സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അടുക്കാനായി അകലുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
അടുക്കാനായി അകലുമ്പോൾ


ഒരുപാട് ദിവസത്തെ അവധി ദിവസങ്ങളിൽ നിന്നുണ്ടായ വിരസതയെക്കുറിച്ച് ആലോചിച്ച് സിറ്റൗട്ടിലിരിക്കുമ്പോൾ അറിയാതെ ഒന്നു മയങ്ങിപ്പോയി . ഈ ദിവസമത്രയും വായിച്ച കഥകളിലെ ആലിസും ഗളിവറും മാക്സിമും ഗോർക്കിയുടെ അമ്മയും മാക്ബെത്തും ഒഥല്ലോയും അന്ന കരീനയും ഒന്നും മനസ്സിൽ നിന്നും ഒഴിഞ്ഞുപോകുന്നില്ല എന്ന തോന്നൽ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.മയക്കത്തിൽ നിന്നും ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ ചുറ്റും ഒരുപാട് ജീവികൾ അലറി വിളിച്ച് എൻെറ നേർക്ക് അടുക്കുന്നു . അവയിക്ക് ഞാൻ വായിച്ച ഗള്ളിവർ കഥയിലെ ചെറിയ മനുഷ്യരുടെ പോലും രൂപസാമീപ്യമില്ലായിരുന്നു.പാവങ്ങൾ എന്ന കഥയിലെ ജീൻ വാൽ ജീൻനെപ്പോലെ മെലിഞ്ഞുണങ്ങിയ വലുപ്പത്തിലുമായിരുന്നില്ല. നല്ല ചുവന്നുതുടുത്ത കിരീട സാദൃശ്യമുള്ള തീരെ ചെറിയ ജീവികൾ അവയുടെ നിഴലുകൾ വിടർന്നിരുന്നോയെന്ന് പകൽക്കിനാവിൻെറ വെളിച്ചത്തിൽ പോലും ഉറപ്പിക്കാൻ കഴിയുന്നില്ല .അവർ ഒറ്റയ്ക്കല്ലായിരുന്നു.
അനേകായിരങ്ങൾ കൂട്ടത്തോടെ എനിക്ക് ചുറ്റും ഭീകര ശബ്ദത്തോടെ എത്തിച്ചിരുന്നു. രക്തനാഡികൾ പോലും സ്തംഭിച്ചു പോയ ഞാൻ അത്ഭുതദ്വീപിൽ അകപ്പെട്ട ആലീസിനെപ്പോലെ ആയിരുന്നില്ല. ഞാൻ വല്ലാതെ ഭയപ്പെട്ടു. എങ്കിലും രക്ഷപ്പെടുവാ‍ൻ വെറുതെ മോഹിച്ചു. കാരണം എൻെറ ശരീരം വൃത്തിയും വെടിപ്പുമുള്ളതായിരുന്നു. എൻെറ മനസ്സ് പരിശുദ്ധമായിരുന്നു കൂടാതെ ഉറച്ച ദൈവവിശ്വാസവും. അതിനാൽ തന്നെ ഒരു ശക്തിക്കും എന്നെ പെട്ടെന്ന് പരാജയപ്പെടുത്താൻ കഴിയില്ല. ആ വിചിത്രജീവികൾ എൻെറ തലയ്ക്കുമീതെ വട്ടമിട്ടു പറന്നു. എന്നാൽ അവ എന്നിൽ നിന്നും നിശിചിത അകലം പാലിച്ചുകൊണ്ടേയിരുന്നു. ആ സൂക്ഷ്മജീവികളിലൊന്ന് എന്നോട് സംസാരിക്കുന്നതുപോലെ എനിക്കു തോന്നി. അവയെല്ലാം തന്നെ എന്നെ ചിന്തിപ്പിക്കുന്നവയായിരുന്നു.“നീ പ്രപഞ്ചത്തിൽ നിലയുറപ്പിക്കുവാൻ ആഗ്രഹിക്കുന്നുവോ, പ്രകൃതിയെ ചൂഷണം ചെയ്യുന്ന നിൻെറ വർഗ്ഗത്തോടൊപ്പമാണോ, ജലാശയങ്ങൾ മലിനമാക്കുമോ, കുന്നുകളും മലകളും ഇടിച്ചുതള്ളി രമ്യഹർമ്യങ്ങൾ നിർമ്മിക്കുമോ , ജനനവും മരണവും ഒരുപോലെ ആഘോഷമാക്കുമോ, എന്തിനും ഏതിനും ആർഭാടം ശീലമാക്കുമോ കുടിനീരിനായി ദാഹിക്കുന്നവന് വിഷദ്രാവകം നൽകുമോ,സ്വാർഥലാഭത്തിനായി കൂടെപ്പിറപ്പുകളെപ്പോലും ബലിയാടാക്കുമോ “എന്നിങ്ങനെ വർത്തമാനകാലത്തിൻെറ ക്രൂരതകൾ ചൂണ്ടിക്കാട്ടുന്ന ഒരായിരം ചോദ്യങ്ങൾ. ഏറെക്കാലമായി ഞാനും ഉത്തരം തേടുന്ന അതേ ചോദ്യങ്ങൾ. മനുഷ്യൻ മൃഗമെന്ന് പോലും വിശേഷിപ്പിക്കാൻ പറ്റാത്ത തരത്തിൽ നീചമായ അവസ്ഥയിലേക്ക് അവനെത്തിയിരിക്കുന്നു. എന്നെ കൂടുതൽ ചിന്തിപ്പിക്കുവാൻ അനുവദിക്കാതെ എൻെറ ചിന്തകൾ മനസ്സിലാക്കിയെന്നോണം കിരീടരൂപികൾ ചോദിക്കുന്നു. “ഇപ്പോൾ നീ എവിടെ പ്രാർഥിക്കുന്നു? നിർമ്മാല്യവും ശീവേലിയും വിഷുക്കണിയും ദർശിച്ചില്ലെങ്കിലും നിൻെറ നാട്ടിലെ അഭിനയഭക്തർ ഉണ്ണാറുമുറങ്ങാറുമില്ലേ, മരണാനന്തരചടങ്ങുകളിൽ പുഷ്പചക്രവും ആചാരപ്രകാരമുള്ള ചടങ്ങുകളും ഒഴിവാക്കുന്നതിന് ദൈവകോപമുണ്ടോ,വഴിവക്കിൽ മാലിന്യകൂമ്പാരമുണ്ടോ, അന്തരീക്ഷവായു മലിനീകരിക്കപ്പെടുന്നുണ്ടോ, സമയത്തും അസമയത്തും തിന്നും കുടിച്ചും വരുത്തിവയ്ക്കുന്ന ജീവിതശൈലി രോഗങ്ങൾ ഉണ്ടോ, പ്രഹസനങ്ങൾക്കായി വിളിച്ചുചേർക്കുന്ന വൻ സമ്മേളനങ്ങളെവിടെ? “ശരിയാണ്, ഈ ചോദ്യങ്ങളെല്ലാം ശരിയാണ്.
എന്തിനൊക്കെയോ ചില വിരാമങ്ങൾ ഉണ്ടായി. അവിശ്വസനീയം. തിഥിയും നാഴികയും നോക്കി നോമ്പനുഷ്ഠിച്ച് ശാശ്വതമായ സത്യത്തിൻെറയും വിശ്വാസത്തിൻെറയും കഥ പറഞ്ഞ് തമ്മിലടുപ്പിക്കുന്ന വിശ്വാസികളെ കാണാനില്ല. സ്വദേശികളെയും വിദേശികളെയും പണക്കിഴിയുടെ വലിപ്പം നോക്കി ശിഷ്യസമ്പത്താക്കി മാറ്റുന്ന ആത്മീയ മാതാപിതാക്കളെയും ആൾദൈവങ്ങളെയും കാണാനില്ല . ഒടുവിൽ നിശ്ചിത അകലം പാലിച്ച് സകല ധൈര്യവും സംഭരിച്ച് ഞാൻ ചോദിച്ചു, “ദൃഷ്ടിഗോചരമല്ലാത്ത സൂക്ഷ്മജീവികളെ എന്നെയും എൻെറ ലോകത്തെയുംപ്പറ്റി സകലതുമറിയുന്ന നിങ്ങൾ ആരാണ്, ലക്ഷ്യമെന്താണ്?” “ഞങ്ങൾ വ്യാവസായിക വിപ്ലവം തന്നെ സൃഷ്ടിച്ച് ലോകവിപണി കൈയ്യടക്കി വാഴുന്ന രാജ്യത്ത് പ്രത്യക്ഷപ്പെട്ട് അനേകായിരങ്ങളെ നശിപ്പിച്ച് വിശുദ്ധനഗരവും അംബരചുംബികളായ നാടും കടന്ന് ഗംഗയുടെ നാട്ടിലെത്തിയവരാണ്.നിർദ്ദാക്ഷണ്യമായ കൊന്നൊടുക്കലാണ് ഞങ്ങളുടെ ലക്ഷ്യം.ദൈവത്തിൻെറ സ്വന്തം നാട്ടിലെയ്ക്കെത്തുമ്പോൾ ഇന്നലെകളിലെ മരണത്തിൻെറ കണക്കുകൊണ്ട് ഞങ്ങൾ തൃപ്തിപ്പെടില്ല. മരണത്തിൻെറ കണക്കുപുസ്തകത്തിൽ ധാരാളം സങ്കലനങ്ങളും വ്യവകലനങ്ങളും ഞങ്ങൾ രേഖപ്പെടുത്തും. സൂര്യനസ്തമിക്കാത്ത നാട്ടിലും ഞങ്ങൾ സമ്മാനിച്ച ദുരന്തം നിങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂ. ചന്ത്രയാനും ഗഗൻയാനും നടത്തി ശാസ്ത്രലോകത്തെ കൈപ്പിടിയിലൊതുക്കി എന്ന് അഹങ്കരിക്കുന്ന റഷ്യയും അമേരിക്കയും ഇന്ന് കാലിടറി വീഴുകയാണ്. ശാസ്ത്രം രക്ഷകനോ ശിക്ഷകനോ എന്ന് തീരുമാനിക്കാനുള്ള സമയമാണിത് . ഈ കൊച്ച് കേരളവും ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട് വിലപിക്കുന്ന നിസ്സംഗമായ അവസ്ഥയിലേയ്ക്കെത്തും.ഞങ്ങൾ എവിടെയുമുണ്ട്, എപ്പോഴുമുണ്ട്.”പെട്ടെന്ന് ഞാനെൻെറ ഉറ്റവരേയും ഉടയവരേയും കുറിച്ച് ചിന്തിച്ചുപോയി . സർവ്വലോകങ്ങളിലും ചുറ്റി തിരിഞ്ഞ് ആധുനിക ശാസ്ത്രനേട്ടങ്ങളെയും വൈദ്യശാസ്ത്രത്തേയും വെല്ലുവിളിച്ചുകൊണ്ട് കടന്ന് വന്ന ഈ ദുഷ്ടശക്തികൾ എൻെറ നാടിനെ ഒന്നടങ്കം നശിപ്പിക്കാമെന്നോർത്ത് ഞാൻ നിലവിളിച്ചു . എത്ര ശാസ്ത്രസാങ്കേതിക മുന്നേറ്റം നടത്തിയാലും ആതുരാലയങ്ങൾ എത്രകണ്ട് സജ്ജമാക്കിയാലും നമ്മുടെ ജനത പ്രബുദ്ധരെന്ന് ഉദ്ഘോഷിച്ചാലും ഈ നാടിനുമില്ലേ പരിമിതി.
ഞാൻ ഞെട്ടിയുണർന്നു. അപ്പോൾ ഞാൻ കണ്ടത് ഭയചകിതമായ എൻെറ മുഖം കണ്ട് വിറങ്ങലിച്ച് നിൽക്കുന്ന അമ്മയെ ആണ്. “മോൾ വല്ലാതെ പേടിച്ചിരിക്കുന്നല്ലോ, എന്തുപറ്റി?” ഞാൻ ഓർമ്മയിൽ വന്ന കാര്യങ്ങൾ അമ്മയോട് പറഞ്ഞു. ആവിചിത്രരൂപികൾ ആരാണമ്മേ എന്ന ചോദ്യത്തിന് അമ്മയുടെ ഉത്തരം കേട്ടപ്പോൾ ഞാൻ ലജ്ജിച്ചുപോയി. മൂന്നുനാലാഴ്ചകളിലായി നമ്മെയെല്ലാം നിശ്ചിത അകലത്തിലാക്കി ഏറെ പാഠങ്ങൾ പഠിപ്പിച്ച 'കൊറോണ വൈറസ്'. അതെ അതു തന്നെ. വല്ലാതെ ഭയക്കുന്നുണ്ടാകാം ഈ ഏകകോശജീവിയെ, ഞാൻ മാത്രമല്ല, ലോകമെമ്പാടും ശാസ്ത്രം കൈവരിച്ചനേട്ടങ്ങൾ എത്ര മഹത്തരമെങ്കിലും സാധ്യമായതിനപ്പുറം അസാധ്യമായവ അവശേഷിപ്പിക്കുന്നു എന്നോർമ്മപ്പെടുത്തി ഈ നൂറ്റാണ്ടിൻെറ ഏറ്റവും പേടിപ്പെടുത്തുന്ന മാരകവിപത്തിനു കാരണമായ കൊറോണ നമ്മെ ഒരു പുതിയശൈലി പഠിപ്പിക്കുകയല്ലേ ചെയ്തത് എന്ന് ഞാൻ ചിന്തിച്ചു പോകുന്നു.എല്ലാറ്റിനും എല്ലാവരോടും അകലം പാലിച്ച് കൊണ്ട് അടുക്കാനായി അകലണമെന്ന് അപ്രതീക്ഷിതമായി നമ്മെ പഠിപ്പിച്ച ഈ മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം . Break the chain and sweep the pandemic .

ജനീത വി.ജയകുമാർ
10എ സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം