന് സർക്കാർ തീരുമാനിച്ചു. എന്നാൽ ചില പ്രൈവറ്റ് സ്കൂൾ മാനേജർമാർ അഞ്ചാം തരം ഒഴിവാക്കാതെ പിടിച്ചു നിൽക്കുകയും പിന്നീട് അത്തരം മാനേജ്മെന്റ് സ്കൂളിൽ അഞ്ചാം തരം നിലനിർത്താനുള്ള സർക്കാർ ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. കേരളപിറവിക്കു മുമ്പ് തന്നെ ഒരു കിലോമീറ്ററിൽ കൂടുതൽ നടക്കാതെ എത്തിപ്പെടാവുന്ന ദൂരത്തിൽ സ്കൂളുക ഉണ്ടായിരുന്നതിനാൽ മിക്കവാറും സ്കൂൾ പ്രായത്തിലുളള കുട്ടികൾക്കും പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭ്യമായി. ആദ്യത്തെ കേരള ഗവൺമെന്റ് നിലവിൽ വന്നതിനു ശേഷം 1959 ൽ ഗ്രാമത്തിലെ മൂന്ന് ലോവർ പ്രൈമറി സ്കൂളുകൾ ഒറ്റയടിക്ക് അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടിരുന്നു.
നാടകം
നൂറ്റാണ്ടിന്റെ ആദ്യ ശബ്ദ സ്ഥലങ്ങളിൽ തന്നെ നാടകം എന്ന കലാരൂപം ഗ്രാമങ്ങളിൽ പ്രചരിച്ചിരുന്നു ആധുനികരീതിയിലുള്ള സ്റ്റേജുകളും മറ്റു ഉപകരണങ്ങളോ അന്നില്ലായിരുന്നു. മരത്തോടു കൾ നാട്ടിൽ കെട്ടിയുയർത്തിയ താത്കാലിക സ്റ്റേജുകൾ ആയിരുന്നു തുണിയും ഉപയോഗിച്ചുള്ള നിർമാണരീതി പാടിഅഭിനയിച്ച കൊണ്ടുള്ള സംഗീതനാടകങ്ങൾ ആണ് അവതരിക്കപ്പെട്ടത്. കഥാപാത്രങ്ങൾ തന്നെ പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നതിനാൽ കാണാൻ കഴിവുള്ളവർ കൂടുതലായി രംഗത്തുവന്നു സ്ത്രീകൾ അഭിനയിച്ചിരുന്നില്ല നല്ല മുഖശ്രീ ഉള്ള പുരുഷന്മാർ സ്ത്രീവേഷം കെട്ടുകയായിരുന്നു പതിവ്.
വെള്ളരിനാടകം
നാടകകലയുടെ ഒരു പ്രാകൃതരൂപം ആയിരുന്നു ഇത് ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷിചെയ്തിരുന്ന പാഠങ്ങളിൽ മകരക്കൊയ്ത്തു കഴിഞ്ഞു കുംഭം മീനം മാസങ്ങളിൽ വെള്ളരി കൃഷി സാർവത്രികമായിരുന്നു.
വെള്ളരി കാഴ്ച തുടങ്ങുമ്പോൾ രാത്രികാലങ്ങളിൽ കുറുക്കന്മാരുടെ ശല്യം സർവ്വസാധാരണമായിരുന്നു . കുറുക്കന്മാരെ ഓടിക്കുവാൻ ചെറുപ്പക്കാരും കുട്ടികളും വെള്ളരി വെള്ളരി കൃഷി സ്ഥലത്ത് ചെറിയ പന്തൽ കെട്ടി കാവൽ കിടന്ന രാത്രി ഗാനം കഴിച്ചുകൂട്ടും രാത്രി സമയം പോകുന്നതിന് ചെറിയ ചെറിയ കലാപരിപാടികൾ നടത്തും ഉറക്കെ പാട്ടുപാടി ശബ്ദകോലാഹലം മുടക്കി കുറുക്കന്മാരെ ഓടിക്കും അത്തരമൊരു രസികൻ പരിപാടിയായിരുന്നു വെള്ളരിനാടകം. ഏതെങ്കിലും പുരാണ കഥാപാത്രത്തെ അടിസ്ഥാനമാക്കി വിവിധ വേഷങ്ങൾ കെട്ടി പാട്ടു പാടി അഭിനയിച്ചു രസിക്കുന്ന ഒരു ഏർപ്പാടാണിത്. പിൽക്കാലത്ത് നാടക സമിതികളും മറ്റും നാടകം അവതരിപ്പിക്കുമ്പോൾ അതിനു പോരായ്മകൾ ഏറെയുണ്ടെങ്കിലും കാണികൾക്ക് തീരെ രസിച്ചില്ല എങ്കിൽ അത്തരം നാടകങ്ങളെ വെള്ളരി നാടകങ്ങൾ എന്ന പരിഹസിക്കും ആയിരുന്നു.