സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ആരോഗ്യമുള്ള മനുഷ്യൻ പ്രകൃതിയുടെ വരദാനം
ആരോഗ്യമുള്ള മനുഷ്യൻ - പ്രകൃതിയുടെ വരദാനം
പ്രശസ്ത എഴുത്തുകാരനായ കൂപ്പർ പറയുന്നു ' പ്രകൃതി എന്നത് ഈശ്വരൻ്റെ പര്യായമാണ് ' എന്ന്. പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിനും വ്യക്തിത്വത്തിനും അനിവാര്യമാണ്. പക്ഷെ, ഉപഭോഗ സംസ്ക്കാരം പ്രകൃതിയെ ചൂഷണം ചെയ്ത് നശിപ്പിക്കുന്നതിൽ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു.അതുകൊണ്ടുതന്നെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നമുക്ക് നഷ്ടമായി. പ്രകൃതിക്ഷോഭങ്ങൾ ആവർത്തിക്കുന്നു. വെള്ളവും, ശുദ്ധവായുവും കുറഞ്ഞു വരുന്നു. ലോകമെങ്ങും മാരകമായ പകർച്ചവ്യാധികൾ പിടിപെടുന്നു. പ്രകൃതിയിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്ന മനുഷ്യൻ മനോസംഘർഷങ്ങളുടെ പിടിയിലാണ്. പ്രകൃതിയ്ക്ക് ദോഷം വരാതെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മുടേയും, വരും തലമുറകളുടേയും ആരോഗ്യകരമായ ജീവിതത്തിന് അത് ആവശ്യമാണ്. നമ്മുടെ ശരീരത്തിന് ആരോഗ്യവും ബുദ്ധിയ്ക്ക് ഉത്തേജനവും ആത്മാവിന് ആനന്ദവും പ്രദാനം ചെയ്യുന്നവയാണ് പ്രകൃതി. പ്രകൃതിയുമായി താതാത്മ്യം പ്രാപിച്ച് ജീവിക്കേണ്ടത് ആരോഗ്യത്തിനും ജീവിത വിജയത്തിനും ആവശ്യമാണ്. ജീവിതത്തിൽ മറ്റെന്ത് വിജയങ്ങൾ നേടിയാലും ആരോഗ്യമില്ലെങ്കിൽ പ്രയോജനമില്ല.ആരോഗ്യമാണ് യഥാർഥ ധനം. "നികുതി ചുമത്തപ്പെടാത്ത സമ്പത്താണ് ആരോഗ്യം " എന്ന് അർണോൾഡ് ഗ്ലാസ്ഗോ അഭിപ്രായപ്പെടുന്നുണ്ട്. ആരോഗ്യം നിലനിർത്താൻ ആദ്യമായി ശ്രദ്ധിക്കേണ്ടത് ആഹാരക്രമമാണ്. ഈ ലോകത്ത് ഏത് രോഗത്തിൻ്റേയും രഹസ്യം തിരക്കിയാൽ രണ്ടു കാര്യം നമുക്ക് കണ്ടെത്താനാകും. ആഹാരവും സ്വഭാവവുമാണ് ഇക്കാര്യങ്ങൾ. ആഹാരവും ശീലവും ചിട്ടയുള്ളതാക്കുമ്പോൾ ജീവിതത്തിലെ ശാരീരിക പ്രശ്നങ്ങൾ കുറയുന്നത് കാണാം. ആരോഗ്യം വർദ്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണല്ലോ ശുചിത്വം. "Cleanliness is next to Godliness "- ശുചിത്വം ഈശ്വരഭക്തിയോട് അടുത്ത് നിൽക്കുന്നു എന്നാണല്ലോ നാം സാധാരണ പറയാറ്. ശുചിത്വത്തിൻ്റെ പ്രാധാന്യമാണ് ഇത് അർത്ഥമാക്കുന്നത് . ഒരാൾക്ക് ഒരുപാട് സദ്ഗുണങ്ങൾ ഉണ്ടെങ്കിലും അയാൾ വൃത്തിഹീനനെങ്കിൽ അയാളുടെ സാമിപ്യം നാം ഇഷ്ടപ്പെടുമോ'? തീർച്ചയായും ഇല്ല. ശാരീരിക ശുചിത്വം നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്.ഇത് സമൂഹത്തിൽ നമുക്കുള്ള സ്വീകാര്യത വർദ്ധിപ്പിക്കുന്നു. എന്നാൽ പരിസരശുചിത്വത്തിൻ്റെ കാര്യത്തിൽ നാം പാതിവഴിയെ എത്തിയിട്ടുള്ളു. വിദേശ ടൂറിസ്റ്റുകൾ നമ്മുടെ നാടിനെക്കുറിച്ച് പറയുന്ന പരാതി ,പൊതു സ്ഥലങ്ങളുടെ വൃത്തിഹീനതയെ പ്പറ്റിയാണ്. ശുചിത്വമില്ലായ്മ മറ്റുള്ളവർക്ക് അസ്വസ്ഥത ഉളവാക്കുന്നു. നാടിനെ രോഗത്തിലേക്ക് നയിക്കുന്നു. ആകയാൽ ഇക്കാര്യത്തിൽ നാം വേണ്ടത്ര ശ്രദ്ധ പുലർത്തേണ്ടത് ആവശ്യമാണ്. "ഈശ്വരനോടും, സമൂഹത്തോടും നമ്മോടു തന്നെയുമുള്ള ന്യായമായ ആദരവിൽ നിന്ന് ഉണ്ടാകുന്നതാണ് ശാരീരിക ശുചിത്വമെന്ന് " ഫ്രാൻസിസ് ബേക്കൺ അഭിപ്രായപ്പെടുന്നു. മനുഷ്യൻ്റെ മഹത്വത്തെക്കുറിച്ചുള്ള അവബോധം നമ്മുടെ ശരീരവും, പരിസരവുമൊക്കെ ശുചിയായും, ഭംഗിയായും സംരക്ഷിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഈശ്വരൻ്റെ ഛായയും സാദൃശ്യവുമുള്ള ഉൽകൃഷ്ട സൃഷ്ടിയാണ് മനുഷ്യൻ. ആകയാൽ ഒരു മനുഷ്യൻ്റേതും ഹീന ജൻമമായി കാണാൻ പാടില്ല. ഒരു മനുഷ്യനും, വൃത്തിഹീനമായ അവസ്ഥയിൽ കഴിയേണ്ടവനുമല്ല. ഇതിനെ മുൻ ജൻമത്തിലെ കർമ്മഫലമായി വ്യാഖ്യാനിച്ചു നാം ഒഴിഞ്ഞു മാറുന്നത് നമ്മുടെ സ്വാർത്ഥപരമായ അയിത്ത മനോഭാവത്തിൻ്റേയും സഹജീവിയോടുള്ള അവഗണനയുടേയും പ്രതിഫലനമായി മാത്രമേ കാണാനാവൂ. മനുഷ്യ ശരീരത്തിൽ ദൈവീക ചൈതന്യമാണ് കുടിക്കൊള്ളുന്നത് . എന്നിട്ടും മനുഷ്യർ വൃത്തിഹീനരായി ജീവിക്കുന്നത് ഒരു വൈരുദ്ധ്യമല്ലേ.? ദൈവഹിതത്തിൻ്റെ നിഷേധമല്ലേ.? "ആത്മാനം രഥിനം വിദ്ധി ശരീരം രഥമേവച" [കടോപനിഷത്ത് ] ആത്മാവിനെ വഹിക്കുന്ന രഥമാണ് ശരീരം. ശുദ്ധിയില്ലാത്ത രഥത്തിലല്ലല്ലോ നാം ആത്മാവിനെ കൊണ്ടു നടക്കേണ്ടത്. ശാരീരിക ശുദ്ധി വരുത്തിയ ശേഷം വെടിപ്പുള്ള വസ്ത്രവും ധരിച്ച് ആരാധനയ്ക്ക് ദൈവാലയത്തിലേക്ക് പോകുന്ന പാരമ്പര്യമല്ലേ നമുക്കുള്ളത്.വിദ്യാലയത്തിലേക്കും, ജോലി സ്ഥലത്തേക്കും പോകുന്നതും അങ്ങനെ തന്നെയാണല്ലോ. എല്ലാ മനുഷ്യരും ശുചിത്വം പാലിക്കേണ്ടത് ആവശ്യമാണ്. ചിലർ വൃത്തിഹീനമായ സാഹചര്യങ്ങളിൽ കഴിയേണ്ടി വരുന്നത് സമൂഹത്തിൻ്റെ അനാസ്ഥ കൊണ്ടും സ്വാവബോധം ഇല്ലാത്തതു കൊണ്ടുമാണ്.എല്ലാവരും മാന്യമായും വൃത്തിയായും ആരോഗ്യപരമായ സാഹചര്യത്തിലും ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ നമുക്ക് കടമയുണ്ട്. ദീപത്തെക്കുറിച്ച് വർണ്ണിച്ചാൽ ഇരുട്ടകലുമോ? മരുന്നിൻ്റെ ഗുണഗണങ്ങൾ വർണിച്ചാൽ രോഗം ശമിക്കുമോ? സദ്യയെക്കുറിച്ച് വിശദീകരിച്ചാൽ വിശപ്പ് മാറുമോ? ഒരിക്കലുമില്ല. കാരണം, ഇരുട്ടകലണമെങ്കിൽ വെളിച്ചം കൈയ്യിൽ വേണം. മരുന്ന് കഴിച്ചാൽ മാത്രമേ രോഗം ശമിക്കൂ. ഭക്ഷണം കഴിച്ചാൽ മാത്രമേ വിശപ്പ് മാറൂ. അതായത് ഇക്കാര്യങ്ങളെല്ലാം ജീവിതത്തിൽ അനുഭവിക്കേണ്ടവയാണ്. ഇതു തന്നെയാണ് ആരോഗ്യ കാര്യങ്ങളുടേയും അവസ്ഥ .ആരോഗ്യത്തെയും ശുചിത്വത്തേയും കുറിച്ച് വർണ്ണിക്കുകയല്ല, സംരക്ഷണത്തിനാവശ്യമായ കാര്യങ്ങൾ ചെയ്യാൻ ആരംഭിക്കുകയാണ് വേണ്ടത്. ഗാന്ധിജി ഒരിക്കൽ പറഞ്ഞു " ഒരു പുതിയ കാര്യം എളുപ്പത്തിൽ ശക്തിയായി പ്രചരിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അക്കാര്യം നമ്മുടെ ജീവിതത്തിൽ പകർത്തുകയാണ് ". ശ്രീരാമനും രാവണനും ഒരു പോലെ എല്ലാ വിഷയത്തിലും അറിവും വൈദഗ്ദ്ധ്യവും ഉള്ളവരായിരുന്നു. പക്ഷെ, രാവണൻ താൻ പഠിച്ചതൊന്നും പരിശീലിച്ചില്ല.രാമനാകട്ടെ പഠിച്ചതെല്ലാം ജീവിതത്തിൽ പകർത്തി. ഇതാണ് മാർഗ്ഗം .പഠിച്ചതും പറയുന്നതും ജീവിതത്തിൽ പകർത്തുക. ആരോഗ്യം സംരക്ഷിക്കാനും, ശുചിത്വം നിലനിർത്താനും നാം തയ്യാറാവണം. നാം സാധാരണ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നേർന്ന് സംസാരിക്കാറുണ്ട്.' എന്താണത് എന്ന് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ? അതൊരു സാധാരണ പദപ്രയോഗമാണെങ്കിലും, അതിൽ ഒരു അസാധാരണത്വമുണ്ട്. ആയുരാരോഗ്യ സൗഖ്യം നേരുന്നതുപോലെ വലിയ ഈശ്വരാനുഗ്രഹം വേറെയില്ല .ആയുസ് ഇല്ലാതെ ആരോഗ്യവും, സൗഖ്യവും ഉണ്ടായിട്ടെന്ത് കാര്യം? സൗഖ്യം നിലനിൽക്കുന്നത് ആരോഗ്യത്തിലും, ആരോഗ്യം നിലനിൽക്കുന്നത് ആയുസ്സിലുമാണ്. ആയുസ്സില്ലെങ്കിൽ ഒന്നു കൊണ്ടും കാര്യമില്ല. ആയുസ്സും, സൗഖ്യവും ഉണ്ടെങ്കിലും ആരോഗ്യം ഇല്ലെങ്കിൽ അതു കൊണ്ട് എന്തു കാര്യം? അതു കൊണ്ട് മൂന്ന് ഘടകങ്ങളും നമുക്ക് അനുകൂലമായി വരാൻ ആവശ്യമായത് ഈശ്വരാനുഗ്രഹം ആണ്. ഇതിൽ ഏതെങ്കിലും ഒന്ന് ഇല്ലാതായാൽ ജീവിതം ദു:ഖകരമായി മാറും. ആയുസ്സിനും,ആരോഗ്യത്തിനും സൗഖ്യത്തിനും തുല്യ പ്രാധാന്യമാണ് ഉള്ളത്. ഇത് മൂന്നും ഒത്തുവരുന്ന കാലത്തിനെ നാം അനുഗ്രഹ കാലമായി കരുതുന്നു. ആരോഗ്യം സംരക്ഷിക്കൂ..... ശുചിത്വം നിലനിർത്തു..... പ്രകൃതിയെ സംരക്ഷിക്കൂ. എങ്കിൽ മാത്രമേ ആരോഗ്യമുള്ള സമൂഹം നിലനിൽക്കൂ..... '
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം