സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ഭൂമിയിലെ മാലാഖമാർ

ഭൂമിയിലെ മാലാഖമാർ

ഇന്നും അവൾ വാശി പിടിച്ചു കരയുകയാണ്. അമ്മയെ കാണാതെ ആഹാരം തൊടില്ല എന്നവൾ തീർത്തു പറഞ്ഞു. ഒരാഴ്ചയായ് അമ്മ ഇന്നു വരും നാളെ വരും എന്നു പറഞ്ഞ് സമാധാനിപ്പിക്കാനായി തുടങ്ങിയിട്ട് . പിന്നെ , ആ ആറ് വയസ്സുകാരിയോട് പപ്പ എന്തു പറയാനാണ് അയാൾ അവളെ ആശ്വാസവാക്കുകൾ പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കി. ടി.വി കാണിച്ചും കളിപ്പാട്ടം കാണിച്ചും ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. എന്നാൽ അവൾ കരച്ചിൽ അടക്കിയില്ല. കഴിഞ്ഞ ഒരാഴ്ചയായി പപ്പ ഇതു തന്നെ ആണ് കാണിക്കുന്നതെന്ന് അവൾക്കറിയാമായിരുന്നു. അയാൾ തൻ്റെ ഫോണെടുത്ത് റിനിയെ വിളിച്ചു ; റിയയുടെ അമ്മയെ, അയാളുടെ ഭാര്യയെ. നിഷ്ഫലമായ പ്രയത്നമാണെങ്കിലും കുഞ്ഞ് റിയയുടെ സന്തോഷത്തിനു വേണ്ടിയാണ് അയാളിത് ചെയ്തത്. ഫോണിലൂടെ പതിവ് മറുപടി 'നമ്പർ യു ആർ കോൾഡ് ഈസ് നോട് ആൻസറിങ് പ്ലീസ് എഗെയ്ൻ ലേറ്റർ ' അയാൾ റിയയെ ഒന്നു നോക്കി എന്നിട്ട് സ്നേഹത്തോടെ അവളെ വാരി പുണർന്നു.എന്നിട്ട് പറഞ്ഞു: അമ്മ ജോലിത്തിരക്കിലല്ലേ .... എന്തിനാ വെറുതെ അമ്മയെ ശല്യപ്പെടുത്തുന്നത്? ജോലിയെല്ലാം കഴിഞ്ഞ് റിയ കുട്ടിയെ കാണാൻ അമ്മ ഓടി വരില്ലേ? അമ്മ വരുമ്പോൾ റിയ കുട്ടി ആഹാരം ഒന്നും കഴിക്കാതിരിക്കുന്നത് കണ്ടാൽ അമ്മയ്ക്ക് സങ്കടം വരില്ലേ .... അതു കൊണ്ട് നല്ല കുട്ടിയായിരുന്ന് ആഹാരമൊക്കെ കഴിച്ചേ.... വാ.... അവൾ അനുസരണയോടെ ആഹാരമെല്ലാം കഴിച്ചു. അവൾക്കത്രയിഷ്ടമാണ് അമ്മയെ.

                          റിയയുടെ പപ്പ ഗൾഫിലായിരുന്നപ്പോൾ അവൾക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്ത അമ്മയെ മറികടന്ന് അവൾ ഒന്നും ചെയ്തിരുന്നില്ല. ഒരു സർക്കാർ ആശുപത്രിയിലെ നഴ്സാണ് റിനി. മകളെ നോക്കാൻ മറ്റൊരാളെ ഏല്പിക്കാതെ ആശുപത്രിയിലെ ജോലിക്കിടയിൽ അവളെയും കൂട്ടുമായിരുന്നു. അവിടെയുള്ള നഴ്സാൻ്റിമാരെല്ലാം റിയയുടെ കൂട്ടുകാരാണ്. എന്നാൽ റിയ ഇപ്പോൾ വീട്ടിൽ തനിച്ചാണ്. അവളുടെ പപ്പ ഗൾഫിൽ വലിയൊരു കമ്പനിയുടെ മാനേജരാണ്. അത് കൊണ്ട് തന്നെ ലീവ് കിട്ടാനും ബുദ്ധിമുട്ടാണ്. എന്നാൽ പതിവില്ലാതെ പപ്പയും  വീട്ടിലെത്തിയിട്ടുണ്ട്. ഇപ്പോൾ റിയയുടെ കാര്യങ്ങൾ നോക്കുന്നതെല്ലാം പപ്പയാണ്.  പപ്പ എന്നും ന്യൂസ് കാണും. അതിൽ എപ്പോഴും പറയുന്ന രണ്ടു വാക്കാണ് ' കൊറോണ വൈറസും കോവിഡ്- 19- നും'. അതു മാത്രമല്ല സാധാരണ പപ്പ വന്നാൽ റിയ കുട്ടിയെയും കൂട്ടി കറങ്ങാൻ പോകാറുള്ളതാണ്. എന്നാൽ ഇപ്രാവശ്യം അതുമില്ലായിരുന്നു. ഇനി ആരെങ്കിലും വീട്ടിൽ വന്നാലോ സാനിറ്ററൈസർ ഉപയോഗിച്ചതിനു  ശേഷമേ വീട്ടിൽ കയറത്തുള്ളൂ. പപ്പയെവിടെ പോയിട്ടു വന്നാലും കുളിച്ച് ശുചിയായിട്ടേ റിയ കുട്ടിയുടെ അടുത്തു പോലും വരാറുള്ളൂ.റിയ കുട്ടിയേയും കൊണ്ട് ഇടയ്ക്കിടയ്ക്ക് കൈ കഴുകിപ്പിക്കും.പക്ഷേ അവൾക്ക് അതിനർത്ഥമൊന്നും പിടികിട്ടിയില്ല .ഒന്ന് അവൾക്ക് അറിയാമായിരുന്നു.അമ്മ വളരെ അപകടകരമായ ഏതോ തിരക്കുപിടിച്ച ജോലിയിലാണെന്ന്. അതു കൊണ്ടല്ലേ റിയ കുട്ടിയെ ഒന്നു വിളിക്കാൻ പോലും അമ്മയ്ക്ക് ആകാത്തത്.
                        റിനി ജോലി ചെയ്യുന്ന ആശുപത്രിയും ഒരു സമ്പൂർണ കോവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു. നഴ്സുമാർക്കും ഡോക്ടർമാർക്കും 14 ദിവസത്തെ ഷിഫ്റ്റ് ആണ് നല്കിയിരിക്കുന്നത്.അപകടകാരിയായ കൊറോണ വൈറസ് ആയതു കൊണ്ട് തന്നെ അവർക്കാർക്കും വീട്ടിലേക്ക് പോകുവാനോ വീട്ടിലുള്ളവർക്ക് ആശുപത്രിയിൽ വരാനോ സാധിക്കുകയില്ല. റിനി മാത്രമല്ലാ; അവളെ പോലെ ആയിരക്കണക്കിനാളുകൾ  തങ്ങളുടെ സന്തോഷം വെടിഞ്ഞ് കുടുംബത്തിൽ നിന്നകന്ന് മറ്റു കുടംബങ്ങളിൽ സന്തോഷമുണർത്താൻ രാപകൽ വിശ്രമമില്ലാതെ ശ്രമിക്കുകയാണ്. സ്വന്തം ആരോഗ്യം തിരിച്ചു പിടിക്കാൻ പരിശ്രമിക്കുകയാണ്. ആ പരിശ്രമത്തിൻ്റെ ഫലമാണ് കേരളീയ ജനതയുടെ ജീവൻ.നിപ്പ വൈറസിനെ അതിജീവിച്ചതു പോലെ കൊറോണയെയും കേരളം അതിജീവിക്കും. കാരണം ഫ്ലോറൻസ് നൈറ്റിംഗലിനെ പോലുള്ള നിപ്പ വൈറസ് ബാധിച്ചു മരിച്ച നഴ്സായ ലിനിയെ പോലുള്ള ഭൂമിയിലെ മാലാഖമാരുടെ താവളമാണ് കേരളം. അവരുടെ പരിശ്രമം എക്കാലത്തെയും പോലെ വിജയം കാണും. നമ്മൾ അതിജീവിക്കും. രോഗം വരുന്നതിനു മുമ്പേ അതിനെ തടയാൻ നമുക്ക് സാധിക്കും. ഒന്നു മാത്രം ശുചിത്വം                           നമ്മുടെ ദിനചര്യയാക്കി മാറ്റുക.

STAY HOME STAY SAFE

ജീജ പി ജിജി
XI H സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ