സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ലോകത്തെലോക്ക്ഡൗണിലാക്കി-കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ ലോക്ക്ഡൗണിലാക്കി - കൊറോണ
നമ്മുടെ മേൽ ഭരണം നടത്തുന്നത് ഒരു അണുവാണെന്ന സത്യം ഏവരും തിരിച്ചറിഞ്ഞിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച് നാം നേടിയതെല്ലാം, ന്യൂജന്റെ കൈകളിലേക്ക് കൈമാറിയപ്പോൾ,  ഓരോന്നിന്റെയും മൂല്യം മനസ്സിലാക്കാതെ തിമിർത്താടാൻ തുടങ്ങി. യൗവനം- നാം കഞ്ചാവിന് വിറ്റു. തൊഴിലാളികൾ ക്ഷീണം തീർക്കാൻ ബിവറേജസിന്‌ മുൻപിൽ. അമ്മമാർ ബ്യൂട്ടിപാർലറുകളും ക്ലബ്ബ്കളിലുമായി വിലസുന്നു. മാതാപിതാക്കൾ വൃദ്ധസദനങ്ങളിലേക്ക്‌ എടുത്തെറിയപ്പെടുന്നു. അധികാരികൾ കസേരകൾ ഉറപ്പിക്കാനായി നെട്ടോട്ടമൊടുന്നു. അറിവുകൾ നാം ഡോളറിനും ദിനാറിനും വിറ്റ് കാശാക്കാൻ ശ്രമിക്കുമ്പോൾ എങ്ങനെ നമ്മുടെ രാജ്യം സ്വയം പര്യാപ്തത കൈവരിയ്ക്കും?പണത്തിനുവേണ്ടി ആരെയും കഴുത്തറുക്കാൻ മടിയില്ലാത്ത ജനത. പെണ്ണിന് വേണ്ടി പോർവിളികൾ നടത്തുന്നവർ. പീഡനങ്ങൾ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ തൊണ്ണൂറ്റിയെട്ടു വയസ്സുകാരി വരെ. സാക്ഷിമൊഴികൾ തിരുത്തപ്പെടുന്നു. എന്തിനേറെ - ജഡ്ജിമാർ പോലും അവസാന നിമിഷം കേസിൽനിന്നു പിൻവലിയുന്നു.
പിടിച്ചു വാങ്ങി മേടിച്ചതെല്ലാം തിരിച്ചു കൊടുക്കേണ്ട സമയമായിയെന്ന മുന്നറിയിപ്പാണ് ഈ അണു. സമ്പന്നരാഷ്ട്രങ്ങൾ ഒന്നാം സ്ഥാനത്തിനുവേണ്ടി മത്സരിക്കുമ്പോൾ- ഞെട്ടറ്റുവീഴുന്നത് മനുഷ്യകുലവും അവന്റെ ചിന്തകളുമാണ്. ചൈനയിലെ വുഹാനിൽ നിന്നു പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് (കോവിഡ്-19) ശത്രുരാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാൻ കണ്ടുപിടിച്ച 'ജൈവായുധമാണെ'നുള്ള പ്രചാരണം ശക്തമാകുന്നു. അമേരിക്കയ്ക്കെതിരെ പ്രയോഗിക്കുവാൻ സജ്ജമാക്കി നിറുത്തിയ ആയുധങ്ങളിലൊന്നാണ്. പക്ഷെ, പരീക്ഷണം നടത്തുന്നത് അമേരിക്കയുടെ ധനസഹായം സ്വീകരിച്ചു കൊണ്ടാണെന്ന് അറിയുമ്പോൾ, ചൈനയുടെ ഏകാധിപതിയുടെ 'തനിനിറം' നാം തിരിച്ചറിയേണ്ടതുതന്നെ. പിപിഇ കിറ്റ് ധരിച്ച് മാസ്ക്കും കൈയുറയും, ഷൂവുമിട്ട് ഓരോ കോവിഡ് പോസിറ്റീവ് ആയിട്ടുള്ള രോഗികളെ പരിചരിയ്ക്കുവാൻ തയ്യാറായി നമ്മുടെ 'മാലാഖമാരും ഡോക്ടർമാരും'. നിപ്പയെയും രണ്ടു പ്രളയത്തെയും അതിജീവിച്ച നാം അതിജീവിക്കുകതന്നെ ചെയ്യുമെന്ന് പറഞ്ഞിട്ടു കാര്യമില്ല. നല്ല ജീവിതശൈലിയിലൂടെ, ശുചിത്വം ഉറപ്പാക്കി, നമ്മുടെ വലിച്ചെറിയൽ സംസ്ക്കാരം ഉപേക്ഷിച്ചും, അടുത്തുള്ളവനെ അറിഞ്ഞും ജീവിക്കാം. കൊണ്ടും കൊടുത്തും പങ്കിട്ടെടുത്തതും നമുക്ക് സ്നേഹം കൈമാറാം. നമ്മുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാധ്യസ്ഥരായ പോലീസ് അധികാരികൾക്ക് ഒരു ബിഗ് സല്യൂട്ട്. മാലാഖമാർ എന്നു മേനി പറയാതെ നമ്മുടെ രാജ്യത്തുള്ള നഴ്‌സ്സുമാർക്ക് നല്ല ശമ്പളം കൊടുക്കുവാൻ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല? പണത്തിനുവേണ്ടി മറ്റു രാജ്യങ്ങളിൽ കഴിഞ്ഞ്‌ രോഗം വരുമ്പോൾ വേണ്ടത്ര ചികിത്സ കിട്ടാതെയും രണ്ടാം പൗരന്മാരായി കാണുന്ന രീതി എങ്ങനെ നാം സഹിയ്ക്കും?
ആയതിനാൽ നാം നമ്മുടെ ഗുരുക്കന്മാരെ ആദരിച്ച് അവരുടെ നല്ല ആശയങ്ങൾ ജീവിതത്തിലേക്ക് പകർത്താം. ഗാന്ധിജിയും ശ്രീനാരായണഗുരുവും ബുദ്ധനും പഠിപ്പിച്ച മാർഗ്ഗത്തിലൂടെ മുന്നേറാം.
'കൊറോണ' നമ്മെ വട്ടത്തിലും ഒന്നര മീറ്റർ അകലത്തിലും നിറുത്താൻ പഠിപ്പിച്ചു. 'നാം' ഒന്നുമല്ലയെന്ന് നമ്മെ ഓർമ്മപ്പെടുvത്തി. നാം നേടിയതൊക്കെ ഇവിടെത്തന്നെവച്ച്‌ യാത്ര വേണ്ടവരാണെയെന്ന് നമ്മെ ഉദ്ബോധിപ്പിയ്ക്കുന്നു. 'ഇല്ലായ്മയുടെ' വല്ലായ്മ അറിയാൻ പഠിപ്പിച്ചു. അപ്പനും അമ്മയും അവർ തന്നെയാണെന്നുള്ള ബോധ്യം നൽകി. വികാരങ്ങളെ നിയന്ത്രിക്കാൻ പഠിപ്പിച്ചു. സ്ത്രീയുടെ മൂല്യമെന്തെന്ന് ഏവരും ഇതിനോടകം മനസ്സിലാക്കി. ചുംബന സമരമില്ലാത്ത നഗരങ്ങൾ. അടഞ്ഞുകിടക്കുന്ന പള്ളികൾ, കുട്ടികളില്ലാത്ത സ്കൂൾ മുറ്റം. ആൾക്കാരില്ലാത്ത ആർഭാടങ്ങൾ. കൈയ്യടികളില്ലാത്ത ക്ലാസ്സമുറികൾ. ജനകൂട്ടമില്ലാത്ത തെരുവ്. ആളില്ലാത്ത പൂരപറമ്പുകൾ. ഓട്ടം നിലച്ച ചക്രങ്ങൾ. ഇരമ്പൽ കേൾക്കാത്ത റെയിൽപാളങ്ങൾ. ഉരുളാത്ത ചക്രങ്ങൾ. കൊയ്യാനില്ലാത്ത പാടങ്ങൾ. എവിടെയും തേങ്ങലുകൾ മാത്രം.
ഒന്നിച്ച് വിലപിക്കാനൊരവസരം. പൊതുമാപ്പിനായി നാം ഇരക്കുന്നു. നമ്മെ നിയന്ത്രിക്കുന്നത് നാമല്ലയെന്ന സത്യം നാം തിരിച്ചറിഞ്ഞില്ലേ? അതുകൊണ്ട്‌ അകലം പാലിച്ചും പൊതുസ്ഥലത്ത് തുപ്പാതിരിക്കാം. അതേ നാം ആരുടെയുമല്ല. നമ്മുടെ സൃഷ്ടി കർത്താവിന്റെ മുൻപിൽ മുട്ടുമടക്കാനുള്ള അവസരം. കാലത്തിനു മുൻപിൽ ചുവന്ന മഷി അടയാളപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. ജാഗ്രതൈ!
അൽഫോൻസ ബിജു
9 D സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം