സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2018 ആഗസ്റ്റ് 8 ന് രൂപീകരിച്ച ഫിലിം ക്ലബ് ഒരു പുതിയ അനുഭവമായിരുന്നു. പുതുമയുള്ള വിദ്യാലയാനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നതിനുള്ള അധ്യാപകരുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമായുണ്ടായ ആശയമാണ് 'ഫിലിം ക്ലബ് '.

 പുതിയ അധ്യയന വർഷത്തിൽ പരസ്പരം ഇടപഴകുന്നതിനും ആശയങ്ങളും അറിവുകളും പങ്കു വയ്ക്കുന്നതിനും വിദ്യാർത്ഥികൾക്ക് ഫിലിം ക്ലബ് ഒരു തുറന്ന വേദിയായി മാറുന്നു. അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും വികസനത്തിന്റെയും വിജ്ഞാനത്തിന്റെയും പടവുകളിലേയ്ക്ക് പടിപടിയായി ഉയരാനും ഫിലിം ക്ലബുകൾ അവസരം ഒരുക്കുന്നു. വൈവിധ്യമാർന്ന സംസ്കാരങ്ങളെക്കുറിച്ചറിയാനും ആവശ്യമുള്ളവ സ്വാംശീകരിക്കാനും അങ്ങനെ ഭാവനയും ചിന്താശേഷിയും സർഗ്ഗാത്മകതയും വളർത്താനും കഴിയുന്ന ഒരിടമായി ഈ വേദി മാറുന്നു. ലോകത്തിലെ മികച്ച കലാരൂപങ്ങളിലൊന്നായ ചലച്ചിത്രങ്ങളുടെ യഥാർത്ഥ സംസ്കാരം മനസ്സിലാക്കുന്നതിനും അതനുസരിച്ച് തങ്ങളുടെ നിലവാരം രൂപപ്പെടു ത്തുന്നതിനും ഫിലിം ക്ലബ് നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. കുട്ടികൾക്ക് തങ്ങൾ നിർമ്മിക്കുന്ന ചിത്രങ്ങൾ നിരന്തരം നിരീക്ഷണത്തിന് വിധേയമാക്കാനും ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അവ മെച്ചപ്പെടുത്തുന്നതിനുള്ള അവസരവും ലഭിക്കുന്നു.

ലോകമെമ്പാടുമുള്ള പ്രശസ്തമായ സിനിമകൾ പ്രദർശിപ്പിക്കാൻ ഫിലിം ക്ലബ് ശ്രമിക്കുന്നു. ബഹുഭാഷാ സിനിമകളും ഡോക്യുമെന്ററി ഫിലിമുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. അതിലൂടെ സംവിധാനം, തിരക്കഥാ രചന, ഫോട്ടോഗ്രഫി തുടങ്ങിയ മേഖലകളിലെ പഴയതും പുതിയതുമായ പ്രവണതകളെക്കുറിച്ചറിയാനും നൂതനമായ ആവിഷ്കാരങ്ങൾ നടത്താനും കഴിയുന്നു. സിനിമാലോകവുമായി ബന്ധമുള്ള വ്യക്തികളുമായി നടത്തുന്ന അഭിമുഖം , സെമിനാറുകൾ, ശിൽപശാലകൾ, ക്വിസ്സ് മൽസരങ്ങൾ തുടങ്ങിയവയിലൂടെ ഈ മേഖലയിൽ കൂടുതൽ അറിവും പ്രയോഗിക പരിചയവും കൈ വരുത്തുന്നു.

സെന്റ് ജോൺ ഡി ബ്രിട്ടോ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ നടത്തിയ സംവാദങ്ങൾ :

* ന്യൂജനറേഷൻ സിനിമയുടെ പ്രത്യേകതകൾ .

* ചലച്ചിത്രങ്ങളിൽ ഗാനങ്ങളുടെ പ്രസക്തി.

* പഴയതും പുതിയതുമായ ഗാനങ്ങൾ - അവ ജനഹൃദയങ്ങളിൽ ചെലുത്തുന്ന സ്വാധീനം .

വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്കു ലഭിക്കുന്ന 2 മണിക്കൂർ ഇടവേളകളിൽ മൂല്യാധിഷ്ഠിതവും വിദ്യാഭ്യാസ പ്രാധാന്യമുള്ള ചിത്രങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിക്കുന്നു. കുട്ടികൾ ഒരുമിച്ച് കൂട്ടായി സിനിമകൾ കാണുന്നതിനും അവയെ കുറിച്ചുള്ള ചർച്ചകൾ നടത്തുന്നതിനും ഈ സംരംഭം വിദ്യാർത്ഥികളെ സഹായിക്കുന്നു. മാത്രമല്ല വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ഇല്ലാതാക്കാനും മനസ്സ് ഉന്മേഷഭരിതമാക്കാനും ഇതുകൊണ്ട് സാധ്യമാകുന്നുണ്ട്. സ്വയം വളരാനും ചിന്തിക്കാനും ആത്മ വിശ്വാസം കൈവരിക്കാനും തങ്ങളുടെ സൃഷ്ടികൾക്ക് ലഭിക്കുന്ന അഭിനന്ദനങ്ങൾ വിദ്യാർത്ഥികളെ സഹായിക്കുന്നു. പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും സഹകരണ ബോധം ഊട്ടിയുറപ്പിക്കാനും ഫിലിംക്ലബുകൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

ചലച്ചിത്ര നിർമ്മാണ പ്രക്രിയയിൽ താൽപര്യമുള്ള ഏതൊരാൾക്കും പരിശീലനം നേടാനുള്ള അവസരവും ഫിലിം ക്ലബിലൂടെ ലഭിക്കുന്നു. അങ്ങനെ സർഗ്ഗാത്മകവും സൗഹാർദപൂർണ്ണവുമായ അന്തരീക്ഷത്തിന്റെ ഭാഗമാകാനുള്ള അപൂർവ്വ അവസരമാണ് ഫിലിം ക്ലബിലൂടെ ബ്രിട്ടോ സ്കൂൾ വിദ്യാർത്ഥികൾ സ്വായത്തമാക്കുന്നത്.