സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/അക്ഷരവൃക്ഷം/പരീക്ഷയും കൊറോണയും
പരീക്ഷയും കൊറോണയും
പരീക്ഷയും കൊറോണയും പത്താം ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങി വിജയിക്കുക എന്നത് ഏതൊരു വിദ്യാർത്ഥിയുടെയും സ്വപ്നമാണ്. ഞങ്ങൾക്കും വന്നെത്തി അങ്ങനെയൊരു എസ്. എസ്. എൽ. സി. കാലം. ആകാംഷയും, ഭയവും, ആശങ്കയും, സന്തോഷവും നിറഞ്ഞ കാലം. ഗുരുക്കന്മാരുടെയും രക്ഷാകർത്താക്കളുടെയും അനുഗ്രഹങ്ങൾ വാങ്ങിയും രാപകലില്ലാതെ പഠിച്ചും പേടിച്ചും ഞങ്ങളും പരീക്ഷക്കൊരുങ്ങി. പക്ഷെ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ഞങ്ങളുടെ പരീക്ഷാക്കാലം കൊറോണക്കാലമായി! ഭയവും ഉത്കണ്ഠയും ഉള്ളിലൊതുക്കി ചില പരീക്ഷകൾ ഞങ്ങളും എഴുതി. ഏഴുവിഷയങ്ങൾ കഴിഞ്ഞു. കൊറോണക്കാലം പരീക്ഷാക്കാലത്തെ കീഴടക്കി! കൊച്ചുകേരളത്തെ കൊറോണ വിഴുങ്ങാൻ തുടങ്ങുന്നു എന്ന് കണ്ടപ്പോൾ പരീക്ഷകൾ അനിശ്ചിത കാലത്തേക്ക് മാറ്റി വെക്കപ്പെട്ടു. പരീക്ഷയെ നേരിട്ട് തളരാതെ പോരാടിയ ഞങ്ങൾ ഇനി കൊറോണക്കെതിരെ പോരാടാൻ മാനവസമൂഹത്തോടൊപ്പം ചേരാൻ തീരുമാനിച്ചു. ജാതി-മത-വർണ-ഭേദമന്യേ മനുഷ്യരുടെ ഈ പോരാട്ടത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും. നമ്മുടെ വീടിനേക്കാൾ സുരക്ഷിതമായ ഒരിടം മറ്റെങ്ങും ഇല്ല. എന്നാൽ കുടുംബം പുലർത്താൻ വേണ്ടി വിദേശ രാജ്യങ്ങളിൽ രക്തം വെള്ളമാക്കി അദ്ധ്വാനിക്കുന്നവർ ലക്ഷക്കണക്കിനുണ്ട് നമ്മുടെ കേരളത്തിൽ തന്നെ. അവരെയും അവരുടെ കുടുംബത്തെയും ഓർക്കുമ്പോൾ മനസിലൊരു വിങ്ങൽ. ഉറ്റവരിൽ നിന്നും ഉടയവരികൾ നിന്നും അകന്ന് കുടുംബം അടുത്തുണ്ടാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നിമിഷങ്ങളിൽ പ്രാർത്ഥനയുമായി ഒറ്റക്ക് കഴിച്ചുകൂട്ടുന്നവർ. ഈ മഹാമാരിയെ ലോകം കീഴടക്കുക തന്നെ ചെയ്യും. ആരോഗ്യപ്രവർത്തകരും, പോലീസുകാരും, ഗവൺമെന്റും നമുക്ക് വേണ്ടി രാപകലില്ലാതെ ഊണും ഉറക്കവും ഇല്ലാതെ പൊരുതുമ്പോൾ നമുക്കും നമ്മളാൽ ആവുന്ന വിധം അവരെ സഹായിക്കാം. അധികം വൈകാതെ തന്നെ കൊറോണയെ കീഴടക്കി നമ്മുടെ നാടിനെ രക്ഷിച്ച് ജനജീവിതം സുന്ദരമാക്കി മറ്റൊരു പരീക്ഷാക്കാലം വരുമെന്ന് തന്നെ പ്രതീക്ഷിക്കാം. മുടങ്ങിപ്പോയ പരീക്ഷകൾ ഏറ്റവും നന്നായി എഴുതി ഏറ്റവും നല്ല മാർക്കോടെ ഓരോരുത്തരും ജയിക്കട്ടെ!
|