സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2023 - 24 നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്. അന്ന് കുട്ടികളുടെ പ്രത്യേക പരിപാടികളും, മത്സരങ്ങളും സംഘടിപ്പിക്കുന്നു. സ്കൂളിന് ഫെയ്സ് ബുക്ക് പേജ് തുടങ്ങി, അതിൽ എല്ലാ പരിപാടികളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിലൂടെ കുട്ടികൾക്ക് ആ ദിനത്തിന്റെ പ്രത്യേകതകൾ അറിയുവാനും അതിന്റെ ആവശ്യകത മനസ്സിലാക്കുവാനും കഴിയുന്നു. കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കാനും അവസരം ലഭിക്കുന്നു.കൂടുതലറിയാൻ

പ്രവേശനോത്സവം

2023 ജൂൺ 1 നു പ്രവേശനോൽസവം വർണ്ണാഭപരമായി സംഘടിപ്പിക്കപ്പെട്ടു. ഇത്തവണ ഒന്നാം ക്ലാസിൽ 42 കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂൾ അങ്കണം ഒരുങ്ങി. ഹെഡ്മാസ്റ്ററിൻ്റെ അധ്യക്ഷതയിൽ ലോക്കൽ മാനേജർ, വാർഡ്‌ മെമ്പർ, പി.ടി.എ പ്രസിഡൻ്റ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു. പുതിയതായി ജോയിൻ ചെയ്ത അധ്യാപകരേയും സ്വാഗതം ചെയ്തു.പൂർവകാലങ്ങളെ അപേക്ഷിച്ച് ഈ വർഷം നവാഗതരുടെ എണ്ണം കൂടിയത് സ്കൂൾ മികവിനുള്ള അംഗീകാരമാണെന്ന് ഹെഡ്മാസ്റ്റർ ഓർമ്മപ്പെടുത്തി. അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങളെ പരാമർശിച്ചുകൊണ്ട് പി റ്റി എ പ്രസിഡൻ്റ് ശ്രീ.ഹാദി സംസാരിച്ചു. വാർഡ് മെമ്പർ.ശ്രീ.ഫ്രെഡറിക് ഷാജി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശേഷം കുട്ടികൾക്കു മുൻപാകെ പ്രവേശനോത്സവ ഗാനം അവതരിപ്പിച്ചു. തുടർന്ന് നവാഗതരായ കുട്ടികളെ വർണത്തൊപ്പികള‍ും മധുരപലഹാരങ്ങളും, പൂക്കളും നൽകി സ്വീകരിച്ചു. നവാഗതർ അക്ഷരമരം ഒട്ടിച്ചു. തുടർന്ന് കുട്ടികളെല്ലാം പുതിയ ക്ലാസ് മുറികളിലേക്ക് പ്രവേശിക്ക‍ുകയ‍ും ചെയ്തു.


ലോക പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതി ദിന പ്രത്യേക അസംബ്ലിയിൽ കുട്ടികളും അധ്യാപകരും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. സ്കൂൾ പരിസരത്ത് വൃക്ഷതൈ നടുകയും, ക്വിസ്, പതിപ്പ് നിർമ്മാണ മത്സരം സംഘടിപ്പിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷ തൈകൾ വച്ചുപിടിപ്പിച്ചു. തുടർന്ന് പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു. കോർഡിനേറ്റർ സുപ്രഭ ടീച്ചർ സംസാരിച്ചു.


ജന്മദിനം

ഞങ്ങളുടെ കുഞ്ഞുമക്കളുടെ ജന്മദിനം സ്കൂളിലെ പ്രിയപ്പെട്ട കൂട്ടുകാർക്ക് ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സ്നേഹസംഭാവനകൾ നൽകിക്കൊണ്ടും, ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ടും ആഘോഷിക്കുന്നത്.മക്കളുടെ സന്തോഷ ജന്മദിനം പങ്കുവെക്കലിലൂടെ സ്നേഹ സംഭാവനകളായി... നമ്മുടെ സ്കൂളിലെ മുഴുവൻ കുഞ്ഞുങ്ങളെയും ഒപ്പം നിർത്തുന്ന.. ചേർത്തുനിർത്തുന്ന.. ഞങ്ങളുടെ അഭിമാനമായ പ്രിയ രക്ഷിതാക്കൾക്ക് നന്ദി.


സചിത്ര നോട്ട്

ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സ്വന്തം ആശയം തെറ്റില്ലാതെ മാത‍ൃഭാഷയിൽ എഴുതുവാനും, ലളിതമായ ബാല സാഹിത്യ കൃതികൾ വായിക്കുവാനും കഴിവുള്ളവരാക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിനായി ഈ അധ്യയന വർഷം നടപ്പിലാക്കിയ പഠന പ്രവർത്തനമാണ് സചിത്ര പഠനം. സചിത്ര നോട്ട് ബുക്ക്, സംയുക്ത ഡയറി എന്നിവയുടെ സഹായത്തോടെ ശക്തമായ ദൃശ്യാനുഭവത്തിന്റെ പിന്തുണയോടെ തയാറാക്കുന്ന‍ു. അക്ഷരങ്ങളുടെ പുനരനുഭവത്തിന് സചിത്ര കുറിപ്പുകളും സഹായിക്കുന്നു. കുട്ടികൾക്ക് പാഠഭാഗത്തു നിന്നും ഉറയ്‍ക്കേണ്ട അക്ഷരങ്ങൾക്ക് ഊന്നൽ നൽകി ആണ് സചിത്ര പാഠം ക്ലാസ്സിൽ മുന്നേറുന്നത്. അക്ഷരങ്ങളുടെ ഘടന പറഞ്ഞുള്ള എഴുത്ത് ആ അക്ഷരങ്ങളും അതു മൂലം രൂപപ്പെടുന്ന ചെറു വാക്യങ്ങളും കുട്ടികളിൽ ഉറയ്ക്ക‍ുവാനും മറ്റൊരു സന്ദർഭത്തിൽ പുനരനുഭവ സാധ്യത ഒരുക്ക‍ുവാന‍ും അവസരം ഒരുക്കുകയും ചെയ്യുന്നു. ടീച്ചർ ക്ലാസ്സിൽ അവതരിപ്പിക്കുന്ന വാക്യങ്ങൾ ഘടന പറഞ്ഞു വടിവിൽ ആദ്യം ചാർട്ടിലും, പിന്നീട് ഓരോ വാക്യങ്ങളും ബോർഡിൽ എഴുതുകയും ചെയ്യുന്നു. തുടർന്ന് കുട്ടികൾക്ക് എഴുതുവാൻ ഉള്ള അവസരം നൽകുന്നു. കുട്ടിയെഴുത്തിന് വളരെ അധികം സാധ്യതകൾ തുറന്നു നൽകുന്ന ഒന്നാണ് ഈ പ്രവർത്തനം. സംയുക്ത ഡയറിയുടെ പ്രവർത്തനം കുട്ടിയും, രക്ഷാകർത്താവും ചേർന്നുള്ളതാണ്. ഡയറിൽ കുട്ടിയുടെ അനുഭവങ്ങളാണ് എഴുതുന്നത്. കുട്ടി സചിത്ര പുസ്‌തകം വഴി പരിചയപ്പെട്ട അക്ഷരങ്ങൾ, വാക്യങ്ങൾ എന്നിവ വരുമ്പോൾ കുട്ടി തനിയെ പെൻസിൽ കൊണ്ട് എഴുതുന്നു. കുട്ടിക്ക് പരിചയം ഇല്ലാത്ത അക്ഷരങ്ങൾ വാക്യങ്ങൾ തുടങ്ങിയവ രക്ഷിതാവ് എഴുതി കൊടുക്കുന്നു. ക്രമേണ രക്ഷിതാവിന്റെ പിന്തുണ ഇല്ലാതെ തന്നെ കുട്ടി സ്വയം എഴുതുന്ന ഒരു രീതിയിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രവർത്തനത്തില‍ൂടെ ലക്ഷ്യം വെയ്ക്കുന്നത്. സചിത്ര പാഠത്തിൻ്റെ മാതൃക വീഡിയോ ലിങ്ക് താഴെ നൽകുന്നു.


മാസ്റ്റർ പ്ലാൻ

എല്ലാ ക്ലാസിലും അക്കാദമിക മാസ്റ്റർ പ്ലാൻ ചിട്ടപ്പെടുത്തി. വിദ്യാലയത്തിലെത്തിച്ചേരുന്ന അവസാന കുട്ടിയുടേയും ഗുണമേന്മാ വിദ്യാഭ്യാസമെന്ന അവകാശം ഉറപ്പുവരുത്തുന്നതിനുള്ള കർമ്മപരിപാടികളും അവ ഏത് രീതിയിൽ നടപ്പാക്കുമെന്നതുമായ വിദ്യാലയത്തിന്റെ പ്രകടന പത്രികയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ. വിദ്യാലയത്തിലെ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി.


വായന ദിനം

ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ.പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. 19-6-23 തിങ്കളാഴ്ച വായന ദിനത്തിന്റെ ഭാഗമായി അജിത ടീച്ചറിൻ്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടന്നു. 3 എ ക്ലാസ്സിലെ കുട്ടികൾ വായനദിനത്തെ കുറിച്ചും, വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതുമായ പരിപാടികൾ അവതരിപ്പിച്ചു. അന്നേ ദിവസം നാലാം ക്ലാസ്സിലെ കുട്ടികൾ സ്കൂൾ മുറ്റത്ത് അക്ഷരമരം ഉണ്ടാക്കി.വായന ദിനത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും ക്ലാസ്സ് തല ലൈബ്രറി ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെ കുറിച്ച്‌ ശ്രീമതി അജിത ടീച്ചർ സംസാരിച്ചു, വായന ദിന സന്ദേശവും കൈമാറി. എല്ലാ ക്ലാസ്സുകളിൽ വായന മത്‌സരം നടത്തി. സ്കൂൾ വിദ്യാരംഗം ക്ലബ്ബ് കോർഡിനേറ്റർ സുപ്രഭ ടീച്ചറുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.


സൗണ്ട് സിസ്റ്റം

പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ നൽകുവാൻ വേണ്ടി എല്ലാ ക്ലാസ് മുറികളിലും പ്രത്യേകം സ്പീക്കർ ബോക്സുകൾ ഘടിപ്പിച്ചിട്ടുണ്ട്. സ്കൂൾ ഓഡിറ്റോറിയത്തിൽ മീറ്റിംഗുകൾക്കും മറ്റു പരിപാടികൾക്കും വേണ്ടി മാത്രമായി മൈക്കുകളും ഉണ്ട്. കൂടാതെ സൗണ്ട് സിസ്റ്റവും ഉണ്ട്.


ക്ലാസ് ലൈബ്രറി

ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും വായനമൂല ഒരുക്കുന്ന പ്രവർത്തനം സ്കൂളിൽ നടന്നു. ഓരോ ക്ലാസിലെയും ലൈബ്രറി ഉദ്ഘാടനം ചെയ്തത് മറ്റ് ക്ലാസിലെ അധ്യാപകർ ആയിരുന്നു. സ്വാഗതവും അധ്യക്ഷനും എല്ലാം വിദ്യാർത്ഥികൾ തന്നെയായിരുന്നു.

ചാന്ദ്രദിനം

ചാന്ദ്രദിനത്തിന്റെ ഭാഗമായി 21- 7 - 23 സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ചാന്ദ്രയാത്രികരായി നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരുടെ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച വിവിധ ബഹിരാകാശ ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു തുടർന്ന് ക്ലാസ് സ്ഥലത്തിൽ ചാന്ദ്രദിന പതിപ്പുകളുടെ പ്രദർശനം നടന്നു. കൂടാതെ ചാന്ദ്രദിനത്തെക്കുറിച്ച് കൊച്ച് കൂട്ടുകാർക്ക് മനസ്സിലുറയ്ക്കുന്ന രീതിയിൽ ശ്രീമതി. പ്രീത ടീച്ചർ തയ്യാറാക്കിയ കഥാവിഷ്കാരം വീഡിയോ രൂപത്തിൽ പ്രദർശിപ്പിച്ചു.


അക്ഷര ക്ലാസ്

കുട്ടികളിലുള്ള പഠനമ വിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് നടത്തിയ പ്രീ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി അക്ഷര ക്ലാസ് സംഘടിപ്പിക്കുന്നു. വൈകിട്ട് 3.30 മുതൽ 4:30 വരെയാണ് ക്ലാസ്.


ജൂലൈ 26 കാർഗിൽ വിജയ് ദിനം

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ലെജുവിൻ്റെ സ്മാരകത്തിൽ എത്തി പുഷ്പചക്രം അർപ്പിച്ചു.സ്കൂളിൽ അധ്യാപകരും കുട്ടികളും പുഷ്പാർച്ചന നടത്തി. മുഖ്യസന്ദേശം അഡ്വ.എം.ഫെഡറിക് ഷാജി (വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത്) അറിയിച്ചു. 19 ആം വയസിൽ സൈനികനായി പ്രവേശിച്ച ലെജു 24 മത്തെ വയസിലാണ് വെടിയേറ്റ് മരിക്കുന്നത്. പള്ളിപ്പുറം സിആർപിഎഫ് 208 കോബ്ര യൂണിറ്റിലെ അംഗമായിരുന്നു. നമ്മുടെ സ്വന്തം മണ്ണിൽ കടന്നുകയറി നിലയുറപ്പിച്ച് രാജ്യത്തിന്റെ അഭിമാനത്തിന് വിലയിട്ട പാകിസ്ഥാൻ സൈന്യത്തേയും തീവ്രവാദികളെയും ശക്തമായ ആക്രമണത്തേയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് തൂത്തെറിഞ്ഞ് വിജയം നേടിയ ദിനം. വീരമൃത്യു വരിച്ച ഭാരതാംബയുടെ ധീര ജവാൻമാർക്ക് ശത കോടി പ്രണാമം. രക്തം തരാം, ജീവൻ തരാം, തരില്ലൊരുതരി ഭാരതമണ്ണും.


പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പരിശീലനം

ബി ആർ സിയിലെ സ്പെഷ്യൽ എജ്യൂകേറ്ററായ ശ്രീമതി ലിജി ടീച്ചറിൻ്റെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പരിശീലനം ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ വളരെ ചിട്ടയോടു കൂടി നടക്കുന്നു.


വിദ്യാരംഗം കലാസാഹിത്യവേദി

2023 ആഗസ്റ്റ് മാസം വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനം നടന്നു. പിടിഎ പ്രസിഡൻറ് ശ്രീ ഹാദി പരിപാടിക്ക് അധ്യക്ഷൻ വഹിച്ചു. പ്രധാന അധ്യാപകൻ ഭക്തവത്സലൻ ചടങ്ങിൽ സ്വാഗതവും, വിദ്യാരംഗം കൺവീനർ സുപ്രഭ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. ആടിയും പാടിയും വേദിയെ ഒന്നടങ്കംഇളക്കിമറിച്ചു കൊണ്ടുള്ള ഉദ്ഘാടന പരിപാടി കുട്ടികളെ കയ്യിലെടുക്കുന്നത് ആയിരുന്നു.


സബ്ജില്ലാ ശാസ്ത്രമേള

സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് കളക്ഷന് A ഗ്രേഡ് രണ്ടാംസ്ഥാനവും, ഗണിതം പസിലിന് എ ഗ്രേഡും, ഓൺ ദ സ്പോട്ടിൽ തകിടിൽ കൊത്തുപണി, തകിട് കൊണ്ടുള്ള ഉൽപ്പന്നം, ബാഡ്മിൻ്റൺ നെറ്റ് നിർമ്മാണം എന്നിവയ്ക്ക് ഒന്നാം സ്ഥാനവും, തടിയിൽ കൊത്തുപണിക്ക് രണ്ടാം സ്ഥാനവും, പങ്കെടുത്ത മറ്റ് ഇനങ്ങൾക്ക് വിവിധ ഗ്രേഡുകൾ ലഭിച്ചു.


ആഗസ്റ്റ് 6 ഹിരോഷിമ ദിനം

ആഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

  • ഈ ദിനം കൊച്ചു കൂട്ടുകാർക്ക് മനസ്സിലുറക്കാൻ ശ്രീമതി പ്രീത ടീച്ചർ തയ്യാറാക്കിയ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- ആഗസ്റ്റ് 6 ഹിരോഷിമ ദിനം


യുഡൈസ് പരിശീലനം

കേരളത്തിലെ മുഴുവൻ സ്കൂളുകളുടെയും ഡാറ്റാബേസ് ആയ UDISE ഡാറ്റാ ബേസിനെ കുറിച്ചുള്ള പരിശീലനം സ്കൂളിൽ നടന്നു. എല്ലാ വർഷങ്ങളിലും ബിആർസി കേന്ദ്രീകരിച്ചുകൊണ്ട് UDISE ഡാറ്റാബേസ് തയ്യാറാക്കുന്നുണ്ടെങ്കിലും ഈ വർഷം അതിൽ നിന്നും വ്യത്യസ്തമായി എല്ലാ വിദ്യാർത്ഥികളുടെയും വ്യക്തിഗത ഡാറ്റ അപ്ഡേറ്റ് ചെയ്യേണ്ടതിനാൽ ബി ആർ സി തലത്തിൽ നടന്ന പരിശീലനത്തിൽ ഹെഡ്മാസ്റ്ററും എസ് ഐ ടി സിയും പങ്കെടുത്തു. തുടർന്ന് മുഴുവൻ ക്ലാസ് അധ്യാപകർക്കും ഡാറ്റ എങ്ങനെ ശേഖരിച്ച് അപ്‌ലോഡ് ചെയ്യാം എന്നതിനെ കുറിച്ചുള്ള ഒരു പരിശീലനം എസ് ഐ ടി സിയുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. മുഴുവൻ കുട്ടികളുടെയും വ്യക്തിഗത ഡാറ്റ യൂടൈസിൽ അപ്ഡേറ്റ് ചെയ്യാൻഅധ്യാപകർ പ്രാപ്തരായി.


സ്വാതന്ത്ര്യദിനാഘോഷം

മുൻ വർഷങ്ങളെ അപേക്ഷിച്ച് അതിഗംഭീരമായി നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആ പ്രദേശത്തിന്റെ ദേശസ്നേഹത്തിന്റെ വെളിപ്പെടുത്തലും പ്രഖ്യാപനവുമായി മാറി. 2023 ഓഗസ്റ്റ് മാസം 15 ന് രാവിലെ 9 ന് ബഹു.ഹെഡ്മാസ്റ്റർ ശ്രീ.ഭക്തവത്സലൻ സാർ, ബഹു.പി.ടി.എ പ്രസിഡന്റ് ശ്രീ ഹാദിയും ചേർന്ന് ത്രിവർണ പതാക കുട്ടികളുടെ സല്യൂട്ടോടെയും ദേശീയഗാനത്തിന്റെ അകമ്പടിയോടെയും നിർവഹിച്ചതോടെ ദേശസ്നേഹം വിളിച്ചോതുന്ന സ്വാതന്ത്ര്യദിപരിപാടികൾക്ക് തുടക്കമിട്ടു.
പതാക വന്ദന ഗാനം നമ്മുടെ സ്കൂളിൽ പ്രീത ടീച്ചർ ആലപിച്ചു.

ഓണാഘോഷം

പൂവിളി 2024 എന്ന പേരിൽ ഓണാഘോഷം. വിപുലമായ ഒരുക്കങ്ങളോടെ 25 ഓഗസ്റ്റ് 2023 ന് നടത്തുകയുണ്ടായി എല്ലാവരുടെ മികച്ച സഹായ സഹകരണത്തോടെ നടന്ന ഓണാഘോഷം ഒന്നിനൊന്ന് മികച്ചതായിരുന്നു. പൂക്കളമത്സരവും വടംവലിയും സ്കൂളിൽ നടത്തി. മത്സരാർത്ഥികൾ രാവിലെ തന്നെ സ്കൂളിലെത്തുകയും ക്ലാസിൽ അവരവരുടെ അത്തം ഒരുക്കുകയും ചെയ്തു. അത്തത്തിനുള്ള ഒരുക്കങ്ങളുമായി കുട്ടികൾ വർണാഭമായ പ്രപഞ്ചം സ്കൂളിലൊരുക്കി. പുത്തനുടുപ്പും, ഊഞ്ഞാലാട്ടവും, സദ്യവട്ടവും ഓണത്തിന് മാറ്റു കൂട്ടി.


അധ്യാപകദിനം

സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനത്തിൽ രാവിലെ 9.30 ന് കുട്ടികളുടെ അസംബ്ലിയിൽ അധ്യാപകരെ കുട്ടികൾ ആദരിക്കുകയും തുടർന്നുള്ള ക്ലാസ് റൂം പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുകയും ചെയ്തു.


നവംബർ 14 ശിശുദിനാഘോഷം

ശിശു ദിനം വളരെ വർണ്ണാഭ പരമായ രീതിയിൽ ആഘോഷിച്ചു. പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. ശ്രീമതി അജിത ടീച്ചർ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. തുടർന്ന് വിവിധ മത്സരങ്ങളും ശിശുദിന റാലിയും നടത്തി. കലാപരിപാടികൾക്ക് ശേഷം മധുരം വിതരണം ചെയ്തു.


ലോക ഭിന്നശേഷി ദിനം

ലോക ഭിന്നശേഷി ദിനത്തിൽ വിപുലമായ പരിപാടികൾ സ്കൂളിൽ നടന്നു.


അറബിക് ഡേ ( ഡിസംബർ 18 )

അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചുള്ള അറബിക് ക്വിസ് ഉപജില്ലാ മത്സരത്തിൽ നമ്മുടെ സ്കൂളിലെ നാലാം ക്ലാസിലെ മുഹമ്മദ് ആരിഫ് ഒന്നാം സ്ഥാനം നേടി. കൂടാതെ രക്ഷിതാക്കൾക്കായി കാലിഗ്രാഫി മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്കായി അറബിക് വായനാ മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവയും നടന്നു.അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അലിഫ് ടാലെന്റ് ടെസ്റ്റ് നടത്തി. നാൽപ്പതോളം കുട്ടികൾ പങ്കെടുത്തു. അധ്യാപിക റംലാബീവി ടീച്ചർ നേതൃത്വം നൽകി. അറബിക് മാഗസിൻ നിർമ്മാണത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നമുക്ക് ലഭിച്ചു.


പലഹാര മേള

ഒന്നാം ക്ലാസ്സിലെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തിയ "പലഹാരമേള" ഡിസംബറിൽ നടത്തി. നേരറിവിലൂടുള്ള പഠനം.... വ്യത്യസ്ത ആകൃതിയിലുള്ളവ, വ്യത്യസ്ത രുചിയുള്ളവ എന്നിവ തിരിച്ചറിയാൻ നൽകിയ പ്രവർത്തനം. ഈ മേളക്ക് കൈകോർത്ത ഒന്നാം ക്ലാസ്സിലെ രക്ഷിതാക്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.


സ്പെഷ്യൽ അരി വിതരണം

സർക്കാർ നൽകുന്ന എല്ലാ സ്പെഷ്യൽ അരികളും വളരെ സന്തോഷത്തോടെ, ഉത്സാഹത്തോടെ നമ്മൾ നൽകുന്നു. ചെറു പുഞ്ചിരിയോടെ.നിറഞ്ഞ മനസ്സോടെ.ആണ് രക്ഷകർത്താക്കൾ സ്കൂളിൽ നിന്ന് അരി വാങ്ങി പോയത്.


ക്രിസ്മസ് ആഘോഷം

ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്റ്റാർ നിർമ്മാണം, സാൻ്റാക്ലോസിനെ വരയ്ക്കൽ, കരോൾ ഗാനം, പുൽക്കൂട് നിർമ്മാണം എന്നിവയിൽ വിജയിച്ചവർക്ക് അന്ന് തന്നെ സമ്മാനം നൽകി. എല്ലാ ടീച്ചർമാരും കുട്ടികളും ചേർന്ന് പൂൽക്കൂടൊരുക്കി. ക്രിസ്മസ് അപ്പൂപ്പനും കുട്ടികളും കരോൾ സംഘമായി ആടുകയും പാടുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. എല്ലാ കുട്ടികളും വിവിധ തരം പരിപാടികൾ അവതരിപ്പിച്ചു. ഈ വിദ്യാലയത്തിലെ മുൻ നേഴ്സറി അദ്ധ്യാപിക സമീന ടീച്ചറിൻ്റെ വകയായി ക്രിസ്മസ് കേക്ക് കുട്ടികൾക്ക് വിതരണം ചെയ്തു.


സബ് ജില്ലാ കലോത്സവം, അറബികലോത്സവം

ഈ വർഷത്തെ അറബിക് കലോത്സവത്തിൽ 45/45 മാർക്കും നേടി തുടർച്ചയായി മൂന്നാം തവണയും ഓവറോൾ നമ്മുടെ സ്കൂൾ സ്വന്തമാക്കി. കൂടാതെ കലോത്സവത്തിൽ മാപ്പിളപ്പാട്ട്, തമിഴ്, ഉറുദു, അറബി കവിതയ്ക്ക് എ ഗ്രേഡും, മോണോ ആക്ടിന് എ ഗ്രേഡും നേടി.


ജൽ ജീവൻ മിഷൻ

സ്കൂളിൽ നടന്ന ജൽ ജീവൻ മിഷൻ ബോധവൽക്കരണ പരിപാടി അഡ്വ.എം.ഫെഡറിക് ഷാജി (വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു. "ഓരോ തുള്ളിയും കരുതേണ്ടവയാണ്, ജലം പാഴാക്കുന്നതും മലിനമാക്കുന്നതും ഈ തലമുറയോടു മാത്രമല്ല, വരും തലമുറയോടും ചെയ്യുന്ന വലിയ അപരാധമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവൻ മിഷൻ കൺവീനർ ശ്രീമതി പ്രീത ടീച്ചർ ആധ്യക്ഷത വഹിച്ചു.


റിപ്പബ്ളിക് ദിനം

ഇന്ത്യൻ റിപ്പബ്ലക്കിൻ്റെ 75-ാം വാർഷിക ദിനത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ.എൻ ഹാദിയുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ദേശീയ പതാകയുയർത്തി. കുട്ടികളുടെ ദേശഭക്കിഗാനാലാപാനം, പ്രസംഗം, പതിപ്പ് നിർമ്മാണം എന്നീ പരിപാടികൾക്കു ശേഷം മധുര വിതരണം ഉണ്ടായിരുന്നു. നമ്മുടെ ഭരണഘടന എന്ന റിപ്പബ്ളിക് ദിന ക്വിസിൽ വിജയിച്ച ഓരോ ക്ലാസിലെ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. അടുത്ത ദിവസം റിപ്പബ്ളിക്ദിന വീഡിയോ പ്രദർശനം നടത്തി. കൊച്ച് കൂട്ടുകാർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാനുതകുന്ന വീഡിയോ ശ്രീമതി.പ്രീത ടീച്ചർ സ്വന്തമായി തയ്യാറാക്കി.


"ലെൻസ്" ബാലശാസ്ത്ര കോൺഗ്രസ്

"ലെൻസ്" ബാലശാസ്ത്ര കോൺഗ്രസിന് നമ്മുടെ സ്കൂളിലെ ആസിയ എസ് ഹാജ, അൽത്താഫ് വിജയികളായി. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു. കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രീയ സമീപനവും വളർത്തുകയാണ് ലക്ഷ്യം. സ്കൂൾ തല മത്സരങ്ങളിൽ വിജയിച്ച പത്ത് കുട്ടികൾ കോൺഗ്രസിൽ പങ്കെടുത്തു.


കലാകായിക മത്സരങ്ങൾ

സ്കൂൾ വാർഷികത്തോടനുബന്ധിച്ച് കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.


കുട്ടിപ്പുര

ക‍ുട്ടിപ്പ‍ുര എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസിൽ ക‍ുട്ടിപ്പ‍ുര നിർമ്മാണം എന്ന പ്രവർത്തനം നടത്തി. ഇതിനായി കുട്ടികൾ വിവിധതരത്തിലുള്ള വീടുകൾ നിർമ്മിച്ചുകൊണ്ടുവന്നു. വീട്ടിലെ അംഗങ്ങൾ ആരൊക്കെയാണെന്ന്അവർ നിർമ്മിച്ച ക‍ുട്ടിപ്പ‍ുരയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചു. കുടുംബം എന്ന ആശയം ഇതിലൂടെ കുട്ടികൾക്ക് നൽകാനായി. എല്ലാ ജീവജാലങ്ങൾക്കുംതാമസിക്കാൻ വീട് ആവശ്യമാണ്.വിവിധ ജാമിതീയ രൂപങ്ങളായ വൃത്തം, ചതുരം, ത്രികോണം എന്നിവ വീടിന് ഭംഗിയും രൂപവും നൽകുന്നു. ക‍ുട്ടിപ്പ‍ുര നിർമ്മാണത്തിലൂടെ കുട്ടികൾക്ക് വീടിന്റെ നിർമ്മിതിയ‍ും, പ്രാധാന്യവ‍ും മനസ്സിലാക‍ുന്ന‍ു.


ഫീൽ‍ഡ് ട്രിപ്പ്

2023 ജനുവരി മാസം ഇരുപത്തിയഞ്ചാം തീയതി 65 കുട്ടികളും, 10 ടീച്ചേഴ്സും കൺവീനർ അജിത ടീച്ചറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മ്യൂസിയം, കുതിര മാളിക, പത്മനാഭസ്വാമി ക്ഷേത്രം, ലൈറ്റ് ഹൗസ്, മിൽമ, കോവളം എന്നിവ സന്ദർശിച്ചു.


സ്റ്റാഫ് ടൂർ

സ്റ്റാഫിന്റെ മാനസികോല്ലാസത്തിനും ഈ വർഷം വിരമിക്കുന്ന ഹെഡ്മാസ്റ്റർ ശ്രീ.ഭക്തവത്സലൻ സാറിനും, ശ്രീമതി.അജിതകുമാരി ടീച്ചറിനും സമ്മാനമായും സ്റ്റാഫ് ഒരുമിച്ച് ഒരു അവധിദിനം ചെലവിടാൻ തീരുമാനിച്ചു. 2024 ഡിസംബർ 15 ന് സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ബിന്ദു ടീച്ചറിൻ്റെ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂറിൽ പൊന്മുടി സന്ദർശനവും, റെസ്റ്റോറന്റിലെ ഭക്ഷണവും ഒരുക്കി. ഏകദേശം എല്ലാ സ്റ്റാഫും പങ്കെടുത്ത വൺഡേ ടൂർ എല്ലാവരും ആസ്വദിച്ചു.


ഭവന സന്ദർശനം

സ്കൂളിലെ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീട്ടുകളിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ച് കുട്ടികളുടെ പഠന അന്തരീക്ഷം മനസിലാക്കുകയും അവരെ കൂടുതൽ അടുത്തറിയാനുമുള്ള പ്രവർത്തനത്തിന് സ്കൂളിൽ തുടക്കം കുറിച്ചു. ഇതിലൂടെ പുതുതായി ചേരാനാഗ്രഹിക്കുന്ന രക്ഷിതാക്കളെയും പരിചയപ്പെടാൻ സാധിച്ചു.


മെഗാ ക്വിസ്

സ്കൂൾ വാർഷികത്തിന് മുന്നോടി ആയി കെ ജി മുതൽ നാല് വരെയുള്ള കുട്ടികൾക്കായി ഒരു മെഗാക്വിസ് സംഘടിപ്പിച്ചു. 1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ഒറ്റ വിഭാഗമായിട്ടും, പ്രീ പ്രൈമി മറ്റൊരു വിഭാഗമായിട്ടാണ് ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചത്. മത്സരത്തിൽ 1 , 2 , 3 സ്ഥാനങ്ങൾ ലഭിക്കുന്ന കുട്ടികൾക്ക് ക്യാഷ് പ്രൈസാണ് നൽകുന്നത്.ക്വിസിൽ ആനുകാലിക വിഷയങ്ങൾ, പ്രകൃതി, നമ്മുടെ ചുറ്റുപ്പാട്, കേരളം, ഇന്ത്യ, ഗണിതം, കടങ്കഥ, കായികം, കല, ദിനങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്.
വിജയികൾ

അർച്ചന (ഒന്നാം സ്ഥാനം)
വിഘ്നേഷ് (രണ്ടാം സ്ഥാനം)
ആദിത്യ (മൂന്നാം സ്ഥാനം)


ഒന്നാം ക്ലാസ്സിൻ്റെ സംയുക്ത ഡയറി

ആശയാവതരണ രീതിയിലൂടെ അക്ഷരങ്ങൾ തിരിച്ചറിയുന്ന കൂട്ടുകാർക്ക് സ്വന്തം സ്വപ്നങ്ങളും ചിന്തകളും ജീവിതാനുഭവങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കാൻ അധ്യാപികയും രക്ഷിതാവും കൂട്ടായി മാറുന്ന പ്രവർത്തനമാണ് സംയുക്തഡയറി.സാധാരണ പല വിദ്യാലയങ്ങളിലും സ്കൂൾ പ്രവേശന സമയത്ത് കൂട്ടുകാർക്ക് ഡയറി പ്രിൻ്റ് ചെയ്ത് കൊടുക്കുന്ന പതിവുണ്ട്... സ്കൂളിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും സ്കൂൾ നിയമങ്ങളും നിർദ്ദേശങ്ങളും അടങ്ങുന്ന സ്ഥിരം ചില കാര്യങ്ങളാണ് അതിൽ കാണുന്നത്. കുട്ടിയുടെ പഠന വിവരങ്ങളും അവധിയും സ്കൂൾ അറിയിപ്പുകളും മറ്റും രക്ഷിതാവിനെ അറിയിക്കാനും തിരിച്ചുള്ള മറുപടികൾ രേഖപ്പെടുത്താനുമുള്ള മാർഗ്ഗം. പക്ഷെ സംയുക്ത ഡയറിയിൽ സ്വന്തം ക്ലാസ്സ് അനുഭവങ്ങൾ, സ്കൂൾ പ്രവർത്തനങ്ങൾ എന്നിവയൊക്കെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്.


ഡയറി എഴുത്ത്

പഠിച്ച അക്ഷരങ്ങൾ കൂട്ടി ചേർത്ത് വാക്കുകളും വാക്യങ്ങളും എഴുതാനും അതുവഴി ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ ഡയറി എഴുത്ത് നിർബന്ധം ആണ്. കൊച്ചു കൂട്ടുകാരുടെ ഡയറിയിലെ ചില ഏടുകളിലൂടെ...


വാട്ടർ ബെൽ

സമയം രാവിലെ 10.30. നമ്മുടെ സ്കൂളിൽ വാട്ടൽ ബെൽ മുഴങ്ങി. എല്ലാ കുട്ടികളും കുടിവെള്ള ബോട്ടിൽ തുറന്ന് വെള്ളം കുടിച്ചു. ഉച്ചക്ക് 2:30 നുള്ള പ്രത്യേക മണി മുഴക്കത്തിലും ഇതേ പ്രക്രിയ ആവർത്തിച്ചു.

കേരളത്തിലെ മാറിയ കാലാവസ്ഥയിൽ ചൂട് കൂടി വരുന്നതിനാൽ ക്ലാസ് സമയത്ത് കുട്ടികൾ മതിയായ അളവിൽ ശുദ്ധജലം കുടിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് മണി മുഴക്കം. ഇതിനായി രാവിലെ 10.30 നും ഉച്ചക്ക് ശേഷം 2:30 നും അഞ്ചു മിനിട്ട് വീതം പ്രത്യേകം ഇടവേളകൾ അനുവദിച്ചു. ഈ ഘട്ടത്തിൽ കുട്ടികൾ വെള്ളം കുടിക്കണം. വെള്ളം വീട്ടിൽ നിന്ന് കൊണ്ടുവരാത്ത വിദ്യാർഥികൾക്ക് ശുദ്ധജലം ലഭ്യമാക്കുകയും ചെയ്യും. ഉദ്ഘാടനം HM നിർവഹിച്ചു.


മാതൃഭാഷാദിനം, 21/2/2024

മലയാളമെന്നുടെ
ഓമനതായാണ്
താരാട്ട് പാടുന്ന
അമ്മയാണ്.
മാതൃഭാഷാ ദിനം ഓർമ്മപ്പെടുത്തി കൊണ്ട് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിച്ചു. അന്നേ ദിവസം സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. മലയാളത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ നടന്നു.


ഫെബ്രുവരി 22(വ്യാഴം) മെഡിക്കൽ ക്യാമ്പ്- 2024

കിംസ് ഹോസ്പിറ്റൽ പീഡിയാട്രിക് വിഭാഗം നമ്മുടെ സ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.


അധ്യാപക വിദ്യാർത്ഥി ട്രെയ്നിംഗ്

പി റ്റി എം ഇൻസ്റ്റിറ്റ്യൂട്ട് ടീച്ചർ എഡ്യൂക്കേഷനിൽ നിന്ന് ഇത്തവണയും നാല് പേർ ട്രെയിനിംഗിനായി വന്നു. 45 ദിവസത്തെ അധ്യാപക പരിശീലനം 22/2/2024 ന് പൂർത്തിയാക്കി. പുത്തൻ അറിവുകളും. അനുഭവങ്ങളും പകർന്ന് നൽകി. മെൻ്റർ ശ്രീമതി സുപ്രഭ ടീച്ചർ ആയിരുന്നു.


മാതൃഭാഷ പഠനം

" മാതൃഭാഷ പഠനം "എന്ന തനത് പ്രവർത്തനത്തിലൂടെ മലയാളഭാഷ എഴുതുവാനും വായിക്കുവാനും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അധികസമയം കണ്ടെത്തി പരിശീലനം നൽകി അവരെ മുൻനിരയിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു. എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഇടവേളകളിലും, വൈകുന്നേരം 3.30 ന് ശേഷവുമാണ് ഇതിനായി സമയം കണ്ടെത്തിയിട്ടുള്ളത്. അക്ഷരങ്ങളിൽ തുടങ്ങി വാക്കുകളിലേക്കും, വാചകങ്ങളിലേക്കും എത്തുന്ന തരത്തിലാണ് പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്. ആസ്വാദ്യകരവും, രസകരവുമായ പഠനാന്തരീക്ഷം ഒരുക്കിക്കൊണ്ട് ലളിതമായ പഠനബോധന മാർഗങ്ങൾ ഉപയോഗിച്ചാണ് മാതൃഭാഷാ പഠനം മുന്നോട്ടു കൊണ്ടു പോകുന്നത്.


വാർഷികാഘോഷം

2024-ലെ സ്കൂൾ വാർഷികാഘോഷം മാർച്ച് 7 ന് നടത്താൻ തീരുമാനിച്ചു. പുതുമയാർന്ന പല പരിപാടികൾ ആസൂത്രണം ചെയ്ത് പരിശീലനം നൽകി വരുന്നു.


മേളം'24

സ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപകരെ ആദരിക്കലും

ബാലരാമപുരം സെയ്ൻ്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെയും നഴ്സറി സ്കൂളിന്റെയും വാർഷികം 2024 മാർച്ച് 7 വ്യാഴാഴ്ച രാവിലെ 9.00 ന് പി.ടി.എ പ്രസിഡന്റ് ശ്രീ ഹാദിയുടെ അധ്യക്ഷതയിൽ പതാക ഉയർത്തലോടെ ആരംഭിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.ഭക്തവത്സലൻ ഏവരേയും സ്വാഗതം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.വി.മോഹനൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു. നെയ്യാറ്റിൻകര രൂപത കോർപ്പറേറ്റ് മാനേജർ വെരി.റവ.ഫാ.ജോസഫ് അനിൽ മുഖ്യ പ്രഭാഷണവും, സ്കൂൾ ലോക്കൽ മാനേജർ റവ.ഫാ.വിക്ടർ എവരിസ്റ്റസ് അനുഗ്രഹ പ്രഭാഷണവും നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ശ്രീ.ഭക്തവത്സലൻ സാറിനേയും, ശ്രീമതി.അജിതകുമാരി ടീച്ചറേയും ആദരിച്ചു. ശ്രീ.അലിഷേക് മൻസൂറും (ഹെഡ്മാസ്റ്റർ, നേമം സ്കൂൾ) വിരമിക്കുന്നവരെ അനുമോദിച്ചു. വാർഡ് മെമ്പർ അഡ്വ.എം.ഫ്രഡറിക് ഷാജി, എം.പി.ടി.എ ചെയർപേഴ്സൺ ശ്രീമതി.മിനി സാജൻ, പി.ടി.എ അംഗം ശ്രീ.വിനോദ് എന്നിവർ ആശംസകൾ അറിയിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ഉപഹാരവും ക്യാഷ് അവാർഡും നൽകി. എസ്.ആർ.ജി കൺവീനർ, ശ്രീമതി അഖില ടീച്ചറിൻ്റെ കൃതജ്ഞതയോടെ പൊതുസമ്മേളനം അവസാനിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വർണ്ണാഭമായ കലാവിരുന്ന്‌ അരങ്ങേറി. വാർഷികം വിജയകരമാക്കി തീർക്കാൻ സഹായിച്ച എല്ലാ പ്രീയപ്പെട്ടവരോടും നന്ദി രേഖപ്പെടുത്തുന്നു.


വിരമിക്കുന്ന അധ്യാപകരെ ആദരിക്കൽ

2024 മാർച്ച് 7 വ്യാഴാഴ്ച വാർഷികാഘോഷ വേളയിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ശ്രീ.ഭക്തവത്സലൻ സാറിനേയും , ശ്രീമതി.അജിതകുമാരി ടീച്ചറേയും ആദരിച്ചു. തുടർന്ന് നമ്മുടെ സ്കൂളിലെ അധ്യാപിക പ്രീത ടീച്ചർ വരികൾ ചിട്ടപ്പെടുത്തി ആലപിച്ച 'ഗുരു വന്ദനം' വിരമിക്കുന്ന അധ്യാപകർക്ക് സമർപ്പിച്ചു.


പഠനോത്സവം

കുട്ടികളുടെ പഠന മികവുകൾ കണ്ടെത്തി പഠനോത്സവം നടത്തണമെന്ന് ബി ആർ സിയിൽ നിന്ന് അറിയിപ്പ് വന്നു. അതിന്റെ ഭാഗമായി ട്രെയിനിങ്ങിനായി നമ്മുടെ സ്കൂളിലെ എസ്.ആർ.ജി കൺവീനർ ശ്രീമതി അഖില ടീച്ചർ പഠനോത്സവ ക്ലാസിൽ പങ്കെടുത്തു. അവിടെനിന്നും കിട്ടിയ കാര്യങ്ങൾ ഇന്നലെ നടന്ന (23/2/2024) സ്പെഷ്യൽ എസ് ആർ ജിയിൽ ചർച്ച ചെയ്ത് പഠനോത്സവ തീയതി തീരുമാനിച്ചു.


പഠനോത്സവം 24

ക്ലാസുമുറിയിൽ എല്ലാവരും മിടുക്കരാണെന്നതിൻ്റെ സാക്ഷ്യപത്ര സാക്ഷാൽക്കാരമാണ് പഠനോത്സവം. സെയ്ൻ്റ്.ജോസഫ്സ് എൽ.പി സ്കൂളിൻ്റെ പഠനോത്സവം അഡ്വ.എം.ഫെഡറിക് ഷാജി(വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു. നമ്മുടെ രാജ്യത്ത് ഏറ്റവും മികവേറിയ വിദ്യാഭ്യാസ പ്രവർത്തനം നടക്കുന്ന സംസ്ഥാനം കേരളമാണെന്നും അതിൽ സമഗ്ര ശിക്ഷാ കേരളം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ.ഭക്തവത്സലൻ സ്വാഗതം പറഞ്ഞു. കുട്ടികൾ പഠനോൽസവവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വിവിധ ഉത്പ്പന്നങ്ങൾ പ്രദർശിപ്പിച്ചു. ശ്രീമതി.അഖില ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് ഉദ്ഘാടനയോഗം അവസാനിപ്പിച്ചു. തുടർന്ന് കുട്ടികൾ കഴിഞ്ഞ ഒരു വർഷക്കാലം നടത്തിയ വിദ്യാലയ പ്രവർത്തനങ്ങൾ സ്കൂളിൽ ഒരുക്കിയ വേദിയിൽ അവതരിപ്പിച്ചു. രക്ഷിതാക്കളും നിരവധി നാട്ടുകാരും പഠനോത്സവം കാണാൻ സ്കൂളിൽ എത്തിയിരുന്നു. ബി.ആർ.സി ശ്രീമതി.വിമല പഠനോത്സവത്തിന്റെ ഭാഗമായി.


സ്കൂൾ വിക്കി ക്യു.ആർ കോഡ് പ്രകാശനം

നമ്മുടെ വിദ്യാലയത്തെ കുറിച്ചറിയാൻ ഇനി മുതൽ സ്കൂൾ വിക്കി മതി. പൊതു വിദ്യാഭ്യാസവകുപ്പ് നിർദേശിക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം, ഞങ്ങളേറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഞങ്ങൾ സ്കൂൾവിക്കിയിലൂടെ അപ്ഡേറ്റ് ചെയ്യുന്നു. ഇന്ന് (13/03/2024) പഠനോത്സവ ദിനത്തിൽ School wiki Q R കോഡ് അഡ്വ.എം ഫെഡറിക് ഷാജി (വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത്) പ്രകാശനം ചെയ്തു.


ക്ലാസ് ഫോട്ടോ

2023 24 അധ്യയന വർഷത്തെ വിദ്യാലയത്തിലെ കുട്ടികളുടെ ക്ലാസ് ഫോട്ടോ.കൂടുതലറിയാൻ

കുട്ടിക്കൂട്ടത്തിനു വിജയാശംസകൾ

ഈ അക്കാദമിക വർഷം അവസാനിച്ചു.സ്കൂളിലെ ശ്രദ്ധേയമായ മുഴുവൻ പ്രവർത്തനങ്ങൾക്കും തോളോട്‌ തോൾ ചേർന്ന് നിന്ന നാലാം ക്ലാസ്സിലെ കുരുന്നുകൾ ഇന്ന് സ്കൂളിനോട്‌ വിട പറഞ്ഞു.മറക്കില്ലൊരിക്കലും അവരുടെ കൊച്ചു കൊച്ചു പിണക്കങ്ങളും കളങ്കമില്ലാത്ത സ്നേഹവും.


മലയാളമധുരം

അവധിക്കാലം വായനയുടെ ഉൽസവമാക്കാൻ ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ആർജ്ജിച്ച ഭാഷാ ശേഷികളുടെ തുടർച്ചയായി അവധിക്കാല പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പും, സമഗ്ര ശിക്ഷാ കേരളവും " മലയാള മധുരം " എന്ന പേരിൽ നടപ്പിലാക്കി. അതിൽ നമ്മുടെ സ്കൂളും പങ്കാളിയായി.കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള പുസ്തകങ്ങൾ അവർക്ക് വായനയ്ക്കായി നൽകി.

രണ്ട് മാസം കൊണ്ട് ഓരോ കുട്ടിയും കുറഞ്ഞത് എട്ട് പുസ്തകങ്ങൾ വായിക്കണം.അവധിക്കാലം കഴിഞ്ഞ് വരുമ്പോൾ അവർ ധാരാളം പുസ്തകങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും. വായിച്ച കാര്യങ്ങളെ ആസ്വാദനക്കുറിപ്പുകളും, വായനാക്കുറിപ്പുകളുമാക്കി മാറ്റി പ്രവേശനോത്സവത്തിന് അവരെത്തും. വായിച്ച കഥകളിൽ നിന്നും, കവിതകളിൽ നിന്നും ചിത്രങ്ങളും കുട്ടിയാർട്ടിസ്റ്റുകളുടെ കൈയിലുണ്ടാകും!

ചിത്രശാല പങ്കിടാം


മികവേറിയ വർഷം

വിജയകരമായ ഒരു അക്കാദമിക വർഷംകൂടി പൂർത്തിയാകുന്നു. മികവേറിയ മറ്റൊരു അക്കാദമിക വർഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. എല്ലാ പഠന-പഠനേതര പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടായിരുന്ന ഞങ്ങളുടെ കുഞ്ഞു മക്കൾക്കും, രക്ഷിതാക്കൾക്കും, നല്ലവരായ പൊതുജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം വരുന്ന വർഷങ്ങളിലും സഹായ സഹകരണങ്ങൾ തുടരുമെന്ന ഉത്തമ ബോധ്യത്തോടെ.


ബാലരാമപുരം സെയ്ൻ്റ്, ജോസഫ്സ് എൽ.പി സ്‌കൂൾ വികസനക്കുതിപ്പിലൂടെ മികവിന്റെ പാതയിൽ

2024-25 അധ്യയന വർഷത്തേക്ക് അഡ്മിഷൻ ആരംഭിച്ചു. മികച്ച ഭൗതിക സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസുകൾ,ഓരോ ക്ലാസിലും പ്രത്യേകം ലൈബ്രറി, മികച്ച പഠനാന്തരീക്ഷം, ഉന്നത പഠന നിലവാരം, ചിൽഡ്രൻസ്‌ പാർക്ക്‌, പൂർണമായും സുരക്ഷിതത്വമുള്ള സ്‌കൂൾ കോമ്പൗണ്ട്‌, എല്ലായിടത്തേക്കും വാഹന സൗകര്യം

പ്രി കെ ജി മുതൽ നാലാം ക്ലാസ്‌ വരെ (ഇംഗ്ലീഷ്‌ / മലയാളം മീഡിയം) പ്രവേശനം ആരംഭിച്ചു.

2024-25 അധ്യയന വർഷത്തേക്ക് അഡ്മിഷൻ ലഭിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ സ്മാർട്ട് ഫോൺ ഉപയോഗിച്ച് താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക. ഇംഗ്ലീഷിലോ, മലയാളത്തിലോ ഫോറം പൂരിപ്പിച്ച് ഏറ്റവും താഴെ കാണുന്ന Submit ബട്ടൺ അമർത്തിയാൽ നിങ്ങളുടെ റജിസ്ട്രേഷൻ പൂർത്തിയാകും. ലഭിക്കുന്ന അപേക്ഷകൾക്കനുസരിച്ച് അഡ്മിഷൻ വിവരങ്ങൾ ഫോൺ മുഖേന അറിയിക്കുന്നതായിരിക്കും.
രജിസ്ട്രേഷൻ ആവശ്യമുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഈ ലിങ്ക് ഷെയർ ചെയ്യുക

രജിസ്ട്രേഷൻ ലിങ്ക് 👇👇👇👇

https://forms.gle/DwnRoaAYMbddm71o8


അഡ്മിഷൻ ആരംഭിച്ചു

അടുത്ത അധ്യയന വർഷത്തേക്ക് ഒന്നാം ക്ലാസ്സിൽ പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്കുള്ള school bag, notebook എന്നിവ ഹെഡ്മാസ്റ്ററിൽ നിന്നും ഏറ്റുവാങ്ങുന്നു. തുടർന്ന് സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയും നൽകുന്നതാണ്.