സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരുവന്റെ വ്യക്തി പ്രഭാവത്തിന്റെ അളവുകോൽ ശുചിത്വം .ശുചിത്വം എന്നത് ഒരു ദിനചര്യയല്ല. പിന്നെയോ ഒരുവൻ സ്വായത്തമാക്കിയ സ്വഭാവ സവിശേഷതയാണ്. തനിക്ക് രോഗം വരാതിരിക്കുക എന്ന സ്വാർത്ഥ ചിന്തയ്ക്ക് അതീതമായി ശുചിത്വ ബോധം വളരണം. വൃത്തി എന്നാൽ, അത് ഒരുവന് ലഭിച്ച വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിന്റെ പ്രതിഫലനമാണ്. "ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ്"

നമുക്കു ചുറ്റും നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുവാൻ കാത്തു നിൽക്കുന്ന കോടാനുകോടി അണുജീവികൾ ഉണ്ടെന്ന് ഓർക്കുക. നമ്മുടെ വിവേചനാധികാരമാണ് അത് നമ്മുടെ ശരീരത്തിന് പുറത്ത് നിൽക്കണമോ അകത്ത് പ്രവേശിക്കണമോ എന്നുള്ളത്. 50 % ൽഅധികം മരണവും രോഗം മൂലമാണ് സംഭവിക്കുന്നത്. വൃത്തി, ശുചിത്വം, പ്രതിരോധം, പോഷകങ്ങൾ എന്നീ വാക്കുകൾ രോഗാണുക്കൾ ഭയപ്പെടുന്ന വാക്കുകൾ ആണ്. ഒരുവന്റെ ആരോഗ്യ ശീലങ്ങളും ഭക്ഷണ ശീലങ്ങളും ചുറ്റുപാടും അവന്റെ ആരോഗ്യത്തിന്റെ ഗുണനിലവാരം തീരുമാനിക്കുന്നു. വ്യക്തി ശുചിത്വത്തിന്റെ ബാലപാഠങ്ങൾ ശൈശവത്തിൽ തന്നെ ആരംഭിക്കണം.അത് സ്വഭാവസവിശേഷതയുടെ ഭാഗമാകണം, അത് അടിസ്ഥാന സത്യസന്ധതയുടെ ഭാഗമാകണം.

അഭിലഷണീയമായ ദിനചര്യകളോടുള്ള മൃദുസമീപനം അവസാനിപ്പിക്കണം. വൃത്തിയുള്ള ശരീരവും, വൃത്തിയുള്ള വസ്ത്രങ്ങളും, വൃത്തിയുള്ള ഭവനങ്ങളും നമ്മുടെ ആയുസ്സിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുന്നു. ആധുനിക ലോകത്തിൽ നാം നേരിടേണ്ടി വരുന്ന രോഗങ്ങൾ ഒന്നും നമ്മുടേതല്ല. അവ ക്ഷണിക്കപ്പെട്ട അതിഥികൾ ആണ്. മലയാളികൾ വ്യക്തി ശുചിത്വത്തിന്റെ പ്രവാചകരാണ്. എന്നാൽ, പരിസര ശുചിത്വം അത് നമ്മുടെ കടമയല്ല എന്ന് കരുതുമ്പോൾ ഓർക്കുക.. അതി മാരകങ്ങളായ രോഗങ്ങളെ നാം ക്ഷണിച്ചു വരുത്തുകയാണ്. വിദ്യാർത്ഥികളായ നാം വ്യക്തി ശുചിത്വത്തിന്റെയും, പരിസര ശുചിത്വത്തിന്റെയും വക്താക്കൾ ആകണം. ലോകജനതയ്ക്ക് നാം മാതൃകയാകണം. സ്വന്തം ശരീരത്തോട് നാം നീതി പുലർത്തണം. വ്യക്തി ശുചിത്വം പാലിക്കുമ്പോൾ നാം നമ്മെ തന്നെയാണ് സ്നേഹിക്കുന്നത്.

ഇന്നത്തെ ഈ സാഹചര്യത്തിൽ നാം ആരോഗ്യ പ്രവർത്തകരുമായും സർക്കാർ നിർദ്ദേശങ്ങളുമായും, Break the chain ലൂടെ അകലങ്ങളിലിരുന്ന് അടുത്തറിഞ്ഞ് സഹകരിക്കാം. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ തുരത്തി ഓടിക്കുവാൻ നമുക്കാവും. ശുചിത്വ ശീലം ഒരു ജീവനകലയായി മാറണം. ശുചിത്വ ശീലം കാതുകളിൽ നിന്ന് കാതുകളിലേക്ക് പകരട്ടെ. ആരോഗ്യമാകട്ടെ ഭാവി സമ്പത്ത്. എന്റെ ഈ കുഞ്ഞു കരങ്ങൾ കൊണ്ട് ഒരു കൈത്താങ്ങിന് ഞാനും ഉണ്ടാവും നിങ്ങളോടൊപ്പം.

ഹന്ന റോസ് രാജേഷ്
4 എ സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം