സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി -2021
സ്കൂൾതല ഉദ്ഘാടന റിപ്പോർട്ട്
2021-22 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടന കർമ്മം 13.7.2021 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ഗൂഗിൾ മീറ്റ് മുഖേന നടത്തപ്പെട്ടു. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലൂസി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ സാഹചര്യത്തിൽ തികച്ചും വെർച്വലായാണ് യോഗപരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്.കുമാരി ഏയ്സിലിന്റെ പ്രാർത്ഥനാഗാനത്തോടെയോഗനടപടികൾക്ക് ആരംഭം കുറിച്ചു. സെന്റ് മേരീസ് എ ഐ ജി എച്ച് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിദ്യാർത്ഥി പ്രതിനിധി കുമാരി ഹെബ്സീബ ഏയ്ഞ്ചൽ ഏവർക്കും സ്വാഗതമർപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കർമ മണ്ഡലങ്ങളെക്കുറിച്ചും ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും വളരെ വ്യക്തമായി വിദ്യാരംഗം കലാസാഹിത്യവേദി മട്ടാഞ്ചേരി ഉപജില്ലാ കോർഡിനേറ്റർ ശ്രീമതി വസന്ത ടീച്ചർ തന്റെ ആമുഖ പ്രസംഗത്തിലൂടെ അവതരിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും കുട്ടികളുടെ സർഗാത്മകതയും കലാവാസനയും പരിപോഷിപ്പിക്കേണ്ടതിന്റെ അനിവാര്യതയും അതിനായി പരിമിതികളെ അതിജീവിച്ചു കൊണ്ട് ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ഊർജിതമായി തന്നെ നടത്തപ്പെടുമെന്നും ഓർമിപ്പിച്ചു.തുടർന്ന് ചടങ്ങിലെ വിശിഷ്ടാതിഥി ശ്രീ സാജൻ പള്ളുരുത്തി ഔദ്യോഗികമായി ഉദ്ഘാടന കർമ്മം നിർവഹിച്ച് കുട്ടികളോട് സംസാരിച്ചു വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കലാപരവും സർഗാത്മകവുമായ കഴിവുകളെ വളർത്തിയെടുക്കുവാൻ വിദ്യാരംഗം കലാസാഹിത്യവേദി പോലുള്ള സംരംഭങ്ങൾ കാലോചിതമാണെന്നും ഇതിലൂടെ എല്ലാ വിദ്യാർത്ഥികളിലുമുള്ള പ്രതിഭ ഉണരണമെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ പ്രചോദനാത്മകമായിരുന്നു. ഒപ്പം തന്റെ സ്വതസിദ്ധമായ ശൈലിയിൽ പ്രാസപ്രയോഗത്തിന്റെ ചുവടു പിടിച്ചു കൊണ്ടുള്ള നർമരസപ്രദാനമായ സംഭാഷണചാതുരിയിലൂടെ ഏവരുടെയും ഹൃദയം കീഴടക്കുവാനും അദ്ദേഹത്തിനു സാധിച്ചു.കുമാരി ടാനിയ മനുവിന്റെ കവിതാലാപനം ചടങ്ങിനു മോടി കൂട്ടി.ബി ആർ സി കൽവത്തി മേഖല ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീ പ്രിൻസ് സർ, വിദ്യാരംഗം കലാസാഹിത്യവേദി മുൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും സ്കൂളിലെ മുൻ കലാധ്യാപകനുമായ ശ്രീ ജോൺകുട്ടി സർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്കൂളിലെ സീനിയർ അധ്യാപികയും വിദ്യാരംഗം സ്കൂൾതല സംഘാടകയുമായ ശ്രീമതി ആനി റോസ് ടീച്ചർ ഏവർക്കും കൃതജ്ഞത അർപ്പിച്ചതോടുകൂടി ചടങ്ങിനു പരിസമാപ്തിയായി.

വിദ്യാരംഗം കലാസാഹിത്യവേദി -2025
വിദ്യാർത്ഥികളിൽ ഭാഷാപരമായതും രചനാപരമായതുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി സ്കൂളിൽ വിദ്യാരംഗം ക്ലബ് പ്രവർത്തിച്ചു വരുന്നു. കഥ, കവിത, ഉപന്യാസം, അഭിനയം മുതലായ മേഖലകൾക്കാണ് ഇതിൽ പ്രാധാന്യം നൽകുന്നത്.വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടു കൂടി പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി . വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുക അതിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനു വേണ്ടി പ്രമുഖ വ്യക്തികളുടെ പ്രഭാഷണം നടത്തുക. സെമിനാറുകൾ, വിവിധ ശില്പശാലകൾ, സംഘടിപ്പിക്കുക. പതിപ്പുകൾ,മാഗസിനുകൾ,ചിത്രരചനാ മത്സരം, കവിതാ രചന, കഥാ രചന , പുസ്തകാസ്വാദനം, പ്രബന്ധ രചന തുടങ്ങി വിവിധ രചനാ മത്സരങ്ങൾ നടത്തുക, എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് വിദ്യാരംഗം കലാസാഹിത്യവേദി . ഇതിനോടൊപ്പം കുട്ടികളുടെ വായനാ താല്പര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യ വേദി തീരുമാനമെടുക്കുകയുണ്ടായി.
വായനവാരാചരണം –2025
പി എൻ പണിക്കരുടെ ചരമദിനം വായന ദിനമായി ആചരിക്കുന്നു.
വായന ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലിമ ആന്റണി സ്‌കൂൾ ലൈബ്രറിയുടെ ഔപചാരിക ഉദ്ഘാടനകർമ്മം നിർവഹിച്ചു.വായനയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാർത്ഥികൾ വായനയെ എങ്ങനെ ഗൗരവമായി സമീപിക്കണമെന്നതിനെക്കുറിച്ചും സ്കൂൾ ഹെഡ്മിസ്ട്രെസ് മനോഹരമായ സന്ദേശം നൽകി.വായനവാരാചാരണത്തോടനുബന്ധിച്ച് പുസ്തക വിതരണം,പുസ്തകാസ്വാദനം, കഥാവായന, പത്ര വായന, ക്വിസ്, വായനക്കുറിപ്പ്, കവിതാ രചന തുടങ്ങി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു.
വിദ്യാരംഗം ഉപജില്ലാപ്രവർത്തനോദ്ഘാടനം - 2025
മട്ടാഞ്ചേരി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2025-26 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം ജൂലൈ 21ന് ഫോർട്ട്കൊച്ചി സെന്റ്. മേരിസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട കൊച്ചി എം എൽ എ ശ്രീ.കെ ജെ മാക്സി ഉദ്ഘാടന കർമ്മം നിർവഹിച്ചു.യുവഗായകൻ മാർട്ടിൻ നെറ്റോ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ഓഫീസർ ശ്രീ വി എ ശ്രീജിത്ത് അധ്യക്ഷസ്ഥാനം അലങ്കരിച്ച ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.എൻ സുധ വിഷയാവതരണം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൽ ഹമീദ് സ്വാഗതം പറഞ്ഞു .മട്ടാഞ്ചേരി ബി പി സി ശ്രീമതി. രമ്യ ജോസഫ്,കെ എസ് ടി എ സംഘടന പ്രതിനിധി ശ്രീ ഷിബു ടി കെ, സീനിയർ അധ്യാപിക ശ്രീമതി സുഷ ഹാരിയറ്റ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഉപജില്ലാ ജോയിന്റ് കോർഡിനേറ്റർ ശ്രീമതി നീഷ എൻ കൃതജ്ഞത അർപ്പിച്ചു.തുടർന്ന് ഗായകനും മ്യൂസിക് കമ്പോസറുമായ മാർട്ടിൻ നെറ്റോയും സംഘവും അവതരിപ്പിച്ച സംഗീതവിരുന്ന് ഉദ്ഘാടന ചടങ്ങുകൾക്ക് മാറ്റ് കൂട്ടി.'എം. ടി യുടെ മഞ്ഞ് - നോവലിലെ ഭാവ കാവ്യം'എന്ന വിഷയത്തെ മുൻനിർത്തി ഉപജില്ലാ തല സാഹിത്യ സെമിനാറും അന്നേദിവസം നടത്തപ്പെട്ടു.
വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം -2025
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മട്ടാഞ്ചേരി ഉപജില്ലയുടെ 2025-26 അധ്യയന വർഷത്തെ സർഗോത്സവം സെപ്റ്റംബർ 24 ബുധനാഴ്ച ജി എച്ച് എസ് ഇടക്കൊച്ചിയിൽ വച്ച് നടത്തപ്പെട്ടു.വിവിധ ശില്പശാലകളിൽ പങ്കെടുത്തുകൊണ്ട് സെന്റ്. മേരിസ് എ ഐ ജി എച്ച് എസ് ലെ വിദ്യാർത്ഥിനികൾ മികച്ച പ്രകടനം കാഴ്ച വെക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. ഒക്ടോബർ 7-ാം തീയതി എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ വെച്ച് ജില്ലാ തല സർഗോത്സവം നടത്തപ്പെട്ടു. ഉപജില്ലാ തലത്തിൽ സമ്മാനർഹരായ ആൻ പോളി റാഫേൽ (ചിത്ര രചന )മിറിയാം മേഴ്‌സി അഭിഷേക് (കഥാരചന)അമാന കാത്തൂൻ (കാവ്യാലാപനം)എന്നീ കുട്ടികൾ ഇതിൽ പങ്കെടുക്കുകയും 7-ാം ക്ലാസ് വിദ്യാർത്ഥിനിയായ അമാന കാത്തൂൻ കാവ്യലാപനത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.