സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/കോവിഡ് 19 വിചിന്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 വിചിന്തനങ്ങൾ

മനുഷ്യൻ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ ആണ് ലോകം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നാല് ചുവരുകൾക്കുള്ളിൽ ബാഹ്യലോകവുമായുള്ള സമ്പർക്കം ഇല്ലാതെ ഒതുങ്ങേണ്ട അവസ്ഥ. ആധുനിക ഭാഷയിൽ പറഞ്ഞാൽ ലോക് ഡൗൺ.

സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം നമ്മുടെ വ്യക്തിശുചിത്വത്തിൽ അല്പം കൂടി ശ്രദ്ധ ചെലുത്തേണ്ട സമയം കൂടിയാണിത്. ലോക് ഡൗൺ നമ്മിൽ പലരെയും അസ്വസ്ഥതപ്പെടുത്തുന്നുണ്ടാകാം. ഇളവുകളോടുകൂടി ആണെങ്കിലും ലോക ഡൗൺ മെയ് 3 വരെ നീട്ടിയിരിക്കുന്നു. അതീവ ജാഗ്രതയുടെ ഈ ഘട്ടത്തെ നിരാശയോടെ അല്ല നാം കാണേണ്ടത് മറിച്ച് അതിനെ പൂർണമായി ഉൾക്കൊള്ളണം. ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ രോഗ പ്രതിസന്ധിയെ നേരിടാൻ ഇത് അനിവാര്യമാണ്. അല്ലെങ്കിൽ ജനസാന്ദ്രത കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമാകും.

വീട്ടിലിരുന്ന് സമയം അനാവശ്യമായി പാഴാക്കി കളയുമ്പോൾ വിദ്യാർഥികൾക്ക് അക്ഷരത്തോടുള്ള കൈവഴക്കം കൈമോശം വരും. അതുകൊണ്ട് ഈ സമയം വിദ്യാർഥികളായ നമുക്ക് ഫലപ്രദമായി വിനിയോഗിക്കാൻ കഴിയണം. നമ്മുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുവാൻ ചില വഴികൾ ആലോചിക്കുകയും ആവാം. ആഴ്ചയിലൊരിക്കൽ നല്ല പുസ്തകം വായിക്കുക അത് ഇൻറർനെറ്റ് പുസ്തകവും ആകാം. പുസ്തകം വായിക്കുന്നതിലൂടെ നമുക്ക് ചെറിയ സമയത്തിനുള്ളിൽ ഒരുപാട് വിവരം ശേഖരിക്കാനാകും. ആ വിവരങ്ങൾ ഒരു കുറിപ്പായി എഴുതി സൂക്ഷിക്കാം. നമ്മൾ എല്ലാവരും ഒരുപാട് കളിക്കാറുള്ളതാണ്.

എന്നാൽ ഇപ്പോൾ പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ വീടിൻറെ അകത്തിരുന്ന് തന്നെ കളിക്കാൻ പറ്റുന്ന കളിയാണ് ചെസ്സ്. ചെസ്സ് കളിക്കുമ്പോൾ നാം നമ്മുടെ തലച്ചോറിൻ്റെ രണ്ടുഭാഗവും ഉപയോഗിക്കുന്നു. ഇതിലൂടെ പെട്ടെന്ന് തീരുമാനം എടുക്കാൻ ഉള്ള കഴിവും, പ്രശ്നനിർവഹണ ശേഷിയും, ക്ഷമയും, ശ്രദ്ധയും കൂട്ടാൻ ആകും.

ഈ സമയത്ത് ചെയ്യാൻ പറ്റുന്ന മറ്റൊരു കാര്യമാണ് യോഗ. യോഗ പരിശീലിക്കുന്നതിലൂടെ നമുക്ക് നമ്മുടെ മാനസിക സംഘർഷം ഒഴിവാക്കാൻ സാധിക്കും. അതോടൊപ്പം ദേഷ്യം നിയന്ത്രിക്കുകയും ചെയ്യാം.

കോവിഡ് കാലഘട്ടം വീടിനുള്ളിൽ ഒരുമിച്ച് താമസിക്കുന്നവർ തമ്മിൽ കുറച്ചുകൂടി സ്നേഹവും ഐക്യവും വളർത്തിയെടുക്കണം. പരസ്പരം പങ്കുചേർന്ന് ജോലികൾ ചെയ്യാനുള്ള മനസ്ഥിതി രൂപപ്പെടുത്തണം. അതോടൊപ്പം നമ്മുടെ പരിസ്ഥിതിയും തൊടിയും ഒക്കെ ഒന്ന് ചുറ്റി നടന്ന് പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് സഹവർത്തിത്വത്തിൻ്റെ പാതയിലൂടെ മുന്നോട്ടു നീങ്ങാനുള്ള ഊർജ്ജവും ഈ കാലഘട്ടത്തിൽ നമുക്ക് സ്വായത്തമാക്കാം.


ഇന്ന് പുറംലോകവുമായി അകലം പാലിച്ചാൽ നാളെ നമുക്ക് എല്ലാവരോടുമായി കൂടുതൽ അടുത്തിരിക്കാം.ലഭിക്കുന്ന സമയത്തെ ആനന്ദകരമാക്കാം


നന്ദി


ജോസ് റ്റി സജി
8 C സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം