സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ഒടുവിലത്തെ കുമ്പസാരം

ഒടുവിലത്തെ കുമ്പസാരം     
       ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിയില്ല... കരയാൻ അറിയില്ലായിരുന്നു.ആളും ആരവുമില്ലാതെ ഇപ്പോൾ താൻ ഒറ്റപ്പെട്ടു പോയല്ലോ. 

ഒരിക്കൽ ആരൊക്കെയോ ആയിരുന്നു .. ചിന്തയുടെ ചിറകിലേറി അനശ്വരമെന്ന് തോന്നിയ എത്രയോ യാത്രകളും പ്രവർത്തികളും ജീവിതത്തിലുണ്ടായിരുന്നു.എല്ലാം സ്മരണകളുടെ ലോകത്തിൽ ഒരു നേർരേഖ പോലെ മാറപ്പെടുന്നു. പതിനായിരങ്ങളെ വേദം പഠിപ്പിച്ചയാൾ. നൊമ്പരങ്ങളുടെ ഇരുമ്പഴിക്കുള്ളിൽ പിടയാത്തയാൾ.. പക്ഷേ... കിനാവ് കാണുമായിരുന്നു. ആ കിനാക്കൾക്ക് ജീവിത ഗന്ധമില്ലന്നറിയാൻ എത്രയോ ഋതുക്കൾ വേണ്ടിവന്നു !. ഇന്ന്, ഒരു വിരൽത്തുമ്പുപോലും ഉയർത്താൻ കഴിയാതെ നിശബ്ദതയുടെ ലോകത്ത് മുങ്ങിത്താഴുമ്പോൾ അറിയാതെ മുഖത്ത് നിഴലിക്കുന്നത് ഭയപ്പാട് മാത്രമല്ല എന്തൊക്കെയോ വിഹ്വലതകളുമുണ്ട്. ഭൂതകാലം കൂർത്ത നഖങ്ങളായി ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നതുപോലെ.. ഒന്ന് കുമ്പസാരിക്കണം ... അവശതയിൽ അവസാനിക്കുകയാണല്ലോ തൻ്റെ ജീവിതം!... കണ്ണുകൾ താനെ അടയുന്നു .. ഓർമ്മകളുടെ ഓളക്കുത്തിലേക്ക് മനസ് വഴുതി വീഴുന്നു.... വിശപ്പിനോട് പടപൊരുതിയ ബാല്യം.

കീറത്തുണികളിൽ തുന്നലിട്ട് തിരിച്ചും മറിച്ചും നോക്കും..അതിൽ പുതുമയും ഭംഗിയും കണ്ടെത്തിയത് എത്ര തവണയെന്നറിയില്ല.

ലക്ഷ്യമില്ലായെങ്കിലും പഠിക്കാൻ മിടുക്കനായിരുന്നു .. ഒടുവിൽ വിശ്വാസ കപ്പലിൽ മുങ്ങിയ മാതാപിതാക്കളുടെ നേർച്ചച്ചൂണ്ടയിൽ താൻ കൊരുക്കപ്പെട്ടു. ഒരു കൈയിൽ കൊന്തയും മറ്റേ കൈയിൽ വേദപുസ്തകവുമായി നവലോകത്തിൽ തുഴയാൻ തുടങ്ങി...

       ശാസ്ത്രം ലോകത്തെ കീഴ്മേൽ മറിക്കുന്നു .. ഭക്തിയും വിശ്വാസവും ശാസ്ത്രയുഗത്തിൽ പുത്തൻ ചക്രവാളങ്ങളെ തേടുകയായി.ആഢംബരം പള്ളികളിലും മേടകളിലും നിത്യസന്ദർശകരായി മാറി.

ദൈവാലയങ്ങൾ അംബരചുംബികളായി ഉയർന്നു കഴിഞ്ഞു. യുവത്വത്തിൻ്റെ തീക്ഷ്ണതയിൽ പിന്നിട്ടു പോയ വഴികൾ താനും വിസ്മരിക്കപ്പെട്ടു... ദാരിദ്ര്യമാകുന്ന കുരിശിൽ തറയ്ക്കപ്പെട്ട തൊഴിലാളികളും തോട്ടികളും തനിക്ക് ചുറ്റും ഉണ്ടായിരുന്നു... നിന്ദിതർ, പീഡിതർ, രോഗികൾ.. അതുപോലെ മറ്റുപലരും .. ഓർക്കാൻ കഴിയുന്നില്ല ... ഓർമ്മകൾക്കും കരുത്ത് നഷ്ടപ്പെടുന്നുവോ..?

ഇടവകാംഗമായ തോമസിന് അന്ത്യകൂദാശ നൽകി പുറത്തിറങ്ങിയപ്പോൾ അയാളുടെ ഭാര്യയുടെ മുഖം ശ്രദ്ധിച്ചിരുന്നു... എന്തോ പ്രതീക്ഷിക്കുന്നതു പോലെ, ഒടിഞ്ഞ വയറുമായി ചാരത്ത് കുത്തുങ്ങളുമുണ്ടായിരുന്നു ... ഒന്നും നൽകിയില്ല.

പ്രാർത്ഥനയുടെ കൃതാർത്ഥതയിൽ താൻ മടങ്ങി . എൻ്റെ പിഴ....എൻ്റെ പിഴ... എൻ്റെ വലിയ പിഴ.... ജീവിതം തകർന്നതോടെ അഗ്നിയിൽ അഭയം തേടി പരാജിതയായ മേരിയെ ആശുപത്രിയിൽ കണ്ടു . പച്ച മാംസം കത്തിയെരിഞ്ഞതിൻ്റെ രൂക്ഷഗന്ധം! പുസ്തകം തുറക്കാതെ, പാടാതെ, ഒരു ആശ്വാസവാക്കു പോലും പറയാതെ പ്രാർത്ഥന മാത്രം ചൊല്ലി. യൗവനത്തിൽ വാർദ്ധക്യം പുൽകിയ മകളെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു... ചുറ്റിലുമുള്ള ദീനതകളും ഞരക്കങ്ങളും താനറിഞ്ഞില്ല. ഉടയാത്ത ളോഹയുമിട്ട് ശീതീകരണവണ്ടിയിൽ കയറിയപ്പോൾ എന്തൊരാശ്വാസമായിരുന്നു !. വിരുന്നു ഭവനങ്ങളിൽ പോയി ഭക്ഷിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്ത ദിനങ്ങൾക്ക് ദൈർഘ്യമുണ്ടായിരുന്നു. വിലാപ ഭവനങ്ങളിൽ നിന്നും പള്ളിമേടയിലേക്ക് വേഗത്തിൽ ഒരോട്ടം.. എന്തിനായിരുന്നു ? അറിയില്ല .. പള്ളിപ്പെരുന്നാളിൻ്റെ മോടിയിലും സദ്യയിലും എത്ര വിജയം നേടി.. അവിടെയൊക്കെ യാചകരും മുറിവേറ്റവരും ഉണ്ടായിരുന്നുവോ? എത്രയോ ജറുശലേം യാത്രകൾ... കുമ്പസാരക്കൂട്ടിലെ നീറ്റലുകൾ എത്രയോ കേട്ടു .. അവയിലേക്കിറങ്ങിയോ? ഉരുകുന്ന മെഴുകുതിരി കരങ്ങളിലേന്തി വിലപിച്ചിരുന്ന വിധവകൾക്കും വികലാംഗർക്കും നിന്ദിതർക്കും ആശ്വാസത്തിൻ്റെ പനീരു കൊണ്ടൊരു കൂരിശുമാല ചാർത്തുവാൻ കഴിയാത്തതെന്തേ? അവരുടെ കണ്ണീർക്കണങ്ങൾ തിരമാലകളായി ഉള്ളിൽ ആഞ്ഞടിക്കുന്നു ... കുറ്റബോധം .. വേദനയുടെ മുൾക്കിരീടം തലയിൽപതിച്ചതു പോലെ ... അവിടെനിന്നും രക്തം വാർന്ന് വീഴുന്നുവോ? വർണ്ണക്കാഴ്ചകളും ആഢംബര കാറുകളും കൊണ്ട് തീർത്ത ആ മായാപ്രപഞ്ചം എവിടെ? ഓരോ ദിവസവും കാരിരുമ്പാൽ തറയ്ക്കപ്പെട്ട ദുഖവെള്ളികളായി മാറപ്പെടുന്നു.... തിരുത്തുവാൻ കഴിയുന്നില്ല.... തീർന്നു പോകുന്നുമില്ലല്ലോ ഈ ജീവിതം. തിരക്കിൻ്റെ ലോകത്തിൽ തനിക്കൊപ്പം എത്രയോപേർ ചുറ്റം കൂടിയിരുന്നു .. ഇന്ന് ആരുമില്ല.. ചിലപ്പോൾ ആരെങ്കിലുംവരും.. അതും അവഗണിക്കപ്പെട്ടവർ.. അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്നവർ. പീഡിതർ ... ദുഖിതർ.. അവരിൽ തോമസിൻ്റെ ഭാര്യയും മേരിയുടെ മകളും ഉണ്ടായിരുന്നു. അവരുടെ വിയർപ്പിൻ്റെ അംശമായ മുന്തിരിച്ചാറിൽ എനിക്ക് ഈശ്വരമുഖം കാണാൻ കഴിയുന്നു. ഇവരുടെമുമ്പിൽ താൻ ഇന്ന് ആരാണ്.. മനസമാധാനം നഷ്ടപ്പെട്ട ഒരു പാഴ്ജന്മം മാത്രം.

     അടുത്തുള്ള കുടുംബ ദൈവാലയത്തിൽ നിന്നും മണിനാദം മുഴങ്ങി.. ആരാധനയ്ക്കല്ല ! ആർക്കോ അന്ത്യവിശ്രമത്തിന് വേണ്ടിയുള്ള മണിനാദമായിരുന്നു. യുഗങ്ങൾക്ക് മുമ്പ് കാൽവരിയിൽ മുഴങ്ങിയ നാദം പോലെ.. ഹൃദയത്തിൽ നിന്നും തിരുരക്തം ഒഴുകുന്നതായുംതോന്നി. ഓർമ്മകളുടെ തീരത്ത്നിന്നും അറിയാതെ മടങ്ങിയെത്തി..

കരയാൻ അറിയാത്ത കണ്ണുകളിൽ നിന്നും കണ്ണീരും രക്തവും പൊടിയുന്നു.. അറിയാതെ കുമ്പസാരിക്കുന്നു... നാവനക്കാൻ കഴിയാത്ത കുമ്പസാരം ... സ്വന്തം മനസാക്ഷിക്കു മുമ്പിൽ ... അപ്പോഴേക്കും ദൈവാലയത്തിൽ നിന്നുള്ള അവസാന മണിനാദവും അന്തരീക്ഷത്തിൽ മുഴങ്ങി കേട്ടു .

വിജയകുമാർ വൈ.
HST സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ