വിദൂര ദേശത്തിൻ വാർത്തകൾ വന്നപ്പോൾ
എന്താണീ കോവിഡ് ഞാൻ അമ്പരന്നു
നാളുകൾ അഞ്ചാറു നീങ്ങികഴിഞ്ഞപ്പോൾ
എത്തി എൻ നാട്ടിലും കോവിഡ് ദുരന്തങ്ങൾ.
എല്ലാം അടയ്ക്കണം എല്ലാം അടയ്ക്കണം
ആരും പുറത്തിറങ്ങാതിരിക്കണം
വിശ്വമൊന്നാകെ മൃത്യു കറങ്ങുന്നു
ഭീതിദമാകുന്ന കാഴ്ചകൾ കൺമുമ്പിൽ.
വേർതിരിവൊന്നുമില്ലാതെ ജന്മങ്ങൾ
ദശമായി, ശതമായ്, സഹസ്രമായ് കൊഴിയുന്നു
ജാതിയില്ല, മതമില്ല, ധനമില്ല, നിറമില്ല
മന്ത്രിയില്ല, തന്ത്രിയില്ല, നേതാക്കന്മാരില്ല
വലിയവനും, ചെറിയവനും, വൃദ്ധരും, ബാലരും
സമസ്തരും ഐക്യമായ് കൊറോണ കാലത്തിൽ.
സ്വഭവനത്തിലും അകലം പാലിച്ചിടാൻ
വൃത്തിയായ്, ശുദ്ധിയായ് ആഹരിച്ചീടുവാൻ
കൃത്യസമയത്തു പ്രാർത്ഥനാകർമ്മങ്ങൾ
ഒക്കെയും ഐക്യമായ് സർവ്വ ഗൃഹത്തിലും.
വരവില്ല, ചിലവില്ല, കൂട്ടിക്കിഴിപ്പില്ല
ചുറ്റിക്കറങ്ങി നടക്കാൻ വഴിയില്ല
അപ്പഴും വിജനമാം പാതയോരങ്ങളിൽ
പാലകർ ദ്രുതകർമ്മരായി മേവിടുന്നു.
ഉഷസ്സും പ്രതോഷവും മധ്യാഹ്നനിശകളും
തൻ കൂരയ്ക്കുളിൽ കഴിയുന്നതിൻ സുഖം
ബന്ധനമില്ലാത്ത ബന്ധങ്ങൾ മാത്രമായ്
മക്കളും മാതാപിതാക്കളും ഐക്യമായ്.
കാലങ്ങൾ മാറുമ്പോൾ വിസ്മരിച്ചീടല്ലേ
വിശ്വമൊന്നാകെ നിറഞ്ഞ വിപത്തിനെ
നാളുകൾ നീങ്ങുമ്പോൾ സർവ്വൈശ്വര്യങ്ങളും
നേടാൻ ഭവാൻ തുണയേകട്ടെ സർവ്വർക്കും.