സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ മാറുന്ന മനുഷ്യൻ, മാറുന്ന പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
   മാറുന്ന മനുഷ്യൻ, മാറുന്ന പരിസ്ഥിതി  

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയ പരാമർശിക്കാത്ത ഒരു വാർത്തപോലും ഉണ്ടാകാത്ത ദിനങ്ങളില്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിതീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്. ഇതിന്റെ കാണാപ്പുറങ്ങളിലൂടെ നമുക്കു ഒന്നു സഞ്ചരിച്ചുനോക്കാം. പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ, പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക, കുഴൽക്കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുകമൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെനിന്നും ജലാശയങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം, ലോകത്തെമ്പാടും ഇന്ന് നശീകരണയന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഇ-വേസ്റ്റുകൾ, വാഹനങ്ങളിൽനിന്നുള്ള അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീട നാശിനികൾ, ഇവയൊക്കെയാണ് നമ്മളും മാധ്യമങ്ങളും, പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം. എന്നാൽ ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം. അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി, ഉൾക്കാമ്പുള്ള ചിന്തകൾ, നിബന്ധനകളില്ലാത്ത മനസ്സ് ഇവയുടെയൊക്കെ ആകെത്തുകയായ ജ്ഞാനത്തിന്റെ ദീപ്തമായ പ്രസരണത്തിൽ നിന്നു മാത്രമെ അതിനെ നമുക്ക് കണ്ടെത്തുവാനാകൂ. എങ്കിൽ മാത്രമെ ഈ പരിസ്ഥിതി ദോഷങ്ങളൊക്കെ സംഭവിക്കാതെയും ഇരിക്കയുള്ളു.നമ്മളിലെ ജീനിയസ്സുകളെ കൂച്ചുവിലങ്ങിടുകയും, സമൂഹം നിഷ്‌ക്കർഷിക്കുന്ന വേഷം ധരിക്കുവാൻ നമ്മൾ നിർബന്ധിതരാവുകയും ചെയ്യുന്നത്. ആദ്യപരിസ്ഥിതി ദോഷം ഇവിടെ ജന്മമെടുക്കുകയായി. ഈ വേഷങ്ങളിൽ നിന്നുകൊണ്ടു അടരാടുന്ന മനുഷ്യജന്മങ്ങളാണ് പരിസ്ഥിതി നശീകരണത്തിനു കാരണക്കാർ. ഇവരുടെ ബുദ്ധിവൈകല്യത്തിന്റെ നേർക്കാഴ്ചയാണ് ഇന്ന് നാം ബാഹ്യമായി ദർശിക്കുന്ന ഈ പരിസ്ഥിതി നാശങ്ങളെല്ലാം. ഒരു വ്യക്തി, താൻ തന്റെ ശരീരത്തിനു നല്കുന്ന ഇന്ധനമെന്ന ആഹാരവും മറ്റു ഇന്ദ്രീയങ്ങൾക്കു സുഖങ്ങൾ പകരുന്ന കാഴ്ചകളും, കേൾവികളും തലോടലുകളുമെല്ലാം സ്വത്വഗുണ പ്രദാനങ്ങളല്ലെങ്കിൽ നമ്മുടെ മസ്തിഷ്‌ക്കത്തിലേയും ശരീരത്തിലേയും കോശങ്ങളെ നശിപ്പിക്കുകയും അവയിൽനിന്ന് ഉണ്ടാകുന്ന വിഷമകരങ്ങളായ പുതീയ സ്രവങ്ങളെ ശരീരം ഏറ്റെടുക്കുകയും ചെയ്യുമ്പോഴാണ് ആദ്യത്തെ പരിസ്ഥിതി ദോഷം സംഭവിക്കുന്നത്. ഇതിനെയാണ് നമ്മൾ തിരിച്ചറിയേണ്ടത്. ലാളിത്യമില്ലാത്ത ചിന്തകളാണ് ഇന്ന് നാം പരിസ്ഥിതിയുടെ ബഹിർസ്പുരണങ്ങളായി കാണുന്ന മാലിന്യങ്ങൾ മുതൽ കൊടുമുടികളെ ഇടിച്ചുനിരത്തുന്നതു വരെയുള്ള സംഭവങ്ങളായി പരിണമിക്കുന്നത്. വെട്ടിനിരത്തലുകൾക്കെതിരേയും, പാടങ്ങൾ നികത്തുന്നതിനെതിരേയും, വൃക്ഷങ്ങളുടെ തലകൾ കൊയ്യുന്നതിനെതിരേയും പട നയിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. അതുകൊണ്ടാണ് 'ഗ്രീൻ പീസ് ഫൗൺഡേഷൻ' എന്ന ലോകോത്തര സംഘടന നടത്തുന്ന പ്രവർത്തനങ്ങള വേണ്ടത്ര ഫലം കാണാതെ പോകുന്നത്. പാരിസ്ഥിതികദോഷ കർമ്മങ്ങൾക്കല്ല ചികിതസ വേണ്ടത് അതിന്റെ കാരണഹേതുവിനാണ്. നാം നമ്മളിൽത്തന്നെ പരിസ്ഥിതി നന്മയ്ക്കുള്ള ആദ്യ ചുവടുവെയ്പ്പുകൾ തുടങ്ങുക.


Nandana Gopan
X D1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം