മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാടോടി വിജ്ഞാനകോശം

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ പടിഞ്ഞാറ് മാറി കോഴിക്കോട് കോർപറേഷനുമായി അതിരു പങ്കിടുന്ന പ്രദേശമാണ് കാരന്തൂർ. അഭിഘാത (ഉഴിച്ചിൽ), കളരി മർമ ചികിത്സയ്ക്കും കൊപ്ര, വെളിച്ചെണ്ണ, പപ്പടം വ്യാപാരങ്ങൾക്കും പേരു കേട്ട സ്ഥലം. ബ്രിട്ടീഷുകാരുടെ കാലത്ത് പൊതുമരാമത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നത് ഇവിടെയായിരുന്നു. ഇവിടെയുള്ള പരപ്പമ്മൽ പ്രദേശത്ത് സായിപ്പന്മാരുടെ ബംഗ്ലാവും കുതിരപ്പന്തിയും ആയുധപ്പുരയും പ്രവർത്തിച്ചിരു ന്നതായി പഴമക്കാർ ഓർക്കുന്നു. ഇപ്പോൾ പി ഡബ്ല്യു ഡി ഓഫീസ പ്രവർത്തിക്കുന്നത് ഈ സ്ഥലത്താണ്. കൊപ്രയിൽ നിന്ന് വെളിച്ചെണ്ണ എടുക്കുന്ന 36 മരച്ചക്കുകൾ ഇവിടെയുണ്ടായിരുന്നു.

മരച്ചക്കിൽ ആട്ടിയ വെളിച്ചെണ്ണപ്പെരുമ കോഴിക്കോടും വിട്ട് ഇതര ജില്ലകളിൽ വരെ എത്തിയിരുന്നു. വയനാട്ടിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും വെളിച്ചെണ്ണയും നാളികേരവും പപ്പടവും ഇവിടെ നിന്നാണ് കയറ്റി അയച്ചിരുന്നത്. ടി സി സ്വാമി ഗുരുക്കളുടെയും വി പെരച്ചക്കുട്ടി ഗുരുക്കളുടെയും അഭിഘാത ചികിത്സയുടെ കേന്ദ്രവുമാണിത്. പ്രശസ്തരായ പല കലാ കായിക പ്രതിഭകളും വിദേശികളും ഇവിടെ ഉഴിച്ചിൽ ചികിത്സക്കെത്തിയിരുന്നു. പേരുകേട്ട കളരി സംഘങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നു. ഈ ചികിത്സാലയങ്ങൾ ഇന്നും ഇവിടെ സജീവമാണ്. പപ്പട നിർമ്മാണം പണ്ടുമുതൽ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും തിരൂരിൽ നിന്ന് എത്തിയ ഒരു വ്യക്തിയാണ് പപ്പട വ്യാപാരത്തിന് പ്രചാരം നൽകിയത്. നിരവധി പേർ ഈ വ്യവസായവുമായി ബന്ധപ്പെട്ട് ജീവിതം കരക്കടുപ്പിച്ചിട്ടുണ്ട്.

ഗതാഗതം, വ്യാപാരമുൾപ്പെടെയുള്ള വിവിധ മേഖലകളിൽ ജാതി മത വ്യത്യാസമില്ലാതെ സഹകരിച്ചാണ് ജനങ്ങൾ ജീവിച്ചുവരുന്നത്. ഹര ഹര മഹാദേവക്ഷേത്രം, മർകസുസഖാഫത്തി സ്സുന്നിയ്യ, പാറ്റേൺ സ്പോർട്സ് ക്ലബ്ബ് തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങൾ കാരന്തൂരിന്റെ മണ്ണിന്റെ പെരുമ ഉയർത്തുന്നു. പ്രദേശത്തു ജനിച്ചു വളർന്നവരിൽ ഉയർന്ന പദവിയിൽ എത്തിയ ഉദ്യോഗസ്ഥർ, പ്രവാസികൾ, വ്യവസായികൾ, മാധ്യമ പ്രവർത്തകർ, മത -രാഷ്ട്രീയ നേതാക്കൾ, കലാകാരന്മാർ തുടങ്ങിയവരും നിരവധിയാണ്.

സ്ഥലനാമ ചരിത്രം

കോഴിക്കോട് -വയനാട് ദേശീയ പാതയിൽ കാരന്തൂരിനും കുന്ദമംഗലത്തിനുമിടയിലുള്ള ഒരു ബസ് സ്റ്റോപ്പിന്റെ പേരായിരുന്നു തേക്കിൻ ചുവട്ടിൽ.റോഡരികിൽ ഒരു കൂറ്റൻ തേക്കുമരം വളർന്നു നിൽക്കുന്നത് കൊണ്ടാണ് ഈ പേര് വന്നത്. ഏകദേശം ഇരുമ്പത്തഞ്ച് മീറ്റർ ഉയരം, മൂന്നു മീറ്റർ ചുറ്റുവണ്ണം. പൊന്നിൻ നിറമുള്ള ടെസ്‌കോണ ഗ്രാൻഡിസ് വിഭാഗത്തിൽ എ ഗ്രേഡിൽ പെട്ടതാണീ തേക്ക്. നടുവച്ചാലിൽ പറമ്പിലാണിത് മുളച്ചു വളർന്നത്. എങ്കിലും റോഡ് വികസനം വന്നപ്പോൾ തേക്ക് പൊതുമരാമത്ത് വകുപ്പിന്റെതായി. പഴമക്കാർ വിളിച്ചിരുന്ന ആ പേര് മർകസ് സ്ഥാപനങ്ങൾ വന്നപ്പോൾ (1978 മുതൽ) മർകസ് സ്റ്റോപ്പായി മാറി. എന്നാലും പ്രകൃതി സ്നേഹികളും നാട്ടുകാരും തേക്കിനെ മറന്നിട്ടില്ല. അവർ തേക്ക് സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. തേക്ക് കാണാൻ മാത്രമായി സന്ദർശകരും എത്താറുണ്ട്.