സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
എന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്നു നട്ടംതിരിയുകയാണ്. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതിപ്രശ്നങ്ങൾ. മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായി പ്രതിദിനം വർധിക്കുന്നു. ഇതിനു കാരണം മനുഷ്യൻ പ്രകൃതിയെ മലിനമാക്കുന്നതു തന്നെയാണ്. പരിസ്ഥിതി ദിനാചരണം എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനം ആയി നാം ആചരിയ്ക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്തുവാനും പരിസ്ഥിതി സംരക്ഷണത്തിനായി പ്രയത്നിക്കാനും നാം തയ്യാറാകണം. ദിവസേന അന്തരീക്ഷത്തിൽ എത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ, എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു.ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതം ആക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക, എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. പരിസ്ഥിതി ശോഷണം പരിസ്ഥിതിക്കു ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങൾ എന്തൊക്കെയാണ്? നിരവധി രൂപത്തിലുള്ള മലിനീകരണമാണ് ആദ്യത്തേത. പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം, ജലമലിനീകരണം, എല്ലാം ആ വിഭാഗത്തിൽ ആണ് വരുന്നത. ഭൂമിയിലെ ആവാസവ്യവസ്ഥയ്ക്ക് പ്രകൃതി ഒരു ക്രമീകരണം വരുത്തിയിട്ടുണ്ട്. അതിനെ തകിടംമറിക്കുന്ന മലിനീകരണം പരിസ്ഥിതിക്കു ബാധകമാണ്. അന്തരീക്ഷ മലിനീകരണം അന്തരീക്ഷത്തിൽ പുകയും വിഷവാതകങ്ങളും മറ്റ് രാസപദാർത്ഥങ്ങളും കലരുന്നത് മൂലമുണ്ടാകുന്ന മലിനീകരണമാണ് അന്തരീക്ഷമലിനീകരണം. മനുഷ്യന്റെയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിനു തന്നെ ഇത് ഭീഷണിയാകാൻ ഇടയുണ്ട്. പലരീതിയിലാണ് മാലിന്യങ്ങൾ അന്തരീക്ഷത്തിൽ എത്തിച്ചേരുന്നത്. മനുഷ്യനോ ആവാസവ്യവസ്ഥയ്ക്ക് തന്നെയോ ഹാനികരമായി ബാധിക്കുന്ന വായുവിലെ പദാർത്ഥങ്ങളാണ് അന്തരീക്ഷമലിനീകാരികൾ. വൻ വ്യവസായ ശാലകൾ പുറത്തുവിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ കത്തുമ്പോൾ ഉയരുന്ന വാതകങ്ങൾ അന്തരീക്ഷത്തിലെ താപനിലയ്ക്ക് മാറ്റം വരുത്തുന്നു. ഭൂമിക്ക് ശാപമാകുന്ന ഈ വാതകങ്ങൾ ഓസോൺ പാളിക്ക് തകരാർ ഉണ്ടാക്കുന്നു. വിള്ളൽ വീണാൽ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലേക്ക് കടന്നുവരും, സസ്യങ്ങൾ നശിക്കും. തൊലിപ്പുറത്തുണ്ടാകുന്ന ഒരു തരം കാൻസറിനും കാരണമാകും. ഈ അന്തരീക്ഷമലിനീകരണം മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പ്രകാശമലിനീകരണം അമിതമായ അളവിലോ തെറ്റായ ദിശയിലോ അനാവശ്യമായിട്ടുള്ള കൃത്രിമ പ്രകാശത്തിന്റെ സാന്നിധ്യമാണ് പ്രകാശമലിനീകരണം. പലതരം അർബുദങ്ങൾക്കും ഈ പ്രകാശമലിനീകരണം കാരണമാകും. പ്രകാശ മലിനീകരണം മൂലം വാനനിരീക്ഷകർക്ക് നല്ല ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. അംബരചുംബികളുടെ പ്രകാശം ദേശാടനപക്ഷികളുടെ ദിശ തെറ്റിക്കുന്നു. കടൽ ജീവികളുടെ സ്വൈര്യവിഹാരത്തെ ഇത് ബാധിക്കുന്നു. ശബ്ദമലിനീകരണം വാഹനങ്ങളിൽ വിമാനം, തീവണ്ടി, മുതലായവയിൽ നിന്നും ഉള്ള ശബ്ദം, യന്ത്രസാമഗ്രികൾ, ഉച്ചഭാഷിണികൾ, തുടങ്ങിയവയുടെ പ്രവർത്തനം മൂലം ഉണ്ടാകുന്ന ശബ്ദം, തുടങ്ങി ശബ്ദമലിനീകരണത്തിന്റെ സ്രോതസ്സുകൾ നിരവധിയാണ്. മനുഷ്യന്റെയോ മൃഗത്തിന്റെയോ യന്ത്രസാമഗ്രികളുടെയോ പ്രവർത്തനത്താൽ സൃഷ്ടിക്കപ്പെടുന്നതും മനുഷ്യന്റെയോ മറ്റു ജീവികളുടെയോ സ്വൈര്യ ജീവിതത്തെ അഥവാ സന്തുലനാവസ്ഥയെ താളം തെറ്റിക്കുന്നതുമായ അമിതവും അസഹ്യവുമായ ശബ്ദത്തെയാണ് ശബ്ദമലിനീകരണം എന്നു വിശേഷിപ്പിക്കുന്നത്. ജലമലിനീകരണം
കുളം, തടാകം, നദി, കായൽ, കടൽ, ഭൂഗർഭജലസ്രോതസ്സ്, പോലുള്ള ജലാശയങ്ങൾ മലിനമാക്കുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണമാണ് ജലമലിനീകരണം. മതിയായ സംസ്കരണം നടത്തി അപകടകരമായ ഘടകങ്ങൾ നീക്കം ചെയ്യാതെ മാലിന്യങ്ങൾ നേരിട്ടോ അല്ലാതെയോ ജലാശയങ്ങളിലേക്ക് കലർത്തുമ്പോഴാണ് പൊതുവേ ജലമലിനീകരണം ഉണ്ടാകുന്നത്. പ്ലാസ്റ്റിക്കും മറ്റു ചപ്പുചവറുകളും ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നതും ജല മലിനീകരണത്തിന് കാരണമാകുന്നു. പ്ലാസ്റ്റിക് മലിനീകരണം പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കൂടുന്നത് മൂലം വന്യജീവികൾ, അവയുടെ വാസസ്ഥലങ്ങൾ, അല്ലെങ്കിൽ മനുഷ്യർ, എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്. പ്ലാസ്റ്റിക് ചെലവ് കുറഞ്ഞതാണ് എന്നതിനോടും ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനോടും പ്ലാസ്റ്റിക് മലിനീകരണം വർധിച്ചിരിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ മനുഷ്യന്റെ പ്ലാസ്റ്റിക് ഉപയോഗം ഉയർന്ന അളവിൽ വർധിച്ചു. മണ്ണിന്റെ ജൈവ ഘടനയിൽ തന്നെ ശക്തമായ മാറ്റം വരുത്തുവാൻ പ്ലാസ്റ്റിക്കിന് കഴിയും. അതിനാൽ ഈ പ്ലാസ്റ്റിക് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. നൈസർഗിക പ്രകൃതിയെസംരക്ഷിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തികളെയാണ് പരിസ്ഥിതി സംരക്ഷണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ. പാടം നികത്തിയാലും, മണൽവാരി പുഴ നശിച്ചാലും, വനം വെട്ടി തെളിച്ചാലും, മാലിന്യ കൂമ്പാരങ്ങൾ കൂടിയാലും, കുന്നിടിച്ചാലും, ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്നു കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപൂർവം ഇടപെട്ട് ഭൂമിയെ സംരക്ഷിക്കാൻ തയ്യാറാകണം. പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും സ്വയം തയ്യാറാകണം. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം നമുക്ക് വേണ്ട എന്ന് പറയാനുള്ള ഇച്ഛാശക്തി നാം ആർജിക്കണം. അങ്ങനെ നമ്മുടെ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |