സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/അക്ഷരവൃക്ഷം/ഓർമ്മയിൽ ഒരു നിമിഷം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മയിൽ ഒരു നിമിഷം
പതിവിലും നേരത്തെ തന്നെ ജോലികൾ തീർത്ത് വെച്ച് ചാർട്ടുകൾ അടുക്കി വെക്കുന്ന ശ്രദ്ധയിൽ ആയിരുന്നു ഞാൻ. നൈറ്റ് ഡ്യൂട്ടിക്കാർ വന്നിരുന്നുവെങ്കിൽ വേഗം ഹാൻഡ് ഓവർ ചെയ്തു നമുക്ക് ഇറങ്ങാം ആയിരുന്നു. വൈകിട്ടത്തെ കുർബാനയും കാണാമായിരുന്നു. ജോമി സിസ്റ്റർ പറഞ്ഞു. ഓ... ആറുമണി ആകാൻ ഇനിയും 15 മിനിറ്റ് ഉണ്ട്. അയ്യോ, അമ്മച്ചി... അതിൽ പിടിച്ച് ഒന്നും വലിക്കല്ലേ.. ഡോക്ടർ വഴക്കു പറയും. ബെഡിൽ കിടന്നുകൊണ്ട് മൂക്കിൽകൂടി ഇട്ടിരിക്കുന്ന ട്യൂബ് വലിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ത്രേസ്യാമ്മച്ചി. പാവം... ശരീരത്തിലെ ഒരു വശം തളർന്നു പോയതാണ്. എന്റെ വിളി കേട്ട് അമ്മച്ചി ദയനീയമായി എന്നെ നോക്കി. ആ നോട്ടത്തിൽ എന്തൊക്കെയോ യാചന ഉള്ളതുപോലെ. അടുത്തുചെന്ന് അമ്മച്ചിയുടെ തലയിൽ സ്നേഹത്തോടെ തലോടി. പോട്ടെ... സാരം ഇല്ലാട്ടോ.. വേഗം സുഖമായി വീട്ടിൽ പോകണ്ടേ നമുക്ക്. അമ്മച്ചിയുടെ മക്കളൊക്കെ പുറത്ത് കാത്തു നിൽപ്പുണ്ട്. അരികിൽ മാറി കിടന്നിരുന്ന ഷീറ്റ് എടുത്തു പുതപ്പിച്ച് കൊടുത്തു. അപ്പോഴേക്കും രേഷ്മയും സിന്ധുവും ഹാൻഡ് ഓവർ ചെയ്യാനായി എത്തിക്കഴിഞ്ഞിരുന്നു. ഓവർ പറഞ്ഞശേഷം ഐസിയുവിൽ ഏസിയുടെ തണുപ്പിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ വല്ലാത്തൊരു ചൂട് അനുഭവപ്പെടുന്നത് പോലെ. സിസ്റ്ററെ... അമ്മച്ചിക്ക് എങ്ങനെയുണ്ട്? അമ്മച്ചിയുടെ മകളാണ്. കുഴപ്പമില്ല, ഡോക്ടർ കുറിച്ച മരുന്ന് കൊടുത്തിട്ടുണ്ട്. ട്യൂബിലൂടെ കഞ്ഞിയും കൊടുത്തു. .... എന്റെ മോന് ഇപ്പോൾ എങ്ങനെയുണ്ട് സിസ്റ്റർ.. അവൻ എന്നെ അന്വേഷിച്ചോ..? 10 വയസ്സുള്ള രോഹിത്തിന്റെ അമ്മയാണ് .. കുഴപ്പം ഒന്നുമില്ല ചേച്ചി.. അവൻ ഉറങ്ങുകയാ. പിന്നെയും ആരൊക്കെയോ വേണ്ടപ്പെട്ടവരെ കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. എല്ലാവരോടും എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. എങ്ങനേലും അതിനിടയിൽ നിന്നും രക്ഷപെട്ടാൽ മതി എന്നേ ഉള്ളു ആയിരുന്നു അന്നേരം. ബോധമില്ലാതെ കിടക്കുന്ന തങ്ങളുടെ ഉറ്റവരുടെ അവസ്ഥ എങ്ങിനെ ഈ സങ്കട കടലിൽ ഇരിക്കുന്നവരോട് പറയാനാവുക..


ഓഫീസ് റൂമിൽ ചെന്ന് ഒപ്പിട്ട് തിരികെ ഇടനാഴിയിലൂടെ നടന്നു വരുമ്പോൾ കേൾക്കാം.. സി വാർഡിൽ നിന്നും കുട്ടികളുടെ കരച്ചിലും ബഹളവും. സിസ്റ്റർ ആന്റി.... ഞാൻ തിരിഞ്ഞു നോക്കി. തോളറ്റം നീട്ടി വളർത്തിയ മുടിയും പെറ്റിക്കോട്ട് ഇട്ടിട്ട് ഒരു പെൺകുട്ടി.. നാലഞ്ച് വയസ്സ് വരും. അവൾ എന്നെ കണ്ടു നാണിച്ചു ചിരിച്ചു.... ടാറ്റ.... കുഞ്ഞി കവിളിൽ മൃദുവായി തലോടി കൊണ്ട് ഞാൻ പതിയെ നടന്നു നീങ്ങി. ആശുപത്രിയുടെ അരികിലൂടെ നീങ്ങിയാൽ അടുത്തതായി കാണുന്നതാണ് ഹോസ്റ്റൽ. അവിടെ പൂന്തോട്ടത്തിൽ തൊഴിലാളികൾ പുല്ലുവെട്ടി വൃത്തിയാക്കുന്നത് കാണാമായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് മിക്കവരും എത്തിക്കഴിഞ്ഞു. ചിലർ ചായ കുടിക്കുന്നു.. ചിലർ അന്നത്തെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.. വേഗം കുളിച്ചു ചുരുങ്ങി ഞങ്ങൾ കുറച്ചുപേർ ഹോസ്പിറ്റലിനോട് ചേർന്നുള്ള പള്ളിയിൽ കുർബാന കാണാനായി ഇറങ്ങി. ഭക്ഷണം കഴിഞ്ഞ് പതിവുപോലെ വീട്ടിലേക്ക് ഫോൺ ചെയ്തിട്ട് ഉറങ്ങാൻ കിടന്നു. ജോലിയുടെ ക്ഷീണത്തിൽ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു. അതിരാവിലെ കുളിച്ചു യൂണിഫോമിട്ട് സൈൻ ഇടാൻ പോകുമ്പോൾ തന്നെ കണ്ടു... ഇന്നലത്തെ നാണക്കാരി.. ചിഞ്ചു. പിന്നെ പിന്നെ അതൊരു പതിവായി. അപ്പോഴേക്കും ഞങ്ങൾ നല്ല കൂട്ടുകാരായി കഴിഞ്ഞിരുന്നു. ഒരു ദിവസം ചിഞ്ചു കുട്ടി പറഞ്ഞു, ആന്റിയെ കാണാൻ എന്റെ അമ്മയെ പോലെ ഉണ്ടല്ലോ..... ആണോ.. എന്നിട്ട് അമ്മ എന്തിയെ..? ആ... അവൾ കൈ മലർത്തി. മോളെ....... അവൾ ഞങ്ങളെ വിട്ടു പോയിട്ട് ഒരു വർഷം ആയി. ക്യാൻസർ ആയിരുന്നു. ഒരു സങ്കടത്തിൽ നിന്നു കരകയറി വരുമ്പോഴാണ്.. ഇപ്പോൾ എന്റെ കുഞ്ഞു മോൾക്കും.... അവർ വിതുമ്പിക്കൊണ്ട് പറഞ്ഞു. ചിഞ്ചുവിന്റെ അച്ഛമ്മ യാണ്. അച്ഛൻ കൂലിപ്പണിക്ക് പോയി കഴിഞ്ഞാൽ അവൾക്ക് ഇന്ന് കൂട്ട് അച്ഛമ്മ യാണ്. അവളെ പൊന്നുപോലെ നോക്കുന്നുണ്ട്. ചിഞ്ചുവിനെ കിടക്ക അരികിലായി താടി നീട്ടി വളർത്തി അലസമായ വേഷത്തോടെ ഒരാൾ ഇരിക്കുന്നു, അവളുടെ അച്ഛൻ. ഒരു ദയനീയ ഭാവം ആ കണ്ണുകളിൽ കാണാമായിരുന്നു. പിന്നെ എന്നും ചിഞ്ചുവിനെ കാണാതെ ഞാൻ പോകില്ലായിരുന്നു. ജോലിത്തിരക്കിനിടെ വിഷമങ്ങൾ ക്കിടയിൽ അവളുടെ സാമീപ്യം എനിക്ക് ആശ്വാസം ആയിരുന്നു. നാളെ ഞാൻ വീട്ടിൽ പോവാ.., അവധിയാണ്.. രണ്ടുദിവസം കഴിഞ്ഞേ വരൂ... ചിഞ്ചുവിന്റെ മുഖം മങ്ങി. അവൾക്ക് നല്ല സങ്കടം വരുന്നുണ്ടായിരുന്നു. നെറ്റിയിൽ ഒരു മുത്തം കൊടുത്ത് ഞാൻ ഇറങ്ങി. ആന്റി പോയി വരുമ്പോൾ എനിക്ക് ചാമ്പക്ക കൊണ്ടുവരുമോ......? തരാട്ടോ. ടാറ്റാ..


അതിരാവിലെ കുളിച്ചൊരുങ്ങി കൂട്ടുകാരോട് യാത്രയും പറഞ്ഞ് ഞാനിറങ്ങി... നഗരത്തിലെ തിരക്കു നിറഞ്ഞ കാഴ്ചകളും മറഞ്ഞു.. വിസ ഗ്രാമത്തിന്റെ പടിവാതിലിൽ പ്രവേശിച്ചിരുന്നു. പുറത്തെ കാഴ്ചകൾ കണ്ട്.. നിറയെ വിളഞ്ഞുനിൽക്കുന്ന പാടശേഖരങ്ങൾ... മനസ്സൊന്നു തണുത്തു വോ... ചെറിയ മയക്കം വന്നെങ്കിലും ഇന്നലെയുടെ സ്മൃതികൾ എന്നെ തൊട്ടുണർത്താൻ തുടങ്ങിയിരുന്നു. അമ്മൂസ്.... എണീറ്റ് നേരം വെളുത്തു. അമ്മ വിളിച്ചു എഴുന്നേൽപ്പിച്ചു. ഇന്ന് സ്കൂളിൽ പോണ്ടല്ലോ, അച്ഛമ്മയുടെ കൂടെ പാടത്ത് പയർ പറിക്കാൻ വരുന്നുണ്ടോ...? അച്ഛമ്മയുടെ കൂടെ അവിടെ പോകാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പാടത്തെ കാഴ്ചകളും തെങ്ങിൻതോപ്പുകളും നിറയെ തോടുകളും അങ്ങിനെ എന്തെല്ലാം ആ .. ഇന്ന് പാടത്തെ വിളവ് എടുക്കുക ആണ്. അമ്മ അച്ഛനോട് പറയുന്നത് ഞാൻ കേട്ടു. ഞാൻ തൊടിയിലേക്ക് ഇറങ്ങുകയാണ് കേട്ടോ. തൂമ്പയും എടുത്ത് അച്ഛൻ ഇറങ്ങിക്കഴിഞ്ഞു. അവിടെ നിറയെ വാഴകളും തെങ്ങും പിന്നെ ചേന ചേമ്പ് പയർ വഴുതന.. അങ്ങനെ എല്ലാം ഉണ്ട്. മണി മണി പോലെ കുരുമുളക് വിളഞ്ഞുനിൽക്കുന്നത് കാണാൻ എന്ത് ചന്തം ആണ്. പല്ലുതേച്ച് കുളിച്ച് ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോഴേക്കും അച്ചാമ്മ കാത്തുനിൽക്കുന്നു. മുറ്റവും കടന്ന് ചെങ്കൽ പടവുകൾ ഇറങ്ങുന്നതിനിടയിൽ ഒരു കാര്യം മറന്നു പോയല്ലോ.. അച്ഛാ ഒരു മിനിറ്റ് ഇപ്പോൾ വരാം. ഓടി ചെന്നിട്ട് കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ സ്കൂളിൽ നിന്നും കിട്ടിയ ആര്യവേപ്പിനെ വെള്ളം ഒഴിച്ചു കൊടുത്തു. വേഗം ഇറങ്ങിയപ്പോഴേക്കും താഴെ അച്ഛമ്മയുടെ കൂട്ടുകാർ പയർ പറിക്കാനായി കാത്തുനിൽപ്പുണ്ടായിരുന്നു. എടി ചിന്നു നീയും ഉണ്ടോ...? സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി. ഓടിയും നടന്നും ഞങ്ങൾ പാടത്ത് എത്തി. പുറകെ വലിയ വരും. അവരുടെ കൂടെ ഞങ്ങളും പയർ പറിക്കാൻഇറങ്ങി. പിണങ്ങി നിൽക്കുന്ന പയറുകൾ കണ്ടപ്പോൾ മുത്തുമണി കോർത്തെടുത്ത് പോലെ. ആവേശം കൊണ്ടും സന്തോഷം കൊണ്ടും ഞങ്ങൾ മതിമറന്നു. കൈനിറയെ പയറും പറിച്ചുകൊണ്ട്.... മക്കളെ വിഷമിച്ചില്ലേ ... കുറച്ചുനേരം ഇനി ആ തെങ്ങിൻതോപ്പിൽ ഇരുന്നോ.. അച്ഛമ്മയുടെ തൂക്കു പാത്രത്തിൽ നിന്നും കുറച്ച് കഞ്ഞി വെള്ളം എടുത്തു കുടിച്ചിട്ട് ഞങ്ങൾ തോപ്പിൽ പോയിരുന്നു. അച്ഛമ്മയും കൂട്ടരും കഥകൾ പറഞ്ഞു ജോലിചെയ്യുകയാണ്. വെയിലിന് ചൂട് ഒന്നും അവർക്കൊരു പ്രശ്നമല്ല. ഹോയ്... ഏലയ്യ.. ഏലയ്യ.. എടി ചിന്നു എവിടുന്നാ പാട്ട് കേൾക്കണേ ഞങ്ങൾ തിരിഞ്ഞു നോക്കി. കുറച്ചു ദൂരെ ചേട്ടന്മാർക്ക് ഇന്ന് വെള്ളം തേകി ഒഴിക്കുന്നതിന് ഒപ്പം പാടുന്നതാണ്. എന്തു കാറ്റാണ് ഇവിടെ അല്ലേ.. ചിന്നു കാലുനീട്ടി ഇരുന്നു മുമ്പിൽ കണ്ട പയറു മണി കളിൽ നിന്ന് എടുത്ത് അവൾ തിന്നാൻ തുടങ്ങി. അയ്യോ ചിന്നു. നമുക്ക് ഇത് കഴിഞ്ഞിട്ട് തിന്നാം കേട്ടോ. അമ്മ സഞ്ചിയിൽ വച്ചു തന്ന കുടിവെള്ളം എടുത്തു ഞങ്ങൾ പയർ കഴുകി എടുത്തു. അമ്മു.. അമ്മു... ദേ ആമ്പൽ ഹായ്.. അപ്പു ചേട്ടാ.. ആ ആമ്പൽ പൂവ് ഒന്ന് പറിച്ചു തരാമോ..? ചൂണ്ടയിടാൻ വന്ന അപ്പു ചേട്ടനോട് ഞങ്ങൾ ചോദിച്ചു. അതിനെന്താ മക്കളേ.., ഇന്നാ.. പിടിച്ചോ.. ഹായ്.. ഞങ്ങൾ തുള്ളിച്ചാടി. ഉച്ച ആയപ്പോൾ എല്ലാവരും പയർ പറിച്ചു കഴിഞ്ഞു. വാ മക്കളെ.. കുളിച്ചിട്ട് പോകാം. പാടത്ത് ചേർന്ന് ഒഴുകുന്ന തോട്ടിൽ ഞങ്ങൾ കുളിക്കാനിറങ്ങി. വെള്ളത്തിൽ ഇറങ്ങിയപ്പോൾ ഞങ്ങൾക്ക് ഉണ്ടായ സന്തോഷം അതിലേറെ ആയിരുന്നു. തെളിനീരു പോലത്തെ വെള്ളം.. കുളികഴിഞ്ഞ് പയറു കെട്ടുമായി എല്ലാവരും പോകാൻ തുടങ്ങുമ്പോഴും ഞങ്ങൾക്ക് അവിടം വിട്ടു പോരാൻ മനസ്സ് തോന്നിയില്ല. ഞങ്ങളുടെ കൈയിലും ഒരു കെട്ട് പയർ വെച്ചുതന്നു. ഞങ്ങൾ നടന്നു നീങ്ങി ഒരു കുഞ്ഞു മനസ്സിന്റെ അഭിമാനത്തോടെ.. പോകുന്ന വഴിയിൽ ആൺകുട്ടികൾ പന്ത് കളിക്കുന്നത് കാണാമായിരുന്നു. അന്നുരാത്രി കഞ്ഞി കുടിക്കാൻ ഇരുന്നപ്പോൾ അച്ഛമ്മ പറഞ്ഞു, അമ്മുമോൾ പറിച്ചു കൊണ്ടുവന്ന പയർ ആണ് കേട്ടോ. അച്ഛനും അമ്മയും ചിരിച്ചു. നമ്മുടെ മോള് മിടുക്കി ആണല്ലോ.. വലുതാകുമ്പോൾ നല്ലൊരു കൃഷി കാരി. ആകണം കേട്ടോ.. വിഷമയം ഇല്ലാത്ത ഭക്ഷണം.. അതായിരിക്കണം നമ്മുടെ ലക്ഷ്യം. ഒരു തികഞ്ഞ കൃഷി കാരന്റെ അഭിമാനത്തോടെ അച്ഛൻ പറഞ്ഞു. രാവിലെ എണീക്കാൻ വൈകിയപ്പോൾ അമ്മ വിളിച്ചുണർത്തി.. മോൾക്ക് ചെറിയ ചൂട് ഉണ്ടല്ലോ... അത് സാരമില്ല.. ഇന്നലെ കുറച്ച് വെയിൽ കൊണ്ടല്ലോ.. മുറ്റത്ത് നിന്നിരുന്ന പനിക്കൂർക്ക യിൽ നിന്നും രണ്ട് മൂന്ന് ഇലകൾ പറിച്ചെടുത്ത കഴുകിയിട്ട് ഉടച്ചു നീരാക്കി അച്ഛമ്മ നെറുകയിൽ തടവി തന്നു. അമ്മ കൊണ്ട് തന്നെ ചുക്ക് കാപ്പിയും കുടിച്ചു അതോടെ ക്ഷീണം എവിടെ പോയി എന്ന് അറിയില്ല. പിന്നെ താമസിച്ചില്ല.. അച്ഛന്റെയും അമ്മയുടെയും കൂടെ തൊടിയിലേക്ക് ഇറങ്ങി...


ചേച്ചി.. നിങ്ങളുടെ സ്റ്റോപ്പ് എത്തി. കണ്ടക്ടർ വന്നു വിളിച്ചപ്പോഴാണ് താൻ ബസ്സിൽ ആണ് എന്ന് അറിഞ്ഞത്. ബസ്സ് ഇറങ്ങി വേഗം നടന്നു നീങ്ങി. ഓർമ്മകൾക്ക് എന്ത് സുഗന്ധം ആണ്..... വാഗമരം പൊഴിച്ച പൂ മെത്തകൾ ക്കിടയിലൂടെ നടന്നു നീങ്ങിയപ്പോൾ മനസ്സു പറഞ്ഞു. അച്ഛനും അമ്മയും വഴിയിൽ കാത്തു നിന്നിരുന്നു. ഓ.. എന്റെ മോള് ക്ഷീണിച്ചു പോയി ലോ.. അമ്മയ്ക്ക് തോന്നിയതാ അമ്മേ.. എനിക്ക് ഒരു കുഴപ്പവുമില്ല. ഓടിച്ചെന്ന് അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു അമ്മ വെച്ച് തരുന്ന ഭക്ഷണം കഴിക്കാൻ അല്ലേ ഞാൻ ഓടി വന്നത്. രാത്രി പയർ കറി കൂട്ടി ചൂട് കഞ്ഞി കഴിക്കാനിരുന്നപ്പോൾ മിഴികൾ അറിയാതെ ചുവരിന് മേലേക്ക് നീങ്ങി. നിറപുഞ്ചിരിയോടെ അച്ഛമ്മയുടെ മുഖം.. കണ്ണിൽ നനവുകൾ പടർന്നപ്പോൾ നോട്ടം പതിയെ മാറ്റി. രാവിലെ തൊടിയിൽ ഇറങ്ങി.. കാലുകൾ പതിയെ പാടവരമ്പത്തെ ക്കു നടന്നു നീങ്ങി. പാടത്ത് നെല്ലുകൾ വിളഞ്ഞു തുടങ്ങിയിരിക്കുന്നു. തോടിനെ അരികിലായി കരിങ്കല്ലുകൊണ്ട് ഭിത്തി കിട്ടിയിട്ടുണ്ട്. തെങ്ങിൻതോപ്പുകളും അവിടെത്തന്നെയുണ്ട്. കൂടെ തന്റെ അച്ഛമ്മയുടെ ഓർമ്മകളും.... കുറച്ചുനേരം അങ്ങനെ നിന്നിട്ട് വീട്ടിലേക്ക് തിരികെ പോന്നു.


പിറ്റേന്ന് രാവിലെ ഹോസ്പിറ്റലിലേക്ക് പോകാൻ റെഡിയായി. ആശുപത്രിയിലെ വിശേഷങ്ങൾ അച്ഛനോടും അമ്മയോടും പങ്കുവെച്ചിരുന്നു അതുകൊണ്ട് പോകാൻ നേരം അച്ഛൻ മറക്കാതെ തന്നെ ചെറിയൊരു പൊതി വെച്ചു തന്നു.. ചാമ്പക്ക...... ഓ.. ഞാൻ ആണല്ലോ മറന്നത് എന്റെ ചിഞ്ചു കുട്ടി.. ഹോസ്റ്റലിൽ നിന്നും വേഗം യൂണിഫോമിട്ട ഇറങ്ങുമ്പോഴേക്കും രേഷ്മയും ഓടി എത്തി. കോറിഡോറിൽ കൂടെ നടന്നു നീങ്ങുമ്പോൾ കണ്ണുകൾ പതിയെ സി വാർഡിലേക്ക് ഒളിഞ്ഞുനോക്കി. പതിവു പടിയിൽ ചിഞ്ചുവിനെ കാണാനില്ല.. കിടക്കയിൽ വേറൊരു രോഗി.. ഡ്യൂട്ടി സിസ്റ്ററിനെ അടുത്ത് ചോദിക്കാൻ ഒരുങ്ങവേ... ചിഞ്ചു വിന്റെ ഫയൽ മേശപ്പുറത്ത് കിടക്കുന്നു. താളുകൾ താനെ മറിഞ്ഞു മറിയുമ്പോൾ ഞാൻ കണ്ടു.. ചുവന്ന അക്ഷരത്തിൽ..,patient എക്സ്പയേഡ്..... കൈയ്യിലിരുന്ന ചാമ്പക്ക ഒന്നൊന്നായി താഴെ വീഴുന്നത് ഒന്നും ഞാനറിഞ്ഞില്ല. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ.. ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ല.. കുറച്ചു നിമിഷം വേണ്ടി വന്നു.. പെട്ടെന്ന് ശ്വാസംമുട്ട് കൂടിയതാണ്.. രേഷ്മ പറയുന്നത് കേട്ടു. സിസ്റ്ററെ.. ഞങ്ങൾ ഡിസ്ചാർജ് ആയി കേട്ടോ.. ഞെട്ടി തിരിഞ്ഞു നോക്കി. ഐസിയുവിൽ കിടന്നിരുന്ന അമ്മച്ചിയുടെ മക്കളാണ്. ഇന്നലെ വാർഡിലേക്ക് മാറ്റി. ഇന്ന് ഡിസ്ചാർജ് ആയി. വീൽചെയറിലിരുന്ന് അമ്മച്ചി എന്നെ നോക്കി ചിരിച്ചു. കണ്ണിൽ നിന്നും ആനന്ദ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. പതിവുപോലെ അമ്മച്ചിയുടെ തലയിൽ തലോടുമ്പോൾ... കരയണോ. അതോ ചിരിക്കണോ.... എനിക്കറിയില്ലായിരുന്നു. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണുകൾ നിറയുന്നു.. യാത്രയും പറഞ്ഞ് അവർ പോയി. അപ്പോഴേക്കും തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് ഞാനും വേഗം മാറിക്കഴിഞ്ഞിരുന്നു. അപ്പോൾ അങ്ങകലേ...... രാവിന്റെ മാറിൽ തലചായ്ക്കാൻ ഒരുങ്ങുന്ന പ്രകൃതിയുടെ ഹൃത്തടവും.. വെമ്പൽ കൊള്ളുകയായിരുന്നു..... ഒരു നല്ല നാളെയെ വാർത്തെടുക്കാൻ ആയി.....


ഡോണ ജോസഫ്
VIII A സെന്റ്. മേരീസ്‌ എച്ച് എസ് കണ്ടനാട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ