സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ പ്രകൃതിയെ സംരക്ഷിക്കൂ.

പ്രകൃതിയെ സംരക്ഷിക്കൂ

പ്രകൃതി വിഭവങ്ങൾക്ക് അതിരുകളില്ലെന്ന് നമുക്കൊരു ധാരണയുണ്ട്. പ്രകൃതി കനിഞ്ഞേകിയ ജീവനോപാധികൾക്കും ജൈവ വൈവിധ്യങ്ങൾക്കും കണക്കില്ലെന്ന് നമ്മൾ വിചാരിച്ചു. അതൊക്കെ സ്വാഭാവികമായും സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണെന്നായിരുന്നു വിശ്വാസവും. പക്ഷേ, ഭൂമിയിൽ ജീവനെ താങ്ങി നിർത്തുന്ന ജൈവ വൈവിധ്യങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നശിച്ചു പോകുമെന്നും, ശരിയായ അവബോധമില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തികളുടെയും ദുരന്തഫലമാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയാൻ വൈകിപ്പോയെന്നു മാത്രം.

ഭൂമിയിലെ വ്യത്യസ്ത ജീവജാലങ്ങളും അവ രൂപം നൽകുന്ന പ്രകൃതിയുടെ ക്രമവുമാണ് ജൈവ വൈവിധ്യം. കോടാനുകോടി വർഷങ്ങളിൽ സംഭവിച്ച മാറ്റങ്ങളുടെയും പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യ സ്വാധീനത്തിന്റെയും ഫലമാണ് ഇന്ന് കാണുന്ന ജൈവ വൈവിധ്യത്തിനു പിന്നിൽ. നാം ഉൾപ്പെടുന്ന ജീവന്റെ ശൃംഖലയാണ് അത് രൂപപ്പെടുത്തുന്നത്. മനുഷ്യനും സസ്യജാലങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളുമൊക്കെ ഉൾപ്പെടുന്നതാണ് ഈ ശൃംഖല. 1.75 ദശലക്ഷം ഇനം ജീവികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ തിരിച്ചറിയാത്ത പതിന്മടങ്ങ് ജീവികളുണ്ടെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. മൂന്നര കോടി വർഷത്തെ വിപ്ലകരമായ ചരിത്രത്തിന്റെ പരിണതിയാണ് ഇന്ന് ഭൂമിയിൽ കാണുന്ന ജീവിതത്തിന്റെ ഈ ചിത്രകമ്പളം. ഇപ്പോൾ മനുഷ്യന്റെ കൈകടത്തലിൽ അതിന് കാതലായ മാറ്റം വന്നിരിക്കുന്നു. പതിനായിരം വർഷം മുമ്പുണ്ടായ കാർഷിക വിപ്ലവവും മൂന്ന് നൂറ്റാണ്ട് മുമ്പ് മാത്രമുണ്ടായ വ്യാവസായിക വിപ്ലവവും ഭൂപ്രകൃതിയിൽ വമ്പിച്ച രൂപമാറ്റമുണ്ടാക്കി. ശിലായുധങ്ങൾ കൊണ്ട് മരം മുറിച്ചിരുന്ന മനുഷ്യൻ ഭൂമിയുടെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിന് മലകൾ തന്നെ ഖനനം ചെയ്യാൻ തുടങ്ങി. സാങ്കേതിക വിദ്യ വികസിച്ചപ്പോൾ അമിതമായ വിളവെടുപ്പുകൾക്ക് ഒരു നിയന്ത്രണവുമില്ലാതായി.

പ്രകൃതിയിലെ സമ്പന്നമായ വൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് മനുഷ്യൻ. വൻ മരങ്ങൾ മുതൽ സൂക്ഷ്മജീവികൾ വരെ അടങ്ങുന്ന വൈവിധ്യത്തിലാണ് നമ്മുടെ നിലനില്പ്. മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ നിലനില്പ് ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ പ്രകൃതിയെ സംരക്ഷിക്കാനും നശിപ്പിക്കാനുമാകുന്നത് മനുഷ്യനുമാത്രമാണ്. പുൽമേടുകൾ നശിപ്പിക്കുന്നതും വനവിഭവങ്ങൾ വൻതോതിൽ ചൂഷണംചെയ്യുന്നതും വനങ്ങൾ തോട്ടങ്ങളായി മാറ്റുന്നതും വനത്തിലെ നിർമ്മാണ പ്രവർത്തനങ്ങളുമൊക്കെ സസ്യസമ്പത്തിന് കടുത്ത ഭീഷണിയാണ്. പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നതുമൂലം സമൃദ്ധമായ ഭക്ഷ്യവിഭവങ്ങളും മികച്ച പാർപ്പിടങ്ങളും ആരോഗ്യ ശുചീകരണ സംവിധാനങ്ങളുമുണ്ടായി. പക്ഷേ, ഈ നേട്ടങ്ങൾ വർധിച്ച പാരിസ്ഥിതിക തകർച്ചയുണ്ടാക്കുന്നുവെന്ന് നാം മറന്നു. പ്രാദേശിക സമ്പദ് വ്യവസ്ഥകളിലും ഇത് തകർച്ചയുണ്ടാക്കുന്നു.1999 ൽ ലോക ജനസംഖ്യ 600 കോടിയിലെത്തി. അടുത്ത 50 വർഷത്തിനിടെ 900 കോടി ജനങ്ങൾക്കുള്ള ജീവിത വിഭവങ്ങൾ കണ്ടെത്തേണ്ടി വരുമെന്ന് യു.എൻ. വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 1950 മുതൽ പ്രകൃതി വിഭവങ്ങൾക്കുള്ള ഉപഭോഗം എക്കാലത്തേക്കാളും വലിയ തോതിലാണ് വർധിക്കുന്നത്. ലോക ജനസംഖ്യ ഇക്കാലത്തിനിടെ ഇരട്ടിയായി. ആഗോള സമ്പദ് രംഗം അഞ്ചിരട്ടി മെച്ചപ്പെട്ടു. പക്ഷേ, ഗുണഫലം തുല്യമായി വിതരണം ചെയ്യപ്പെടാതെ ഏതാനും വ്യാവസായിക രാജ്യങ്ങളിൽ മാത്രമൊതുങ്ങി. അതേസമയം, നമ്മുടെ അധിവാസ ക്രമത്തിലുണ്ടായ മാറ്റം, പരിസ്ഥിതിയുമായുള്ള ബന്ധത്തിലും മാറ്റം വരുത്തി. ലോക ജനസംഖ്യയുടെ പകുതിയോളം പട്ടണങ്ങളിലും മഹാനഗരങ്ങളിലുമാണ് ജീവിക്കുന്നത്. ഭൂരിഭാഗം പേർക്കും പ്രകൃതി അവരുടെ നിത്യജീവിതത്തിൽ നിന്ന് വളരെ ദൂരത്താണ്.

ജൈവവൈവിധ്യം, സംസ്‌കാരങ്ങൾ പടുത്തുയർത്തിയ സ്തംഭങ്ങൾ തന്നെയാണ്. ഈ വൈവിധ്യം നശിച്ചാൽ അത് ഭക്ഷ്യ വിതരണത്തിനും വിനോദാവസരങ്ങൾക്കും ഔഷധങ്ങൾക്കും ഊർജത്തിനും ഇന്ധനത്തിനുമൊക്കെ ഭീഷണിയാകും. അനിവാര്യമായ പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാനും ജൈവ വൈവിധ്യങ്ങളുടെ തകർച്ച കാരണമാകും. പ്രകൃതിയുടെ കണക്കിനേക്കാൾ 50 ഉം 100 ഉം ഇരട്ടിയായാണ് സസ്യ, ജന്തുജാലങ്ങൾ ഭൂമുഖത്തു നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. 34,000 സസ്യങ്ങളും 5200 ജന്തുജാലങ്ങളും വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് കണക്ക്. ലോകത്ത് പക്ഷികളുടെ എണ്ണത്തിൽ എട്ടിലൊന്ന് കുറവുണ്ടാകുന്നതായും പഠനങ്ങൾ പറയുന്നു.

അടുക്കളത്തോട്ടവും വീട്ടുമൃഗങ്ങളും അപ്രത്യക്ഷമാകുന്നു. കർഷകരുടെ താത്പര്യവും പ്രത്യേക വിളകളിൽ മാത്രമൊതുങ്ങുന്നു. കാടുകളാണ് ജൈവവൈവിധ്യത്തിന്റെ അറിയപ്പെടുന്ന സങ്കേതം. പക്ഷേ, ഭൂമിയിലെ നാൽപ്പത്തഞ്ചു ശതമാനം കാടുകളും അപ്രത്യക്ഷമായി. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയാണ് ഇത്രയും വനനാശമുണ്ടായത്. പവിഴപ്പുറ്റുകളുടെയും ചതുപ്പു നിലങ്ങളുടെയും ഗണ്യമായ തിരോധാനവും പ്രശ്‌നമുണ്ടാക്കുന്നു. ആഗോള താപനവും ജൈവ വൈവിധ്യങ്ങളുടെ തകർച്ചയ്ക്ക് കാരണമാണ്. ഓസോൺ പാളിയുടെ വിള്ളൽ അൾട്രാവയലറ്റ് കിരണങ്ങൾ എളുപ്പം ഭൗമോപരിതലത്തിൽ എത്തിക്കും. ഇത് ജീവ കോശങ്ങൾക്ക് ഭീഷണിയാണ്. ഇപ്പോൾത്തന്നെ ആഗോള താപനം അധിവാസ കേന്ദ്രങ്ങളെയും ജീവജാലങ്ങളുടെ ജീവിതക്രമത്തെയും ബാധിച്ചിട്ടുണ്ട്. ശരാശരി താപനില ഒരു ഡിഗ്രി തോതിൽ വർധിച്ചാൽ പോലും പല ജീവജാലങ്ങളും നാശം നേരിടുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഭക്ഷ്യോത്പാദന സംവിധാനവും തകരാറിലാകും.കുടുംബങ്ങളും സമൂഹങ്ങളും രാഷ്ട്രങ്ങളും വരാനിരിക്കുന്ന തലമുറകളും ആശ്രയിക്കുന്ന ജീവന്റെ പ്രഭവ കേന്ദ്രമാണ് ജൈവ വൈവിധ്യം. ജീവന്റെ ശൃംഖലയാണ് അത്.

അതേപോലെ, ജൈവ അധിനിവേശവും ജൈവവൈവിധ്യത്തിന് ഭീഷണിയാണ്. അന്യജീവജാലങ്ങൾ ഒരു പ്രദേശത്ത് കടന്നുകൂടി പെറ്റുപെരുകി പ്രാദേശീക സസ്യജന്തുജാലങ്ങൾക്കും പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയായിത്തീരുന്നതിനെയാണ് ജൈവ അധിനിവേശം എന്നു പറയുന്നത്. ലോകം നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്‌നങ്ങളിലൊന്നായി ജൈവ അധിനിവേശത്തെ കാണുന്നു. ജനസംഖ്യാവർധനയും രാജ്യാന്തരയാത്രകളും ആഗോളവ്യാപാരവും വിനോദസഞ്ചാരവും അധിനിവേശ ജീവജാതികളെ കൂടുതൽ ദൂരത്തേക്ക് വളരെ പെട്ടെന്ന് വ്യാപിപ്പിക്കാൻ സഹായിക്കുന്നു.

ആഗോളതലത്തിൽ ഈ ജീവജാതികൾ വരുത്തുന്ന വിളനാശം, കാടിനും പരിസ്ഥിതിക്കും വരുത്തുന്ന നാശവും ഇവയെ നിയന്ത്രിക്കാൻ വരുന്ന ചെലവും അധിനിവേശ രോഗാണുക്കൾ മൂലം മനുഷ്യരിലും മൃഗങ്ങൾക്കുമുണ്ടാകുന്ന നാശവുമെല്ലാം കൂട്ടിയാൽ ഓരോ വർഷവും കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുന്നു എന്നാണ് കണക്ക്. ഈ പശ്ചാത്തലം മുൻ നിർത്തിയാണ് 2009ലെ ജൈവവൈവിധ്യ ദിനത്തിന്റെ സന്ദേശം 'ജൈവവൈവിധ്യവും അധിനിവേശം നടത്തുന്ന അന്യജീവജാതികളും' എന്ന് യു .എൻ നിശ്ചയിച്ചത്.

പല അധിനിവേശ ജീവജാതികളും നമുക്കുചുറ്റും പടരാൻ കാരണമായിത്തീർന്നത് നമ്മൾ തന്നെയാണ്. ഒരു ചെടി വളർത്തുമ്പോൾ അതു പടർന്നു പിടിച്ചാൽ എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് നമ്മളറിഞ്ഞില്ല. അധിനിവേശ ജീവജാതികളുടെ അനിയന്ത്രിതമായ കടന്നുകയറ്റം തദ്ദേശീയ ജൈവ വൈവിധ്യത്തെയും കൃഷിയെയും മത്സ്യബന്ധനത്തെയുമൊക്കെ പ്രതികൂലമായി ബാധിക്കുന്നു. ഇത് രാജ്യത്തിന്റെ ത്വര വികസനത്തെ സാരമായി ബാധിക്കുന്നു.

ആഗോളീകരണത്തിന്റെയും പാരിസ്ഥിതിക തകർച്ചയുടെയും ഇക്കാലത്ത് ജൈവ വൈവിധ്യ ശോഷണം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ഈ മേഖലയുടെ അമിത ഉപഭോഗം കുറയ്ക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് സുപ്രധാനമായ ഒരു നടപടി. പ്രകൃതി വിഭവങ്ങളുടെ നശീകരണ പ്രവണത അതിജീവിക്കാൻ കൂട്ടായ മാർഗങ്ങൾ തേടുന്നതിന് ബോധവത്കരണം കരുത്തു പകരും. ഭൂമിയുടെ ശോഭനമായ ഭാവിക്ക് അത്തരം നടപടികൾ കൂടിയേ മതിയാവൂ. ലക്ഷ്യബോധത്തോടെയുള്ള പദ്ധതികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തില്ലെങ്കിൽ ഉണ്ടായേക്കാവുന്ന നാശം നമ്മുടെ അറിവിനും ബുദ്ധിക്കും അപ്പുറത്തായിരിക്കും.

ഈ വൈവിധ്യം സംരക്ഷിക്കാൻ ഓരോരുത്തരുടെ ഭാഗത്തുനിന്ന് പരിശ്രമമുണ്ടാകണം. പാരിസ്ഥിതിക സന്തുലിതത്വം നിലനിർത്തി ഭൂമിയുടെ ഭാവി ശോഭനമാക്കാൻ വിവിധ രാജ്യങ്ങളിൽ നടക്കുന്ന പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ആഗോള സമൂഹം ഒരുമിച്ച് പ്രവർത്തിക്കും. നമുക്ക് ആരോഗ്യവും സമ്പത്തും ഭക്ഷണവും ഇന്ധനവും ഉൾപ്പെടെ നമ്മുടെ ജീവിതത്തിന്റെ നിലനില്പിന് ആശ്രയമായതെല്ലാം തരുന്ന ജീവ ശൃംഖലയും സംവിധാനവും നിലനിർത്താൻ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.

റിയാ ബിന‌ു
8 ഡി സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം