സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
2020 ൻ്റെ ആരംഭനാളുകൾ അപശകുനമെന്നപോലെ കോവിഡ് 19 ലോകത്തിനു നാശം വിതച്ച് ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു. ദരിദ്ര രാഷ്ട്രങ്ങളിലെ ആളുകളെ മുഴുവൻ ഈ മഹാവ്യാധി ഇല്ലാതാക്കും എന്ന മാനുഷിക യുക്തിയെ അമ്പരപ്പിച്ചുകൊണ്ട് കൊറോണ കരുത്തരായ സമ്പന്ന രാജ്യങ്ങളെത്തന്നെ തൻ്റെ കാൽക്കീഴാക്കിക്കൊണ്ടിരിക്കുന്ന സങ്കടകരമായ നേർകാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സമ്പത്തിനും ശാസ്ത്രത്തിനും കഴിവുകൾക്കുമൊന്നും മനുഷ്യനെ രക്ഷിക്കാൻ പ്രാപ്തിയില്ല എന്നു നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന നാളുകളാണിത്. ഫലപ്രദമായ ഒരു മരുന്നും ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. സമർത്ഥരായ പല ഭരണാധികാരികളും ഞങ്ങളുടെ പ്രയത്നമെല്ലാം കഴിഞ്ഞു ; ഇനി ദൈവത്തിനു മാത്രമേ ഞങ്ങളെ രക്ഷിക്കാൻ കഴിയൂ എന്നുപറഞ്ഞു ദൈവത്തിങ്കലേക്കു തിരിഞ്ഞ ഈ സമയം - കൊറോണയ്ക്കു മുമ്പും പിമ്പും ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു കൊച്ചു പ്രദേശമുണ്ട് ലോകത്തിൽ. അത് "ദൈവത്തിൻ്റെ സ്വന്തം നാട്" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളമാണ്. കൊറോണയെന്ന ഭീകരസത്വത്തെ അതിജീവിച്ച കേരളമെന്ന നമ്മുടെ സ്വന്തം നാട് അഭിമാനത്തോടെ - ലോകത്തിനു മാതൃകയായിത്തീരാൻ സഹായിച്ച ദൈവത്തിനു നന്ദി. പ്രജകളെ മുഴുവൻ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന ഒരു കുടുംബനാഥൻ - ഒരു മുഖ്യമന്ത്രി ഞങ്ങൾക്കുണ്ട് ; ഞങ്ങളുടെ പിണറായി വിജയൻ സർ. ഊണും ഉറക്കവുമില്ലാതെ ആരോഗ്യ പ്രവർത്തകരോടുകൂടെ കേരള ജനതയെ ചേർത്തുപിടിക്കുന്ന ഒരമ്മയുണ്ട് ഞങ്ങൾക്ക് - ഞങ്ങളുടെ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ.ഒരു വ്യക്തിപോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കരുതെന്ന് ആഗ്രഹിച്ചു പ്രവർത്തിക്കുന്ന സർക്കാർ, കേരളത്തെ അഭയംചൊല്ലിയ അന്യസംസ്ഥാന തൊഴിലാളികളെപ്പോലും അതിഥിതൊഴിലാളികളെന്നു വിളിച്ച് ചേർത്തു പിടിച്ചു നിർത്തിയിരിക്കുന്നതു കാണുമ്പോൾ ജനിച്ച നാടിനെയോർത്ത് അഭിമാനം കൊള്ളുന്നു.അതാണ് കേരള സംസ്കാരം. ഇതിനു മുമ്പും നിപ്പ പോലെയുള്ള രോഗങ്ങൾ, ഒഴുക്കിക്കൊണ്ടുപോകാൻ വന്ന പ്രളയങ്ങൾ ഇവയെയെല്ലാം ഒറ്റക്കെട്ടായി നിന്ന് വിജയിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. അതാണ് കേരളത്തിൻ്റെ കരുത്ത്. ജാതി മത രാഷ്ട്രീയഭേദമില്ലാതെ ഒരുമിച്ചു നിൽക്കുന്ന സാമൂഹ്യപ്രവർത്തകർ, ആരോഗ്യപ്രവവത്തകർ, സന്നദ്ധപ്രവർത്തകർ , പോലീസ് ഉദ്യോഗസ്ഥർ, സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്ന ജനങ്ങൾ... കേര ം ഇങ്ങനെയാണ്. രോഗബാധിതരെ തിരഞ്ഞുപിടിച്ച് സർക്കാർ ചിലവിൽ ചികിത്സിക്കുന്നു. അവർ സഞ്ചരിച്ച വഴികളിൽ ബന്ധം പുലർത്തിയ മുഴുവൻ ആളുകളെയും കണ്ടെത്തി ചികിത്സിക്കുന്ന സംവിധാനം. രോഗവ്യാപനത്തിൻ്റെ എല്ലാ പഴുതുകളും അടച്ച് കൊറോണയെ തുരത്തിയോടിക്കുന്ന വേറെ ഏതൊരു നാടുണ്ട് ലോകത്തിൽ ? ലോകത്തിൽ എല്ലാ മനുഷ്യരും ഇപ്പോൾ ആഗ്രഹിക്കുന്നു മലയാളിയായി ജനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...! വെറുതെയാണോ മലയാളി ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും അവിഭാജ്യ ഘടകമായി മാറിയത്. ഇതിനു കാരണം ഞങ്ങൾ ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ ജനതയായതാണ്. ദൈവത്തിൻ്റെ കൈയ്യൊപ്പുള്ള ഞങ്ങളെ തോൽപ്പിക്കാൻ ഒരു കൊറോണയ്ക്കും കഴിയില്ല. അതെ അതിജീവനത്തിന് ലോകത്തിനുള്ള ഏക മാതൃകയാണ് കേരളം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം