എന്റെ നാട്

സെന്റ് ആൻസ് എച്ച്. എസ്.എസ്. കുര്യനാട്

കാലം മറക്കാത്ത ശോഭ, കാലം ചെല്ലുംതോറും കൂടുതൽ ശോഭയോടെ കാലത്തിനൊത്തു മാറുന്ന കലാലയം. കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കന്ററി സ്കൂൾ മികവിന്റെ 3 പതിറ്റാണ്ടുകൾ പിന്നിട്ട്, പ്രവർത്തനത്തിന്റെ 35-ാം വർഷത്തിലാണിപ്പേൾ. 32 എസ്. എസ്. എൽ. സി. ബാച്ചുകളും 12 പ്ലസ് 2 ബാച്ചുകളും അഭിമാനത്തേടെ കോഴ്സുകൾ പൂർത്തിയാക്കി. അരികിലും അന്ന്യദേശത്തുമായി വ്യത്യസ്ത മേഘലകളിൽ ജോലി ചെയ്യുന്നവർ അവധിക്കാലങ്ങളിൽ സ്കൂളിലും, ദൈനംദിനം സോഷ്യൽ നെറ്റ് വർക്കുകളിലും ഒത്തുചേർന്ന് സ്കൂളിന്റെ ഭാഗമായി തുടരുന്നു. സ്കൂളിലെ പൂർവ്വ വിദ്യർത്ഥികൾ അദ്ധ്യാപകരായി എത്തുമ്പോൾ, ആദ്യകാല വിദ്യാർത്ഥികളുടെ മക്കളാണ് നല്ലൊരുഭാഗം വിദ്യർത്ഥികൾ. 'ഗുണമേന്മയുള്ള വിദ്യാഭ്യാസം' എന്നത് സിലബസിനപ്പുറം സ്ഥാപനത്തിന്റെ ഗുണവും മേന്മയുമാണ് എന്ന സത്യത്തിൽ അടിയുറച്ചാണ് സെന്റ് ആൻസ് ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തിക്കുന്നത്. വിജ്ഞാനവും വിവേകവുമുള്ള ഒരു തലമുറക്ക് ജന്മംനൽകുക എന്നതാണ് സെന്റ് ആൻസിന്റെ പരമപ്രധാനമായ ലക്ഷ്യം. നേട്ടങ്ങളുടെ അടിസ്ഥാനം അധ്വാനം തന്നെയാണ് എന്ന തിരിച്ചറിവിലാണ് ഇവിടുത്തെ അദ്ധ്യപകരും കുട്ടികളും അത്യദ്ധ്വാനം ചെയ്യുന്നത്. അവരവരുടെ അദ്ധ്വാനത്തിന് ഏറ്റവും യോജിച്ച പിന്തുണയാണ് മാനേജ്മെന്റും രക്ഷിതാക്കളും നൽകുന്നത്. 'വിദ്യാധനം സർവ്വധനാൽ പ്രധാനം' എന്ന സത്യത്തെ കുട്ടികളിലെത്തിക്കുവാൻ സെന്റ് ആൻസ് കുടുംബം ഒട്ടനവധി കാര്യങ്ങൾ ഒരോ വർഷവും പ്രവർത്തിപഥത്തിലെത്തിക്കുന്നു. സാമൂഹിക മാറ്റത്തിനുള്ള ഉപകരണമായി വിദ്യാഭ്യസത്തെ കണ്ട വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ ദർശനങ്ങളിൽ വിരിഞ്ഞ്, വിശുദ്ധ അന്നാമ്മയുടെ കരലാളനത്താൽ വളർന്ന സെന്റ് ആൻസ് ഏവർക്കും പുണ്യസങ്കേതമായി മാറിയത് സ്വാഭാവികം അഥവാ ദൈവനിശ്ചയം.