സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം ( ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു . ആരോഗ്യം പോലെ തന്നെ വ്യക്തിയിലായാലും സമൂഹത്തിലായാലും ശുചിത്വം  ഏറെ പ്രാധാന്യമുള്ളതാണ് . ആരോഗ്യ , വിദ്യാഭ്യാസ മേഖലകളിൽ കേരളം ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വ കാര്യത്തിൽ നാം ഏറെ  പുറകിലാണെന്ന്    കൺതുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്.  ശുചിത്വത്തിന്റെ  കാര്യത്തിൽ അധികം പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും  ഏറെ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. സ്വന്തം വീട്ടിലെ  മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്ക് ജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്ന മലയാളി തന്റെ കപടസാംസ്കാരികമൂല്യത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ . ഈ അവസ്ഥ തുടർന്നാൽ  മാലിന്യ കേരളം'’ എന്ന ബഹുമതിക്ക് നാം അർഹരാകും. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മ കാരണമാണ്. മാലിന്യങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ അധികൃതർ നട്ടംതിരിയുന്നു.മാലിന്യത്തിന്റെ പേരിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷങ്ങൾ ഉടലെടുക്കുന്നു. കോടതിയുടെ ഇടപെടൽ അനിവാര്യമായി വരുന്നു. എന്നിട്ടും  പ്രശ്നം പ്രശ്നമായി തന്നെ തുടരുന്നു.ശുചിത്വം വേണമെന്ന് എല്ലാവർക്കുമറിയാം എന്നിട്ടും  ശുചിത്വമില്ലാതെ നാം ജീവിക്കുന്നു
    വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.  നമ്മൾ എവിടെയെല്ലാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നതാണ്. പൗരബോധവും സാമൂഹ്യബോധവും ഉള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാവുകയുള്ളു .ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ  ശുചിത്വം  താനേ കൈവരും.ഞാൻ ഉണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതു ശുചിത്വം സ്വയം ഉണ്ടാകും. ഞാൻ ചെല്ലുന്നിടത്തെല്ലാം ശുചിത്വമുള്ളതായിരിക്കണമെന്ന ചിന്ത ഉണ്ടെങ്കിൽ ശുചിത്വമില്ലായ്മക്കെതിരെ പ്രവർത്തിക്കും പ്രതികരിക്കും. ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം.  ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞു കൂടലാണ് ലളിതമായി പറഞ്ഞാൽ മലിനീകരണം. ഇത്തരം വസ്തുക്കളാൽ വീടും പരിസരവും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മലിനീകരിക്കപ്പെടുന്നു. ഈ മാലിന്യങ്ങൾ മണ്ണിനെയും വെള്ളത്തെയും അന്തരീക്ഷത്തെയും മലിനമാക്കുന്നു. അതോടെ പരിസ്ഥിതിയും മലിനമാകുന്നു. ഏതുതരം മാലിന്യവും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. ഉപയോഗശൂന്യമായ വസ്തുക്കളെല്ലാം മാലിന്യങ്ങളല്ല അത് വലിച്ചെറിയപ്പെടേണ്ടതുമല്ല. വീട്ടുമുറ്റത്ത് കിടക്കുമ്പോൾ ചാണകം ഒരു മാലിന്യമാണ് അത് ചെടിയുടെ ചുവട്ടിൽ എത്തിക്കുമ്പോഴോ ഏറെ അത്യാവശ്യമായ വളമായി മാറുന്നു.പാഴ്വസ്തുക്കളെന്നു നാം കരുതുന്ന പലതിന്റെയും സ്ഥിതിയിതാണ്. ഈ തിരിച്ചറിവുണ്ടായാൽ മലിനീകരണം ഒരു പരിധിവരെ തടയാൻ കഴിയുന്നതാണ്. 
ലക്ഷ്മി എസ്
6 H സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം