സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ ഒരു ചരമക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ചരമക്കുറിപ്പ്

ഞാൻ കോവിഡ് 19, അപ്പൊ നിങ്ങൾ ചോദിക്കും ഈ ലൂയി പതിനാറാമൻ എന്നൊക്കെ പറേന്നപോലെയാണോ ഈ 19 വന്നെ എന്ന്.അല്ലാട്ടോ, ഏതോ മരത്തിൽ തൂങ്ങിക്കിടന്ന വവ്വാലിൻ്റെ ഉള്ളിൽ കിടന്ന് കാലം കഴിക്കേണ്ടി വരുമായിരുന്ന എനിക്ക് ഒരു പുതുജീവൻ കിട്ടിയത് 2019ൽ ആണ്.അന്ന് പേരിൻ്റെ ഒപ്പം കൂട്ടിയതാണീ 19.എന്നെ സ്നേഹത്തോടെ കൊറോണ എന്നും വിളിക്കാം.മനുഷ്യ ശരീരത്തിൽ കയറിപ്പറ്റിയ എന്നെ കാത്തിരുന്നത് അനന്തകോടി സാധ്യതകളായിരുന്നു.ചെറിയൊരു തുമ്മലിലും ചുമയിലും തുടങ്ങിയ ജീവിതം,കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് നാടും ദേശവും കടന്ന് രാജ്യങ്ങൾക്കും ഭൂഖണ്ഡങ്ങൾക്കും വരെ അപ്പുറo വ്യാപിച്ചപ്പോൾ ഞാൻ തെല്ലൊന്നുമല്ല ആഹ്ലാദിച്ചത്. മറ്റുള്ള എല്ലാ ജീവികളെയും പിടിച്ച് കൂട്ടിലടച്ച മനുഷ്യനെ ദിനരാത്രികൾ കൊണ്ട് കൂട്ടിലടച്ചപ്പോൾ ഞാനൊരൽപ്പം അഹങ്കരിച്ചു പോയി.ചെന്നു കയറിയ രാജ്യങ്ങളിലൊക്കെ ഞാൻ സംഹാര താണ്ഡവമാടി.ഇന്ത്യയിലേക്ക് കാലെടുത്തു വച്ചപ്പോൾ, അവിടുത്തെ ജനസംഖ്യകണ്ടപ്പോൾ ഞാൻ ആനന്ദ പുളകിതനായി.

എന്നാൽ, അഹങ്കാരം കൂടിയപ്പോൾ തോന്നിയ അതിബുദ്ധിയെന്നേ കേരളത്തിലേക്ക് വരാൻ തോന്നിയതിനെപ്പറ്റി എനിക്ക് പറയാൻ പറ്റൂ. ഇവിടെനിക്ക് ഒരു രക്ഷേം ഇല്ല.സത്യം പറയാലോ മുഴുപ്പട്ടിണിയാ, ആരുടെയെങ്കിലും ദേഹത്തു കയറിയാൽ അപ്പൊ വരും ഐസൊലേഷനും സമ്പർക്ക പട്ടികയും പിന്നെ ലോക്ക് ഡൗണും ബ്രേക്ക് ദ ചെയിനും. എൻ്റെ വംശം തന്നെ നശിക്കാറായി. സമൂഹ വ്യാപനംപോയിട്ട് ഒന്ന് പകരാൻ പോലും എനിക്ക് പറ്റുന്നില്ല. ലോകം മുഴുവൻ ഭീതിയിൽ നിന്നപ്പോഴും, നാളെ ജീവനോടെ ഉണ്ടാകുമോ എന്നു പോലും ഭയപ്പെട്ടു നിൽക്കുമ്പോഴും ഇവിടുത്തെ മഹിളാണികൾ അടുത്ത കൊല്ലത്തേക്കുള്ള മാങ്ങ അച്ചാറിടാനും ചക്ക വരട്ടാനുമുള്ള തിരക്കിലാണ്. ഇവിടുത്തെ അമ്മമാർ കുഞ്ഞുങ്ങൾക്ക് ചോറു കൊടുക്കുന്നത് ഇപ്പോൾ എങ്ങനെയാണെന്നോ, "ദേ കൊറോണ വരുന്നു" എന്നും പറഞ്ഞ്.ഇതൊക്കെ കേൾക്കുമ്പോ നാണം കൊണ്ട് എൻ്റെ തൊലി പൊളിയുകയാ. എന്നാ കേരളത്തിലെ ഭക്ഷണത്തിനെങ്കിലും ക്ഷാമം വരുത്താമെന്ന് വിചാരിച്ചാ പറമ്പിലെ സകല ഇലകളും കായും കിഴങ്ങും എടുത്ത് കറിയും തോരനും വച്ച് അവർ സുലഭമായിട്ട് കഴിയുകയാണ്. ഇതൊക്കെ തിന്നു തിന്നു ഇവർക്കാണേൽ ഒടുക്കത്തെ പ്രതിരോധശേഷിയും. മറ്റു രാജ്യങ്ങളിലുള്ള എൻ്റെ മക്കൾ എങ്കിലും പരമ്പര തുടരുമല്ലോ എന്നായിരുന്നു ഒരാശ്വാസം. ഇപ്പൊ അതും പോയി. എല്ലാരും കേരളം മാതൃക ആക്കാൻ പോകുവാണത്രെ. ഒക്കെ എൻ്റെ തെറ്റാണ്. മര്യാദയ്ക്ക് ആ വവ്വാലിൻ്റെ ഉള്ളിൽ തന്നെ കിടന്നാ മതിയായിരുന്നു. ഇപ്പൊ കടിച്ചതും ഇല്ല,പിടിച്ചതും ഇല്ല എന്നായി.

എന്ന്

-ദിവസങ്ങൾ എണ്ണി കഴിയുന്ന കൊറോണ.


റിയ അജിത്ത്
8 A സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ