സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ പരിസ്ഥിതിയുടെ സൗഖ്യം എത്രത്തോളം? എങ്ങനെ?

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയുടെ സൗഖ്യം എത്രത്തോളം? എങ്ങനെ?

കോവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ സ്തംഭിപ്പിച്ച് ഇരിക്കുന്ന അവസരത്തിൽ നമ്മുടെ പരിസ്ഥിതി എങ്ങനെ?, പരിസ്ഥിതിക്ക് സൗഖ്യമാണോ, അതോ മനുഷ്യൻറെ കാട്ടാള സ്വഭാവത്തിന് ഇടയിൽ അത് വെന്ത് നീറുകയാണോ, എന്നെല്ലാം പരിശോധിക്കേണ്ടിയിരിക്കുന്നു. കോവിഡിനെ തുരത്താൻ മറ്റുമാർഗ്ഗങ്ങൾ ഇല്ലാതെ ഇന്ത്യൻ പ്രധാനമന്ത്രി മോദിജി 21 ദിവസത്തെ പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന നിമിഷങ്ങൾ ആണ് ഇത്. ഭാരതം മാത്രമല്ല , അയൽ രാജ്യങ്ങൾ , വൻകിട രാജ്യങ്ങൾ, മറ്റു വികസ്വര രാജ്യങ്ങൾ എന്നിവയെല്ലാം അടച്ചുപൂട്ടൽ നടപടി തുടരുന്നു. എന്നാൽ മാനവരാശിക്ക് ഭീഷണിയായി തുടരുന്ന ഈ മഹാമാരി പരിസ്ഥിതിയെ സംബന്ധിച്ച് അനുകൂലമായി ഭവിക്കുകയാണ്.അതിനാൽ കവിഭാവനയിൽ എന്നപോലെ നമുക്ക് ഈ മഹാമാരിയെ പരിസ്ഥിതിയുടെ പ്രതികാരം ആയോ അല്ലെങ്കിൽ മനുഷ്യനിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു തന്ത്രം ആയോ കണക്കാക്കാവുന്നതാണ്. അനേകം രാഷ്ട്രങ്ങൾ വൈറസ് ഭീഷണിയുടെ പിടിയിൽ അകപ്പെടുമ്പോൾതന്നെ , അന്തരീക്ഷ മലിനീകരണവും ഗണ്യമായി കുറയുന്നു എന്നാണ് പഠനറിപ്പോർട്ടുകൾ നമുക്ക് നൽകുന്ന തെളിവ്. ഇത് ഒരുപക്ഷേ ഭാവിജീവിതത്തിൽ മനുഷ്യനും അതുപോലെതന്നെ മറ്റു ജീവജാലങ്ങൾക്കും അനുകൂലമായി ഭവിക്കാം. ( ഈ അവസ്ഥയിൽ മനുഷ്യൻറെ ഭാവി ജീവിതത്തെകുറിച്ച് ഒന്നും തന്നെ പറയാൻ കഴിയില്ല എന്നതാണ് സാരം).

മനുഷ്യരെയും പരിസ്ഥിതിയേയും ബന്ധിപ്പിച്ചുകൊണ്ട് ഗവേഷകർ പുറത്തു വിടുന്ന ചില കണക്കുകൾ പരിശോധിച്ചാൽ, ചിലപ്പോൾ അക്ഷരാർത്ഥത്തിൽ നാം പതറിയേക്കാം!!! കഴിഞ്ഞു പോയ നൂറ്റാണ്ടുകളിൽ നിന്നും, തികച്ചും വ്യത്യസ്തമായി മനുഷ്യരുടെ ആയുർദൈർഘ്യം കുറഞ്ഞുവരുന്നതായി നമുക്ക് കാണാം. മലിനീകരണം എന്ന മഹാമാരി ഉണ്ടായിരുന്നില്ലെങ്കിൽ ഓരോ ഇന്ത്യക്കാരനെയും ആയുർദൈർഘ്യം ശരാശരി 1.7 വർഷംകൂടി വർദ്ധിക്കുമായിരുന്നത്രേ!!! ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ മലിനീകരണ സർവ്വേ നൽകുന്ന വിവരമാണിത്. ഇവയെല്ലാം കളവു പറയാത്ത കണക്കുകൾ ആണ് എന്നതിൽ സംശയമില്ല. വായു മലിനീകരണം മൂലം 2017-ൽ 12.4 ലക്ഷം മരണങ്ങൾ രാജ്യത്ത് സംഭവിച്ചു എന്നാണ് പ്രശസ്തമായ ചില സർവ്വേ കണക്കുകൾ സൂചിപ്പിക്കുന്നത്.

കോവിഡ് പ്രതിസന്ധിഘട്ടത്തിൽ, വീടിനുള്ളിൽ കഴിയുന്നതിൽ നമുക്ക് രണ്ടു തരത്തിലുള്ള നേട്ടങ്ങൾ ലഭിക്കും.ഒന്നാമതായി; വൈറസിനെ സമൂഹ വ്യാപനം തടയുവാനും അതുവഴി സകല മനുഷ്യരുടെയും സുസ്ഥിതിയും ആരോഗ്യവും ഉറപ്പു വരുത്താനും കഴിയും. രണ്ടാമതായി; മലിനീകരണമില്ലാത്ത കുളിർമയും, സുഗന്ധവും, പച്ചപ്പും, കളിയാടുന്ന ഒരു പരിസ്ഥിതിയെ വാർത്തെടുക്കാം.അതിലൂടെ മാനവരാശിയുടെ ദീർഘകാല ആയുസ്സ് നമുക്ക് ഉറപ്പു വരുത്താൻ സാധിക്കും.

അടുത്തിടെയായി , നമ്മുടെ രാജ്യതലസ്ഥാനമായ ഡൽഹി നേരിടുന്ന വെല്ലുവിളികൾ ആയിരുന്നു , വായുമലിനീകരണവും പൊടിക്കാറ്റുമെല്ലാം . എന്നാൽ കോവിഡ് 19 എന്ന മഹാമാരിയുടെ ആഗമനം പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിക്കാനും അതുവഴി ഇന്ത്യയിലെ വായു മലിനീകരണത്തെയും, പൊടികാറ്റിനെയുമെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായകമായിട്ടുണ്ട്.ഇതുവരെ ഡൽഹി നിവാസികൾ ഉറക്കമുണർന്നത് പുകപടലങ്ങൾ നിറഞ്ഞ് മലിനീകരിക്കപ്പെട്ട അന്തരീക്ഷം കണ്ടിട്ടാണെങ്കിൽ ഇപ്പോൾ അവർ ഉറക്കമുണരുന്നത് തെളിഞ്ഞ, ശുദ്ധീകരിക്കപ്പെട്ട അന്തരീക്ഷത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടാണ്.പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ സമയമില്ലാതിരുന്ന മനുഷ്യർക്ക് ഇപ്പോൾ ധാരാളം സമയം ലഭിച്ചിരിക്കുന്നു.ഈ അവസരത്തിൽ ഓരോ ദിവസവും പ്രകൃതി മനുഷ്യർക്ക് മുന്നിൽ തന്റെ സൗന്ദര്യം പ്രകടിപ്പിക്കുന്നു.ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ദിനംപ്രതി വാർത്താമാധ്യമങ്ങളിൽ നാം കാണുന്നു.

ആഗോളതലത്തിലെ കാലാവസ്ഥാവ്യതിയാനം ചർച്ച ചെയ്യുന്നതിനു മുമ്പ് നാം ചർച്ച ചെയ്യേണ്ടത് നമ്മുടെ ജന്മദേശമായ ഭാരതത്തിൻറെ സ്ഥിതിയെക്കുറിച്ചാണ്. ഇന്ത്യയെ കാർന്നുതിന്നുന്ന കാലാവസ്ഥാ വ്യതിയാനത്തെയും, മരുഭൂമിവൽക്കരണ ത്തെയും നേരിടാൻ കേന്ദ്ര സർക്കാർ രൂപം കൊടുത്ത പദ്ധതിയായ "ഹരിത മതിൽ" ഭാരതീയരെ സംബന്ധിച്ച് ഒട്ടേറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.പരിസ്ഥിതി പ്രവർത്തകരുടെയും, ഗവേഷകരുടെയും, ആശങ്കകൾക്ക് അറുതി വരുത്താൻ ഒരു പരിധിവരെ 'ഹരിത മതി'( Great Green Wall of India ) എന്ന പദ്ധതി സഹായകമായേക്കാം.

ഇന്ത്യ ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്കൊണ്ടുതന്നെ പരിസ്ഥിതി മലിനീകരണ സാധ്യതയും ഏറെയാണ് എന്നതിൽ സംശയമില്ല.എന്നാൽ സുസ്ഥിര വികസനത്തിന്റെ ശരിയായ രീതിയിലുള്ള പ്രയോഗത്താൽ ഇന്ത്യ നേരിടുന്ന പാരിസ്ഥിതികമായ വെല്ലുവിളികളെ നമുക്ക് നേരിടാവുന്നതാണ്. ഇന്ത്യയിലെ പുണ്യ നദികളിൽ ഒന്നായ ഗംഗാ മാതാവും ഇപ്പോൾ മലിനീകരണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ഗംഗയുടെ മലിനീകരണവും, ഇന്ത്യയിലെ അമിത ജനസംഖ്യയും തമ്മിൽ വലിയൊരു ബന്ധം തന്നെയുണ്ട് .ഓരോ ദിവസവും ധാരാളം ലിറ്റർ മനുഷ്യവിസർജ്യം ഗംഗാ മാതാവിൻറെ ഉദരത്തിലേക്ക് ചെന്നെത്തുന്നുണ്ട് എന്ന് ഭാരതത്തിൽ എത്രപേർക്കറിയാം? ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകുന്ന പുണ്യവും പ്രസിദ്ധവുമായ നദികളുടെ ഉൾഭാഗ ളിലേക്ക് കടന്നുപോയാൽ അല്ലെങ്കിൽ അതിനെ പിൻതുടർന്നാൽ ഇന്ത്യയിലേതിന് സമാനമായി ഭീഷണി നേരിടുന്ന പല നിഗൂഢ സത്യങ്ങളും സാധിച്ചേക്കാം.

വനനശീകരണം, ജനസംഖ്യ, എന്നിവയെല്ലാം പരിസ്ഥിതി മലിനീകരണത്തെ ലേക്ക് നയിക്കുമെങ്കിലും വായുമലിനീകരണം ആണ് പരിസ്ഥിതിയുടെ നാശത്തിന് ആക്കംകൂട്ടുന്നത്. വായു മലിനീകരണം കോവിഡ് മരണനിരക്ക് കൂട്ടുമെന്ന് വരെ പഠനങ്ങൾ തെളിയിക്കുന്നു. വായു മലിനീകരണം നഗര ജീവിതത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയ്യാണ്. വൈകാതെ തന്നെ അത് ഗ്രാമങ്ങളെയും പിടിച്ചുലച്ചേക്കാം. ഈ വസ്തുതയ്ക്ക് സാധ്യതകളേറെ!!! സാമൂഹികവും സാംസ്ക്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. എന്നാൽ അത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ ആണെങ്കിൽ അത്തരം വികസനങ്ങൾ തികച്ചും വ്യർഥമാണ്. ഭൂമിയിലെ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നതിന്റെ കാരണം ; അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ വർദ്ധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഓരോ വർഷവും വ്യാപിക്കുന്ന ഏതാണ്ട് 2300 കോടി ടൺ കാർബൺ ഡൈ ഓക്സൈഡിന്റെ 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്. വികസിത രാജ്യങ്ങളുടെ ഈ പ്രവ്യത്തി തികച്ചും നീചകരമല്ലേ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു!!!

എന്നാൽ, കോവിഡിനെത്തുടർന്നുള്ള ഈ അടച്ചുപൂട്ടൽക്കാലത്ത്, വായു മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് വായു മലിനീകരണം ഇത്രയും താഴ്ന്ന നിലയിലേക്ക് എത്തിയത്. എന്നാൽ ഇത് ഹ്രസ്വകാലത്തേക്കുള്ള ഒരു മാറ്റം മാത്രമാണെന്ന മുന്നറിയിപ്പും ശാസ്ത്ര ലോകം പങ്കു വയ്ക്കുന്നുണ്ട്. എന്തു തന്നെയായാലും, പരിസ്ഥിതിയുടെ സുസ്ഥിതിക്കായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാനും അവ നടപ്പിൽ വരുത്താനും സർക്കാരിനും ജനങ്ങൾക്കും കഴിയണം.

സുജിത്ത് എം പി
10 B സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം