സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം കായലോരങ്ങൾ അതിരിട്ട കാർഷിക ഗ്രാമം. ചെമ്മൺ പാതകൾക്കിരുവശവും തെങ്ങിൻ തോപ്പുകൾ, വാഴത്തോട്ടങ്ങൾ, വയലേലകൾ, കുറുനരികൾ കൂടുകൂട്ടുന്ന കുന്നിൻ പുറങ്ങൾ. കാർഷിക സംസ്ക്കാരം ഹൃദയത്തുടിപ്പാക്കിയ ഗ്രാമീണർ. വിദ്യ പകർന്നു നൽകുന്ന ഒരു സംവിധാനം ഇന്നാട്ടിലും ഉണ്ടാകണമെന്ന ആഗ്രഹം പല മനസ്സുകളിലും തുടിപ്പാർന്ന് അതിന് ജീവൻ വച്ച് പൊട്ടിമുളച്ചു. പള്ളി മുറ്റത്ത് ഒരു കുട്ടി പള്ളിക്കൂടം.1910 ൽ സ്കൂളിന് അംഗീകാരം ലഭിക്കുകയും സെൻറ് ആൻറണീസ് സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പ്രഥമ മാനേജർ ചാഴൂർ കോലഴിക്കാരൻ പൗലോസ് കുഞ്ഞിപൊറിഞ്ചു. മാടാനി ആശാൻ ആദ്യ ഗുരു. പ്രഥമ പ്രധാന അധ്യാപകൻ ശ്രീകൃഷ്ണമേനോൻ. പ്രതിസന്ധികളെ മറികടന്ന് കുട്ടികൾ പള്ളിക്കൂടത്തിൽ എത്തി തുടങ്ങി. 1930 ൽ വിദ്യാലയത്തെ ആലപ്പാട്ട് ശങ്കരത്തുംപിടി മാത്യു ദേവസ്സി ഏറ്റെടുത്ത് മാനേജരായി. 1935 ൽ ബഹുമാനപ്പെട്ട ചീരമ്പനത്തച്ചൻറെ കാലത്ത് വിദ്യാലയം കോടന്നൂർ പള്ളിയെ ഏൽപ്പിക്കുകയും ഇടവക വികാരിമാർ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 1972 ൽ തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി സ്ഥാപിതമായപ്പോൾ ഈ വിദ്യാലയം അതിനു കീഴിലായി. ബഹുമാനപ്പെട്ട ഫാ. ജേക്കബ് ഐനിക്കൽ പള്ളി വികാരി, സ്കൂൾ മാനേജരായി ചാർജ്ജെടുത്തപ്പോൾ ഒരു യു.പി. സ്കൂളായി വളരാനുള്ള ആഗ്രഹം സഫലമായി. 1978 ൽ ഈ വിദ്യാലയം യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. കാലാകാലങ്ങളിൽ ഇവിടെ വിദ്യ പകർന്ന് ധാരാളം പ്രഗത്ഭരായ പ്രധാന അധ്യാപകർ, അർപ്പണബോധമുള്ള അധ്യാപകർ, മാനേജർമാർ എന്നിവർ സേവനമനുഷ്ഠിച്ചു. ഇവരുടെയെല്ലാം സേവനവും നേതൃത്വവും ഈ വിദ്യാലയത്തിനെ കോടന്നൂർ ഗ്രാമത്തിൻറെ തിലകക്കുറിയായി മാറ്റി മറിച്ചു.