സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്/അക്ഷരവൃക്ഷം/ആവാസവ്യവസ്ഥയുടെ അടിത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി: ആവാസവ്യവസ്ഥയുടെ അടിത്തറ

ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പൊട്ടിമുളച്ചു ഇന്ന് ലോകത്തെ ആകമാനം പിടിച്ചുകുലുക്കിയ കൊറോണ വൈറസ് സൃഷ്ടിച്ച അങ്കലാപ്പുകളിൽ നിന്ന് ഇതുവരെ നാം കരകയറിയിട്ടില്ല.കേന്ദ്ര സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച അവസ്ഥയിൽ സ്വന്തം വീടുകളിൽ അടച്ചുപൂട്ടിയിരുന്നു ഈ വൻ മഹാമാരിയെ തുരത്താനുള്ള യജ്ഞത്തിൽ പങ്കാളികളാവുകയാണ് നാം ഓരോരുത്തരും. അങ്ങനെ ഏകാന്തതയിൽ ഇരിക്കുമ്പോഴാണ് പല തരത്തിലുള്ള ചിന്തകൾ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത്.ഇന്ന് ലോകം മുഴുവൻ അടച്ചുപൂട്ടിയ അവസ്ഥയിലാണ്. ഓരോരുത്തരും അവരവരുടെ വീടുകളിൽ കുത്തിയിരുന്ന് തങ്ങളുടെ കുടുംബാംഗങ്ങളുമായി ഒരുമിച്ച് സാധാരണ ജീവിതം നയിക്കുന്നു . റോഡുകളിൽ വാഹനങ്ങളുടെ എണ്ണം വളരെ കുറഞ്ഞു. അതുവഴി അവ പുറന്തള്ളുന്ന പുകയും അമിതമായ ശബ്ദവും അതുവഴി പരിസ്ഥിതി മലികരണവും കുറഞ്ഞു. ആളുകൾ പൊതുസ്ഥലങ്ങൾ മലിനമാക്കുന്നില്ല. ഒരു തരത്തിൽ ഈ കൊറോണ വെറും ഒരു മഹാമാരി മാത്രമല്ല പ്രകൃതി മനുഷ്യന് നൽകുന്ന പാഠം കൂടിയാണ്. ആർഭാടവും ആഡംബരഭ്രമവും കൊണ്ട് ജീവിതം പണത്തിന് അടിസ്ഥാനത്തിൽ ആക്കി മാറ്റിയ മനുഷ്യവംശത്തിനുള്ള പ്രകൃതിയുടെ പാഠം. യാതൊരുവിധ ആർഭാടവുമില്ലാതെ ജീവിതം മുമ്പോട്ടു കൊണ്ടുപോകാൻ ഈ കൊറോണ കാലം നമ്മെ പഠിപ്പിച്ചു. ഉപഭോഗസംസ്കാരവും ആഗോളവൽക്കരണവും കൊടികുത്തിവാഴുന്ന ആധുനികസമൂഹത്തിൽ ആർഭാടവും ധൂർത്തും മനുഷ്യൻ്റെ ജീവിതശൈലിയായിത്തീർന്നിരുന്നു . മോഹങ്ങൾ മനസ്സിൽ നിറച്ച് ഭൗതിക സുഖങ്ങൾ വാരിക്കൂട്ടാൻ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ അസ്ഥിത്വം മറന്നുപോവുകയും മിതത്വം നഷ്ടപ്പെടുകയും ചെയ്തിരുന്നു. അതിനൊക്കെയുള്ള പ്രകൃതിയുള്ള മറുപടിയായിരിക്കാം ഈ കൊറോണക്കാലം .

ശാസ്ത്രത്തിൻ്റെ അത്ഭുതകരമായ വികാസം മനുഷ്യൻ്റെ സുഖഭോഗ സൗകര്യങ്ങൾക്ക് വമ്പിച്ച പുരോഗതി നൽകി .അവൻ സമയത്തെയും കാലത്തെയും അതിജീവിച്ച് മുന്നേറിയപ്പോൾ ഒപ്പം കൂട്ടേണ്ട പ്രകൃതിയെ തഴഞ്ഞു.ഇന്ന് മനുഷ്യൻ യാതൊരു വിവേചനവും കൂടാതെ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ് .ഇത്തരം പ്രവർത്തനത്തിൻ്റെ എല്ലാം ഫലമായി മാരക രോഗങ്ങളുടെയും അസ്വസ്ഥകളുടെയും വിള ഭൂമിയായി നമ്മുടെ പ്രകൃതി മാറി. മഴവെള്ളത്തെ ഉള്ളിൽ ആവാഹിച്ച് താഴ്വരകൾക്ക് ആർദ്രത പകരുന്ന കുന്നുകളെ തച്ചുടച്ചു നശിപ്പിക്കുമ്പോൾ ഭൂഗർഭജല സമ്പത്തിന് എന്ത് സംഭവിക്കുന്നു എന്നും കുന്നുകൾ മറഞ്ഞപ്പോൾ അപ്രത്യക്ഷമായ സസ്യജാലങ്ങൾ അവിടെ ജീവിച്ചിരുന്ന പക്ഷി വർഗ്ഗങ്ങൾ എവിടെപ്പോയെന്നും ഈ കർമ്മം ചെയ്യുന്നവർ അന്വേഷിക്കുന്നില്ല. കുന്നുകൾ തകർക്കുന്നതും വയലുകൾ നികത്തുന്നതും പുഴകളിൽ നിന്നു മണൽ കോരുന്നതും എട്ടുവരിപ്പാത ഉണ്ടാക്കുന്നതും എല്ലാം വികസനം എന്ന വാക്കിൻ്റെ അടിസ്ഥാനത്തിലാണ് . വികസനത്തിൻ്റെ തീച്ചൂളയിൽ നമുക്ക് അന്യമാകുന്നത് പ്രകൃതിയുടെ സൗന്ദര്യവും സൗഭാഗ്യങ്ങളും ആണ്. അശാസ്ത്രീയമായ നഗരവൽക്കരണമാണ് പ്രകൃതി നേരിടുന്ന വലിയ ദുരന്തം. പ്രകൃതി സൗന്ദര്യം തൂത്തെറിഞ്ഞ് വെച്ചുയർത്തുന്ന കെട്ടിടങ്ങൾ വന്ധ്യതയാണ് സൃഷ്ടിക്കുന്നത്. രാസവളങ്ങൾ കീടനാശിനികൾ എന്നിവയെല്ലാം പ്രകൃതിയെ നശിപ്പിക്കുന്നു. പ്രകൃതിയിലേക്ക് തള്ളപ്പെടുന്ന മാലിന്യങ്ങളിൽ വലിയൊരു ശതമാനം പുന:ക്രമീകരിക്കാൻ ആവാത്തതാണ് .ഇത് ഭൂഗർഭ ജലത്തിൻറെ ഒഴുക്കിനെ സാരമായി ബാധിക്കുന്നു. നദിയുടെ കുറുകെ കെട്ടിയുയർത്തിയ അണക്കെട്ടുകൾ, വെള്ളത്തിലും കരയിലും അന്തരീക്ഷത്തിലും മത്സരിക്കുന്ന വാഹനങ്ങൾ അവ പുറത്തു വിടുന്ന മാലിന്യം അമിതമായ ശബ്ദം തുടങ്ങി പരിസ്ഥിതിക്ക് ഹാനി വരുന്ന ധാരാളം കാര്യങ്ങൾ ആണ് ഈ നൂറ്റാണ്ടിൽ മനുഷ്യൻ തുറന്നിട്ടത്. തലമുറകൾ കൈമാറി ലഭിച്ച ഭൂമി തലമുറകൾ കൈമാറി നൽകാൻ ഉള്ളതാണ് അതുകൊണ്ട് ഭൂമിയെ കൈവെള്ളയിലെ തങ്കം പോലെ സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഭൂമിയുടെ ആവാസവ്യവസ്ഥയുടെ അടിസ്ഥാനമാണ് ജീവികളുടെ പരസ്പരാശ്രയത്വം. പ്രകൃതിയും മനുഷ്യനും ദൈവചൈതന്യവും ഏകീഭവിക്കുന്നിടത്ത് ജീവിതം ആഹ്ലാദപൂർണ്ണം എന്നതാണ് ഭാരതീയ ദർശനം .പ്രകൃതി അമ്മയാണ് പ്രകൃതിയെ നശിപ്പിക്കുന്ന എന്നാൽ അമ്മയെ നശിപ്പിക്കുക എന്നാണ് അർത്ഥം. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ പുലരാൻ ആകില്ല .മറ്റു ജീവജാലങ്ങളെയും മറ്റും ആശ്രയിച്ചാണ് നാം ജീവിക്കുന്നത്. ചങ്ങലയിലെ ഓരോ കണ്ണിയാണ് ഓരോ ജീവിയും ഓരോ വർഗ്ഗവും .പരസ്പര ആശ്രയമാണ് നിലനിൽപ്പിൻ്റെ അടിത്തറ .ഓരോ ജീവിക്കും വർഗ്ഗത്തിനും മാത്രമായി നിലനിൽപ്പു സാധ്യമല്ല. മറ്റു വർഗ്ഗങ്ങൾക്ക് മുറിവേൽക്കുന്നതിൻ്റെ അളവനുസരിച്ച് അവയെ ആശ്രയിച്ചു കഴിയുന്ന വർഗ്ഗത്തിന് വംശനാശത്തിൻ്റെ മുന്നറിയിപ്പ് കിട്ടും. മുന്നറിയിപ്പ് അവഗണിച്ചാൽ സംഗതികൾ ശരിയാകാൻ പിന്നെ കോടിക്കണക്കിന് വർഷങ്ങൾ എടുക്കും എന്നാണ് ശാസ്ത്രം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് .

നാടിൻറെ വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകുമ്പോഴാണ് ഭൂമിയിലെ ഈ ജീവിതം അർത്ഥപൂർണമാകുന്നത്. അധികാരവികേന്ദ്രീകരണത്തിൻ്റെ അടിസ്ഥാനത്തിലുള്ള പരിസ്ഥിതി സൗഹൃദ വികസന പ്രക്രിയകൾ ആണ് ആവശ്യം .ഓരോ സ്ഥലത്തെയും വിഭവശേഷി കണ്ടെത്തണം. അവ പരിപോഷിക്കപ്പെടേണം. അങ്ങനെ നമ്മൾക്ക് സമഗ്രവികസനം എന്ന സങ്കൽപ്പത്തിന് അടിസ്ഥാനം ഒരുക്കാൻ ആകും അതിനായി നമുക്ക് കൈകോർക്കാം.

Theertha S
IX B സെന്റ് ജോസഫ് സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 03/ 2022 >> രചനാവിഭാഗം - ലേഖനം