സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നല്ലപാഠം ക്ലബ്ബ്
നല്ലപാഠം ക്ലബ്ബ്
മലയാള മനോരമയുടെ നല്ലപാഠം പ്രവർത്തനങ്ങൾ സ്കൂളിൽ മികച്ച രീതിയിൽ പുരോഗമിക്കുന്നു. അധ്യാപക കോർഡിനേറ്റർമാരായ സ്വപ്ന മാത്യു, സീനത്ത് ബി കെ എന്നിവരുടെയും വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഇഷ പി കെ , മുഹമ്മദ് നിഹാൽ എന്നിവരുടെയും നേതുത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത് . കൃഷി, പഠനോപകരണ വിതരണം, ദിനാചരണങ്ങളിലെ പങ്കാളിത്തം, സഹായ പ്രവർത്തികൾ, മത്സര രംഗങ്ങളിലെ സാമീപ്യം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നു വരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധ നേടിയതാണ് സ്നേഹ സമ്മാനം പദ്ധതിയും, കൃഷിദീപം പദ്ധതിയും. വിദ്യാലയ പ്രവർത്തനത്തോടൊപ്പം കുട്ടികളുടെ ഭവനത്തിലും നടപ്പിലാക്കാവുന്ന പ്രവർത്തനങ്ങൾ നല്ലപാഠം ക്ലബ് ആവിഷ്കരിച്ചിട്ടുണ്ട്.
പ്രവർത്തനങ്ങൾ
കൃഷിദീപം പദ്ധതി
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ, കൂടരഞ്ഞി കൃഷിഭവനുമായി സഹകരിച്ചു സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂളിൽ കൃഷിദീപം പദ്ധതി നടപ്പിൽ വരുത്തി. സ്കൂൾ പണി നടക്കുന്ന അവസ്ഥയിൽ മണ്ണ് തീരെ കുറവായ ഞങ്ങൾക്ക് സ്കൂൾ ഗ്രൗണ്ടിന്റെ സ്റ്റേഡിയം ഉപയോഗപ്പെടുത്തി ചാക്കിലും, ഗ്രോ ബാഗിലുമായി വളരെ ചിലവുകുറഞ്ഞ രീതിയിൽ പച്ചക്കറികൾ കൃഷിചെയ്യുവാൻ കഴിയുന്നു. നൂറിലധികം വരുന്ന ചാക്കുകളിൽ അവ വിളഞ്ഞു നിൽക്കുമ്പോൾ സ്റ്റേഡിയത്തിന്റെ പരിസരം തന്നെ കാണാൻ വളരെ ഭംഗിയാണ്. നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും ഒത്തൊരുമയോടെ 125 ഗ്രോ ബാഗുകളിൽ മണ്ണും, ചാണകവും, ചകിരിച്ചോറും മിക്സ് ചെയ്ത് നിറച്ചു. ഗ്രോ ബാഗ് സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചു. തുടർന്ന് കൃഷിഭവനിൽ നിന്നും നൽകിയ പച്ചക്കറി തൈകളായ പയർ, വഴുതന, തക്കാളി, മുളക്, പപ്പായ, വെണ്ട എന്നിവ ഗ്രോ ബാഗിൽ നട്ടുവെച്ചു. കൃത്യമായ ഇടവേളകളിൽ ജൈവകീടനാശിനി പ്രയോഗം, ജൈവവള പ്രയോഗം, നനക്കൽ എന്നിവ നല്ലപാഠം കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ജൈവവളങ്ങളിൽ പ്രധാനമായും ചാണകവും കടലപ്പിണ്ണാക്കും ചേർന്ന ലായനിയും, സ്കൂൾ പാചകപ്പുരയിൽ നിന്നും ലഭിക്കുന്ന ചാരവും ഉപയോഗിക്കുന്നു. കുട്ടികൾക്ക് പച്ചക്കറി കൃഷി നിരീക്ഷിക്കുവാനും , അവയുടെ വളർച്ച രേഖപ്പെടുത്തുവാനുമുള്ള പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നൽകി വരുന്നു. കൂടാതെ സ്കൂളിനോട് ചേർന്ന് ഒരു പപ്പായത്തോട്ടം സജ്ജീകരിക്കുവാനും ഈ ക്ലബ് ശ്രെമിച്ചിട്ടുണ്ട്.
അടുക്കളത്തോട്ടം - വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം
കൃഷിദീപം പദ്ധതിയുടെ തുടർച്ചയെന്നോണം നടത്തിയ പദ്ധതിയാണ് 'അടുക്കളത്തോട്ടം'. പച്ചക്കറികൾ സ്വന്തം പറമ്പിൽ ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുക വഴി വിഷരഹിത പച്ചക്കറിയുടെ ഗുണമേന്മ ആസ്വദിക്കുവാനും, പച്ചക്കറികൃഷിയിൽ താല്പര്യം ജനിപ്പിക്കുവാനും കഴിഞ്ഞു. കൃഷിയിൽ താല്പര്യം ഉള്ള ഓരോ കുട്ടിക്കും പയർ, വെണ്ട, പാവൽ, മുളക്, മത്തൻ എന്നിവയുടെ വിത്തുകൾ വിതരണം ചെയ്തു. എങ്ങനെയാണു പച്ചക്കറി നടേണ്ടത് എന്നുള്ള വീഡിയോ ക്ലാസ് വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്നു ഓരോ ഘട്ടത്തിലും ചെയ്യേണ്ട പരിചരങ്ങൾ ഏതൊക്കെ എന്ന് അതാതു ഘട്ടങ്ങളിൽ പറഞ്ഞു കൊടുത്തു. കുട്ടികളോട് പച്ചക്കറിയുടെ വളർച്ചയും, ഓരോന്നിലും പൂവ്, കായ് ഇവ ഉണ്ടാകുവാനെടുക്കുന്ന കാലം, പച്ചക്കറിയിൽ ഉപയോഗിക്കുന്ന ജൈവവളം, ജൈവകീടനാശിനി, ഏതൊക്കെ ഘട്ടത്തിലാണ് മാതാപിതാക്കളുടെ സഹായം ആവശ്യമായി വന്നത് എന്നിവ കണ്ടെത്തി രേഖപ്പെടുത്തുവാനും ആവശ്യപ്പെടുന്നു. ഓരോ പച്ചക്കറിയും നേരിടുന്ന രോഗങ്ങൾ, കീടങ്ങൾ ഇവയും തിരിച്ചറിഞ്ഞു രേഖപ്പെടുത്തുന്നു. വീട്ടിൽ നിന്നും പുറംതള്ളുന്ന മലിനജലം ഫലപ്രദമായ രീതിയിൽ അടുക്കളത്തോട്ടത്തിലേക്ക് തിരിച്ചുവിടുന്നതും, ഉള്ളിത്തൊണ്ട്, മുട്ടത്തൊണ്ട്, പച്ചക്കറി വേസ്റ്റുകൾ എന്നിവയെല്ലാം ജൈവവളമായി ഉപയോഗിക്കാമെന്നതും ചില കുട്ടികൾക്കെങ്കിലും പുതിയ ഒരു അറിവായിരുന്നു. തുടർന്ന് വർഷാവസാനം മികച്ച കുട്ടികർഷകനും, കുട്ടികർഷകക്കും പുരസ്കാരങ്ങളും നൽകുന്നു. നിലവിൽ കുട്ടികളുടെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികൾ കായായി തുടങ്ങിയിട്ടുണ്ട
ഉച്ചക്കഞ്ഞിക്കൊരു കൈത്താങ്ങ്
കഴിഞ്ഞവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഉച്ചഭക്ഷണം എന്നത് വളരെ ചെലവേറിയ ഒന്നായി മാറിയിരിക്കുന്നു. സ്കൂളിനെ സംബന്ധിച്ചും, അധ്യാപകരെ സംബന്ധിച്ചും സ്വന്തം കൈയിൽനിന്നും പണം ചെലവഴിക്കേണ്ട ഈ അവസ്ഥയിൽ ഉച്ചഭക്ഷണത്തിനൊരു കൈതാങ് എന്ന നിലയിൽ വളരെ പോഷകമൂല്യമുള്ള ഒരിനം ചീര 'ചായ മൻസ' നട്ടുവളർത്തി കുഞ്ഞുങ്ങൾക്ക് ഇലക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്തി നൽകുവാൻ സാധിക്കുന്നു. അതുപോലെതന്നെ വാഴക്കൃഷിയും. ഒരു കുട്ടിക്ക് രണ്ടുവീതം വാഴക്കന്നുകൾ സ്കൂളില്നിന്നും കഴിഞ്ഞ വർഷം വിതരണം ചെയ്തു. അതിന്റെ പരിപാലനം കുട്ടികളെ ഏൽപ്പിച്ചു. തുടർന്ന് അതിൽനിന്നും ലഭിക്കുന്ന ഒരു വാഴക്കുല കുട്ടിക്കും, ഒരു വാഴക്കുല സ്കൂളിലേക്കും കുട്ടി നൽകുന്നു. കൂടത്തെസ്കൂളിനോട് ചേർന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് വാഴക്കൃഷി നടത്തുകയും ചെയ്തു. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന ഈ വാഴയുടെ എല്ലാ ഭാഗങ്ങളും തന്നെ ഉച്ചഭക്ഷണത്തിനുവേണ്ടി ഉപയോഗിച്ച് വരുന്നു.
സ്നേഹസമ്മാനം
ഈ വർഷത്തെ ക്രിസ്മസ് വേറിട്ടരീതിയിൽ ആഘോഷിച്ചു. കുട്ടികൾ അന്യോന്യം ക്രിസ്മസ് ഫ്രണ്ടിനെ കണ്ടെത്തി സമ്മാനങ്ങൾ കൈമാറുന്നതിന് പകരം ഈ വർഷത്തെ ഫ്രണ്ട് ആയി അനാഥർ, വൃദ്ധർ, രോഗികൾ, ആലംബഹീനർ തുടങ്ങിയവരെ മനസ്സിൽ കണ്ട് അവരെ ക്രിസ്മസ് ഫ്രണ്ട് ആയി കണ്ടുകൊണ്ട് അവർക്കായി പ്രാർത്ഥിച്ചു. കൂടാതെ തങ്ങളുടെ എളിയ സമ്പാദ്യത്തിൽ നിന്നും ഒരു ചെറിയ തുക അവർക്കായി നീക്കിവെച്ചു അവർക്കാവശ്യമുള്ള വസ്തുക്കൾ വാങ്ങി നൽകുകയും ചെയ്തു. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ സ്ഥിതി ചെയ്യുന്ന 'ഗാന്ധിഭവൻ' വൃദ്ധ സദനത്തിലേക്കു അവർക്കാവശ്യമുള്ള വസ്തുക്കൾ (ബെഡ്ഷീറ്റ്, ഭക്ഷ്യവസ്തുക്കൾ, സോപ്പ്, പേയ്സ്റ്, ടോയ്ലറ്റ് ക്ലീനർ, സോപ്പ്‌പൊടി, തോർത്ത്, മുണ്ട് ) അടങ്ങിയ കിറ്റ് സ്നേഹസമ്മാനമായി കൈമാറി. ഹെഡ് മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജിൽ നിന്നും ഗാന്ധിഭവൻ സെക്രെട്ടറിയും, മെമ്പറുമായ ശ്രീ അഗസ്റ്റിൻ കീത്ത് സ്നേഹസമ്മാനം ഏറ്റുവാങ്ങി. പി ടി എ പ്രതിനിധി ശ്രീ. പ്രതീഷ് ഉദയൻ, അദ്ധ്യാപകരായ ശ്രീ. ജസ്റ്റിൻ, ജിതിൻ, ശ്രീമതി. ബീന മാത്യു, ബോബി സി കെ , അഡോണിയ, ഡെൽന, സിസ്റ്റർ സീമ ഐസക്, അദ്ധ്യാപക കോർഡിനേറ്റർ ആയ ശ്രീമതി സ്വപ്ന മാത്യു , വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ജിദ്വാൻ, സച്ചിൻ പ്രതീഷ് എന്നിവർ സന്നിഹിതരായിരുന്നു.
പെയിൻ ആൻഡ് പാലിയേറ്റിവുമായി കൈകോർത്ത്
സ്നേഹത്തിന്റെയും കരുണയുടെയും സന്ദേശം വിളിച്ചോതുന്ന ഡിസംബെരിൽ ചെയ്ത മറ്റൊരു മികച്ച പ്രവർത്തനമാണ് തിരുവമ്പാടി ലിസ ഹോസ്പിറ്റൽ പെയിൻ ആൻഡ് പാലിയേറ്റിവുമായി സഹകരിച്ചുകൊണ്ട് രോഗങ്ങളാൽ കഷ്ട്ടപ്പെടുന്നവർക്കായി നിരവധി പ്രയോജനപ്രദമായ വസ്തുക്കൾ സംഭാവന ചെയ്തത്. ഡയപ്പറുകൾ, ബെഡ്ഷീറ്റ്, തോർത്ത്, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, ഹാൻഡ് വാഷ്, എന്നിവ അടങ്ങിയ കിറ്റുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ കൈമാറി. തിരുവമ്പാടി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പ്രസിഡന്റ് ശ്രീ കെ സി മാത്യു കിറ്റുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ പാലിയേറ്റിവ് അംഗങ്ങളായ ശ്രീ കെ എം ഫ്രാൻസിസ്, ഡൊമിനിക് സാവിയോ, മേരി സാവിയോ, ബെന്നി കരിക്കാട്ട് എന്നിവരും അധ്യാപകരായ സിസ്റ്റർ സീമ ഐസക്, ശ്രീമതി ബീന മാത്യു, ദിൽന, ടോണി, ബോബി സി കെ, ശ്രീ ജസ്റ്റിൻ, ജിതിൻ അധ്യാപക കോർഡിനേറ്റർമാരായ ശ്രീമതി സീനത്ത് ബി കെ, സ്വപ്ന മാത്യു, പി ടി എ പ്രതിനിധി ശ്രീ പ്രതീഷ് ഉദയൻ എന്നിവരും സന്നിഹിതരായിരുന്നു. കൂടാതെ കൂടരഞ്ഞി അഭയ പെയിൻ ആൻഡ് പാലിയേറ്റിവുമായി സഹകരിച്ചു രോഗികളെ സഹായിക്കുവാനുള്ള പണക്കുടുക്കയും സ്കൂളിൽ സ്ഥാപിച്ചു. കുട്ടികൾക്കും അദ്ധ്യാപകർക്കും അവർക്കാകുന്ന തുക ഓരോ മാസവും സംഭാവനയായി കുടുക്കയിൽ നിക്ഷേപിക്കാവുന്നതാണ്.