സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നമ്മൾ നമുക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ നമുക്കായി      
          നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളെയും അവയുടെ നിലനിൽപ്പിനെയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്. പച്ച പുതപ്പ് വിരിച്ച് നിൽക്കുന്ന മരങ്ങളും, കിരീടത്തിന്റെ ആകൃതിയിൽ തലയുയർത്തി നിൽക്കുന്ന മലകളും, ആരോടും ഒരു പരാതിയും പറയാതെ ഒഴുകി അറബിക്കടലിൽ ചാടി അവസാനിക്കുന്ന നദികളും, നെൽക്കതിരുകൾ കൊണ്ട് സമ്പന്നമായ പാടശേഖരങ്ങളും, സ്വതന്ത്രരായി ചിറകു വീശി പറക്കുന്ന കിളികളും, ഇരതേടി പിടിക്കുന്ന മൃഗങ്ങളും, മനുഷ്യരും നമ്മുടെ ഭൂപ്രകൃതിയുടെ മുതൽ കൂട്ടുകളാണ്. ഇവയ്ക്കോ ഇവയുടെ നിലനിൽപ്പിന് ആവശ്യമായ മറ്റു ഘടകങ്ങൾ ക്കോ ഏതെങ്കിലും രീതിയിലുള്ള നശീകരണം സംഭവിച്ചാൽ ഈ സമ്പന്ന ഗ്രഹം പിന്നെ ശ്വാസം കിട്ടാതെ പിടയും. അന്ന് മഴ പെയ്ത്  പുഴകൾ കവിഞ്ഞൊഴുകുന്നത് കാണാൻ നമ്മുടെ കണ്ണുകൾ  കൊതിക്കും. രാജ്യത്തിന്റെ അതിർത്തിയിൽ സേനാനായകന്മാർ രാജ്യത്തെ സംരക്ഷിക്കാൻ പ്രയത്നിക്കുന്നതുപോലെ നമ്മളും പരിസ്ഥിയുടെ കാവൽക്കാർ ആയി മാറണം.
           ജൈവവൈവിധ്യങ്ങളാൽ അനു ഗ്രഹീതമാണ് നമ്മുടെ ഭൂപ്രകൃതി. വായുവും ജലവും മണ്ണും ഒരുപോലെ എല്ലാവർക്കും അവകാശപ്പെട്ടതാണ്. എന്നാൽ ഇന്ന് ചില മനുഷ്യർ അതിന്റെ മേൽ അവകാശം സ്ഥാപിച്ചെടുക്കുന്നു. അത് കുറേകൂടി നാശങ്ങൾക്ക് വഴിതെളിയിക്കുന്നു. മലിനീകരണം ഇന്ന് നാം കണ്ടുവരുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ്. ചുറ്റും പടുകൂറ്റൻ ഫാക്ടറികൾ കെട്ടിപ്പോക്കുന്നു. അതിൽ നിന്നും വരുന്ന പുക നമ്മുടെ വായുവിനെ മലിനമാക്കുന്നു. ഓരോ ആൾ വീതം വാഹനങ്ങൾ നിരത്തിൽ ഓടുന്നു. ഇതും വായുവിലെ വിഷാംശം വർദ്ധിക്കാൻ മറ്റൊരു കാരണമാണ്. രാജ്യത്ത് നാലിലൊന്ന് മരണവും വായുമലിനീകരണം മൂലമാണെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരം ഫാക്ടറികൾ പുറംതള്ളുന്ന മാലിന്യങ്ങൾ ഒഴുകുന്നത് നമ്മുടെ ജലസ്രോതസ്സുകളിലൂടെയാണ്. അതിനുപുറമേ ദാഹജലത്തിനായി ഒരുകൂട്ടർ കാത്തിരിക്കുമ്പോൾ മറ്റൊരു വിഭാഗം നദികളെ ചൂഷണം ചെയ്യുകയാണ്. ജീവിക്കാൻ വായു പ്രധാനമാണെന്നതു പോലെ തന്നെ ജലവും പ്രധാനമാണ്. ഇവയുടെ സംരക്ഷണവും പരിപാലനവും നമ്മുടെ കരങ്ങളിൽ ആണെന്ന് ഓർക്കണം. പ്ലാസ്റ്റിക്കിന്റെ  മണ്ണിലുള്ള സംസ്കരണരീതികളും അമിതമായ രാസ വസ്തുക്കളുടെ ഉപയോഗവും നമ്മുടെ മണ്ണിനെ മലിനമാക്കുന്നു. വ്യവസായശാലകളുടെ പ്രവർത്തനം വാഹനങ്ങളുടെ ആധിക്യം എന്നിവയാണ് ശബ്ദമലിനീകരണത്തിന് കാരണമാകുന്നത്. ഇതിൽ നിന്നും മുടി നേരിടുന്നതിന് പ്രധാനമായും നാം ചെയ്യേണ്ടത് മാലിന്യസംസ്കരണമാണ്. ഇവിടെയാണ് നാം ഉണർന്ന്  ചിന്തിക്കേണ്ടത്. മാലിന്യം ഉറവിടങ്ങളിൽ തന്നെ നിർമാർജനം ചെയ്യാൻ ശീലിക്കണം. മാലിന്യങ്ങളെ നമ്മുടെ വീട്ടുവളപ്പിൽ തന്നെ നിർമാർജനം ചെയ്താൽ ഒരു പരിധിവരെയെങ്കിലും നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കാൻ കഴിയും എന്ന കാര്യത്തിൽ സംശയം വേണ്ട. മാലിന്യസംസ്കരണം മൂലം പരിസ്ഥിതിയെ ഒരു പരിധിവരെ സംരക്ഷിക്കാനാകും.
            വനനശീകരണം മറ്റൊരു വിപത്താണ്. ആവാസവ്യവസ്ഥയുടെ നെടുംതൂണുകൾ ആണ് വൃക്ഷങ്ങൾ. വനസമ്പത്ത് സംരക്ഷിക്കേണ്ടതിനു പകരം ധൂർത്തടിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. വൃക്ഷലതാദികൾ മാത്രമല്ല മണ്ണ്, ഭൂമി, വായു, ജലം, പ്രകൃതി വിഭവങ്ങൾ, മനുഷ്യർ എല്ലാം പരസ്പരം കോർത്തിണക്കിയാണ് ജീവിക്കുന്നത്. ശാസ്ത്രത്തിന്റെ വികസനം മനുഷ്യന്റെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്നു. അപ്രകാരം മരങ്ങൾ നിലം പതിക്കുന്നു. വനങ്ങൾ നിരത്തി കെട്ടിടങ്ങൾ ഉയർന്നു. പല പ്രദേശങ്ങളും വ്യവസായവൽക്കരണത്തിന് ഭാഗമായി ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറുന്നു. പഠനങ്ങൾ പറയുന്നത്- കാടുകൾ വെട്ടി നിരത്തുമ്പോൾ അതിന്റെ ഭാഗമായ സൂക്ഷ്മാണുക്കൾ(micro organisms) കാടു വിട്ട് നാട്ടിലെ ഇറങ്ങുന്നു. കൊറോണാ പോലുള്ള ധാരാളം സൂഷ്മാണുക്കൾ(micro organisms) നമ്മളിൽ പടർന്നുപിടിക്കുന്നത് വനനശീകരണത്തിന് ഭാഗമായി തന്നെയാണ്. ഇത്തരം മഹാമാരി കളിൽനിന്ന് രക്ഷ നേടാൻ ആദ്യം നമ്മൾ നമ്മുടെ വനങ്ങളെ സംരക്ഷിക്കുക. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ഇതിനുവേണ്ടി മുൻകൈയെടുത്ത് പ്രവർത്തിക്കണം. ഒപ്പം നമ്മളും.
            അമ്മയുടെ സംരക്ഷണ കരങ്ങൾ നമ്മളെ തലോടുമ്പോൾ ഉണ്ടാകുന്ന സംതൃപ്തിയും സന്തോഷവും ഒന്ന് വേറെ തന്നെയാണ്. ആ തണൽ വൃക്ഷം മുറിച്ചുമാറ്റിയാൽ അത് നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ഭൂമിയുടെ ആവാസവ്യവസ്ഥ പരിസ്ഥിതിയുടെ പരിപാലന തോട് ചേർത്തിണക്കിരിക്കുന്നു. നമ്മളും നമ്മുടെ ചുറ്റുപാടും ഈ ഭൂമിയിലെ പ്രധാന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. എല്ലാ വർഷവും ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിക്കാറുണ്ട്. ഐക്യരാഷ്ട്രസഭ(UN) പരിസ്ഥിതിയെക്കുറിച്ചുള്ള ലോകമെമ്പാടുമുള്ള അവബോധം ഉത്തേജിപ്പിക്കുകയും രാഷ്ട്രീയ ശ്രദ്ധയും പ്രവർത്തനവും  വർദ്ധിപ്പിക്കുകയും ചെയ്യുന്നത് ഈ ദിവസമാണ്. ഒരു മരം മുറിച്ചാൽ പകരം രണ്ടെണ്ണം നടുക. പരിതസ്ഥിതി എന്നതിൽ നിന്നും പരിസ്ഥിതി എന്ന ചിന്തയിലേക്ക് മാറണം. ഞാൻ എന്ന ചിന്തയിൽ നിന്ന് നമ്മൾ എന്ന ചിന്തയിലേക്ക് മാറണം എന്ന് സാരം. ഈ ഭൂമി നമുക്ക് വേണ്ടി മാത്രമുള്ളതല്ല വരുംതലമുറയ്ക്ക് കൂടിയുള്ളതാണ്. ഒരുവന്റെ  പരിസ്ഥിതി അവന്റെ സംസ്കാരമാണെന്ന ബോധം നമ്മളിൽ ഉണ്ടാവണം. ബോധവൽക്കരണ പരിപാടികളിലൂടെ ഇത് സാധ്യമാകും. ഭൂമിയെ സംരക്ഷിക്കാൻ നാം തയ്യാറായില്ലെങ്കിൽ നമ്മുടെ തലമുറയ്ക്ക് ഇവിടം വാസ യോഗ്യമല്ലാതായി മാറും. കാരണം ജീവിക്കാനുള്ള അവകാശം ഓരോരുത്തർക്കും ഉണ്ട്.


Haniya M Shukkoor
XII I സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം