സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/എല്ലാം അറിയുന്ന മനുഷ്യനറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
എല്ലാം അറിയുന്ന മനുഷ്യനറിയാൻ

     പരിസ്ഥിതി സാംരക്ഷണത്തിൻറെ ആവശ്യകതയെ കുറിച്ചോ കൊറോണ വൈറസൻറെ വ്യാപനത്തെ കുറിച്ചോ അല്ല  ഞാൻ ഇവിടെ എഴുതുവാൻ ആഗ്രഹിക്കുന്നത്. എന്തൊക്കെ മുന്നിൽ വന്നാലും ലോകം കീഴ്മേൽ മറിഞ്ഞാലും തൻറെ ജീവന് ആപത്തില്ലെന്നു കണ്ടാൽ  എന്തിന് നേരേയും കണ്ണടക്കുന്ന, ഏത് പരിസ്ഥിതിയെയും സൗകര്യപൂർവ്വം മറന്നുകളയുന്ന മനുഷ്യരെ പറ്റിയാണ്. 

    പരിസ്ഥിതി സാംരക്ഷണത്തിൻറെ ആവശ്യകത, ആഗോളതാപനം, ഹരിതഗൃഹ വാതകങ്ങൾ എന്നിവ മൂലമുള്ള ആപത്ത് ജൈവവൈവിധ്യം നശിക്കുന്നത് കൊണ്ടുള്ള വെല്ലുവിളി, എന്നിവയെപ്പറ്റി നാം പുസ്തകങ്ങളിൽ വായിക്കുന്നു; പ്രസംഗങ്ങൾ നടത്തുന്നു; പ്രബന്ധങ്ങൾ എഴുതുന്നു. നവ മാധ്യമങ്ങളിലൂടെയും ഓരോ ദിവസവും ഇവയെപ്പറ്റി കേൾക്കുന്നുണ്ട്. എന്നാൽ വളരെ ചെറിയ ഒരു ശതമാനം ആളുകളെ ഇതിനൊക്കെ ആയി പ്രവർത്തിക്കുന്നുള്ളൂ  എന്നത് വാസ്തവം .   
           
     വ്യാവസായികവൽകരണത്തിൻ ജീവന് അപകടം വരുത്തുന്ന പ്രവൃത്തികൾ ചെയ്യുന്നു ഭൂരിഭാഗം മനുഷ്യരും. അതിനിടയിൽ മറഞ്ഞുപോയ ജീവികളെ കൊണ്ടുവരുവാൻ പെടാപാട്പെടുന്ന ഒരു പറ്റം ശാസ്ത്രജ്ഞരെയും കാണുവാൻ സാധിക്കും. ശാസ്ത്രത്തെ കുറ്റപ്പെടുത്തണോ പ്രശംസിക്കണോ എന്ന് ചിന്തിച്ച് നാം വലയുന്ന അവസ്ഥയുണ്ടാകുന്നത് ഇവിടെയാണ്‌.   

    CCL4 നിരോധിച്ചു വർഷങ്ങളായിട്ടും അത് ഓരോ ദിവസവും അന്തരീക്ഷത്തിൽ എത്തുന്നതിൻറെ അളവിന് കുറവൊന്നും കാണുന്നില്ല. മരടിൽ 4 ഫ്ളാറ്റുകൾ പൊളിച്ചത് ശരിയാണ്. എന്നാൽ ഓരോ ദിവസവും പുതിയ ബഹുനിലക്കെട്ടിടങ്ങൾ നിർമ്മിക്കപെടുന്നു. കാടുകൾ നശിപ്പിക്കുന്നതിനും  ജലാശയങ്ങൾ മൂടുന്നതിനുമുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. ഇതൊക്കെ പരിണിതഫലം അറിയാത്ത മനുഷ്യൻറെ ചെയ്തു കൂട്ടലുകൾ അല്ല. പേടിയില്ലാത്ത മനുഷ്യൻറെ പ്രവർത്തികൾ ആണ്.

     ജീവനുതുല്യം സ്നേഹിക്കേണ്ട ജീവൻ തരുന്ന ഈ പ്രകൃതിയെ ഓരോ ദിവസവും അവൻ ചൂഷണം ചെയ്തുവരുന്നു.കേരളത്തിൻറെ കാര്യമെടുത്താൽ, പ്രകൃതി മനുഷ്യനു നൽകിയ ഒരു മുന്നറിയിപ്പായിരുന്നു പ്രളയം. എന്നാൽ ആ  പ്രളയവും ഉരുൾപൊട്ടലും ഉണ്ടാക്കിയ പേടി കുറച്ചു ദിവസം മാത്രമേ നിലനിന്നുള്ളൂ. കാലാവസ്താ വ്യതിയാനങ്ങൾ എല്ലാവരും മുന്നിൽ കാണുന്നുണ്ട്. എന്നാൽ അതൊരു വലിയ പ്രഹരമായി മനുഷ്യൻറെ മേൽ ഏൽക്കാതെ അവൻ നന്നാവില്ല .

     പസഫിക്സമുദ്രത്തിലെ എൽനിനോ എന്നാ കാലാവസ്ഥ വ്യതിയാനം പ്രതിഭാസം ശക്തിയാർജിച്ച്ചാൽ ആഗോള കാലാവസ്ഥ തന്നെ തകിടം മറിയും. വരുന്ന ദിവസങ്ങൾ  എത്രത്തോളം ഭീകരം ആകും എന്ന തിരിച്ചറിവും ബോധ്യവും അതിനെക്കുറിച്ചുള്ള പേടിയും ഓരോ അമ്മമാരും മക്കളിൽ ഉണ്ടാക്കി എടുക്കുക. പേടിയും ബോധ്യവും ഒന്നും ഇല്ലാത്ത മനുഷ്യൻറെ പ്രവൃത്തികൾ ആണ് ഇന്ന് ലോകത്തെ മുഴുവൻ കീഴടക്കുവാൻ കൊറോണ വൈറസിനെ സഹായിച്ചത്. ഇത് ആദ്യം മുതലേ എത്രത്തോളം അപകടകാരി ആണെന്ന് അറിഞ്ഞിട്ടും മനുഷ്യൻ അതിനെ അവഗണിച്ചു. ഇല്ലെങ്കിൽ ഇന്ന് കഥ മറ്റൊന്നായേനെ.ഒത്തിരിപേരുടെ ജീവൻരക്ഷപെട്ടെനെ. 

     അടഞ്ഞുകിടക്കുന്ന ഓടകൾ, മാലിന്യം നിറഞ്ഞ പുഴകൾ, ഒഴുക്കില്ലാത്ത കാണകൾ, ഒക്കെ പ്രളയം വരുന്നതുവരെ മനുഷ്യൻ കണ്ടിട്ടും കാണാത്തത് പോലെ നടന്നു. ഇതുപോലെ തന്നെ ഒത്തിരി പേരുടെ മരണം, ആശുപത്രികളുടെ ലഭ്യത കുറവ്, സാമ്പത്തിക മാന്ദ്യം, ലോക്ക് ഡൗൺ എന്നീ അവസ്ഥകൾ ഒക്കെ മുന്നിൽ വന്നപ്പോൾ മാത്രമാണ് ലോകത്താകെയുള്ള ജനങ്ങൾ കൊറോണാ വൈറസിനെ തിരിച്ചറിയാൻ തുടങ്ങിയത്. ഇപ്പോഴും പ്ലാസ്റ്റിക് ഒരു കുറ്റബോധവും ഇല്ലാതെ ജലാശയങ്ങളിലും  പൊതുനിരത്തുകളിലും വലിച്ചെറിയുന്ന അതേ ലാഘവത്തോടെ ലോക്ക് ഡൗൺ സമയത്ത് പുറത്തിറങ്ങി നടക്കുന്നവരെ കാണാൻ സാധിക്കും.  ഇവരിൽ പലരും വീടുകളിൽ ഇരിക്കുന്നത് വൈറസ് നോടുള്ള  ഭയം മൂലമല്ല മറിച്ച് പോലീസുകാരോട് ഉള്ള ഭയം ഒന്ന് കൊണ്ട് മാത്രമാണ്.

      എന്തായാലും നമ്മൾ മനുഷ്യർ ഒരു അത്ഭുത ജീവി തന്നെ, തലയ്ക്കു മുകളിൽ വന്നു നിൽക്കുന്നത് തലയിന്മേൽ വന്നു വീഴുന്നത് വരെ നാം കാത്തുനിൽക്കും. പ്രകൃതിയുടെ പ്രതിഭാസങ്ങൾ ആയാലും വൈറസിനെ ആയാലും മനുഷ്യർ തനിക്കോ ബന്ധുക്കൾക്കോ എന്തെങ്കിലും സംഭവിക്കുന്നതു വരെനോക്കിയിരിക്കും. ശേഷം കൈകാൽ ഇട്ടടിക്കും. 

      മാറേണ്ട സമയം ഒക്കെ അതിക്രമിച്ചു. ഏപ്രിൽ 22ന് ഭൗമ ദിനവും , ജൂൺ 5 ന് പരിസ്ഥിതി ദിനവും ഒക്കെ വെറും ആചരണം ആക്കി മാറ്റാതിരിക്കുക. പ്രകൃതിയെ സംരക്ഷിക്കാൻ ഒത്തിരി നിയമങ്ങൾ ഒക്കെ ഉണ്ട്. എന്നാൽ അവ പാലിക്കാതെ വരുമ്പോൾ ശിക്ഷിക്കാൻ പോലീസ് വരുന്നില്ല. പ്രകൃതി ഇല്ലെങ്കിൽ ഞാൻ ഇല്ലെന്ന് തിരിച്ചറിവാണ് ഓരോ  മനുഷ്യനും ആദ്യം ഉണ്ടാക്കി എടുക്കേണ്ടത് വ്യക്തി ശുചിത്വം ഉണ്ടെങ്കിൽ രോഗങ്ങളുടെ വ്യാപനവും വലിയ തോതിൽ കുറയും; പ്രകൃതിയെ മലിനമാക്കാൻ മനസ്സും വരില്ല.

      വലിയ സ്കൂളിൽ വിട്ട് മക്കളെ പഠിപ്പിക്കുന്നതിന് മുൻപ് അവരെ പ്രകൃതിയോടിക്കി വളർത്തുവാൻ ഓരോ അമ്മയ്ക്കും കഴിയണം. ദശപുഷ്പങ്ങളും കർക്കിടക കഞ്ഞിയും ഔഷധ സസ്യങ്ങളും എല്ലാം മൺമറഞ്ഞുപോയ സംസ്കാരം എന്ന് പറഞ്ഞു നമുക്ക് തള്ളിക്കളയേണ്ട അവസ്ഥ വരരുത്. കൃഷിയേയും ശുചിത്വത്തെയും പ്ലാസ്റ്റിക് നിർമ്മാർജ്ജനവുമോക്കെ ജീവിതചര്യകൾ ആക്കി മാറ്റുവാൻ നമുക്ക് ഒത്തിരി സമയം ഒന്നും വേണ്ട. അതിനുള്ള മനസ്സുണ്ടായാൽ മാത്രം മതി. 

മരിയ നിവേദിത
പ്ലസ് ടു സയൻസ് സെൻറ് പീറ്റേഴ്സ എച്ച്.എസ്സ്.എസ്സ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം