സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/നേർക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
നേർക്കാഴ്ച

ഇളംകാറ്റ് അവന്റെ കവിൾത്തടങ്ങളിലൂടെ തഴുകിമറഞ്ഞു ... തെങ്ങോലകൾക്കിടയിലൂടെ സൂര്യ കിരണങ്ങൾ പ്രതിഫലിച്ചിരുന്നു. ചെറുപുഷ്പങ്ങൾ അവനെ നോക്കി പുഞ്ചിരിച്ചു...

"മോനേ ഉണ്ണീ, കയറി വരൂ ... " - അമ്മയുടെ വിളിയെ കാറ്റിൽ പറത്തിവിട്ട് ഉണ്ണി പ്രകൃതിസൗന്ദര്യം ആസ്വദിച്ചുകൊണ്ടേയിരുന്നു .

അവൻ പ്രകൃതിയെ അത്രയധികം സ്നേഹിച്ചിരുന്നു. പ്രകൃതിയുടെ മട്ടിത്തട്ടിൽ, മഴയുടെ താരാട്ട് കേട്ട്, ചേറിന്റെ ഗന്ധം നുകർന്ന്, കാററിന്റെ സംഗീതം കേട്ട് , അങ്ങനെ ഭൂമിയുമായി അടുത്തിണങ്ങിയാണ് ഉണ്ണി തന്റെ ബാല്യകാലം കഴിച്ചുകൂട്ടുന്നത്.

വളരെ മനോഹരമായ ഒരു കൊച്ചു ഗ്രാമത്തിലാണ് ഉണ്ണിക്കുട്ടന്റെ വീട് . മുറ്റത്തു നിന്നാൽ കണ്ണെത്താ ദൂരത്തോളം പച്ചവിരിച്ചു കിടക്കുന്ന നെൽപ്പാടവും, അങ്ങിങ്ങായി ചെറുതോടുകളും ദൃശ്യമാകും. ഒരു ചെറിയ വീട്ടിൽ ഉണ്ണി തന്റെ അമ്മയ്ക്കും , അച്ഛനുമൊപ്പം സംതൃപ്ത ജീവിതം നയിക്കുന്നു. മത്സ്യത്തൊഴിലാളിയായ അച്ഛന്റെ ഏക വരുമാനത്തിലാണ് കുടുംബം കഴിഞ്ഞുകൂടുന്നത്.

അപ്പോഴാണ് ലോകത്തെ തന്നെ വിറപ്പിച്ചുകൊണ്ട് ആ ശത്രു വന്നെത്തിയത്... 'കൊറോണ' എന്ന മഹാമാരി . രോഗപ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ പൂട്ടിയതോടെ 5-ാം ക്ലാസുകാരനായ ഉണ്ണിക്കുട്ടന് പ്രകൃതിയോട് അടുത്തിണങ്ങാൻ എറെ സമയം ലഭിച്ചു തുടങ്ങി. തന്റെതായ കൃഷിത്തോട്ടം ഒരുക്കാനും, അടുത്തുള്ള കുളത്തിലെ മീനുകളെ കൂടുതൽ ശ്രദ്ധിക്കാനും , വീട് വൃത്തിയാക്കാനും എല്ലാം ഉണ്ണിക്കുട്ടൻ സമയം കണ്ടെത്തി. തന്റെ വീട്ടുമുറ്റത്തും പരിസരത്തും എത്തുന്ന കിളികൾക്കും പ്രാവുകൾക്കും അല്‌പം ഭക്ഷണം നൽകാനും അവൻ മറന്നില്ല . രോഗപ്രതിരോധത്തിന്റെ ഭാഗമായി അമ്മയും അച്‌ഛനുംവീട്ടിൽ തന്നെയുള്ളത് അവന് എറെ സന്തോഷം നൽകുന്നുണ്ട്. ദൂരെയെങ്ങും കളിക്കാൻ പോകാതെ തന്റെ കളിയും ഉല്ലാസവും ഉണ്ണി വീട്ടിൽ തന്നെ ഒതുക്കുന്നു. ഇതോടൊപ്പം കുറച്ചു സമയം പഠനത്തിനും ചിത്രരചനയ്ക്കുമൊക്കെ അവൻ മാറ്റിവയ്ക്കുന്നു.

ഉപജീവനമാർഗം താത്കാലികമായി നിലച്ചതിനാൽ. ദാരിദ്ര്യം വീട്ടുപടിക്കൽ എത്തിയോഎന്ന് ഉണ്ണി ഭയന്നിരുന്നു. " ഈ സ്ഥിതി തുടർന്നാൽ ജീവിതം വഴിമുട്ടുമല്ലോ!! “ “തുടർന്നുള്ള ജീവിതം എന്താവും?” - ഇങ്ങനെ പലതരം ചോദ്യങ്ങൾ ഉണ്ണിക്കുട്ടന്റെ കുഞ്ഞു മനസ്സിൽ ഉയർന്നുതുടങ്ങി.

മനസ്സിൽ ആശങ്ക നിറഞ്ഞിരിക്കുകയാണ് എന്നിരുന്നാലും ഓർമ്മകൾ ഓടിക്കളിക്കുന്ന വിദ്യാലയ മുറ്റത്തെത്തുവാൻ ഉണ്ണി എറെ ആഗ്രഹിക്കുന്നു. തന്റെ പ്രിയ കൂട്ടുകാരെയും ജ്ഞാനമാം പ്രകാശം നൽകുന്ന അദ്ധ്യാപകരെയും കാണുവാൻ ഉണ്ണിയുടെ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു. “ എത്ര ദിവസമായി എല്ലാവരേയും കണ്ടിട്ട് !! കാണാൻ കൊതിയാവുന്നു.”

ഉണ്ണിക്കുട്ടന്റെ പൂന്തോട്ടം പോലെയുള്ള ജീവിതത്തിൽ സൗരഭ്യം പകരുന്ന പൂക്കളായി ഒരുപാട് നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. അവരോടൊപ്പമുള്ള സന്തോഷപ്രദമായ നിമിഷങ്ങളും ഉണ്ണി ഇടവേളകളിൽ ഓർമ്മിക്കുന്നു

ഉണ്ണിയും രാജുവും ഏറ്റവുമടുത്ത സുഹൃത്തുക്കളാണ്. ഇടയ്ക്കിടയ്ക്ക് ഇരുവരും സുഖാന്വേഷണങ്ങൾ നടത്തിയിരുന്നു. അങ്ങനെ ഒരു ദിവസം ഫോണിലൂടെയുള്ള കുശലാന്വേഷണങ്ങൾക്കിടയിൽ ലോകം മുഴുവൻ ഭീതി പടർത്തിയ കോവിഡ്-19 എന്ന മഹാമാരിയെക്കുറിച്ചു. അവർ സംസാരിക്കാനിടയായി.

“ എടാ ഉണ്ണീ, കൊറോണ എന്ന വൈറസൊന്നും നമ്മളെ ആക്രമിക്കാൻ വരില്ല !” - രാജു പറഞ്ഞു രാജു എല്ലാത്തിനെയും നിസാരവത്കരിച്ച് പറയുന്നതു കേട്ടപ്പോൾ ഉണ്ണിക്കുട്ടൻ തുടർന്നു :- “ രാജൂ, നീ ഇതിന്റെ ഗൗരവം മനസ്സിലാക്കാത്തതുകൊണ്ടാ ഇങ്ങനെ പറയുന്നത്. ലോകാരോഗ്യസംഘടന കോവിഡ് – 19നെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നു” “ എങ്കിൽ . നീ തന്നെ പറഞ്ഞു തരൂ” - രാജു ഉണ്ണിയോട് ആവശ്യപ്പെട്ടു.

“ കൊവിഡ് – 19 രാജ്യാതിർത്തികളെ ഭേദിച്ച് നിരവധി പേരെ രോഗബാധിതരാക്കി മുന്നേറുകയാണ് .ദിനം പ്രതി മരണ .സംഖ്യയും ഉയരുകയാണ് രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ‘ രോഗം പടരാതെ നോക്കുക’ എന്നതാണ് ഓരോരുത്തരുടേയും ലക്ഷ്യം.” - കോവിഡ് – 19 രോഗത്തെപ്പറ്റി മാധ്യമങ്ങളിലുടെ കൃത്യമായി മനസ്സിലാക്കിയിരുന്ന ഉണ്ണിക്കുട്ടൻ രാജുവിന് പറഞ്ഞു കൊടുത്തു.

“ എന്റെ ഈശ്വരാ! ഈ രോഗത്തെ പ്രതിരോധിക്കാൻ നാം ഇനി എന്ത് ചെയ്യും?” - രാജു വിന്റെ സംശയമുയർന്നു. “ നമ്മൾ അറിഞ്ഞിരിക്കേണ്ട രോഗപ്രതി രോധ മാർഗ്ഗങ്ങൾ ഇതൊക്കെയാണ്:-
1. സാമൂഹിക അകലം പാലിക്കുക.
2. ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മറക്കണം.
3. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക.
4. രോഗബാധിക പ്രദേശങ്ങളിലേക്കുളള യാത്ര ഒഴിവാക്കുക.
5. കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ , മൂക്ക് വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
ഉണ്ണി വിശദമായി രാജുവിന് പറഞ്ഞു കൊടുത്തു. “ കൊറോണയെ പ്രതിരോധിച്ച് അതിന്റെ കണ്ണി മുറിക്കാൽ നമുക്കും പങ്കാളിയാവാം. " - രാജു പറഞ്ഞു. “ ആശങ്കയല്ല, ജാഗ്രതയാണ് നമുക്ക് വേണ്ടത്.” “ ഈ ദുരിതപ്പെരുമഴ ഒഴിഞ്ഞ് നല്ലൊരു വസന്തത്തിനായി നമുക്ക് കാത്തിരിക്കാം” എന്ന ശുഭ പ്രതീക്ഷ രാജുവിന് ആശംസിച്ചു കൊണ്ട് ഉണ്ണി സംഭാഷണം അവസാനിപ്പിച്ചു.

ഉണ്ണിക്കുട്ടർ തന്റെ പതിവ് തിരക്കുകളിൽ മുഴുകി... രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗ പ്രതിരോധമാണ് എന്ന തിരിച്ചറിവോടെ “നല്ല നാളേയ്ക്കായി “ , ജാഗ്രതയോടെ അവൻ കാത്തിരിക്കുന്നു ....

ദേവിക
XI സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ