സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/നാം അതിജാഗ്രതയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
നാം അതിജാഗ്രതയിലേക്ക്

ലോകം കണ്ട ഏറ്റവും വിനാശകാരിയായ വൈറസ് കേരളത്തിലെ ജനജീവിതം അപ്പാടെ മാറുന്ന പരീക്ഷണ ഘട്ടത്തെ മുൻനിർത്തി അവശ്യ സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ട് തന്നെ കേരളം അടച്ചിടുന്നത് അനിവാര്യമാണെന്നതിൽ സംശയമില്ല .സംസ്ഥാനത്തെ കോവിൽ രോഗികളുടെ എണ്ണം കൂടിയതോടെയാണ് സർക്കാർ കൂടുതൽ കർശനമായ നടപടികളിലേക്ക് കടന്നിരിക്കുന്നത് .ഇനി വേണ്ടത് നാം ഓരോരുത്തരിൽ നിന്നും ഉണ്ടാകേണ്ട അതിജാഗ്രത തന്നെയാണ് . സർക്കാർ മുതൽ സാധാരണക്കാർ വരെ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നുണ്ട് .സകല വ്യാപാര തൊഴിൽ മേഖലകളും തകർച്ച നേരിടുമ്പോൾ അസംഘടിതമേഖലയിലെ തൊഴിലാളികളാണ് ഏറ്റവും കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഇവർ നിസ്സഹായതയോടെ പട്ടിണി അഭിമുഖീകരിക്കുമ്പോൾ അത് സർക്കാരിനും പൊതുസമൂഹത്തിനും കണ്ടിരിക്കാൻ ആവില്ല .രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ ജോലിയും ചെറു കച്ചവടങ്ങളും ഇല്ലാതായി ദിവസവേതനം നഷ്ടപ്പെട്ടവർ കേരളത്തിന്റെ സങ്കടമായിത്തീരുന്നു. ഈ നിരാലംബരുടെ ജീവിതം പുതിയ ആശങ്കയാണ് തീർക്കുന്നത് .ദിവസക്കൂലി കൊണ്ട് മാത്രം ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഉള്ള നാടാണ് കേരളം .ഓരോ ദിവസവും കിട്ടുന്ന പരിമിതമായ വേതനംകൊണ്ട് അന്നന്നത്തെ ജീവിതം പുലർത്തുന്നതിന് നാളേക്കായി എന്തെങ്കിലും കരുതി വയ്ക്കാൻ പോലും അവർക്ക് മിക്കവർക്കും കഴിയാറില്ല. അതുകൊണ്ടുതന്നെ ചെയ്തുപോന്ന തൊഴിലോ കച്ചവടമോ പെട്ടെന്നൊരു ദിവസം ഇല്ലാതാവുമ്പോൾ അവരുടെ ജീവിതം വഴിമുട്ടും ,കുടുംബം പട്ടിണിയാകും .അതുപോലെതന്നെ കോവിഡ് വ്യാപനം മൂലം തൊഴിൽരഹിതർക്ക് വേണ്ടി ന്യായവില ഭക്ഷണശാല തുടങ്ങിയത് തീർച്ചയായും നല്ല കാര്യമാണ് .കേരളം ജാഗ്രതയുടെ അടുത്ത ഘട്ടത്തിലേക്ക് പോവുകയാണ് .സർക്കാർ വരുത്തിയ നിയന്ത്രണങ്ങളും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളും പൂർണമായി പാലിച്ച് വേണം നാം വലിയ പോരാട്ടത്തിൽ പങ്കുചേരാൻ. ജാഗ്രത എന്ന വലിയ ആയുധം കൊണ്ട് നമുക്ക് രോഗത്തെ തോൽപ്പിച്ചേതീരൂ. കോവിഡ് ബാധിതരുടെ എണ്ണം നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വർധിക്കുന്നു .സമൂഹത്തിൽ രോഗം പടരുന്നത് ഏതുവിധേനയും തടയുക എന്നത് ജീവന്മരണ പ്രശ്നമാകുന്നു .വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കുക (Break the chain)എന്നത് തന്നെയാണ് ഇപ്പോഴും നമ്മുടെ മുൻപിലുള്ള ഒരേയൊരു പോംവഴി

ആര്യ കെ ലക്ഷ്മി
9 B സെന്റ് മാത്യൂസ് എച്ച് എസ് കണ്ണങ്കര
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം