സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ മടങ്ങാം,പ്രകൃതിയിലേക്ക്

മടങ്ങാം,പ്രകൃതിയിലേക്ക്

മടങ്ങാം,പ്രകൃതിയിലേക്ക്

          മനുഷ്യൻ പണത്തിനായുള്ള നെട്ടോട്ടത്തിലാണ്. ഈ മഹായാത്രയിൽ നാം അറിഞ്ഞും അറിയാതെയും തട്ടിത്തെറിപ്പിക്കുന്ന ധാരാളം നന്മകളുണ്ട്. നമ്മുടെ താൽക്കാലിക സന്തോഷങ്ങൾക്കായി നാം ബലികഴിക്കുന്ന കാര്യങ്ങൾ പിന്നീട് മഹാവിപത്തായി പരിണമിക്കുന്നു എന്നതാണ് സത്യം.
                               പ്രകൃതിയെ അമ്മയായിക്കണ്ട് ആരാധിച്ചിരുന്ന ഒരു തലമുറയാണ് നമുക്ക് മുൻപ് ജീവിച്ചിരുന്നത്. പ്രകൃതിയുടെ മഹത്വം പണ്ടു തന്നെ മനുഷ്യർ മനസ്സിലാക്കിയിരുന്നു എന്ന് സാരം. എന്നാൽ ഇന്നത്തെ തലമുറ എന്താണ് ചെയ്യുന്നത് ? നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾക്കായി പ്രകൃതിയെ നാം ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.വികസനത്തിൻെറ പേരിൽ മനുഷ്യൻ പ്രകൃതിയിൽ ഏൽപ്പിക്കുന്ന മുറിവുകൾ നിസ്സാരമല്ല.മരങ്ങൾ വെട്ടിനശിപ്പിച്ചും വയലുകൾ നികത്തിയും  കുന്നുകൾ നിരത്തിയും നാം നടത്തുന്ന അശാസ്ത്രീയ നിർമ്മാണങ്ങൾ നമുക്കു തന്നെ വൻതിരിച്ചടിയായി മാറിയതിൻെറ ഉത്തമ ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ തന്നെയുണ്ട്. നാം പ്രകൃതിയോട് ചെയ്യിന്ന ക്രൂരതയുടെ പരിണിതഫലങ്ങളാണ് ഓരോ പ്രകൃതിദുരന്തവും. 
                              നാം ജീവിക്കുന്ന ചുറ്റുപാടാണ് നമ്മെ നാമാക്കുന്നത്. നമ്മെ ആയുസ്സും ആരോഗ്യവുമൊക്കെയുള്ളവരാക്കുന്നത്. നമ്മുടെ മലകളും നദികളും മണ്ണും മരങ്ങളും അന്തരീക്ഷവുമൊക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ‌ഇതിലേതെങ്കിലുമൊന്നിന് ഹാനി സംഭവിക്കുകയോ മലിനമാകുകയോ ചെയ്യുമ്പോൾ സ്വാഭാവികമായി അത് മറ്റുള്ളവയെയും ബാധിക്കുന്നു.  അങ്ങനെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. പ്രകൃതിമാതാവിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യനടക്കമുള്ള ജീവജാലങ്ങളാണ്  ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടത്. 
                                     ഇന്ന് ലോകം മുഴുവൻ ഒരു മഹാമാരിയുടെ പിടിയിലാണ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസിന് കൊറോണ എന്നാണ് ശാസ്ത്രലോകം പേര് നൽകിയിരിക്കുന്നത്. കേവലം മൂന്നു മാസങ്ങൾകൊണ്ട് ലോകത്തെയാകെ അതിന്റെ കൈപ്പിടിയിലാക്കാൻ ഈ സൂക്ഷ്മാണുവിനു കഴിഞ്ഞിരിക്കുന്നു. കോവിഡ്-19 മൂലം മരണപ്പെടുന്നവരുടെയെണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. വികസിത രാഷ്ട്രങ്ങൾ പോലും ഈ അണുവിന് മുമ്പിൽ മുട്ടുകുത്തിയിരിക്കുകയാണ്. വൈറസിന്റെ വ്യാപനം തടയാനായി എല്ലാ അടവുകളും പയറ്റുകയാണ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ. ഈ പ്രതിരോധപ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തണമെങ്കിൽ നാം അധികൃതർ നല്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ചേ മതിയാവുകയുള്ളൂ. നമ്മിൽ നിന്ന് ഉണ്ടാകുന്ന ചെറിയ വീഴ്ചക്ക്പോലൂം നാം വലിയ വില കൊടുക്കേണ്ടിവരും. കൃത്യവും വസ്തുനിഷ്ഠവുമായ ശുചിത്വപാലനത്തിലൂടെ നമുക്ക് കൊറോണയെ പ്രതിരോധിക്കാം, അതിജീവിക്കാം.  
ആസിഫ് മുഹമ്മദ് എം
9 R സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം