സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1946ജനുവരി 7 ന് ഉണിത്രാൻകുന്നിൽ ഒരു ഓല ഷെഡ്ഡിൽ ആരംഭിച്ച സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് എത്തി നിൽക്കുന്നത് ജന്മനാടിന്റെ സകല പാരമ്പര്യവും ഐശ്വര്യവും ഉൾക്കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ വിജയത്തിന്റെ മുത്തമിട്ടു കൊണ്ടാണ് . തുടക്കത്തിൽ 52 കുട്ടികളിൽ തുടങ്ങിയ വിദ്യാലയം മികവിന്റെ എൺപാതാണ്ടിൽ എത്തി നിൽക്കുമ്പോൾ സെന്റ് മേരീസിന്റെ ക്ലാസ്സ് റൂമുകളിൽ നിറയുന്നത് 2500 ഓളം കുട്ടികളാണ്. അവിടെ ഭാവിയുടെ നേർക്കുള്ള ഹസ്തദാനങ്ങളെ വാർത്തെടുക്കുന്ന എഴുപതോളം അധ്യാപകരുടെ സ്വരനിസ്വനങ്ങൾ കേൾക്കാം. സർഗാത്മക സൃഷ്ടിയുടെ ആരവമുണരുന്ന വലിയ ഓഡിറ്റോറിയം, പരീക്ഷണ നിരീക്ഷണങ്ങൾക്കായി അത്യാധുനിക സൌകര്യമുള്ള സയൻസ് ലാബ്, ചാവറ കൾച്ചറൽ ഹാൾ, സെമിനാർ ഹാൾ, സാങ്കേതിക വിദ്യയുടെ ലോകത്തെത്താൻ എൽപി, യുപി, ഹൈസ്കൂൾ മൂന്ന് സെക്ഷനിലും നവീകരിച്ച ഐടി ലാബുകൾ, വിദ്യാലയത്തോട് ചേർന്ന വലിയ ഗ്രൌണ്ട്, ലൈബ്രറിയ്ക്ക് തൊട്ടരികിലായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് കോപ്പറേറ്റീവ് സൊസൈറ്റി ഇവയൊക്കെ സെന്റ് മേരീസിന്റെ കെട്ടുറപ്പിന് മാറ്റു കൂട്ടുന്നു. വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി അഞ്ച് നോൺ ടീച്ചിങ്ങ് സ്റ്റാഫ് ഉണ്ട്. 1951 ൽ യുപി സ്കൂളും 1966 ൽ ഹൈസ്കൂളും രൂപം കൊണ്ട സെന്റ് മേരീസ് ഹൈസ്കൂളിൽ ഇപ്പോൾ പത്ത് വർഷമായി കെ.ജി. ക്ലാസ്സുകളും നടത്തി വരുന്നു. ഒരു നൂലിൽ കെട്ടിയിട്ട 2500 വിദ്യാർത്ഥികൾക്കും 75 സ്റ്റാഫിനും നേതൃത്വം പകരാൻ മാനേജർ ഫാദർ ബിബിൻ ജോസ്, ഹെഡ് മാസ്റ്റർ തോമസ് അഗസ്റ്റിൻ എന്നിവർ സജീവമായി സെന്റ് മേരീസിന്റെ ഹൃദയത്തിൽ നില കൊള്ളുന്നു. വർഷങ്ങളായി സംസ്കൃതം, എൻ.എം.എം.എസ്., എൽ. എസ്. എസ്., യു.എസ്.എസ്. സ്കോളർഷിപ്പ് എന്നിവയിൽ കൊടുവള്ളി ഉപജില്ലയിലെ മികച്ച വിദ്യാലയം എന്ന പേര് നിലനിർത്താൻ സെന്റ് മേരീസിന് സാധിച്ചിട്ടുണ്ട്. കുട്ടികൾക്ക് സംഘടനാ പ്രവർത്തനങ്ങളുടെ ഊർജ്ജം നൽകുവാനായി എൻ.സി.സി., എസ്.പി.സി., സ്കൌട്ട് ആന്റ് ഗൈഡ്സ്, ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ്, ബുൾബുൾ എന്നിവ ശക്തമായ പ്രവർത്തനങ്ങളുമായി വിദ്യാലയത്തിൽ മുന്നോട്ട് നീങ്ങുന്നു. താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി, ഉണ്ണികുളം തുടങ്ങിയ പഞ്ചായത്തുകൾ, കൊടുവള്ളി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ സെന്റ് മേരീസ് തിരഞ്ഞെടുക്കുന്നത് മറ്റു വൈബുകൾ ലക്ഷ്യമാക്കിയല്ല, എന്നാൽ പഞ്ചേന്ദ്രിയങ്ങൾക്ക് തെളിച്ചവും വെളിച്ചവും നൽകുന്ന വിദ്യാഭ്യാസമെന്ന വലിയ ആശയത്തെ തേടിയാണെന്ന അഭിമാനത്തിൽ 2025-26 അക്കാദമിക മാസ്റ്റർ പ്ലാൻ ഇവിടെ തുടക്കം കുറിക്കുന്നു.